Tuesday, September 22, 2009

ജീവിതമേ ഒരു ഭാഗ്യപരീക്ഷണം.


ക്യാന്‍സര്‍ ബാധിച്ച്‌ നാളുകള്‍ എണ്ണിക്കഴിയുന്ന സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ്‌ ഞാന്‍ ആ അമ്പരപ്പിക്കുന്ന ദൃശ്യം കണ്ടത്‌. തളര്‍ന്ന കൈകള്‍ ആയാസപ്പെടുത്തി, അടുത്തുനിന്ന വൃദ്ധനെ അവന്‍ കൈകാട്ടി വിളിക്കുന്നു. `എത്ര?'- അയാള്‍ ചോദിക്കുന്നു. `രണ്ട്‌' എന്ന്‌ സുഹൃത്തിന്റെ ആംഗ്യം. അയാള്‍ ബാഗ്‌ തുറന്ന്‌ രണ്ട്‌ ഭാഗ്യക്കുറി ടിക്കറ്റുകള്‍ നീട്ടുന്നു. `എല്ലാ ആഴ്‌ചയും രണ്ട്‌ ടിക്കറ്റെങ്കിലും വാങ്ങണമെന്ന്‌ നിര്‍ബന്‌ധമാണ്‌'- സുഹൃത്തിന്റെ ഭാര്യയുടെ വിശദീകരണം. ടിക്കറ്റുകള്‍ തലയിണയുടെ താഴെ നിക്ഷേപിച്ച്‌ അവന്‍ നിറംമങ്ങിയ കണ്ണുകള്‍ വലിച്ചടച്ചു.


മലയാളിയുടെ പുതുപ്രണയമാണ്‌ ലോട്ടറി.`വിദ്യാധരന്‍, മഞ്‌ജുളാ ബേക്കറി, ആലപ്പുഴ' എന്ന അപൂര്‍വമായി മാത്രം കേട്ടിരുന്ന മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌ ഇപ്പോള്‍ 35,000 അംഗീകൃത ഏജന്റുമാരിലേക്കും ഒരു ലക്ഷം അനൗദ്യോഗിക ഏജന്റുമാരിലേക്കുമായി ഒഴുകിപ്പരന്നിരിക്കുന്നു. കള്ളുഷാപ്പിലും ബസ്‌സ്‌റ്റാന്റിലും മാത്രം വില്‌പന നടന്നിരുന്ന ലോട്ടറി ടിക്കറ്റുമായി ഇന്ന്‌ ഏതു കോടീശ്വരന്റെ വീട്ടിലും കയറിച്ചെല്ലാം. ലോട്ടറിക്ക്‌ ഒരിക്കലുമില്ലാത്ത മാന്യത ലഭിച്ചിരിക്കുകയാണിപ്പോള്‍.

നേരം പുലരുന്നതിനുമുമ്പുതന്നെ എറണാകുളത്ത്‌ നോര്‍ത്ത്‌ റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ലോട്ടറി ഏജന്റിന്റെ ഷോപ്പില്‍ സാമാന്യം നല്ല ജനത്തിരക്ക്‌ കണ്ടു. രണ്ടു സ്‌ത്രികളുമുണ്ട്‌, ഉപഭോക്‌താക്കളുടെയിടയില്‍. രാവിലെ ക്ഷേത്രദര്‍ശനത്തിനു പോകുന്നതുപോലെയോ, പാല്‍ വാങ്ങാന്‍പോകുന്നതുപോലെയോ ആണ്‌ ലോട്ടറി ടിക്കറ്റിനായുള്ള യാത്ര.

മലയാളിക്ക്‌ എന്തുമാകാം. കാരണം, വിടുവേല ചെയ്യാന്‍ തമിഴനും പറമ്പിലെ ജോലിചെയ്യാന്‍ ബംഗാളിയും സുലഭം. നമുക്ക്‌ കോളറില്‍ ചെളിപുരളാത്ത ജോലി മതി. അതു കിട്ടുന്നതുവരെ (കിട്ടി കഴിഞ്ഞാലും) ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കാം. വിജയിക്കുന്നതുവരെ പരിശ്രമിക്കാനല്ലേ മഹാനായ നെപ്പോളിയന്‍ പറഞ്ഞിരിക്കുന്നത്‌. വലനെയ്യുന്ന എട്ടുകാലിയെ കണ്ടുപഠിച്ച റോബര്‍ട്ട്‌ ബ്രൂസ്‌ എന്ന രാജാവിന്റെ പരിശ്രമത്തിന്റെ കഥ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ടുതാനും. അതുകൊണ്ട്‌ നേരംപുലരുംമുമ്പ്‌ നമുക്ക്‌ ഭാഗ്യാന്വേഷണം തുടങ്ങാം. മരിക്കുംവരെ തുടരാം.

ഏതായാലും പൗരന്മാരുടെ ഈ ലോട്ടറി ഭ്രമം പരമാവധി മുതലെടുക്കാനാണ്‌ വിപ്ലവ സര്‍ക്കാരിന്റെ ശ്രമം. മുമ്പ്‌ ഒരു കേരളാ ലോട്ടറി മാത്രമുണ്ടായിരുന്ന സ്‌ഥാനത്ത്‌ ഇന്ന്‌ ആറ്‌ വീക്കിലി ലോട്ടറികളും ആറ്‌ ബമ്പര്‍ ലോട്ടറികളുമുണ്ടത്രേ. പൗരന്മാരുടെ ആക്രാന്തം മുതലെടുത്ത്‌, ഭാഗ്യം വിറ്റ്‌ സര്‍ക്കാര്‍ 2000 ജൂലൈ റെക്കോര്‍ഡ്‌ ലാഭവും കൊയ്‌തു. 48.21 കോടി രൂപയാണ്‌ ഭാഗ്യാന്വേഷികള്‍ ആ മാസം സര്‍ക്കാര്‍ ഖജനാവില്‍ അടച്ചത്‌. 2006 സെപ്‌റ്റംബറിലെ 46.53 കോടി രൂപ എന്ന റെക്കോര്‍ഡിനെയാണ്‌ ഈ ജൂലൈ മാസം കവച്ചുവച്ചത്‌.

ജോലി ചെയ്യാതെ പണമുണ്ടാക്കുക. ഒട്ടും അഭിലഷണീയമല്ല നമ്മുടെ ഈ പുതുമാര്‍ഗം. എല്ലാ രംഗങ്ങളിലും മത്‌സരബുദ്ധിയോടെ ലോകം മുന്നേറുമ്പോള്‍ നമ്മള്‍ ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിച്ച്‌ വീട്ടിനുള്ളില്‍ കുത്തിയിരിക്കരുത്‌. (മറ്റു രാജ്യങ്ങളിലെ, പ്രത്യേകിച്ച്‌ ഗള്‍ഫിലെ, ലോട്ടറികളില്‍ ഒന്നാം സമ്മാനമടിച്ച വാര്‍ത്ത വായിക്കുക, അതും മലയാളിയ്‌ക്കായിരിക്കും!) അത്‌ വികസിത സമൂഹത്തിനു ചേര്‍ന്നതല്ല.

സാക്ഷരത കൂടുന്തോറും ചിന്തയുടെ ചക്രവാളം ചുരുങ്ങുന്ന ലോകത്തിലെ ഒരേയൊരു ജനത കേരളത്തിലായിരിക്കുമുള്ളത്‌. മറ്റൊരു റെക്കോര്‍ഡ്‌ നേട്ടം!

പിന്‍കുറുപ്പ്‌: കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന വിദേശികള്‍ `തീര്‍ച്ചയായും ചെയ്യേണ്ടാര്യങ്ങള്‍' ഉപദേശിക്കുന്ന ഒരു വെബ്‌സൈറ്റ്‌ കണ്ടു. നാടന്‍ കള്ള്‌ കുടിക്കുക, വള്ളംകളി കാണുക, മഴകൊള്ളുക, ചീനവല കാണുക എന്നിങ്ങനെ 52 കാര്യങ്ങള്‍. അതില്‍ 37-ാമത്തെ കാര്യമായി പറഞ്ഞിരിക്കുന്നത്‌ ഇതാണ്‌: `ഒരു തെരുവുകച്ചവടക്കാരനില്‍നിന്നും ലോട്ടറി ടിക്കറ്റ്‌ വാങ്ങി ഭാഗ്യം പരീക്ഷിക്കുക.'
കട: സ്കൂപ്‌ഐ

Saturday, September 19, 2009

പണം കിട്ടിയാല്‍ നന്നാവുമോ?

തൃപ്പൂണിത്തുറ ഓട്ടോസ്‌റ്റാന്‍ഡില്‍ പത്തുപേര്‍ ചേര്‍ന്നാണ്‌ ഒരു ലോട്ടറി എടുത്തത്‌. 10 ലക്ഷം അടിച്ചപ്പോള്‍ ഓട്ടോഡ്രൈവര്‍മാരായ 10 പേര്‍ ഓരോ ലക്ഷത്തിന്റെ ഉടമകളായി.

പത്തില്‍ ഒന്‍പതുപേരും ലോട്ടറിയടിച്ചതിന്റെ ആഘോഷം കീശ കാലിയാകും മുമ്പ്‌ അവസാനിപ്പിച്ചു. എന്നാല്‍ വിജയന്‍മാത്രം കീശ ചോര്‍ന്നതറിയാതെ ആഘോഷങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ മദ്യത്തെയും കൂട്ടുകാരെയും ആശ്രയിക്കാനാവാതായതോടെ ഒരുമുഴം കയറില്‍ ഈ 'ഭാഗ്യവാന്‍' ജീവനൊടുക്കി.

നാലുവര്‍ഷം മുമ്പ്‌ 'സൗഭാഗ്യം' തേടിയെത്തിയ ചെറായി കടപ്പുറത്തെ മത്സ്യത്തൊഴിലാളി സത്യശീലന്റെ വീടിന്‌ അന്നുമിന്നും ഒരേ മുഖച്‌ഛായ. ലോട്ടറിയടിച്ച 20 ലക്ഷം തിരപോലെ വന്നു തിരികെപ്പോയതോടെ ഒന്നും നീക്കിയിരിപ്പില്ല.

കൊച്ചുവീടിന്റെ അല്ലറചില്ലറ അറ്റകുറ്റപ്പണി നടത്തിയതും മകളുടെ വിവാഹം കഴിഞ്ഞതും ഏകമകന്‌ ഓട്ടോറിക്ഷ വാങ്ങി നല്‍കിയതും മാത്രമാണ്‌ എടുത്തുപറയത്തക്ക നേട്ടങ്ങള്‍.

'ഓണ്‍ലൈന്‍ ഭാഗ്യദേവത' കനിഞ്ഞ തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി രഘു ആദ്യം ചെയ്‌തത്‌ ഒരു ഓണ്‍ലൈന്‍ ലോട്ടറി കൗണ്ടര്‍ തുടങ്ങുകയാണ്‌. മാസങ്ങള്‍ക്കകം ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം അപ്പാടെ പൊളിഞ്ഞെങ്കിലും നാലരക്കോടിയോളം 'പ്ലേവിന്‍' സമ്മാനത്തുക കൈവശമുണ്ടായിരുന്നതിനാല്‍ രഘു രക്ഷപെട്ടു.

നാലുമാസം മുമ്പ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ 'ട്വന്റി-ഫിഫ്‌റ്റി'യുടെ 50 ലക്ഷം വീട്ടിലെത്തിയ മട്ടാഞ്ചേരി എ.എം. ക്രോസ്‌ റോഡിലെ രഞ്‌ജിത്‌കുമാര്‍ കാര്‍ വാങ്ങി. സ്വന്തമായി വീടില്ലാത്ത രഞ്‌ജിത്‌ അതു സ്വന്തമാക്കാനുള്ള അന്വേഷണത്തിലാണിപ്പോള്‍. 20 ലക്ഷം ലോട്ടറിയടിച്ച, കൊച്ചിയിലെ പച്ചമരുന്നു വില്‍പ്പനക്കാരന്‍ നരേന്ദ്രന്‍ മക്കളുടെ വിദ്യാഭ്യാസത്തിനു പണം ചെലവിട്ടാണു മാതൃകയായത്‌.

ലോഡിംഗ്‌ തൊഴിലാളിയായ പാലക്കാട്‌ കരിങ്കിരപ്പുള്ളി കനാല്‍ കാക്കത്തറിലെ വേലപ്പന്‍ 25 ലക്ഷം ലോട്ടറിയടിച്ച സന്തോഷത്തില്‍ 'വേലയെടുപ്പ്‌' നിര്‍ത്തി. പാലക്കാട്ടെ ബാര്‍ അറ്റാച്ച്‌ഡ് ഹോട്ടലിലായി സദാസമയം. കൂട്ടിന്‌ നാട്ടിലെ കുടിയന്‍മാരായ പരിചയക്കാരത്രയും. ലക്ഷം തീര്‍ന്നതോടെ കൂട്ടുകാര്‍ ടാറ്റ പറഞ്ഞു. പുതുവീടിന്റെ പണി പാതിവഴി നിലച്ചു. പഴയ ലോഡിംഗ്‌ പണിയുമില്ലാതായി. ഓട്ടോറിക്ഷ വാടകയ്‌ക്കെടുത്ത്‌ ഓടിച്ചാണ്‌ ഇപ്പോള്‍ ഉപജീവനം.

മൂന്നുവര്‍ഷം മുമ്പ്‌ സംസ്‌ഥാന ഭാഗ്യക്കുറിയുടെ 20 ലക്ഷം ലഭിച്ച നേര്യമംഗലം സ്വദേശി ബിജു സ്‌ഥലം വാങ്ങിക്കൂട്ടി. പിന്നീടു സ്‌ഥലവില കുത്തനെ കൂടിയതോടെ ബിജുവിനെ ഭാഗ്യദേവത വീണ്ടും കടാക്ഷിച്ചു. ഇരട്ടി വിലയ്‌ക്കു സ്‌ഥലം മറിച്ചുവിറ്റ്‌ ബിജു നേട്ടം കൊയ്‌തു.

എന്നാല്‍, നേര്യമംഗലത്തിനടുത്തു പത്താംമൈലില്‍ 1986-ല്‍ ഏഴുലക്ഷം രൂപയടിച്ച യുവാവ്‌ ഇന്നു കുടുംബം പോറ്റാന്‍ ഡ്രൈവറായി ജോലി നോക്കുന്നു. സമ്മാനത്തുകകൊണ്ട്‌ സ്‌ഥലവും ജീപ്പും വാങ്ങിയെങ്കിലും സുഹൃത്തുക്കള്‍ കൂടി, കുടിയും. ഒടുവില്‍ ജീപ്പും സ്‌ഥലവും കുടുംബസ്വത്തും വിറ്റു. ഇപ്പോള്‍ വാടകവീട്ടില്‍ താമസം.

20 ലക്ഷം രൂപ ലോട്ടറിയടിച്ച മൂവാറ്റുപുഴ നിരപ്പ്‌ ഭാഗത്തെ ഓട്ടോറിക്ഷത്തൊഴിലാളിയേയും കുത്തുപാളയെടുപ്പിച്ചതു കൂട്ടുകെട്ടാണ്‌. വാടകമുറിയെടുത്തായിരുന്നു സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനസദസുകള്‍. എട്ടുവര്‍ഷം മുമ്പ്‌ കോതമംഗലത്തിനടുത്തു കറുകടത്ത്‌ 50 ലക്ഷവും മാരുതി കാറും ലോട്ടറിയടിച്ച യുവാവ്‌ മാരുതി വിറ്റ്‌ പുത്തന്‍ ജീപ്പ്‌ വാങ്ങി. നാടുകാണിയില്‍ റബര്‍ത്തോട്ടവും സ്‌ഥലക്കച്ചവടവും തുടങ്ങി. പിന്നീടെല്ലാം തകിടംമറിഞ്ഞു. കറുകടത്തുനിന്നു സ്‌ഥലം വിറ്റ്‌ പുന്നേക്കാട്ടേക്കു താമസം മാറ്റി. ഇന്നു ജീവിക്കാനായി ഓട്ടോറിക്ഷ ഓടിക്കുന്നു.

കടാതി കുര്യന്മല സ്വദേശിയും ഗ്ലാസ്‌ കടയിലെ തൊഴിലാളിയുമായ യുവാവിനു നാലുവര്‍ഷം മുമ്പ്‌ 20 ലക്ഷം രൂപ ലോട്ടറിയടിച്ചു. കോളനിയില്‍ മൂന്നു സെന്റിലെ കൂരയിലായിരുന്നു വാസം. ലോട്ടറി അടിച്ച തുകയ്‌ക്ക് രണ്ട്‌ ഓട്ടോറിക്ഷ വാങ്ങി. മദ്യപാനവും ബാക്കി രൂപയ്‌ക്കു ലോട്ടറി എടുക്കലുമായിരുന്നു മുഖ്യവിനോദം. ചില്ലിക്കാശുപോലും ശേഷിക്കാതെ ഇപ്പോഴും മൂന്നു സെന്റിലെ കൂരയില്‍ത്തന്നെ. ലോട്ടറി എടുക്കലിനുമാത്രം മാറ്റമില്ല.

പെരിയാര്‍ ലോട്ടറിയടിച്ച കടാതി സ്വദേശിയായ തെങ്ങുകയറ്റത്തൊഴിലാളി രാജീവ്‌ 14 സെന്റ്‌ ഭൂമി ആറുലക്ഷം രൂപയ്‌ക്കു വാങ്ങി. ബാക്കിത്തുക ബാങ്കിലിട്ടു. ആറുമാസംകൊണ്ട്‌് അക്കൗണ്ട്‌ കാലിയായി. വാങ്ങിയ ഭൂമിമാത്രം മിച്ചം.

ഈസ്‌റ്റ് മാറാടിയില്‍ ഇറച്ചിക്കച്ചവടക്കാരനായ യുവാവിന്‌ ഒരുവര്‍ഷം മുമ്പ്‌ 20 ലക്ഷം രൂപ ലോട്ടറിയടിച്ചെങ്കിലും പണം ചോര്‍ന്ന വഴിയറിഞ്ഞില്ല. ഒടുവില്‍ ഇറച്ചിക്കട പൂട്ടി 'കട'ക്കാരനായി. പുത്തന്‍കുരിശ്‌ ശാസ്‌താമുകളില്‍ അഞ്ചുവര്‍ഷം മുമ്പ്‌ 10 ലക്ഷവും മാരുതി കാറും ലഭിച്ച യുവാവ്‌ ഇപ്പോഴും കൂലിപ്പണി ചെയ്‌താണു ജീവിക്കുന്നത്‌. കോതമംഗലത്ത്‌ ഹൈറേഞ്ച്‌ ജംഗ്‌ഷനില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ലോട്ടറിയടിച്ച ചുമട്ടുതൊഴിലാളി കിട്ടിയ തുകയ്‌ക്കു മുഴുവന്‍ സ്‌ഥലം വാങ്ങി. ഇപ്പോള്‍ അന്തസായി ജീവിക്കുന്നു. കോതമംഗലത്തുതന്നെ സ്വകാര്യ ധനകാര്യ സ്‌ഥാപന ഉടമയ്‌ക്ക് 20 വര്‍ഷം മുമ്പ്‌ അഞ്ചുലക്ഷം രൂപ ലോട്ടറിയടിച്ചിരുന്നു. ബിസിനസ്‌ പൂട്ടി കടബാധ്യതയിലായ ചരിത്രമാണ്‌ ഇയാളുടേത്‌.

കടപ്പാട്‌ : മംഗളം .

Friday, September 18, 2009

ഇവര്‍ കൂട്ടിലടക്കപ്പെട്ട ദൈവങ്ങളോ?

ഇന്നലെ വിശുദ്ധ കര്‍മ്മം അനുഷ്ടിക്കാന്‍ മക്കക്കു പോയ മലയാളികള്‍ അപകടത്തില്‍ മരിച്ചു !
കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ചോറൂണിനു ഗുരുവായൂര്‍ക്ക് പോയവര്‍ അപകടത്തില്‍ മരിച്ചു!
കഴിഞ്ഞ മാസം വേളാങ്കണ്ണിക്ക് തീര്‍ഥാടനത്തിനു പോയവര്‍ അപകടത്തില്‍ മരിച്ചു!

എന്തുകൊണ്ടാണിങ്ങനെയൊക്കെ സംഭവിക്കുന്നത്‌?
എന്തിനാണീ തീര്‍ഥാടനം?
അവിടെ ചെന്നെങ്കില്‍ മാത്രമേ ദൈവത്തെ കാണാന്‍ പറ്റുകയുള്ളോ?
ഇവര്‍ ജീവന്‍ കളഞ്ഞു കാണാന്‍ പോയ ഈ ദൈവങ്ങള്‍ കൂട്ടിലടക്കപ്പെട്ട ദൈവങ്ങളാണോ?
മനസറിഞ്ഞ് തന്നെ കാണണമെന്നാഗ്രഹിക്കുന്ന ഭക്തന്‍ സമയവും പണവും ആരോഗ്യവും ജീവനും നഷ്ടപ്പെടുത്തി ചെന്ന് ഈ ദൈവങ്ങളെ കാണാന്‍ മാത്രം അവരെന്താ ജയിലില്‍ ആണോ ?

ഞാനറിയുന്ന ദൈവം സര്‍വ്വവ്യാപിയാണ് !സര്‍വ്വശക്തനാണ്‌ !
ഈ രണ്ടു ഗുണങ്ങളുമില്ലെങ്കില്‍ ആ വ്യക്തിയെ അല്ലെങ്കില്‍ ശക്തിയെ ദൈവം എന്ന് വിളിക്കാന്‍ പോലും പറ്റില്ല. ഇങ്ങനെയുള്ള ദൈവത്തെ കാണാന്‍ ദൈവത്തിന്റെ കൂട്ടില്‍ ചെല്ലണോ? തന്റെ വീട്ടിലിരുന്നു തന്നെ ഭക്തന് ദൈവത്തെ ദര്‍ശിക്കാന്‍ സാധിക്കില്ലേ? അതോ ഭക്തന്റെ മുന്‍പില്‍ വരാന്‍ ദൈവം തയ്യാറല്ലേ? ഇപ്പോള്‍ ഞാന്‍ വിളിച്ചാല്‍ വരുന്ന , എന്റെ വിളി കേള്‍ക്കുന്ന എന്റെ ദൈവം തന്നെയല്ലേ ഗുരുവായൂരും വേളാങ്കണ്ണിയിലും മക്കയിലും ഉള്ളത് ? അതോ അവിടെയിരിക്കുമ്പോള്‍ ദൈവത്തിന്റെ ശക്തി വര്‍ധിക്കുമോ?എന്റെ മുന്‍പില്‍ വരുമ്പോള്‍ ദൈവത്തിനു ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ അവിടെയിരുന്നാല്‍ ചെയ്യാന്‍ സാധിക്കുമോ? (ലോകത്തിലെ ഒരു ജഡ്ജിക്ക് പോലും എല്ലായിടത്തും ഒരേ അധികാരമാണ്, ജഡ്ജി ഇരിക്കുന്നിടമാണ് കോടതി )

ഞാന്‍ മനസിലാക്കിയിടത്തോളം ഓരോ കൂട്ടിലിരിക്കുന്ന ദൈവങ്ങള്‍ അതാതു മതങ്ങളുടെ ഏറ്റവും നല്ല കചവടച്ചരക്കാണ്‌..... ഒരേ ദൈവങ്ങള്‍ക്ക് തന്നെ വിവിധസ്ഥലങ്ങളില്‍ വിവിധ ശക്തി! ചിലയിടത്ത് കൂടുതല്‍ ചിലയിടത്ത് കുറവ്! ഒരേ ദൈവങ്ങളുടെ തന്നെ വിവിധ കേന്ദ്രങ്ങളിലെ വരുമാനം ശ്രദ്ധിച്ചാല്‍ മനസിലാകുന്ന കാര്യം മാത്രമേ ഇതിലുള്ളൂ.....

ഇതിന്റെയെല്ലാം പുറകെ കണ്ണുമടച്ചു ഭ്രാന്തമായി ഓടുന്ന ഭക്തരെ എന്തെന്ന് വിളിക്കണം ? ഈ ദൈവത്തെ കാണാന്‍ എന്ത് ത്യാഗവും സഹിക്കും ! എന്നാല്‍ തൊട്ടടുത്തുള്ള നിരാലംബനായ ഒരു മനുഷ്യന്റെ ബലഹീനതക്ക് നേരെ നോക്കാന്‍ പോലും അവര്‍ക്ക് മടി! ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തവന് നൂറു രൂപ കൊടുക്കാന്‍ മടിയുള്ള ഈ ഭക്തര്‍ പതിനായിരങ്ങള്‍ മുടക്കി ദൈവത്തെ അവന്റെ കൂട്ടില്‍ ചെന്ന് കാണും , ദൈവത്തിന്റെ കൂടിന്റെ മേല്‍ക്കൂര സ്വര്‍ണ്ണം പൂശാനുള്ള പണവും കൊടുക്കും!

ഇങ്ങനെ കാശുമേടിച്ച്‌ ഈ ഭക്തനെയനുഗ്രഹിക്കുന്ന ദൈവമുണ്ടോ?
ഉണ്ടെങ്കില്‍ ആ ദൈവത്തെക്കാളും എത്രയോ ഭേദമാണ് വെറും മനുഷ്യര്‍!


ചിന്തിക്കൂ മനുഷ്യനാകൂ ..................
യഥാര്‍ത്ഥ ദൈവവിശ്വാസിയാകൂ........


Monday, September 14, 2009

ഇതോ മാധ്യമധര്‍മ്മം?

അഭയക്കേസിലെ പ്രതികളുടെ നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റ്‌ നടത്തിയതിന്റെ വീഡിയോ ഇന്ന് എല്ലാമാധ്യമങ്ങളിലുംകാണിച്ചു. അവര്‍ തെറ്റുചെയ്തോ ഇല്ലയോ എന്നത് ഞാന്‍ പറയാനാഗ്രഹിക്കുന്നില്ല . എങ്കിലും ഇന്നത്തെ മാധ്യമ ആവേശം കണ്ടപ്പോള്‍ അല്പം അതിരുകടന്നില്ലേ എന്ന് തോന്നിപ്പോകുന്നു !

ചീഫ്‌ ജുഡീഷ്യല്‍ കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഏഷ്യാനെറ്റ്‌ അതിന്റെ സംപ്രേക്ഷണം നിര്‍ത്തിവച്ചു. എന്നാല്‍ മറ്റുപല ചാനെലുകളും കോടതിയുടെ ഉത്തരവിനെപ്പോലും മറികടന്ന് വീണ്ടും അവ സംപ്രേക്ഷണം ചെയ്തു. ഒരു ചാനെല്‍ നടത്തിയ ചര്‍ച്ച ഇങ്ങനെയായിരുന്നു. അനാലിസിസ്‌ ടെസ്റ്റ്‌ അനുസരിച്ച് അവര്‍ കുറ്റം ചെയ്തു എന്ന് കരുതുന്നുണ്ടോ ? ഉണ്ടെങ്കില്‍ Y എന്നും ഇല്ലെങ്കില്‍ ഡാഷ് എന്നും S.M.S അയക്കുക !

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ഈരാജ്യത്തു കോടതികള്‍ എന്തിനാണ്? വിചാരണകള്‍ എന്തിനാണ്? കുറെ ചാനലുകാരെ ആ പരിപാടി ഏല്‍പ്പിച്ചാല്‍ പോരെ? ഈ ചാനലുകാര്‍ കൊടതിവിധിയെപ്പോലും മാനിക്കാതെ നടത്തുന്ന ഈ പ്രഹസനം എന്ത് സന്ദേശമാണ് നല്‍കുന്നത്? ഏല്ലാ കുറ്റകൃത്യങ്ങള്‍ക്കും വിധിപറയാന്‍ ഇലക്ഷന്‍ നടത്തിയാല്‍ പോരെ?

ഈ ചെയ്യുന്നതിന്റെ ഭവിഷ്യത്തുകള്‍ ആരാണനുഭവിക്കേണ്ടത് ? നമ്മുടെനിയമാവ്യവസ്ഥയെ ഇങ്ങനെ നോക്കുകുത്തി ആക്കി പരിഹസിക്കുന്നതിന്റെ ദൂരവ്യാപക ഫലങ്ങള്‍ എന്തായിരിക്കും ? അതിന്റെ ഉത്തരവാദിത്തം ഈ മാധ്യമ കച്ചവടക്കാര്‍ ഏറ്റെടുക്കുമോ?

മാധ്യമപ്രവര്‍ത്തനം ഇത്രയ്ക്കു അധപതിക്കാന്‍ പാടില്ല. എന്തും ചെയ്യാം, ആരെയും പേടിക്കേണ്ട എന്ന ഈ അവസ്ഥ ആരാജകത്വംമാത്രമേ രാജ്യത്തുണ്ടാക്കൂ.... മാധ്യമസ്വാതന്ത്ര്യം ഇങ്ങനെ ദുരുപയോഗിച്ചാല്‍ പിന്നീട് ദുഖിക്കെണ്ടിവരും!

ഇന്‍വെസ്ടിഗേട്ടീവ്‌ പത്രപ്രവര്‍ത്തനം നല്ലതാണ് ...... അത് ഈ തരത്തിലുള്ള തറ പരിപാടിയല്ല.

അഭയക്കേസില്‍ കുറ്റവാളികളെ കുറ്റം വിധിക്കാനും അവരെ ശിക്ഷിക്കാനും ഈ നാട്ടില്‍ ഒരു നിയമവ്യവസ്തയുണ്ട്....കൊടതികളുണ്ട്......അതിനു പത്രക്കാര്‍ വേണ്ട!


Tuesday, September 8, 2009

ദൈവത്തെ തിരുത്തുന്ന തിരുമേനി !

ദൈവത്തിനു പറ്റിയ
"തെറ്റ് "
തിരുത്തുന്ന സഭാധികാരികളെക്കുറിച്ച് ഇവിടെ വായിക്കാം!

Friday, September 4, 2009

മരണം പഠിപ്പിക്കുന്നത്‌

രണ്ടു മരണ വാര്‍ത്തകള്‍ ഈ ദിവസങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചു :

ഇക്കഴിഞ്ഞ ഓണം ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തനായ ജനപിന്തുണയുള്ള നേതാവ്‌ , Y.S.R Reddy യുടെ മരണവാര്‍ത്തയാണ് നമ്മുടെ മുന്‍പിലെത്തിച്ചത് ! ആന്ധ്രയുടെ C.E.O എന്ന് പേരെടുത്ത സാക്ഷാല്‍ ചന്ദ്രബാബുനായിഡുവിനെ തുടര്‍ച്ചയായി തോല്‍പ്പിച്ച് അധികാരം നിലനിര്‍ത്തിയ ശക്തനാണ് അദ്ദേഹം ! രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ശക്തനായ നേതാവ്. എന്നാല്‍ ആ നേതാവിന്റെ മരണം എത്ര ദയനീയമായിരുന്നു ! ആന്ധ്രയുടെ വനാന്തരങ്ങളില്‍ ചിതറിത്തെറിച്ച നിലയില്‍ ജീര്‍ണിച്ചു തുടങ്ങിയ നിലയിലാണ് നമുക്കാ മൃതദേഹം കാണുവാന്‍ കഴിഞ്ഞത് ! എന്നാല്‍ തന്റെ കഴിഞ്ഞകാല ജീവിതത്തിന്‍റെ വെളിച്ചത്തില്‍ സമൂഹത്തിലെ എല്ലാത്തുറയിലെയും ആളുകളുടെ സ്നേഹാദരങ്ങളേറ്റു വാങ്ങിയാണ് അഭിമാനാര്‍ഹമായ ആ ജീവിതം അവസാനിക്കുന്നത് !

തുടര്‍ന്നിങ്ങോട്ടുള്ള കളികള്‍ പലതും ആ മഹാനോടുള്ള അനാദരവായിട്ടു തുടരും ! ഒരു ബന്ധങ്ങളും ഈ കളികള്‍ക്ക് തടസമല്ല ! എന്തിനു വേണ്ടി ? ഒറ്റ ഉത്തരം മാത്രം ......... പണം , അധികാരം !

പോപ്‌ ചക്രവര്‍ത്തി മൈക്കേല്‍ ജാക്സണ്‍ മരിച്ചിട്ട് ഏകദേശം ഒന്നര മാസത്തോളമായി. ഇന്നലെയാണ് ആ മൃതദേഹം സംസ്കരിച്ചത് ! മരിച്ചിട്ട് സംസ്കരിക്കപ്പെടാന്‍ പോലും ഭാഗ്യം ലഭിക്കാത്തതിന്റെ കാരണമെന്തായിരിക്കും ? താന്‍ സമ്പാദിച്ച പണം അതിനു നിദാനമായെന്നാണ് തോന്നുന്നത് ! അങ്ങനെയാണെങ്കില്‍ മൈക്കേല്‍ ജാക്സണ്‍ എന്ന മനുഷ്യന്റെ ഇതുവരെയുള്ള ജീവിതം എത്ര വ്യര്‍തമായിപ്പോയി!

ഒരു മനുഷ്യന്‍ തന്റെ ജീവിതകാലം മുഴുവന്‍ പ്രയത്നിക്കുന്നതിന്റെ ഫലം മരണശേഷം ആ വ്യക്തിയെപ്പോലും അപമാനിക്കുന്ന തരത്തിലായാല്‍ അതിന്റെ കാരണമെന്തായിരിക്കും ? ഒറ്റ ഉത്തരം മാത്രം ......... പണം , അധികാരം !

ഇവരാരും ഒന്നോര്‍ക്കുന്നില്ല !
സത്യമൊന്നേയുള്ളൂ " മരണം " ! ബാക്കിയെല്ലാം മിഥ്യകളാണ് !
അതിനെ തടയാന്‍ സമ്പത്തും അധികാരവും പ്രശസ്തിയും കൊണ്ട് സാധിക്കില്ല !

എന്നാല്‍ ജീവിതത്തിലെ നന്മകൊണ്ടു ജനഹൃദയങ്ങളില്‍ മരിക്കാതിരിക്കാന്‍ സാധിക്കും എന്നും ഈ മരണങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

അതുകൊണ്ട് മരിച്ചു കഴിയുമ്പോള്‍ സമൂഹത്തില്‍ നാം ജീവിച്ചിരുന്നതിന്റെ അടയാളമായി കുറെ പണവും പ്രശസ്തിയും മാത്രം അവശേഷിപ്പിക്കാതെ അല്പം നന്മയും കരുണയും ശേഷിപ്പിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍ ................