Sunday, October 18, 2009

ഈ ധനകാര്യമന്ത്രിയെ എങ്ങിനെ അഭിനന്ദിക്കാതിരിക്കും!

കേരളത്തിലെ (സു/കു)പ്രസിദ്ധ വാളയാർഅഴിമതിമുക്തചെക്ക്പോസ്റ്റിൽ അഴിമതിയില്ലാത്തതുകൊണ്ട് കുറച്ചുദിവസങ്ങൾ ഞാൻ പെട്ടുപോയപ്പോൾ നമ്മുടെ വിപ്ലവ ധനകാര്യമന്ത്രി ശ്രീ.തോമസ് ഐസക് സാറിനെ അഭിനന്ദിക്കാൻ ഒരു പോസ്റ്റിടണം എന്നു വിചാരിച്ചുപോയി! എങ്ങിനെ അഭിനന്ദിക്കാതിരിക്കും ! അങ്ങനെയുള്ള കാഴ്ചകളല്ലേ കണ്ടത്!

 ആദ്യമേ പറയട്ടെ, കുറച്ച് നാളുകൾക്കു മുൻപുവരെ കുറച്ച് നൂറിന്റെ നോട്ടുകൾ കൈവശം ഉണ്ടെങ്കിൽ ഏതു സാധനവും വാളയാർ വഴി കേരളത്തിലെത്തിക്കാമായിരുന്നു! എന്നാൽ ഇന്ന് പതിനായിരങ്ങൾ കൈയിലുണ്ടെങ്കിലും അതവിടെത്തന്നെ ഇരിക്കുകയേയുള്ളൂ എന്നത് അത്ഭുതം എന്നല്ല മഹാത്ഭുതം എന്നാണു പറയേണ്ടത്! (കേരളം കൈമടക്കിൽ എന്ന മനോരമ പരമ്പരയും ഇതിനോടു കൂട്ടിച്ചേർക്കണം, മനൊരമക്കുപോലും ഇവിടെ കൈക്കൂലി കണ്ടെത്തുവാ‍ൻ സാധിച്ചില്ല!) അതിൽ നമ്മുടെ നാടിനെ സ്നേഹിക്കുന്ന ഏതൊരു മലയാളിയേയും പോലെ ഞാനും അഭിമാനിക്കുന്നു! അതിൽ നമ്മുടെ ധനകാര്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്യുന്നു! കാരണം ഇതിനു മുൻപും ഇവിടെ ഇടതും വലതുമായ ഭരണകൂടങ്ങൾ എന്ന മഹാത്ഭുതങ്ങൾ സംഭവിച്ചിരുന്നു!

ഇതിനൊരു മറുവശം കൂടിയുണ്ട് : കുറച്ച് സാധനങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്ന ഒരു വ്യാപാരിക്ക് കൂടെക്കൊണ്ടുവരുന്ന ബില്ലുകളിലും അനുബന്ധ രേഖകളിലും എന്തെങ്കിലും നിസ്സാരകാരണങ്ങൾ കണ്ടെത്തി വാഹനമുൾപ്പെടെ തടഞ്ഞിട്ട് നോട്ടീസ് കൊടുക്കുന്ന പരിപാടി ബഹുമാനപ്പെട്ട മന്ത്രി അറിഞ്ഞിട്ടാവുമോ? തുടർന്ന് അവർ ആവശ്യപ്പെട്ട എല്ലാ രേഖകളും (ആധാരവും കരമടച്ച രസീതുമുൾപ്പെടെ) സംഘടിപ്പിച്ചുകൊണ്ടുവരുന്ന വ്യാപാരിയോട് ഇതൊന്നും പറ്റില്ല, 25% പെനാൽറ്റി അടച്ച് സാധനം കൊണ്ട്പോകാനേ പറ്റൂ എന്നു പറയുന്ന സെയിത്സ്ടാക്സ് അധികാരികൾ! വിശദീകരണം ചോദിച്ചപ്പോൾ, ഇങ്ങനെയൊക്കെയല്ലേ സർക്കാരിനു വരുമാനം വർധിപ്പിക്കാൻ സാധിക്കൂ , ഞങ്ങളുടെ ടാർജെറ്റ് തികയൂ എന്നുള്ള ഉത്തരങ്ങൾ പറഞ്ഞ സെയിത്സ്ടാക്സ് കമ്മീഷണർ ! സമ്മതമല്ലെങ്കിൽ നിങ്ങൾ കോടതിയിൽ പോയ്ക്കോളൂ എന്നും മറുപടി. നമ്മുടെ നിയമവ്യവസ്ഥയുടെ മെച്ചംകൊണ്ട് ഒരു വർഷം കഴിഞ്ഞാൽ പോലും മറുപടി കിട്ടുകയില്ല എന്നു ഏതു കുഞ്ഞിനും അറിയാം ! അപ്പോൾ വണ്ടിയും മുതലും നശിക്കാതെ വിട്ടുകിട്ടണമെങ്കിൽ പിഴ അടക്കുക തന്നെ ശരണം!

പണമുണ്ടാക്കാനുള്ള വഴിതടഞ്ഞ മന്ത്രിക്കിട്ട് ഇതിലും നല്ല പണികൊടുക്കാൻ വേറെ വഴിയുണ്ടോ? വാളയാർ കടന്നുവരുന്ന ഓരോ മനുഷ്യനും ഈ  മാറ്റങ്ങൾ വരുത്തിയ മന്ത്രിയോട് എങ്ങിനെ പ്രതികരിക്കും എന്നറിയാൻ അധികമൊന്നും അലോചിക്കേണ്ട!

ഇങ്ങനെ വരുന്ന സാധനങ്ങൾ വിൽക്കുന്ന വ്യാപാരിക്ക് എന്തു വിലകിട്ടിയാൽ മതിയാകും? ഇത് കഴിഞ്ഞു വരുമ്പോൾ യൂണിയൻകാരുടെ വക കലാപരിപാടികൾ ! ചുരുക്കത്തിൽ ഇങ്ങനെയുള്ള എല്ലാ പിഴിച്ചിലും  ഉഴിച്ചിലും കഴിഞ്ഞു ഇവിടെ വ്യാപാരം വിജയകരമായി നടത്തുന്ന ധീരന്മാർക്കു വേണ്ടേ പരമവീരചക്രം നൽകേണ്ടത്?

കേരളാപ്പോലീസ് ടാർജെറ്റ് തികക്കാൻ പെറ്റിക്കേസ് എടുക്കുന്നതുപോലെ നിരപരാധികളുടെ കഴുത്തിന്കുത്തിപ്പിടിച്ച് നടത്തുന്ന ഈ ഖജനാവ് നിറക്കൽ പരിപാടി ഒരു ഭൂഷണമാണെന്നു ബഹുമാനപ്പെട്ട മന്ത്രിക്ക് തോന്നുണ്ടാവുമോ? ഇങ്ങനെയൊരു സംശയം തോന്നാൻ കാരണം , എന്തുപറഞ്ഞാലും അഴിമതിരഹിതവാളയാർ എന്നുപറഞ്ഞ് മന്ത്രി അഭിമാനം കൊള്ളുന്നതു കാണാറുണ്ട്! അതുമല്ലെങ്കിൽ തൊഴിലാളികളല്ലാത്തവരെല്ലാം ചൂഷകരാണെന്ന വിശ്വാസമുള്ളതുകൊണ്ടുമാവാം! എന്നാൽ ഈ തൊഴിലാളികളോടുള്ള മനോഭാവം കണ്ടാലോ അവരെ മനുഷ്യർ എന്നുപോലും പരിഗണിച്ചിട്ടില്ല എന്നു തോന്നിപ്പോകും! ആ കഥകൾ പിന്നാലെ!

മുതലാളിയുണ്ടെങ്കിലേ തൊഴിലാളിയുണ്ടാവൂ... കൊള്ളയടിച്ചല്ല ഖജനാവ് നിറക്കെണ്ടത്...... നിയമങ്ങൾക്കും കണക്കുകൾക്കുമപ്പുറം മനുഷ്യൻ എന്നൊരു ജീവിയുണ്ട്........പോലീസ് സ്റ്റേഷനിൽ ചെല്ലുന്നവരെല്ലാം കുറ്റവാളികളല്ല.... ഈ കാര്യങ്ങളെല്ലാം ഇവരെന്നെങ്കിലും മനസിലാക്കുമോ? നമ്മുടെ നാട്ടിൽ ഇതൊരു വിദൂരസ്വപ്നമാണെന്നു എന്റെ മനസ്സ് പറയുന്നു!

മുൻകാലങ്ങളിൽനിന്നും വിത്യസ്തമായി  അഴിമതിക്ക് ഒത്താശപാടാതെ അത് തടയാനെങ്കിലും ശ്രമിച്ച  നമ്മുടെ ധനകാര്യമന്ത്രിക്ക് ഈ ചെക്ക്പോസ്റ്റിനു ഒരു മാനുഷികമായ മുഖം നൽകാനുള്ള ബാധ്യതയുമില്ലേ? അങ്ങനെ ഉദ്യൊഗസ്ഥർ വാങ്ങിയിരുന്ന കൈക്കൂലി പത്തിരട്ടിയായി സർക്കാർ പിടിച്ചുവാങ്ങുന്നു എന്ന വിത്യാസം മാത്രമേയുള്ളൂ എന്ന ധാരണ മാറ്റാനും ഉള്ള ഉത്തരവാദിത്വം നമ്മുടെ മന്ത്രിക്കില്ലേ?

എന്റെ നാട് ഒരിക്കലും നന്നാവില്ലേ? 
നന്നാവാനനുവദിക്കില്ലേ?




9 comments:

Sabu Kottotty said...

മാസത്തില്‍ രണ്ടുതവണ വാളയാര്‍ വഴി ഞാനും സഞ്ചരിയ്ക്കുന്നുണ്ട്. നാട്ടുകാരന്‍ പറഞ്ഞതുപോലെ അഴിമതിരഹിത വാളയാര്‍ വളരെ നല്ലതുതന്നെ. പക്ഷേ അതിന്റെ പേരില്‍ എല്ലാ രേഖകളുമുണ്ടായിട്ടും ക്വാട്ട തികയ്ക്കാന്‍ വേണ്ടിമാത്രം വാഹനം തടഞ്ഞിടുന്ന നടപടി ഈയിടെയായി കൂടുന്നുണ്ട്. എല്ലാ രേഖകളുമുണ്ടെങ്കിലും ലക്ഷങ്ങള്‍ തന്നെ ഫൈന്‍ കെട്ടേണ്ട അവസ്ഥ വാളയാറിലുണ്ട്. സര്‍ക്കാരിനു കാശുണ്ടാക്കാന്‍ ഇതിനെക്കാള്‍ നല്ലത് സത്യസന്ധമായി ചെക്പോസ്റ്റു കടക്കുന്നവരെ കൊന്ന് വാഹനമുള്‍പ്പടെ കൈക്കലാക്കുന്നതാണ്. വാളയാറിലെ ഉദ്യോഗസ്ഥരെ അതിനു പറ്റുകയും ചെയ്യും. ബഹുമാനപ്പെട്ട മന്ത്രിയ്ക്ക് ഇതു കൂടി അറിയാന്‍ നേരമുണ്ടോ ആവോ...

Prof.Mohandas K P said...

പ്രിയപ്പെട്ട നാട്ടുകാരാ
നല്ലവര്‍ക്കും നിയമം പാലിക്കുന്നവര്‍ക്കും ജീവിക്കാന്‍ ഈ നാട് അടുത്തെങ്ങും കൊള്ളുമെന്നു തോന്നുന്നില്ല. സംഘടിതമായി ചെയ്‌താല്‍ ഏതു നിയമലംഘനവും അനുവദനീയമാകുന്ന ഈ നാട് നന്നാവാന്‍ ആര് ഭരിച്ചാലും കാര്യമില്ല, കാരണം വ്യക്തം. ജനത്തിനെ കഴുതകളാക്കുന്നതില് ഭരണ പക്ഷവും പ്രതിപക്ഷവും എല്ലാകാലത്തും ഒരു പോലെ കഴിവുള്ളവരാണ്, അത് അവര്‍ എന്നും ഇന്നും അത് തുടരുന്നു. നാം പൊതുജനങ്ങള്‍ കഴുതകള്‍.!!!!!

Manikandan said...

അഴിമതിയുടെകാര്യത്തില്‍ ധനകാര്യമന്ത്രിയുടെ കണക്കുകൂട്ടലുകളെപ്പോലും തൊല്പിച്ചിരിക്കുന്നു ഉദ്യോഗസ്ഥ മാഫിയ ബന്ധം. അതല്ലെ നടുപ്പുണിയിലെ സംഭവങ്ങള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്. ഒരിക്കലും ഇതുനന്നാവില്ല എന്ന അശുഭകരമായ ചിന്തയാണ് ഈ വാര്‍ത്തകള്‍ നല്‍കുന്നത്.

Typist | എഴുത്തുകാരി said...

“എന്റെ നാട് ഒരിക്കലും നന്നാവില്ലേ?

നന്നാവാനനുവദിക്കില്ലേ“

വലിയ ശുഭപ്രതിക്ഷ വേണ്ട.

ബിനോയ്//HariNav said...

നാട്ടുകാരാ, നിയമം ലം‌ഘിച്ചുള്ള നികുതിപിരിവ് അതിര്‍ത്തികളില്‍ നടക്കുന്നുണ്ടെങ്കില്‍ അത് തിരുത്തപ്പേടേണ്ടത് തന്നെ. പക്ഷെ ഏറ്റവും വിനാശകരമായ സാമൂഹ്യവിപത്തായ അഴിമതിയും അശാസ്ത്രീയമായ നികുതിപിരിവും ഒരേ ത്രാസില്‍ തൂക്കരുത്. ധനമന്ത്രിയുടെ ഉദ്ദേശശുദ്ധി സമൂഹത്തിന്‍റെ ധാര്‍മ്മിക പിന്തുണ അര്‍ഹിക്കുന്നുണ്ട്

മണിഷാരത്ത്‌ said...

ഞാനും ബിനോയിയോട്‌ യോജിക്കുന്നു

മീര അനിരുദ്ധൻ said...

നമ്മുടെ നാട് നന്നാവണം.വിവരാവകാശ നിയമം ഒക്കെ വന്നപ്പോൾ കുറേയെങ്കിലും മാറ്റം വന്നു കാണുമെന്നാണു കരുതിയത്.ശരിയാവില്ല അല്ലേ !

നിരക്ഷരൻ said...

ഞാനിപ്പോ എന്താ വേണ്ടേ ? നിക്കണോ അതോ പോകട്ടോ ?

അല്ല.... നന്നാകുമെങ്കില്‍ കുറച്ചൂടെ വെയ്റ്റ് ചെയ്യാമായിരുന്നു :)

വിജയലക്ഷ്മി said...

kollaam nalla adipoli post ...