Sunday, October 18, 2009

ഈ ധനകാര്യമന്ത്രിയെ എങ്ങിനെ അഭിനന്ദിക്കാതിരിക്കും!

കേരളത്തിലെ (സു/കു)പ്രസിദ്ധ വാളയാർഅഴിമതിമുക്തചെക്ക്പോസ്റ്റിൽ അഴിമതിയില്ലാത്തതുകൊണ്ട് കുറച്ചുദിവസങ്ങൾ ഞാൻ പെട്ടുപോയപ്പോൾ നമ്മുടെ വിപ്ലവ ധനകാര്യമന്ത്രി ശ്രീ.തോമസ് ഐസക് സാറിനെ അഭിനന്ദിക്കാൻ ഒരു പോസ്റ്റിടണം എന്നു വിചാരിച്ചുപോയി! എങ്ങിനെ അഭിനന്ദിക്കാതിരിക്കും ! അങ്ങനെയുള്ള കാഴ്ചകളല്ലേ കണ്ടത്!

 ആദ്യമേ പറയട്ടെ, കുറച്ച് നാളുകൾക്കു മുൻപുവരെ കുറച്ച് നൂറിന്റെ നോട്ടുകൾ കൈവശം ഉണ്ടെങ്കിൽ ഏതു സാധനവും വാളയാർ വഴി കേരളത്തിലെത്തിക്കാമായിരുന്നു! എന്നാൽ ഇന്ന് പതിനായിരങ്ങൾ കൈയിലുണ്ടെങ്കിലും അതവിടെത്തന്നെ ഇരിക്കുകയേയുള്ളൂ എന്നത് അത്ഭുതം എന്നല്ല മഹാത്ഭുതം എന്നാണു പറയേണ്ടത്! (കേരളം കൈമടക്കിൽ എന്ന മനോരമ പരമ്പരയും ഇതിനോടു കൂട്ടിച്ചേർക്കണം, മനൊരമക്കുപോലും ഇവിടെ കൈക്കൂലി കണ്ടെത്തുവാ‍ൻ സാധിച്ചില്ല!) അതിൽ നമ്മുടെ നാടിനെ സ്നേഹിക്കുന്ന ഏതൊരു മലയാളിയേയും പോലെ ഞാനും അഭിമാനിക്കുന്നു! അതിൽ നമ്മുടെ ധനകാര്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്യുന്നു! കാരണം ഇതിനു മുൻപും ഇവിടെ ഇടതും വലതുമായ ഭരണകൂടങ്ങൾ എന്ന മഹാത്ഭുതങ്ങൾ സംഭവിച്ചിരുന്നു!

ഇതിനൊരു മറുവശം കൂടിയുണ്ട് : കുറച്ച് സാധനങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്ന ഒരു വ്യാപാരിക്ക് കൂടെക്കൊണ്ടുവരുന്ന ബില്ലുകളിലും അനുബന്ധ രേഖകളിലും എന്തെങ്കിലും നിസ്സാരകാരണങ്ങൾ കണ്ടെത്തി വാഹനമുൾപ്പെടെ തടഞ്ഞിട്ട് നോട്ടീസ് കൊടുക്കുന്ന പരിപാടി ബഹുമാനപ്പെട്ട മന്ത്രി അറിഞ്ഞിട്ടാവുമോ? തുടർന്ന് അവർ ആവശ്യപ്പെട്ട എല്ലാ രേഖകളും (ആധാരവും കരമടച്ച രസീതുമുൾപ്പെടെ) സംഘടിപ്പിച്ചുകൊണ്ടുവരുന്ന വ്യാപാരിയോട് ഇതൊന്നും പറ്റില്ല, 25% പെനാൽറ്റി അടച്ച് സാധനം കൊണ്ട്പോകാനേ പറ്റൂ എന്നു പറയുന്ന സെയിത്സ്ടാക്സ് അധികാരികൾ! വിശദീകരണം ചോദിച്ചപ്പോൾ, ഇങ്ങനെയൊക്കെയല്ലേ സർക്കാരിനു വരുമാനം വർധിപ്പിക്കാൻ സാധിക്കൂ , ഞങ്ങളുടെ ടാർജെറ്റ് തികയൂ എന്നുള്ള ഉത്തരങ്ങൾ പറഞ്ഞ സെയിത്സ്ടാക്സ് കമ്മീഷണർ ! സമ്മതമല്ലെങ്കിൽ നിങ്ങൾ കോടതിയിൽ പോയ്ക്കോളൂ എന്നും മറുപടി. നമ്മുടെ നിയമവ്യവസ്ഥയുടെ മെച്ചംകൊണ്ട് ഒരു വർഷം കഴിഞ്ഞാൽ പോലും മറുപടി കിട്ടുകയില്ല എന്നു ഏതു കുഞ്ഞിനും അറിയാം ! അപ്പോൾ വണ്ടിയും മുതലും നശിക്കാതെ വിട്ടുകിട്ടണമെങ്കിൽ പിഴ അടക്കുക തന്നെ ശരണം!

പണമുണ്ടാക്കാനുള്ള വഴിതടഞ്ഞ മന്ത്രിക്കിട്ട് ഇതിലും നല്ല പണികൊടുക്കാൻ വേറെ വഴിയുണ്ടോ? വാളയാർ കടന്നുവരുന്ന ഓരോ മനുഷ്യനും ഈ  മാറ്റങ്ങൾ വരുത്തിയ മന്ത്രിയോട് എങ്ങിനെ പ്രതികരിക്കും എന്നറിയാൻ അധികമൊന്നും അലോചിക്കേണ്ട!

ഇങ്ങനെ വരുന്ന സാധനങ്ങൾ വിൽക്കുന്ന വ്യാപാരിക്ക് എന്തു വിലകിട്ടിയാൽ മതിയാകും? ഇത് കഴിഞ്ഞു വരുമ്പോൾ യൂണിയൻകാരുടെ വക കലാപരിപാടികൾ ! ചുരുക്കത്തിൽ ഇങ്ങനെയുള്ള എല്ലാ പിഴിച്ചിലും  ഉഴിച്ചിലും കഴിഞ്ഞു ഇവിടെ വ്യാപാരം വിജയകരമായി നടത്തുന്ന ധീരന്മാർക്കു വേണ്ടേ പരമവീരചക്രം നൽകേണ്ടത്?

കേരളാപ്പോലീസ് ടാർജെറ്റ് തികക്കാൻ പെറ്റിക്കേസ് എടുക്കുന്നതുപോലെ നിരപരാധികളുടെ കഴുത്തിന്കുത്തിപ്പിടിച്ച് നടത്തുന്ന ഈ ഖജനാവ് നിറക്കൽ പരിപാടി ഒരു ഭൂഷണമാണെന്നു ബഹുമാനപ്പെട്ട മന്ത്രിക്ക് തോന്നുണ്ടാവുമോ? ഇങ്ങനെയൊരു സംശയം തോന്നാൻ കാരണം , എന്തുപറഞ്ഞാലും അഴിമതിരഹിതവാളയാർ എന്നുപറഞ്ഞ് മന്ത്രി അഭിമാനം കൊള്ളുന്നതു കാണാറുണ്ട്! അതുമല്ലെങ്കിൽ തൊഴിലാളികളല്ലാത്തവരെല്ലാം ചൂഷകരാണെന്ന വിശ്വാസമുള്ളതുകൊണ്ടുമാവാം! എന്നാൽ ഈ തൊഴിലാളികളോടുള്ള മനോഭാവം കണ്ടാലോ അവരെ മനുഷ്യർ എന്നുപോലും പരിഗണിച്ചിട്ടില്ല എന്നു തോന്നിപ്പോകും! ആ കഥകൾ പിന്നാലെ!

മുതലാളിയുണ്ടെങ്കിലേ തൊഴിലാളിയുണ്ടാവൂ... കൊള്ളയടിച്ചല്ല ഖജനാവ് നിറക്കെണ്ടത്...... നിയമങ്ങൾക്കും കണക്കുകൾക്കുമപ്പുറം മനുഷ്യൻ എന്നൊരു ജീവിയുണ്ട്........പോലീസ് സ്റ്റേഷനിൽ ചെല്ലുന്നവരെല്ലാം കുറ്റവാളികളല്ല.... ഈ കാര്യങ്ങളെല്ലാം ഇവരെന്നെങ്കിലും മനസിലാക്കുമോ? നമ്മുടെ നാട്ടിൽ ഇതൊരു വിദൂരസ്വപ്നമാണെന്നു എന്റെ മനസ്സ് പറയുന്നു!

മുൻകാലങ്ങളിൽനിന്നും വിത്യസ്തമായി  അഴിമതിക്ക് ഒത്താശപാടാതെ അത് തടയാനെങ്കിലും ശ്രമിച്ച  നമ്മുടെ ധനകാര്യമന്ത്രിക്ക് ഈ ചെക്ക്പോസ്റ്റിനു ഒരു മാനുഷികമായ മുഖം നൽകാനുള്ള ബാധ്യതയുമില്ലേ? അങ്ങനെ ഉദ്യൊഗസ്ഥർ വാങ്ങിയിരുന്ന കൈക്കൂലി പത്തിരട്ടിയായി സർക്കാർ പിടിച്ചുവാങ്ങുന്നു എന്ന വിത്യാസം മാത്രമേയുള്ളൂ എന്ന ധാരണ മാറ്റാനും ഉള്ള ഉത്തരവാദിത്വം നമ്മുടെ മന്ത്രിക്കില്ലേ?

എന്റെ നാട് ഒരിക്കലും നന്നാവില്ലേ? 
നന്നാവാനനുവദിക്കില്ലേ?




Wednesday, October 7, 2009

ഗ്രീഷ്മയുടെ മരണം : ഒരു ചാകരക്കൊയ്ത്ത്!




 ഗ്രീഷ്മയുടെ മരണം : ഒരു ചാകരക്കൊയ്ത്ത്!


കാരക്കോണം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ നഴ്സിങ്ങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം കേട്ടപ്പോൾ കുറച്ചു നാളുകൾക്കു മുൻപ് നടന്ന രജനി എസ് ആനന്ദിന്റെ ആത്മഹത്യയെ ഓർമിപ്പിച്ചു.  ആ കുട്ടി മുകളിൽ നിന്നു ചാടി ഗുരുതരാവസ്ഥയിലണ് എന്നുകേട്ടപ്പോൾ തന്നെ രജനി എസ് ആനന്ദിന്റെ മരണത്തേത്തുടർന്നുണ്ടായ അതേ നാടകങ്ങൾ ആവർത്തിക്കും എന്നുറപ്പിച്ചിരുന്നു. രജനി എസ് ആനന്ദിന്റെ മരണത്തേത്തുടർന്നു ഇവിടെ എന്തു ഫലമുണ്ടായി എന്നു ചോദിച്ചാൽ നല്ലൊരു തെലുഗു അടിപ്പടം കാണുന്ന പോലെ ടി.വി കാണാൻ പറ്റി എന്നല്ലാതെ മറ്റൊന്നും ഞാൻ കണ്ടില്ല! എന്റെ ഭാഗ്യത്തിനു വള്ളിപുള്ളി വിടാതെ അതേ നാടകങ്ങൾ വീണ്ടും ആവർത്തിക്കുന്നു! 

എത്ര സുന്ദര കേരളം! ദൈവത്തിന്റെ സ്വന്തം നാട്!
(ദൈവം കണ്ണ് തള്ളിയിരിക്കുകാണെന്നത് മറ്റൊരു കാര്യം)


പതിവ് നാടക റീലുകൾ :
  • ഒട്ടും പുറകിലാകാതിരിക്കാൻ രാഷ്ട്രീയക്കാർ മത്സരിച്ച് കോളേജിലേക്കു പ്രകടനം നടത്തുന്നു!
  • കല്ലെറിഞ്ഞു പോലീസിന്റെ ലാത്തിയടി ആവശ്യത്തിനു വാങ്ങിക്കൂട്ടുന്നു!
  • അതിന്റെ പേരിൽ ഹർത്താൽ, വഴി തടയൽ, വ്ണ്ടി കത്തിക്കൽ എന്ന കലാപരിപാടികൾ!
  • കോളേജുകാർ പ്രസ്താവനയുമായി മുഖം രക്ഷിക്കാനിറങ്ങുന്നു!
  • ഇതുപോലൊരു വിശുദ്ധ വേറെയില്ല എന്ന പ്രസ്താവനയുമായി വീട്ടുകാരും കുട്ടിരാഷ്ട്രീയക്കാരുമിറങ്ങുന്നു!
  • മന്ത്രിമാരും രാഷ്ട്രീയനേതാക്കന്മാരും ഭവനസന്ദർശനം നടത്തുന്നു!
  • മന്ത്രിസഭ ലക്ഷങ്ങൾ സഹായധനം പ്രഖ്യാപിക്കുന്നു!
  • അടുത്ത പ്രശ്നം കിട്ടുന്നതുവരെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഗ്രീഷ്മ മരണം ആഘോഷിക്കുന്നു!
ഈ വൃത്തികെട്ട രാഷ്ട്രീയം പ്രബുദ്ധ(അബദ്ധ) കേരളത്തിനു എന്തു സന്ദേശമാണ് നൽകുന്നത്? ആരെങ്കിലും ആത്മഹത്യ ചെയ്താൽ നാടു കത്തിക്കണമെന്നോ? 
അതോ ആ സ്ഥാപനം തകർക്കണമെന്നോ? 
അതോ ഒരു വിവാദമുണ്ടാക്കി സർക്കാരിന്റെ കുറച്ച് കാശ് വാങ്ങാമെന്നോ?


ആരെങ്കിലും തെറ്റുചെയ്താൽ ശിക്ഷിക്കണം.... മരിച്ചു എന്ന ഒറ്റക്കാരണത്താൽ അന്വേഷണം പോലുമില്ലാതെ ആ വ്യക്തിയുണ്ടായിരുന്ന സ്ഥാപനം തകർക്കുന്ന, നിയമവാഴ്ചയെ പരിഹസിക്കുന്ന ഈ  പ്രവണത രാജ്യദ്രൊഹമല്ലാതെ മറ്റെന്താണ്? ഈ രാജ്യദ്രൊഹത്തിന്റെ ഫലമോ, മരിച്ചവന്റെ വീട്ടുകാർക്കു ചുളുവിൽ കുറച്ച് കാശ് കിട്ടും ! നശീകരണപ്രവണതയുള്ള മനോരോഗികൾക്ക് ആഘോഷിക്കാൻ ഒരവസരവും!

ഉമ്മൻചാണ്ടിയും പിണറായി വിജയനും രാജഗോപാലുമൊന്നും നോക്കിയാൽ ഈ കുട്ടിക്രിമിനലുകളെ അഴിഞ്ഞാടാതെ ഒതുക്കി നിർത്താൻ സാധിക്കില്ലേ? അതോ അവർ തങ്ങളുടെ മൌനാനുവാദത്താൽ ഈ നാടിനെ നശിപ്പിക്കുന്ന രാജ്യദ്രൊഹികൾക്കു കൂട്ടുനിൽക്കുകയാണെന്നു വേണമോ കരുതാൻ! ഇവർ എന്തു സന്ദേശമാണു ഈ പ്രവർത്തികളിലൂടെ ജനങ്ങൾക്കു നൽകാനുദ്ദേശിക്കുന്നത്? ഈ രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടും ഇവർക്ക് ഇത്രക്കു ഉത്തരവാദിത്ത്വമേ ഉള്ളോ? അതോ ഒരു ഉത്തരവാദിത്ത്വവുമില്ലേ? ഈ അക്രമപ്രവണതകൾ തടയേണ്ട ഇവിടുത്തെ സർക്കാരിനെ നയിക്കുന്ന പാർട്ടിക്കാണ് പല അക്രമസമരാഭാസങ്ങളുടേയും(ആഘോഷങ്ങളുടെ) പിതൃത്വം എന്നത് എന്റെ നാടിന്റെ ശാപവും ദൌർഭാഗ്യവും ആണെന്നല്ലാതെ മറ്റെന്തു പറയാൻ ! ഒരു സമൂഹത്തോടാണ്, ഒരു തലമുറയോടാണ് തങ്ങൾ ഈ അപരാധം ചെയ്യുന്നത് എന്ന് ഇവർ തിരിച്ചറിയുന്ന ദിവസം എന്നെങ്കിലും വരുമോ ?


ഇങ്ങനെയുള്ള നേതാക്കന്മാരേയും പ്രസ്ഥാനങ്ങളേയും ചുമക്കുന്ന എന്റെ നാടിന്റെ ദുർഗതി! 
കേഴുക നാടേ......പ്രിയ നാടേ.......കേഴുക.........കേഴുക.....


ആത്മഹത്യ ചെയ്യാനുള്ളവരോടൊരു വാക്ക്.......

നിങ്ങൾ ഏതായാലും ചാവാൻ തീരുമാനിച്ചു...... 
അല്പം ബുദ്ധിപരമായി പ്രവർത്തിച്ചാൽ വീട്ടുകാരെങ്കിലും രക്ഷപെടും!

Thursday, October 1, 2009

തേക്കടിയിലെ ശവംതീനികൾ...

ഒരു മലയാളി എന്ന നിലയിലും അതിലുപരി മനുഷ്യൻ എന്ന നിലയിലും അല്പം മുൻപു മനോരമ ന്യുസിൽ  അവരുടെ ഡെൽഹി ലേഖകൻ പുറത്തുവിട്ട വാർത്തയിൽ ഞാൻ ലജ്ജിക്കുന്നു.

മലയാളിയുടെ മുത്തശ്ശിപ്പത്രം ഇത്രക്കു അധപതിക്കരുത്..... 
അതു ഞങ്ങൾ മലയാളികൾക്കപമാനമാണ്.


അവർ പറഞതിങനെയാണ്,

“തേക്കടിയിൽ ബോട്ടപകടത്തിൽ മരിച്ച ഡെൽഹി സ്വദേശികളുടെമ്രുതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ കൈക്കൂലി ചോദിച്ചു, പണം ഇല്ല എന്ന് പറഞപ്പോൾ ദേഹത്തുള്ള സ്വർണ്ണം നൽകണമെന്നാവശ്യപ്പെട്ടു“

ഇന്നലെ വൈകുന്നേരം മുതൽ കേരളത്തിന്റെ മനസാക്ഷി തേക്കടിയിലാണ്. ഇന്നലെ മുതൽ അവിടെ കഠിനാധ്വാനം ചെയ്യുന്ന കേരളത്തിലെ മെഡിക്കൽജീവനക്കാരോട് ഈ ചതി മനൊരമ ചെയ്യരുതായിരുന്നു. ഇനി എത്ര ഉരുണ്ടുകളിച്ചാലും നിങളീ നൽകിയ വേദന മാറുമോ? ഇപ്പോൾ അവിടെ ജോലി ചെയ്യുന്നവരെല്ലാം സംശയത്തിന്റെ നിഴലിലായില്ലേ.......

അല്പമെങ്കിലും മനസാക്ഷി നിങളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ, മലയാളത്തേയും മലയാളിയുടെ അഭിമാനത്തേയും അല്പമെങ്കിലും വകവെക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ആ റിപ്പോർട്ടിനു കേരളജനതയുടെ മുൻപിൽ മാപ്പുപറയണം.

തേക്കടി ദുരന്തവും റേറ്റിങ് കൂട്ടാനുപയൊഗിക്കുന്ന,
എന്തിലും കച്ചവടം മാത്രം കാണുന്ന നിങ്ങളെ
മലയാളത്തിന്റെ ശാപമെന്നല്ലാതെ എന്താണു വിളിക്കേണ്ടതു?
ശവംതീനിക്കഴുകന്മാർ നിങ്ങളേക്കാൾ എത്ര ഭേതം!