Wednesday, November 25, 2009

ഇതോ നവവിപ്ലവരാഷ്ട്രീയം?

പിണറായി വിജയന്റെ വീട് എന്ന പേരിൽ വന്ന വ്യാജ ഇമെയിൽഫോട്ടോ ഫോർവേർഡ് ചെയ്തു മാനഹാനി ഉണ്ടാക്കി എന്നതിന്റെ പേരിൽ സഖാവ് നൽകിയ പരാതിയിൽ കേരളത്തിലെ പാവം പോലീസ് ഓരോരുത്തരേയായി പൊക്കിക്കൊണ്ടിരിക്കുന്നു എന്ന വാർത്ത ഇമെയിൽ ഉപയോഗിക്കുന്ന മിക്ക ആളുകളേയും ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്നു !

ഈ മെയിൽ ആരുടേയോ ബുദ്ധിയിൽ ഉദിച്ച തമാശോ ,കാര്യമോ ആണ് . എന്നാൽ ഈ മെയിൽ കിട്ടിയ ലക്ഷക്കണക്കിനു ആളുകൾ അതു നേരുതന്നെ എന്നു വിചാരിച്ച് മറ്റുള്ള സുഹ്രുത്തുക്കൾക്ക് ഫോർവേർഡ് ചെയ്തു. ചിലർ മെയിൽ ഉപയോഗിക്കുന്നതുതന്നെ വരുന്ന മെയിലുകൾ ഫോർവേർഡ് ചെയ്യാനാണ്. അതു ശരിയോ തെറ്റോ എന്നു ആരും പരിശോധിക്കാറില്ല. അങ്ങനെ അയച്ച ചിലർ ഇപ്പോൾ കുടുങ്ങിയിരിക്കുന്നു !

എനിക്ക് തന്നെ ഏകദേശം പത്തോളം സുഹ്രുത്തുക്കൾ ഇതേ മെയിൽ അയച്ചു തന്നിരുന്നു. എന്നാൽ പുതിയ പാർട്ടിയേക്കുറിച്ചും അതിന്റെ നേതാവിനേക്കുറിച്ചും  അവർ എന്തുചെയ്യും എന്നതിനേക്കുറിച്ചും ഏകദേശധാരണ ഉണ്ടായിരുന്നതിനാൽ ഭയം തോന്നി മാത്രം ഞാൻ അതു ഫോർവേർഡ് ചെയ്തില്ല!(കളവാണെന്നു വിചാരിച്ചുപോലുമില്ല) എന്റെ ഭാഗ്യം ! എന്തുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റ് നേതാവിനേക്കുറിച്ച് ജനം ഇങ്ങനെ വിശ്വസിക്കുന്നു എന്നു ഇതേവരെ ഒരു പാർട്ടി ബുജിയും ഭാഗ്യത്തിൻ ചർച്ചിച്ചിട്ടില്ല !

പഴയകാല കമ്മുണിസ്റ്റ്പാർട്ടിക്കാർ ആരെങ്കിലും ഇപ്പോഴുണ്ടെങ്കിൽ ചിലതെല്ലാം ചിന്തിക്കുന്നത് നല്ലതായിരിക്കും :

 • ഇ.എം.എസ്, എ.കെ.ജി , നായനാർ എന്നിവർക്കെതിരേ ഇങ്ങനെ ഒരു ആരോപണം വന്നിരുന്നു എങ്കിൽ ജനം അതു വിശ്വസിക്കുമോ? എന്തിന് ഇന്നത്തെ മുഖ്യമന്ത്രി അച്യുതാനന്തനെതിരേ വന്നാലെങ്കിലും ജനം അതു വിശ്വസിക്കുമോ?
 •  
 • ഇ.എം.എസ്, എ.കെ.ജി എന്നിവർക്കൊക്കെ ഇങ്ങനെ പാർട്ടിക്കാർക്കെതിരെ അപവാദപ്രചാരണമഴിച്ചുവിടുന്നവരെ പോലീസിനെ ഉപയോഗിച്ച് നിയന്ത്രിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ അവർ ഉപയോഗിക്കുമായിരുന്നോ അതോ സത്യം പുറത്തുകൊണ്ടുവന്ന് അതിനേ നേരിടാൻ ശ്രമിക്കുമായിരുന്നോ ?
 •  
 •  യൂത്ത്കോൺഗ്രസ്സുകാർ ആവശ്യപ്പെടുന്നത് പോലെ എന്തുകൊണ്ട് പിണറായിയുടെ വീടിന്റെ പടം എന്തുകൊണ്ട് കൈരളി, ദേശാഭിമാനി എന്നിവ പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്നില്ല ?
 •  
 • ഏതോ കോൺഗ്രസ്സുകാർ ഒരിക്കൽ ആ വീടിന്റെ പടം എടുക്കാൻ ശ്രമിച്ചതിന് തല്ലു മേടിച്ചു എന്നും ഒരിക്കൽ കേട്ടിരുന്നു ! (ശരിയാണോ എന്നറിയില്ല). അല്ലെങ്കിൽ എതിരാളികളായ കോൺഗ്രസ്സുകാരെങ്കിലും ആ പടം പുറത്തു വിടേണ്ടതല്ലേ?
 •  
 • പിണറായി എന്നതു ഇസെഡ് ക്ലാസ്സ് സുരക്ഷയുള്ള നേതാവാണോ ഇത്രക്കു രഹസ്യം സൂക്ഷിക്കാൻ? (പ്രധാനമന്ത്രിയുടെ വീടിന്റെ പടം പോലും ലഭ്യമാണ്!)
 •  
 • എന്തുകൊണ്ടാണ് ലളിതജീവിതത്തിൽ വിശ്വസിക്കുന്ന യഥാർഥ കമ്മുണിസ്റ്റുകൾ പോലും ഈ പടം വെളിച്ചത്തുകൊണ്ടുവന്ന് പാർട്ടിയുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കണം എന്നാവശ്യപ്പെടാത്തത്?
 •  
 • അടിയന്തിരാവസ്ഥകാലത്തേതുപോലെ അധികാരം എന്ന മർദനോപകരണമുപയോഗിച്ച് എതിർസ്വരങ്ങളേയെല്ലാം കുഴിച്ചുമൂടാം എന്ന വിചാരം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോ അതിന്റെ ഏതെങ്കിലും നേതാവിനോ ചേർന്നതാണോ? അങ്ങിനെ സാധിക്കില്ല എന്നു തെളിയിച്ച പ്രസ്ഥാനം തന്നെയല്ലേ  ഇത്?
 •  
 • ഇരുമ്പ്മറക്കുള്ളിൽ ലോകം കീഴടക്കാം എന്നു വിചാരിച്ച പല കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടേയും ഇന്നത്തെ അവസ്ഥ ഈ നേതാക്കാന്മാരും അണികളും കാണുന്നില്ലേ? 
 •  
 • പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സംരക്ഷിക്കുകയും വളർത്തപ്പെടുകയും ചെയ്യേണ്ട ഒരു പാർട്ടിയായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയെങ്കിൽ അതില്പരം മറ്റെന്ത് അപചയമാണ് ഒരു ജനകീയപാർട്ടിക്കു വരാനുള്ളത് !
കൂടുതൽ എഴുതാൻ ഭയം എന്നെ അനുവദിക്കുന്നില്ല . അതിന്റെ പേരിലും എന്തും സംഭവിക്കാമല്ലോ ! കമെന്റ് ചെയ്യുന്നവരും സ്വന്തം റിസ്കിൽ ധൈര്യം ഉണ്ടെങ്കിൽ മാത്രം ഇവിടെ പ്രതികൂലമായി കമെന്റ് ചെയ്യാവൂ.. നാട്ടുകാരൻ ഒരു പരിണിതഫലത്തിനും ഉത്തരവാദിയായിരിക്കുന്നതല്ല.

ഒടുവിൽകിട്ടിയ വിവരമനുസരിച്ച് ഈ കേസിൽ പ്രതിയാവർ ചെയ്തിരിക്കുന്നത് മൂന്ന് വർഷം വരെ കഡിന തടവ് ലഭിക്കുന്ന കുറ്റമാണെന്നാണ് ! ആ പാവം യുവാക്കൾ കേസിൽനിന്നും രക്ഷപെടാൻ പാർട്ടിക്കാരുടെ കാലുപിടിക്കുകയും സ്വന്തക്കാരുടെ മുഴുവൻ കമ്മ്യുണിസ്റ്റ് ബന്ധങ്ങളും പാർട്ടി ഓഫീസിൽ തെളിവായി നിരത്തുകയുമാണ് (പാർട്ടി അനുഭാവിയാണെന്നു തെളിയിക്കാൻ !)

വ്യാജ സന്ദേശം നിർമ്മിച്ചവരേ ഇതേവരെ പിടികൂടാതെ മെയിൽ ഫോർവേർഡ് ചെയ്ത ലക്ഷക്കണക്കിന് ആളുകളിൽനിന്നും ചിലരേ മാത്രം പിടികൂടിയതിന്റെ പിന്നിലേ ന്യായം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല! അതോ ബാക്കിയുള്ള ലക്ഷക്കണക്കിനു ആളുകളെ പിന്നലെ പിടികൂടുമോ ? എങ്കിൽ അവരെല്ലാവരും രക്ഷപെടാൻ പാർട്ടിക്കൂർ തെളിയിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒന്നുമാലോചിക്കേണ്ടിവരില്ല !

പാർട്ടിയും സഖാക്കളും ഒന്നുമനസ്സിലാക്കുക :

ഈ കൊച്ചുകേരളത്തിൽ പാർട്ടിയും സഖാക്കന്മാരുമല്ലാതെയും കുറച്ച് പാവങ്ങൾ ജീവിക്കുന്നുണ്ട് . അവരെ എങ്ങിനെയെങ്കിലും ജീവിക്കാൻ അനുവദിക്കുക ! ഒരു ഇമെയിൽ ഫോർവേർഡ്ചെയ്തുപോയി എന്ന തെറ്റിന് കൊടുംക്രിമിനലുകൾ ആക്കാതിരിക്കുക !

“മുഖം നന്നല്ലാത്തതിനു കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ല “

Wednesday, November 18, 2009

രസകരമായ രണ്ടു വാർത്തകൾ !

ഒന്നാംവാർത്ത 

സമാധാനമായി : വിപ്ലവ പാർട്ടിയുടെ സമ്മേളനം സഘടിപ്പിക്കാൻ പറ്റിയ വേദി രമദ പ്ലാസ തന്നെ ! ശശി തരൂർജിയും കോൺഗ്രസ്സുകാരും പിന്നെ ഇതൊന്നും കണ്ടേക്കില്ല :)
ഇതാണു ഈ പറയുന്ന സോഷിയലിസം എങ്കിൽ സഖാവേ എനിക്കും വേണം രണ്ട് മെംബർഷിപ് !

 
ഇതാണ് ആ ചെറിയ ഹോട്ടൽ.ഹോട്ടലിലെ മീറ്റിങ്ങുകൾ നടക്കുന്ന ഭാഗം-1ഇങ്ങനേയും അവിടെ മീറ്റിംഗ് നടത്താം.

ആ പാവപ്പെട്ട ഹോട്ടലിന്റെ കൂടുതൽ ചിത്രങ്ങൾ ഇവിടെ  കാണാം.

രണ്ടാം വാർത്ത
 പരസ്പര അരോപണപ്രത്യാരോപണമുന്നയിച്ച മണ്ടൻ കുട്ടി രാഷ്ട്രീയക്കാർക്ക് ഇനിയെങ്കിലും മിണ്ടാതിരിക്കാൻ പറ്റുമോപോലും ?
ആദർശ്ശധീരൻ, അഹിംസാവാദി, ഗാന്ധിയൻ ഹസ്സൻ വഞ്ചിച്ചു എന്നും പറഞ്ഞ് യൂത്തന്മാർ അങ്ങ് ഡെൽഹിയിൽ പരാതിപ്പെട്ടു എന്നും കേൾക്കുന്നു :)
ഉടൻ ഹസ്സന്റെ പണി പോക്കാണേ :) പകരം ഉടുപ്പുള്ളവർക്കെല്ലാം കാത്തിരിക്കാം .

വെറുതെയാണോ പൊതുജനം കഴുത എന്നു പറയുന്നത്!
ശരിക്കും പൊതുജനം കഴുതയല്ലേ?
അല്ലെങ്കിൽ ഇവന്മാരൊക്കെ ഒരു ഉളുപ്പുമില്ലാതെ റോഡിലിറങ്ങി നടക്കുമോ ?

ഇങ്ങനെ നുണ പറയുന്നവരേയാണോ ഗാന്ധിയൻ എന്നു വിളിക്കുന്നത് ?

Tuesday, November 17, 2009

ക്രിസ്തുവിനേക്കാൾ മിടുക്കനല്ലേ ക്രിസ്ത്യാനി ?

ചരിത്രത്തിലെ ഒഴിവാക്കപ്പെടാനവാത്ത ഒരു പഴയ മനുഷ്യൻ ! ചരിത്രത്തിന്റെ ഭാഗമാണിവൻ!
ഇവന്റെ അനുയായികളായി ജനകോടികളണുള്ളത് !

ഇവന്റെ ചില പ്രത്യേകതകൾ :

അച്ചനുമമ്മക്കും സംമ്പാദ്യമൊന്നുമില്ല.
ജനിച്ചു വീഴാൻ പോലും ഒരു വീട് കിട്ടിയില്ല....അഭയാർഥിയായിട്ട് കാലിത്തൊഴുത്തിലാണ് ജനനം പോലും....
ജനിച്ചയുടനെ കൊന്നുകളയാൻ ഭരണകൂടത്തിന്റെ ശ്രമം...... തുടർന്ന് രണ്ട് വർഷം ഒളിവിലെ ജീവിതം.
തുടർന്നുള്ള ജീവിതം മുഴുവൻ സംഭവബഹുലം...
കുറേ ശിഷ്യന്മാർ..... എല്ലാം സംസ്കാരവും വിവരവുമില്ലാത്ത നിരക്ഷരക്ഷരകുക്ഷികൾ!
ചുങ്കക്കാരും പാപികളും വേശ്യകളും അവന്റെ അനുയായികൾ !
അവൻ ചെയ്യുന്നതു മുഴുവൻ അത്ഭുതങ്ങൾ...... മരിച്ചവരേപ്പോലും ജീവിപ്പിക്കുന്നു!
ലോകം മുഴുവൻ കീഴടക്കാൻ മറ്റെന്തുവേണം?
ഭരണകൂടത്തിന്റേയും മതാധികാരികളുടേയും കണ്ണിലേ കരട്!
ജനപിന്തുണയുള്ളതിനാൽ ഭയപ്പെടേണ്ടവൻ !

ഒടുവിൽ കൂട്ടത്തിൽ നിന്നുതന്നെ ഒരുവനാൽ മതാധികാരികൾക്ക് ഒറ്റിക്കൊടുക്കപ്പെട്ടു ! (അന്നും കൈക്കൂലി കൊടുത്ത് കാര്യം സാധിക്കുന്ന മതാധികാരികൾ ഉണ്ടായിരുന്നു)
ഒന്നും മിണ്ടാതെ നിന്നു അവർ കുഴിച്ച കുതന്ത്രങ്ങളിൽ സ്വയം വീണു സമൂഹത്തിലെ ഏറ്റവും താണ വധശിക്ഷയായ കുരിശുമരണം സ്വീകരിച്ചു! ജീവിതത്തിലെ താരപരിവേഷവും അത്ഭുതങ്ങളുമൊന്നും ഈ തരംതാണ മരണം ഒഴിവാക്കാനുപയോഗിക്കപ്പെട്ടില്ല !

മരിച്ച ക്രിസ്തുവിനെ മറവു ചെയ്യാൻ സ്ഥലമില്ലാഞ്ഞിട്ട് വധിച്ചവർ തന്നെ കാശുകൊടുത്ത്  വല്ലവന്റേയും കല്ലറ വാങ്ങിയാണ് ജഡം മറവു ചെയ്തത് !

മൂന്നു ദിവസങ്ങൾക്കു ശേഷം സ്വയം ഉയർത്തെഴുന്നേറ്റു, ശിഷ്യന്മാരെ എല്ലാം ഏൽ‌പ്പിച്ച് ഉയരങ്ങളിലേക്ക് പോയി!

================================================================

കാലം മാറി ....കഥ മാറി (ക്രിസ്തുവും മാറി) !

അനുയായികൾ അങ്ങു ആകാശം മുട്ടെ വളർന്നു......
യുറോപ്പുമുഴുവൻ പടവലങ്ങപോലെ അനുയായികൾ വളർന്നു !

അവസാനം ഇങ്ങു കൊച്ചുകേരളത്തിലും അനുയായികളുടെ വളർച്ചതുടങ്ങി.....
ചുമ്മാ ഒരു സമ്മേളനം വിളിച്ചാൽ‌പ്പൊലും രാഷ്ട്രപതി, പ്രധാനമന്ത്രി, ഭരണപക്ഷം, പ്രതിപക്ഷം എല്ലാവരും കാൽക്കീഴിൽ ! തിരഞെടുപ്പിൽ ആരു നിൽക്കണം എന്നുപോലും ഈ അനുയായികൾ തീരുമാനിക്കും ! (ഒരു സ്വാധീനവുമില്ലാതിരുന്ന ക്രിസ്തു ഇതൊന്നു കണ്ട് പഠിക്കട്ടേ...) ഇനി തിരഞ്ഞെടുപ്പിനിടക്കെങ്ങാനും ഒരു മൂത്ത അനുയായി മരിച്ചാൽ (ക്ഷമിക്കണം...ക്രിസ്തുവാണു മരിക്കുന്നത്.....ഇവർ മരിക്കുകയില്ല......കാലം ചെയ്യുകയേയുള്ളൂ..) പാർട്ടിക്കാരെല്ലാം കൂടി തിരഞ്ഞെടുപ്പിനു തന്നെ അവധി പ്രഖ്യാപിച്ചുകളയും !

ആറടി മണ്ണ് പോലും അവകാശമായില്ലതിരുന്ന ക്രിസ്തുവിന്റെ അനുയായികൾ ഇപ്പോൾ മറ്റൊരു മത്സരത്തിലാണ് ! ആലയം പണി മത്സരം !

ആറ് വർഷങ്ങൾക്ക് മുൻപ് എറണാകുളം കടവന്ത്രയിൽ മൂന്നുകോടി മുടക്കി കേർളത്തിലെ ഏറ്റവും വലിയ പള്ളി ക്രിസ്തുവിനു പണിതു കൊടുക്കും എന്നു പ്രഖ്യാപിച്ചാണ് മത്സരം തുടങ്ങിയത് ! (ക്രിസ്തുവിന്റെ ഒന്നാം ഞെട്ടൽ)

തൊട്ടുപിന്നാലെ നാലുകോടിമുടക്കി അങ്കമാലിയിൽ കേർളത്തിലെ ഏറ്റവും വലിയ പള്ളി ക്രിസ്തുവിനു പണിതു  (പണി) കൊടുക്കും എന്നു പ്രഖ്യാപിച്ച് മത്സരം ശക്തമാക്കി ! (ക്രിസ്തുവിന്റെ രണ്ടാം ഞെട്ടൽ) അവിടുത്തെ ദിവസക്കൂലിക്കാരനുപോലും പിരിവ് വിഹിതം അൻപതിനായിരം രൂപയായിരുന്നു. ക്രിസ്തുവിനിട്ടുള്ള പണി തീർന്നപ്പോൾ ആറുകോടി രൂപയായി. മൂന്ന് അച്ചന്മാർ താമസിക്കുന്ന അരമനക്കുതന്നെ 70 ലക്ഷം രൂപ!

എന്നാൽ‌പ്പിന്നെ പമ്പിനെക്കൊന്നു എന്ന ഒറ്റക്കാരണത്താൽ വിശുദ്ധനാക്കപ്പെട്ടവന്റെ ശിങ്കിടികൾക്ക് വെറുതെയിരിക്കാൻ പറ്റുമോ ...... അവരും ചുമ്മാ അങ്ങു പ്രഖ്യാപിച്ചു .... 40 കോടി മുടക്കി ഞങ്ങൾ ക്രിസ്തുവിനു പണി കൊടുക്കും !  എറണാകുളം ഇടപ്പള്ളിക്കാരുടെ ഈ സ്നേഹം കേട്ടപ്പോൾ തന്നെ ക്രിസ്തു മൂന്നാമതു ഞെട്ടാൻ നിന്നില്ല, (അറ്റാക്ക് വന്നു) മൊത്തം അനുഗ്രഹവും ഇടപ്പള്ളിക്കാർക്കുതന്നെ എന്നു തീരുമാനിച്ചു.
എന്നാൽ ക്രിസ്തു ഇപ്പോൾ ലൂർദ് ആശുപത്രിയിലായതുകൊണ്ട് ബില്ലു വരുമ്പോൾ എന്തു തീരുമാനിക്കും എന്നു പറയാൻ പറ്റില്ല (കാരണം ലൂർദും സഭയുടെ തന്നെയാണല്ലോ)


പണി നടന്നുകൊണ്ടിരിക്കുന്ന ഇടപ്പള്ളിപ്പള്ളി.ഇപ്പോൾ: ക്രിസ്തു പണ്ട് പറഞ്ഞതൊക്കെ എങ്ങിനെ വിഴുങ്ങാം എന്നതിനു ആർക്ക് ശിഷ്യപ്പെടണം എന്നുള്ള അലോചനയിലാണെന്നും കേട്ടു.

അങ്ങനെ എളുപ്പത്തിലൊന്നും മായ്ക്കാൻ പറ്റുന്നതല്ലല്ലോ ആ വാചകങ്ങൾ !

“നിന്നേപ്പോലെ തന്നെ നിന്റെ അയൽക്കാരനേയും സ്നേഹിക്കണം”
“ദൈവം സ്നേഹമാണ്”
“കാണപ്പെടുന്ന സഹോദരനേ സ്നേഹിക്കാൻ കഴിയാത്തവൻ എങ്ങിനെ കാണപ്പെടാത്ത ദൈവത്തേ സ്നേഹിക്കും?”

“രണ്ടുള്ളവൻ ഒന്നില്ലാത്തവനു കൊടുക്കട്ടെ”
“ദൈവത്തെ ആരാധിക്കുന്നവർ ആ മലയിലും ഈ മലയിലുമല്ല പോകേണ്ടത്”
“രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചുകൂടുന്നിടത്തെല്ലാം അവരുടെ മധ്യേ ഞാനുണ്ടാവും”

അങ്ങനെ ധാരാളം വാചകങ്ങൾ !

നാട്ടുകാരനിപ്പോൾ ഒരു സംശയം :

ആ ക്രിസ്തു തന്നെയാണോ ഈ ക്രിസ്തു ? 
അതോ ക്രിസ്തുവിനും ജനിതമാറ്റം സംഭവിപ്പിച്ചോ?(സംഭവിക്കില്ലല്ലോ)

 • കഴിവുണ്ടായിട്ടും ഒന്നുമില്ലാതിരുന്ന അന്നത്തെ ക്രിസ്തുവല്ല ഇവർ പറയുന്ന ഇന്നത്തെ സമ്പന്നക്രിസ്തു !

 • പാവങ്ങളുടേയും ആലംബഹീനരുടേയും അന്നത്തെ ക്രിസ്തുവല്ല ഇവർ പറയുന്ന ഇന്നത്തെ സമ്പന്നക്രിസ്തു !

 • സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്നു പറഞ്ഞ് ലോകാധികാരത്തിൽ ഇടപെടാത്ത  അന്നത്തെ ക്രിസ്തുവല്ല ഇവർ പറയുന്ന ഇന്നത്തെ രാഷ്ട്രീയക്രിസ്തു !

 • വള്ളത്തിലും തെരുവിലുമൊക്കെ അന്തിയുറങ്ങിയിരുന്ന അന്നത്തെ ക്രിസ്തുവല്ല  അരമനകളിലുറങ്ങുന്ന ഇന്നത്തെ തിരുമേനിക്രിസ്തു !

 • സ്വന്തം ജഡം മറവു ചെയ്യാൻ പോലും സ്ഥലമില്ലാതിരുന്ന അന്നത്തെ ക്രിസ്തുവല്ല മരിച്ചവന്റെ ജഡം മറവുചെയ്യണമെങ്കിൽ പതിനായിരക്കണക്കിനു രൂപ വാങ്ങുന്ന ഇന്നത്തെ റിയൽ എസ്റ്റേറ്റ് ക്രിസ്തു !
 • ദൈവാലയത്തിലെ കച്ചവടത്തിനെതിരേ ചാട്ടവാറെടുത്ത അന്നത്തെ ക്രിസ്തുവല്ല  , അന്തർദേശ്ശീയ തീർഥാടനകേന്ദ്രങ്ങളിൽ എണ്ണയും, തിരിയും, കുരിശും, പുസ്തകങ്ങളും, കൊന്തയും വെന്തിങ്ങയുമെല്ലാം വിൽക്കുന്ന ഇന്നത്തെ കച്ചവടക്രിസ്തു !

ഈ കച്ചവടങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഞാനും നിങ്ങളുമൊക്കെയാണോ ക്രിസ്തുവിന്റെ അനുയായികൾ എന്നർഥമുള്ള ക്രിസ്ത്യാനി? നമ്മളൊക്കെ ക്രിസ്തുവിനെതിരേ നിൽക്കുന്ന (anti christ) അന്തിക്രിസ്തുവിന്റെ അനുയായികളല്ലേ?

ക്രിസ്തുവിനെതിരേ നിൽക്കുന്നവരല്ലെങ്കിൽ മറ്റാരാണ്.............ആന്റി ക്രൈസ്റ്റ് ?