ഞാനൊന്ന് ചോദിച്ചോട്ടേ, ചില ബൂലോഗര്‍ പറയുന്നതുപോലെ ഇത്രയ്ക്കു വെറുക്കപ്പെടാന്‍ മാത്രം എന്ത് തെറ്റാണ് ചെറായി മീറ്റിന്റെ സംഘാടകര്‍ ചെയ്തത്? ( മഹാ ഭൂരിപക്ഷവും അങ്ങനെ ചിന്തിക്കുന്നതുപോലുമില്ല എന്നത് പ്രത്യേകം സ്മരിക്കുന്നു). ചെറായി മീറ്റ് എന്ന ചിന്ത വന്നപ്പോള്‍ മുതല്‍ അതിനെതിരെ പണവും സമയവും മുടക്കി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുവാന്‍ ചിലരെങ്കിലും മുന്നോട്ടു വന്നു എന്നത് ദുഖകരമായ ഒരു സത്യമായി ഇന്നും അവശേഷിക്കുന്നു. ഇനിയെങ്കിലും, എന്തിനു വേണ്ടിയായിരുന്നു ആ പ്രകടനമെല്ലാം നടത്തിയത് എന്ന് ബൂലോഗത്തെ അറിയിക്കാന്‍ മടിക്കരുത്. മനസ്സില്‍ നന്മയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനൊരമാന്തവും കാണിക്കരുത്. മീറ്റു വിജയിപ്പിക്കാനായിരുന്നു എന്ന് മാത്രം പറയരുത്. കാരണം ഈ വിവാദങ്ങള്‍ മൂലം സംഘാടകര്‍ക്ക് എത്രത്തോളം മാനസികവും പ്രായോഗികവുമായ വിഷമതകള്‍ ഉണ്ടാക്കി എന്ന് അവര്‍ക്കറിയേണ്ട കാര്യമില്ലല്ലോ ! കാരണം ആ വിഷമതകള്‍ ഉണ്ടാക്കുക എന്നതായിരുന്നല്ലോ അവരുടെ പ്രഘ്യാപിത ലക്‌ഷ്യം! . അങ്ങനെ അവരുടെ പ്രവൃത്തികള്‍ വിജയിച്ചു എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ മനസ്സില്‍ നന്മയുള്ള ബൂലോഗര്‍ അതെല്ലാം അവഗണിച്ച് സൌഹൃദത്തിന്റെ മാതൃകയായി ചെറായി മീറ്റിനെ മാറ്റിത്തീര്‍ത്തു എന്ന് നിസ്സംശയം പറയാം.
വെറുതെ ഇങ്ങനെ വന്നു കൂടിപ്പോകാതെ, നമ്മളാലാവുന്ന എന്തെങ്കിലും നന്മ സമൂഹത്തിന് ചെയ്യുന്നത് ഉചിതമാണെന്നു അവിടെ വന്ന പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചെറായി മീറ്റിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ സംഘാടകരുടെ മനസ്സില്‍ ആദ്യം വന്നത് ഇതേ ചിന്ത തന്നെയായിരുന്നു.. ദൗര്‍ഭാഗ്യമെന്നു പറയട്ടെ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബൂലോഗത്തെ പുലികള്‍ എന്നവകാശപ്പെടുന്ന ചിലര്‍ നടത്തിയത് . ബൂലോഗത്തിന്റെ ചിലവില്‍ ആളാകാന്‍ ആരും നോക്കണ്ട എന്നാണ് അവരുടെ ന്യായവാദം. ബൂലോഗ കാരുണ്യം എന്ന വാക്ക് മിണ്ടിയാല്‍ തന്നെ ചെറായി മീറ്റു നടക്കുകയില്ല എന്ന അവസ്ഥ വന്നപ്പോള്‍ സംഘാടകര്‍ ആ ചിന്ത ഉപേക്ഷിച്ചു. പിന്നീടുണ്ടായ വിവാദങ്ങളെല്ലാം ഇതിന്റെ ബാക്കിപത്രവും മലയാള ബ്ലോഗ് ചരിത്രത്തിലെ കറുത്ത അധ്യായങ്ങളുമാണ്.
എന്നാല്‍ വിധിയെ തടുക്കാന്‍ ബ്ലോഗര്‍ക്കാവുമോ ?
അനുകൂല കാലാവസ്ഥയും (
പന്തല്‍ വേറെ വേണ്ടിവന്നില്ല) സുഭാഷ് ചേട്ടന്റെ ശ്രമങ്ങളും കൂടി ചേര്‍ന്നപ്പോള്‍ മീറ്റിനു സമാഹരിച്ച തുക മുഴുവന്‍ അതിനുപയോഗിക്കേണ്ടി വരില്ല എന്ന അവസ്ഥയില്‍ നിരക്ഷരന്‍ രണ്ടു നിര്‍ദേശങ്ങള്‍ മീറ്റിനു മുന്‍പില്‍ വച്ചു.
1. കണക്കുകള്‍ പരിശോധിച്ച് ബാക്കി വരുന്ന തുക എത്ര ആയാലും തിരികെ വാങ്ങാവുന്നതാണ്.
2. ബാക്കി വരുന്ന തുക ബൂലോഗ കാരുണ്യത്തിന് നല്‍കുന്നതാണ്.
എന്നാല്‍ ഒരാള്‍ പോലും തുക മടക്കി വാങ്ങാന്‍ തയ്യാറായില്ല! കാരണം വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ മീറ്റിനു വരാതെ കള്ള് കുടിച്ചു ദൂരെയിരുന്നു അടുത്ത വിവാദം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. (
കള്ള് കുടിയാണല്ലോ ഏറ്റവും പ്രധാനം) ഇവരാരും വരാത്തതുകൊണ്ട് അവിടെ വന്ന ഓരോ ബ്ലോഗര്‍ക്കും തങ്ങള്‍ ഒരുമിച്ചതിനാല്‍ നിസ്സഹായനായ ഒരു സഹാജീവിക്ക് ചെറിയ ഒരു ആശ്വാസമെങ്കിലും പകരാന്‍ സാധിച്ചു എന്ന് അഭിമാനത്തോടെ ഓര്‍ക്കാന്‍ സാധിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ നിരക്ഷരന്‍ ബൂലോഗത്തെ അറിയിക്കും എന്ന് കരുതുന്നു.
ഈയവസരത്തില്‍ നമുക്കെല്ലാം അഭിമാനിക്കാവുന്ന ഒരു സഹബ്ലോഗറെക്കുറിച്ചും പറയാതെ വയ്യ!
"ഹന്‍ലലത്ത് " എന്ന ബ്ലോഗര്‍ മീറ്റിനു തലേദിവസം സംഘാടകരെ വിളിച്ചു ചാരിറ്റിക്ക് സഹകരിക്കാന്‍ താല്പര്യമുള്ളവരോട് സംസാരിക്കുന്നതില്‍ പ്രശ്നമുണ്ടോ എന്ന് അന്വേഷിച്ചു. ആരും അതിനെതിരു പറഞ്ഞില്ല എന്ന് മാത്രമല്ല സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു.
മീറ്റു ദിവസം "ഹന്‍ലലത്ത് " വന്നത് ഒരു രസീത് ബൂക്കുമായിട്ടാണ്! അവിടെ വന്ന ഓരോരുത്തരോടും വ്യക്തിപരമായി വയനാട് ജില്ലയിലെ തീരെ പാവപ്പെട്ട ആളുകള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് പറയുകയും നല്ലോരാശുപത്രി പോലും അടുത്തില്ലാത്ത അവര്‍ക്ക് മരുന്ന് വാങ്ങുവാന്‍ സഹായിക്കുന്ന തന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരിച്ചതിനുശേഷം അതിനുള്ള എന്തെങ്കിലും ചെറിയ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. പരസ്യമായി ഒരു ആഹ്വാനവും നടന്നില്ലെങ്കിലും താന്‍ കൊണ്ടുവന്ന രസീത് ബുക്കിലെ അവസാന രസീത് പോലും നല്‍കിയതിനു ശേഷമാണ് "ഹന്‍ലലത്ത് " തിരികെ പോയത്. ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് ഏഴായിരം രൂപയോളം ഈ കാരുണ്യ നിധിയിലേക്ക് ലഭിച്ചു എന്നാണറിയുന്നത്.
അങ്ങനെ ഒരിക്കല്‍ കൂടി ബൂലോഗത്തിനു അഭിമാനിക്കാം!
സ്നേഹത്തിനു ഇങ്ങനെയും മാതൃകകള്‍ ഉണ്ടെന്ന കാര്യത്തില്‍ !
"ഹന്‍ലലത്ത് " എന്ന വ്യക്തി ബൂലോഗത്തിന്റെ അംഗമാണെന്നതില്‍ !
ബ്ലോഗിലൂടെ ധാന്യം പുഴുങ്ങിത്തിന്നാന്‍ മാത്രമല്ല കഴിയുന്നത് എന്ന് "ഹന്‍ലലത്ത് " തെളിയിച്ചു.
ഹന്‍ലലത്ത് , ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയാത്ത ഈ മഹത്തായ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു വിവരണം താങ്കള്‍ ബ്ലോഗിലൂടെ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഞങ്ങളോരോരുത്തരും ഇനിയും നിങ്ങളോട് സഹകരിക്കും. "ഈ ചെറിയ ജീവിതം അര്‍ത്ഥപൂര്‍ണമാക്കുന്ന നിങ്ങള്‍ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ "
വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ നല്ല മനസ്സോടെ ഒന്ന് ചിന്തിക്കൂ .....
നിങ്ങള്‍ ഉണ്ടാക്കിയ വിവാദങ്ങളില്‍പെട്ട് ചെറായി മീറ്റു നടക്കാതിരുന്നെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാകുമായിരുന്നു. എന്നാല്‍ ഇത് നടന്നതിനാല്‍ എത്രയോ നിരാലംബര്‍ക്ക് സന്തോഷം പകരുവാനും അവരുടെ കണ്ണുനീര്‍ കുറച്ചെങ്കിലും തുടക്കാനും നമുക്ക് കഴിയുന്നു.
സാധിക്കുമെങ്കില്‍ ഇനിയെങ്കിലും നന്മയെ തടയരുത്..........