Saturday, May 30, 2009

വനിതാ വിമോചന പുലികളുടെ (ഫെമിനിസ്റ്റ്‌ ) ശ്രദ്ധക്ക് !

എന്റെ കേരളത്തിലുടനീളമുള്ള യാത്രക്കിടയില്‍ വളരെയേറെ ശ്രദ്ധിക്കാറുള്ള ഒരു കാര്യമാണ് യാത്രക്കാരുടെ ബസിലുള്ള ഇരുപ്പ്‌ !

പൊതുവേ പുരുഷന്മാരുടെ സീറ്റില്‍ (അവര്‍ക്കതില്ല കേട്ടോ , ഒള്ളത് പൊതു സീറ്റ് മാത്രം) അതില്‍ ഇരിക്കാവുന്ന ആളുകള്‍ മാത്രം (അതായതു രണ്ടു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടു പേര്‍ മാത്രം). എന്നാല്‍ തിരക്കുള്ള മിക്ക ബസുകളിലും സ്ത്രീകളുടെ സീറ്റില്‍ മൂന്നു പേര്‍ കാണും. രണ്ടു സ്ത്രീകള്‍ക്ക് തന്നെ കഷ്ടിച്ച് ഇരിക്കാവുന്ന (അവരുടെ ശരീര വലുപ്പം തന്നെ കാരണം ) മൂന്നു വന്‍ സ്ത്രീകള്‍ എങ്ങിനെ ഇരിക്കുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട് !

നിങ്ങളില്‍ പലരും ഇത് ശ്രദ്ധിച്ചു കാണുമായിരിക്കും! ഞാന്‍ ഇതിനെക്കുറിച്ച്‌ എന്റെ ഭാര്യയോടും അമ്മയോടും ചോദിച്ചപ്പോള്‍ രണ്ടഭിപ്രായം ഉണ്ടായി. ഭാര്യയുടെ അഭിപ്രായത്തില്‍ ബസില്‍ ഒരു സീറ്റ് സംഘടിപ്പിചെടുക്കുന്നതിന്റെ പാട് അത് ചെയ്യുന്നവര്‍ക്കെ അറിയൂ ... അമ്മയുടെ അഭിപ്രായത്തില്‍ ബസില്‍ കയറുന്ന പല പ്രായമായ സ്ത്രീകള്‍ക്കും ഒത്തിരി ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവരാണ് . അതുകൊണ്ട് എവിടെയെങ്കിലും അവര്‍ക്കൊന്നിരിക്കണം!

ആലോചിച്ചപ്പോള്‍ രണ്ടും ശരിയാണ് ... എന്നാല്‍ സത്യത്തില്‍ മൂന്നു പേര്‍ ഇരിക്കുന്നതിനെക്കളും നല്ലത് രണ്ടു പേരിരിക്കുന്നതാണ്. മൂന്നാമത്തെ ആള്‍ നില്‍ക്കുന്നതിനെക്കളും ബുദ്ധിമുട്ടിയാണ് സത്യത്തില്‍ അവിടെ ഇരിക്കുന്നത് . കാരണം ഒരു ഇഞ്ച് സ്ഥലമേ ഇരിക്കാന്‍ കിട്ടുകയുള്ളൂ . ഫലത്തില്‍ അത് പോലീസ് സ്റ്റേഷനില്‍ കുറ്റവാളികളെ കസേര ഇല്ലാതെ കസേരയില്‍ ഇരുതുന്നതിനു തുല്യം!

എന്നാല്‍ മിക്ക സ്ത്രീകളും പ്രായമായ ഒരമ്മച്ചിക്ക് സീറ്റ്‌ സ്വമേധയാ നല്‍കാറില്ല . പകരം ആ വൃദ്ധ ചോദിച്ചാല്‍ " ഇഞ്ചി തിന്ന പെണ്ണ് " പോലെ മുഖം വീര്‍പ്പിച്ചു ആ വലിയതോ ചെറിയതോ ആയ പ്രുഷ്ടം ഒന്ന് ചെരിച്ചു കൊടുക്കും ! അപ്പോള്‍ കിട്ടുന്ന ഒന്നര സെന്റിമീറ്ററില്‍ ആ വൃദ്ധ പോലീസ് കസേരയില്‍ ഇരിക്കണം ! അവര്‍ ഇരിക്കുകയും ചെയ്യും ! എന്നാല്‍ ഒരു പുരുഷനോടാണിത് ചോദിക്കുന്നതെങ്കില്‍ പൊതുവേ അവര്‍ എഴുന്നേറ്റു ആ സീറ്റ്‌ അവര്‍ക്ക് നല്‍കും! അതുകൊണ്ട് പലപ്പോഴും പ്രായമായവര്‍ ആണുങ്ങളോടാണ് സീറ്റ്‌ ചോദിക്കാറുള്ളത് . എന്തുകൊണ്ടാണിങ്ങനെ എന്ന് എന്റെ പ്രിയപ്പെട്ട വനിതാ വിമോചന പുലികള്‍ വിശദീകരിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു .

എന്റെ ഇന്നലത്തെ യാത്രയിലും ഒരനുഭവം ഉണ്ടായി . അതിങ്ങനെയാണ് :

ഞാനും എന്റെ ഭാര്യയും കൂടെ എറണാകുളത്തുനിന്നും തോടുപുഴക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസില്‍ യാത്ര ചെയ്യുന്നു. ഞങ്ങള്‍ രണ്ടുപേരും ബസിലുള്ള പൊതു സീറ്റിലിരുന്നാണ്‌ യാത്ര ചെയ്യുന്നത് . ബസില്‍ സാമാന്യം യാത്രക്കരുമുണ്ട് . അധികവും നിന്ന് യാത്ര ചെയ്യുന്നവര്‍. ബസ്‌ കോലഞ്ചേരി മെഡിക്കല്‍ കോളേജിന്റെ അടുത്ത് എത്തിയപ്പോള്‍ ഒരു വൃദ്ധയും ( 85 വയസ്സെങ്കിലും കാണും ) അവരുടെ കൂടെ ഒരു സ്ത്രീയും ഉണ്ട്. അവര്‍ സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്ന ചെറുപ്പക്കാരികളോട് പറഞ്ഞു " സുഖമില്ലാത്ത അമ്മയാണ്, ഒന്നിരുത്താമോ ? " എന്നാല്‍ അവരിലൊരാള്‍ പോലും മലയാളിയാണെന്ന് തോന്നിയില്ല , കാരണം ആ ചോദ്യം അവര്‍ക്ക് മനസിലാവാതെ അവര്‍ പുറത്തേക്കു നോക്കിയിരുന്നു ! പിന്നീട് ആ സ്ത്രീ എന്റെ അടുത്ത് വന്നു അതെ ചോദ്യം ആവര്‍ത്തിച്ചു . ഞാന്‍ അവരുടെ മുഖത്തേക്കൊന്നു നോക്കി . ഉടനെ അവര്‍ പറഞ്ഞു , "സുഖമില്ലാത്തത്‌ കൊണ്ടാണ് , ബുദ്ധിമുട്ടാവില്ലെങ്കില്‍......" ഞാനൊന്നും മിണ്ടാതെ ഏഴുന്നേറ്റു കൊടുത്തു . ഇത് കണ്ടുകൊണ്ടു ഒരു പെണ്‍കുട്ടി തൊട്ടടുത്ത്‌ നില്പുണ്ട് , അവള്‍ അതിനു മുന്‍പത്തെ സ്റ്റോപ്പില്‍ നിന്നും കയറിയതാണ് .

അവിടെ നിന്നും 10 കിലോമീറ്റെര്‍ മാത്രമേ മുവ്വാറ്റുപുഴക്കുള്ളൂ . അവിടെയെത്തിയാല്‍ ധാരാളം സീറ്റ്‌ വണ്ടിയില്‍ ഉണ്ടാകും. ഞാനങ്ങനെ ആ വൃദ്ധയുടെ അടുത്ത് നില്കുക്കയാണ് . ആ സീറ്റില്‍ ഈ അമ്മച്ചിയും എന്റെ ഭാര്യയും മാത്രമേയുള്ളൂ . മുവ്വാറ്റുപുഴക്ക്‌ ഒരു സ്റ്റോപ്പിനു മുന്‍പ് ഇറങ്ങുന്നതിനു മുന്‍പ് അമ്മച്ചിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീ എന്നോടിരുന്നോളാന്‍ പറഞ് അമ്മച്ചിയെ എഴുന്നേല്‍പ്പിച്ചു . പെട്ടെന്ന് ഒരു ഉന്തും തള്ളും ! അടുത്ത് നിന്ന പെണ്‍കുട്ടി ചാടിക്കേറി ആ സീറ്റിലിരുന്നു ! ആ സ്ത്രീ ദയനീയമായി എന്നെ ഒന്ന് നോക്കി ! ഞാനെന്തു പറയാന്‍ ! ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു. അവള്‍ ഇതൊന്നും അറിയാത്തത് പോലെ പുറത്തേക്കും നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മറ്റൊരു സീറ്റ്‌ കിട്ടി .

ഈ ബുദ്ധിമതിയായ സ്മാര്‍ട്ട് പെണ്‍കുട്ടിയുടെ മുന്‍പില്‍ ഒരു രോഗിയായ വൃദ്ധക്ക്‌ എഴുന്നേറ്റു സീറ്റ്‌ കൊടുത്ത ഞാനല്ലേ മണ്ടന്‍ !

Friday, May 29, 2009

യുറീക്കാ....യുറീക്കാ.... (കണ്ടുപിടിച്ചു)!

സി.പി.എം തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ കാരണം മൂന്നു ദിവസത്തെ കഠിന ചര്‍ച്ചകള്‍ക്ക് ശേഷം കണ്ടുപിടിച്ചു . അതിന്റെ വിശദീകരണം പാര്‍ട്ടി സെക്രട്ടറി നടത്തി.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ :

" ബൂര്‍ഷ്വാ സംഘടിത പ്രതിലോമ ശക്തികളുടെ കൂട്ടായും ഒറ്റക്കും തെളിഞ്ഞും ഒളിഞ്ഞും ഉള്ള പ്രവര്‍ത്തനവും ഭീകര,ഫാസിസ്റ്റ്‌ , സയോനിസ്റ്റ്‌ , മുതലാളിത്ത , വര്‍ഗവിരുധ ശക്തികളുടെ ഏകീകരണവും പിന്തിരിപ്പന്‍ പ്രതിലോമ ശക്തികളുടെ കേന്ദ്രീകരണവും സര്‍വോപരി അനിര്‍ഗളമായ സംഭവങ്ങളുടെ കുത്തൊഴുക്കും , ലെനിനിസ്റ്റ്‌ തത്വങ്ങളുടെ നിര്‍ജലീകരണവും നിഷേധവും , മൂരാച്ചി നികൃഷ്ട ജീവികളുടെ കുതന്ത്രങ്ങളും , മുതലാളിത്ത ഗീബല്‍സിയന്‍ തന്ത്രങ്ങളുടെ പുറകെയുള്ള കമ്പോള വ്യവസ്ഥകളുടെ ഒഴുക്കും മൂലം അധ്വാന വര്‍ഗ്ഗ പാര്‍ട്ടിക്ക് ജയിക്കാന്‍ കഴിഞ്ഞില്ല"

കുറച്ചു നീളന്‍ വാചകത്തില്‍ പറഞ്ഞാല്‍ :
"അച്യുതാനന്ദന്‍ മുഖ്യ മന്ത്രിസ്ഥാനത്ത് നിന്ന് രാജി വെക്കണം"

ഇവിടുത്തെ ജനങ്ങളും മാധ്യമങ്ങളും എല്ലാം മണ്ടന്മാര്‍ !

ഒരു സംശയം :
ഇതിനാണോ "ചാന്തുപൊട്ട് " നിര്‍ദേശവുമായി കാരാട്ട് വന്നതും "പരിപ്പ് വടയും കട്ടന്‍ കാപ്പിയും" ഒഴിവാക്കി മൂന്നു ദിവസം ചര്‍ച്ച നടത്തിയതും?

ഒരു ചര്‍ച്ചയും നടത്താതെ കരുണാകരന്‍ പറഞ്ഞത് നോക്കൂ ....
"വോട്ടു കിട്ടാത്തത് കൊണ്ട് മുരളി തോറ്റു"

ഒരു വല്യ സഖാവ് ഇന്നലെ ടി.വി യില്‍ പറയുന്നത് കേട്ടു
" ജനങ്ങള്‍ തള്ളികളഞ്ഞിട്ടില്ല .... എന്നാലും തോറ്റു"
100 സീറ്റില്‍ ജയിച്ച പാര്‍ട്ടി ഇപ്പോള്‍ 110 സീറ്റില്‍ തോറ്റു എന്നാണ് പറയുന്നത് !
എന്നാലും "ജനങ്ങള്‍ തള്ളികളഞ്ഞിട്ടില്ല"
47 ശതമാനം വോട്ടു കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ 41 കിട്ടിയുള്ളൂ എന്ന വിശകലനം എങ്ങിനെ വ്യാഖിയാനിക്കുമോ ആവൊ ?

ചുരുക്കത്തില്‍ "ആ പ്രതിലോമ ശക്തിയെ രാജിവെപ്പിച്ചാല്‍" എല്ലാ പ്രശ്നവും തീരും എന്ന് പാര്‍ട്ടി കണ്ടു പിടിച്ചു !
പിന്നെ അങ്ങോട്ട്‌ നിറുത്താതെ ഭരണമായിരിക്കും !
സമത്വ സുന്ദര സമ്പന്ന കേരളം !
ബംഗാള്‍ പോലെയുള്ള ഒരു സ്വപ്ന കേരളം (ഓര്‍ക്കുമ്പോള്‍ തന്നെ കുളിര് കോരുന്നു )
ഇനി കേരളം "ബംഗാള്‍ പോലെയാക്കി കൊടുക്കുക " എന്നുള്ളത് നമ്മുടെ ഓരോ കേരളീയന്റെയും ഉത്തരവാദിത്വമാണ് !

"എന്തിനാ അമ്മാവാ എന്നെ തല്ലുന്നത് ഞാനൊട്ടും നന്നാവില്ല "
ഇവരെങ്കിലും നന്നാവും എന്നോര്‍ത്ത് തല്ലുന്ന്‍ ജനങ്ങള്‍ മണ്ടന്മാര്‍ !

ഞങ്ങള്‍ സ്നേഹിക്കുന്ന
കൃഷ്ണപിള്ളയുടെ പാര്‍ട്ടി,
.കെ.ജിയുടെ പാര്‍ട്ടി ,
.എം.എസിന്റെ പാര്‍ട്ടി,
നായനാരുടെ പാര്‍ട്ടി,
തോക്കിനും വാളിനും നേരെ ചങ്ക് വിരിച്ചുനിന്നു
"നേരിനു വേണ്ടി നിലകൊണ്ടിരുന്ന"
ധീര രക്തസാക്ഷികളുടെ പാര്‍ട്ടി ..................

ഇതിപ്പോള്‍ വന്നു വന്നു "രാജാവ് നഗ്നനാണ് "എന്ന് പറയാനുള്ള മിനിമം സത്യസന്ധതയെങ്കിലുമുള്ള ഒരാളുമില്ലാത്ത പാര്‍ട്ടി എന്നായിരിക്കുന്നു !

എവിടെയാണ് പാര്‍ട്ടിക്ക് , അതോ ജനങ്ങള്‍ക്കോ, (ഇവരെ വിശ്വസിച്ചതിനു) തെറ്റ് പറ്റിയത് ?

ഒരു സുഹൃത്ത്‌ പറഞ്ഞതുപോലെ,

"ഇത് സുനാമിയാണു കേട്ടാ.... തുടച്ചുമാറ്റിയിട്ടേ പോകൂ"
അതിനു പാര്‍ട്ടി ഓഫീസ് എന്നോ അതിനു മുകളിലെ റിസോര്‍ട്ട് എന്നോ വിത്യാസമുണ്ടാകില്ല !
ഒരു ചാനലിനും പത്രത്തിനും അത് തടയാനുമാവില്ല !
സുനാമി ബക്കെറ്റിലല്ല ഉണ്ടാകുന്നത് , സമുദ്രത്തിലാണ് (ജനമഹാസമുദ്രത്തില്‍)!


ജസ്റ്റ്‌ റിമെംബര്‍ ദാറ്റ്‌ ..................

Wednesday, May 27, 2009

ഞാന്‍ ഒരു പോലീസുകാരന്‍


അന്ന് ഞാനൊരു വിദ്യാര്‍ഥി ആയിരുന്നു .....
അന്ന് സ്‌കൂളില്‍ പോകാന്‍ ബസ് നോക്കി നില്‍ക്കുമ്പോള്‍ ശൂ ..........
ബസ്‌ നിറുത്താതെ പോകുന്നത് കണ്ടു എല്ലാവരും കൂടെ ബസ് തടഞ്ഞു .
ഉടന്‍ പോലീസ് വന്നു , ചര്‍ച്ച നടത്തി ബസ് പറഞ്ഞു വിട്ടു .....
ഞാനോര്‍ത്തു പോലീസ് പറഞ്ഞാല്‍ എല്ലാവരും കേഴ്ക്കും!

പത്താം ക്ലാസ്സ് പാസായി , പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പ് എടുത്തു പഠിക്കാന്‍ പോയി .....
കോളേജില്‍ മൊത്തം രാഷ്രീയം !
മിക്ക ദിവസവും തല്ലും ബഹളവും ! പോലീസ് വരും .... ചിലപ്പോള്‍ കൂട്ട തല്ല് !
ഞാനോര്‍ത്തു ചുമ്മാ ആളുകളെ തല്ലാന്‍ ഇവര്‍ക്ക്‌ എന്ത് രസമാണ് ! മുന്‍പില്‍ കിട്ടുന്നവനെ ഒക്കെ തല്ലും!
എന്തോരധികാരം!
ഇതും ഞാന് ഒരു വിധം ഡിസ്ടിങ്ഷിനോടെ പാസായി ....
ഇനി തൊഴിലധിഷ്ടിത കോഴ്സ് വല്ലതും പഠിക്കണമെന്നുണ്ട് .... അതിനു നല്ല കാശ് ആകും .... അതില്ല!
അങ്ങിനെ ഞാന്‍ ഡിഗ്രിക്ക് അവിടെതന്നെ ചേര്‍ന്നു.... വലിയ ചിലവൊന്നുമില്ല ... എന്നാല്‍ നേരമ്പോക്കാണ് താനും !
അതും ഫസ്റ്റ് ക്ലാസ്സില്‍ പാസായി .... ഇനിയെന്ത് ചെയ്യും?
ആ .... പോട്ടെ .... പി.ജി ക്ക് ചേര്‍ന്നു ..... ഇപ്പോള്‍ ഞാന്‍ വെല്യ പുള്ളിയായി !
അതും നല്ല മാര്‍ക്കോടെ പാസ്സായി !
അപ്പോള്‍ ദേ അപ്പന്‍ പറയുന്നു .... ഇനി എന്നെകൊണ്ട് വയ്യ .... നീ വല്ല പണിയും അന്വേഷിക്കു ......
ആലോചിച്ചപ്പോള്‍ തോന്നി നല്ല ഒരു പൊലീസുകാരനായാല്‍ കൊള്ളാം!
പി.എസ.സി പോലീസിനു അപേക്ഷ വിളിച്ചപ്പോള്‍ ഞാനും ഒരെണ്ണം കൊടുത്തു.
രാവ് പകലാക്കി എഴുത്ത് പരീക്ഷ പാസ്സായി .... ഫിസിക്കല്‍ ടെസ്റ്റിനു പോയി ചങ്ക് പറിച്ചോടി അതും ജയിച്ചു. ശമ്പളം മുവ്വായിരം രൂപ!
അങ്ങനെ ധീരനായ ഒരു പോലീസുകാരന്‍ പിറവിയെടുത്തു
പരിശീലനവും ഒക്കെ കഴിഞ്ഞു .

ആദ്യത്തെ ഡ്യൂട്ടി !
എസ്.പി ഏമ്മാന്റെ ഓര്‍ഡര്‍ലി (ശിപായി)!

ജോലികള്‍ : ഏമ്മാന്റെ കാര്യങ്ങള്‍ എല്ലാം നോക്കുക.
വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുക .
മക്കളെ കൊണ്ട് നടക്കുക , കളിപ്പിക്കുക .
വേലക്കാര്‍ക്ക് തിരക്കാണെങ്കില്‍ പുറം പണികള്‍ എല്ലാം ചെയ്യുക.
ചുരുക്കത്തില്‍ തിരിച്ചൊന്നും പറയാതെ ഒരു പട്ടിയെക്കളും നന്നായി ഏമ്മാനെയും കുടുംബത്തെയും നോക്കുക.
കുറച്ചു കാലം കൊണ്ട് ഞാനൊരു മനുഷ്യനാണെന്നു തന്നെ മറന്നു പോയി!

അടുത്ത ഡ്യുട്ടി
ആദിവാസിക്കുടിയിലെ ഒരാള്‍ വനത്തിനുള്ളില്‍ തൂങ്ങിമരിച്ചു... അതിനെപ്പറ്റിയുള്ള അന്വേഷണം.

വൈകുന്നേരം നാലുമണിയായപ്പോള്‍ വനത്തിലേക്ക് പോയി .. ഞങ്ങള്‍ രണ്ടു പോലീസുകാര്‍ !
ചെന്നപ്പോള്‍ നല്ല ഭംഗി ! മരിച്ചിട്ട് കുറച്ചു ദിവസമായി എന്ന് തോന്നുന്നു . നല്ല മണം! കൂട്ടത്തിലുള്ള പോലീസുകാരന്‍ പറഞ്ഞു "ഇനി ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കില്ല , അതുകൊണ്ട് പണിയാകും. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ വരാം " കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു കുപ്പിയും സംഘടിപ്പിച്ച് വന്നു. ഞാനാണെങ്കില്‍ ഇതുവരെ മദ്യം തൊട്ടു നോക്കിയിട്ട് പോലുമില്ല . നിമിഷങ്ങള്‍ക്കുള്ളില്‍ അത് കാലി! എന്നിട്ട് അയാള്‍ അടുത്ത മരത്തിനു ചുവട്ടിലേക്ക്‌ ചരിഞ്ഞു .... എന്റെ ചങ്ക് പിടച്ച്ചിട്ടു വയ്യ .... ഒരു ചീഞ്ഞ ശവവും ഞാനും മാത്രം. കൂടെയുള്ളവനാനെങ്കില്‍ ശവത്തെക്കള്‍ കഷ്ടം! എങ്ങിനെയാണ് നേരം വെളുപ്പിച്ചതെന്നു ഇന്നും എനിക്കറിയാന്‍ പാടില്ല ! മരിച്ച വീട്ടില്‍ പോകാന്‍ പോലും പേടിയുള്ള എനിക്ക് കിട്ടിയ പണി!

അങ്ങനെ പോലീസുകാരന്റെ ജീവിത സുഖങ്ങള്‍ ഓരോന്നായി ഞാനറിയാന്‍ തുടങ്ങുകയായിരുന്നു. ഈ പണി വേണ്ട എന്ന് വിചാരിച്ചപ്പോള്‍ ജയിലില്‍ പോകാന്‍ വേറെ വഴി നോക്കണ്ട എന്നു പറയുന്നതും കേട്ടു. കാലം കുറെ കഴിഞ്ഞപ്പോളാണ് ഇതൊന്നുമല്ല അടി , വടിയോടിക്കാന്‍ പോയിട്ടേ ഉള്ളൂ എന്നു മനസിലായത് !

ആ കഥകളെല്ലാം അടുത്ത പോസ്റ്റുകളില്‍ എഴുതാം.