Monday, September 14, 2009

ഇതോ മാധ്യമധര്‍മ്മം?

അഭയക്കേസിലെ പ്രതികളുടെ നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റ്‌ നടത്തിയതിന്റെ വീഡിയോ ഇന്ന് എല്ലാമാധ്യമങ്ങളിലുംകാണിച്ചു. അവര്‍ തെറ്റുചെയ്തോ ഇല്ലയോ എന്നത് ഞാന്‍ പറയാനാഗ്രഹിക്കുന്നില്ല . എങ്കിലും ഇന്നത്തെ മാധ്യമ ആവേശം കണ്ടപ്പോള്‍ അല്പം അതിരുകടന്നില്ലേ എന്ന് തോന്നിപ്പോകുന്നു !

ചീഫ്‌ ജുഡീഷ്യല്‍ കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഏഷ്യാനെറ്റ്‌ അതിന്റെ സംപ്രേക്ഷണം നിര്‍ത്തിവച്ചു. എന്നാല്‍ മറ്റുപല ചാനെലുകളും കോടതിയുടെ ഉത്തരവിനെപ്പോലും മറികടന്ന് വീണ്ടും അവ സംപ്രേക്ഷണം ചെയ്തു. ഒരു ചാനെല്‍ നടത്തിയ ചര്‍ച്ച ഇങ്ങനെയായിരുന്നു. അനാലിസിസ്‌ ടെസ്റ്റ്‌ അനുസരിച്ച് അവര്‍ കുറ്റം ചെയ്തു എന്ന് കരുതുന്നുണ്ടോ ? ഉണ്ടെങ്കില്‍ Y എന്നും ഇല്ലെങ്കില്‍ ഡാഷ് എന്നും S.M.S അയക്കുക !

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ഈരാജ്യത്തു കോടതികള്‍ എന്തിനാണ്? വിചാരണകള്‍ എന്തിനാണ്? കുറെ ചാനലുകാരെ ആ പരിപാടി ഏല്‍പ്പിച്ചാല്‍ പോരെ? ഈ ചാനലുകാര്‍ കൊടതിവിധിയെപ്പോലും മാനിക്കാതെ നടത്തുന്ന ഈ പ്രഹസനം എന്ത് സന്ദേശമാണ് നല്‍കുന്നത്? ഏല്ലാ കുറ്റകൃത്യങ്ങള്‍ക്കും വിധിപറയാന്‍ ഇലക്ഷന്‍ നടത്തിയാല്‍ പോരെ?

ഈ ചെയ്യുന്നതിന്റെ ഭവിഷ്യത്തുകള്‍ ആരാണനുഭവിക്കേണ്ടത് ? നമ്മുടെനിയമാവ്യവസ്ഥയെ ഇങ്ങനെ നോക്കുകുത്തി ആക്കി പരിഹസിക്കുന്നതിന്റെ ദൂരവ്യാപക ഫലങ്ങള്‍ എന്തായിരിക്കും ? അതിന്റെ ഉത്തരവാദിത്തം ഈ മാധ്യമ കച്ചവടക്കാര്‍ ഏറ്റെടുക്കുമോ?

മാധ്യമപ്രവര്‍ത്തനം ഇത്രയ്ക്കു അധപതിക്കാന്‍ പാടില്ല. എന്തും ചെയ്യാം, ആരെയും പേടിക്കേണ്ട എന്ന ഈ അവസ്ഥ ആരാജകത്വംമാത്രമേ രാജ്യത്തുണ്ടാക്കൂ.... മാധ്യമസ്വാതന്ത്ര്യം ഇങ്ങനെ ദുരുപയോഗിച്ചാല്‍ പിന്നീട് ദുഖിക്കെണ്ടിവരും!

ഇന്‍വെസ്ടിഗേട്ടീവ്‌ പത്രപ്രവര്‍ത്തനം നല്ലതാണ് ...... അത് ഈ തരത്തിലുള്ള തറ പരിപാടിയല്ല.

അഭയക്കേസില്‍ കുറ്റവാളികളെ കുറ്റം വിധിക്കാനും അവരെ ശിക്ഷിക്കാനും ഈ നാട്ടില്‍ ഒരു നിയമവ്യവസ്തയുണ്ട്....കൊടതികളുണ്ട്......അതിനു പത്രക്കാര്‍ വേണ്ട!


33 comments:

നാട്ടുകാരന്‍ said...

നിയമവ്യവസ്ഥയെ പരിഹസിക്കുന്ന ഈ മാധ്യമങ്ങളെ ആര് ചങ്ങലക്കിടും?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നാട്ടുകാരാ,

താങ്കളുടെ നിരീക്ഷണങ്ങളോടു യോജിക്കുന്നു.
ഇക്കാര്യം എല്ലാവരുടേയും വിഷയത്തിലും താങ്കൾ ശരിവക്കും എന്ന് കരുതുന്നു.

പോസ്റ്റിലെ ‘പോയിന്റു’കൾ ഭാവി ഉപയോഗത്തിനായി എടുത്തിട്ടുണ്ട്...!

ആശംസകൾ!

ഓ.ടോ: എവിടെ? കാണാനില്ലല്ലോ...?

ജിപ്പൂസ് said...

മാധ്യമസ്വാതന്ത്ര്യത്തിന്‍റെ ദുരുപയോഗം തടയപ്പെടേണ്ടത് തന്നെ.

Unknown said...

ഇന്ന് മാധ്യമങ്ങൾ തമ്മിൽ മത്സരമല്ലെ നാട്ടുകാരാ പോൾവധത്തെകുറിച്ചുള്ള വാർത്തകൾ കാണുന്നില്ലെ ആര്
പറയുന്നതാണ് ശരിയെന്ന് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ്

Manikandan said...

നല്ല വിഷയം. പ്രകടിപ്പിച്ച അഭിപ്രായത്തോട് അല്പം വിയോജിപ്പുണ്ട് എന്നു മാത്രം ഇപ്പോൾ പറയാം. മാധ്യമങ്ങളുടെ റിപ്പോർട്ടിങ് രീതിയെക്കുറിച്ച് (അഭയക്കേസിനെ കുറിച്ചോ, ഈ കേസുമായി ബന്ധപ്പെട്ട വിഷയങ്ങളേക്കുറിച്ചോ അല്ല) നല്ല സംവാദം നടക്കട്ടെ എന്നാശംസിക്കുന്നു.

രഞ്ജിത് വിശ്വം I ranji said...

മാധ്യമങ്ങളുടെ ഈ അധികപ്രസംഗത്തെ അഭയാകേസിനോടു മാത്രം കൂട്ടി വായിച്ചത് ശരിയായില്ല. മുത്തൂറ്റ് പോള്‍ വധക്കേസിലും ഇതേ മാധ്യമങ്ങള്‍ അല്ലേ അജണ്ടകള്‍ വെച്ച് ഇടപെടല്‍ നടത്തുന്നത്.. അതു കൂടി ഇതിനോട് ചേര്ത്തു വായിക്കണം..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഈ കാലത്തെ മാധ്യമ ധര്‍മ്മം എന്താണെന്ന് പുനരാലോചിക്കേണ്ടത് തന്നെ

ചില കാര്യങ്ങളില്‍ മാത്രം മാധ്യമ ധര്‍മ്മം ശരിയാവുകയും ചിലകാര്യങ്ങളില്‍ മാത്രം ശരിയല്ലാതെ ആവുന്നതും എങ്ങനെയാവോ?

വീകെ said...

കോടതിയുടെ മുന്നിൽ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലല്ലെ വിധി പറയുക.

പുറത്ത് ആരൊക്കെ കിടന്ന് ബഹളമുണ്ടാക്കിയാലും
അത് കോടതിയെ സ്വാധീനിക്കാനാവുമെന്നു കരുതുന്നില്ലന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

മാധ്യമങ്ങളെ അവരുടെ പാട്ടിനു വിടുക.
അതല്ലെ നല്ലത്...?

മണിഷാരത്ത്‌ said...

നാട്ടുകാരാ
താങ്കളുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു.മാധ്യമങ്ങള്‍ സിന്‍ഡിക്കേറ്റ്‌ ഉണ്ടാക്കിയിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.പോള്‍ക്കേസിലും ഒരു സാധാരണവായനക്കാരന്‍ ഇപ്പോഴും കഥയറിയാതെ ആട്ടം കാണുകയാണ്‌..മാധ്യമങ്ങള്‍ക്ക്‌ എന്തൊക്കെയോ വേണമെന്ന് ആദ്യം വായിക്കുമ്പോള്‍ മുതല്‍ തോന്നും.ഇതല്ലല്ലോ മാധ്യമങ്ങള്‍ ചെയ്യേണ്ടത്‌.ഇവിടെ ഇപ്പോള്‍ മാധ്യമങ്ങളാണ്‌ കോടതിയും,സര്‍ക്കാരും എല്ലാം..ഇത്‌ ദുഷിച്ച പോക്കാണ്‌

ഹരീഷ് തൊടുപുഴ said...

ഇപ്പോ മനസ്സിലായോ അച്ചായാ, ഞങ്ങടെ കൊടിയേരിയണ്ണനും, പിണറായി അണ്ണനും കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കെതിരേ പ്രകടിപ്പിച്ചതിന്റെ രോഷം എന്തുകൊണ്ടുണ്ടായിയെന്നു..
അതങ്ങനാ ആരാണ്ടമ്മക്കു വട്ടായാൽ കാണാൻ നല്ല ചേലു..
നമ്മടമ്മക്കായാലോ..??
പിന്നേ ഒരു സംശയം, ബൂർഷാചാന്നെലുകാരീ സംഭവം കാണിച്ചതേ ഇല്ലല്ലോ ഇച്ചായാ..
ഉറക്കഗുളിക കഴിച്ചിരുന്നോ അവിരിന്നലെ..??
(കാണിച്ചെങ്കിൽ സോറീട്ടോ; ഞാനധികമൊന്നും നോക്കീലേ. കിറുക്കൻ കളികണ്ടുകൊണ്ടിരിക്കുകയായിരുന്നു)


അപ്പോൾ :) :)

മീണ്ടും സന്ധിക്കും വരേക്കും വണക്കം..

Unknown said...

@ഹരീഷ് :
"അതങ്ങനാ ആരാണ്ടമ്മക്കു വട്ടായാല്‍ കാണാന്‍ നല്ല ചേലു..
നമ്മടമ്മക്കായാലോ..??"

:) :)

SmokingThoughts said...

അല്ല, ചേട്ടായി, നമ്മുടെ രേഷ്മ കുട്ടിയെ പോലീസ് ചേട്ടന്മാര്‍ ചോദിയം ചെയുന്ന പഴയ വീഡിയോ കണ്ടിരുനോ ? പാവം കുട്ടി !! അല്ല, അതിനു ആരുടേയും പോസ്റ്റുകള്‍/Comments കണ്ടില്ല ? അതെന്താ ??
Why ? she is not a human being ? At least she didn't kill any one!

ഓട്ടകാലണ said...

സ്വ സമുദായത്തിന്റെ കാര്യം വന്നപ്പോള്‍ നാട്ടുകാരന് ധര്‍മ്മ രോഷം, പത്ര ധര്‍മ്മം, മാങ്ങാത്തൊലി....
എടൊ ഇവരെയൊക്കെ ചുമന്നാല്‍ ചുമക്കുന്നവന്‍ നാറും. വെറുതെ ഈ കള്ള പരിശകള്‍ക്ക് വക്കാലത്ത് പിടിച്ച് സ്വയം നാറണോ?
പിന്നെ പത്ര ധര്‍മ്മം! ഹോ എന്തൊരു രോഷം? ഇയാള്‍ കേരളത്തിലല്ലേ താമസിക്കുന്നത്? ഹ ഹ ഹ കഷ്ടം. സ്വന്തം കാര്യം വരുമ്പോള്‍ മാത്രം പത്ര ധര്‍മ്മത്തെ പറ്റി ചിന്തിച്ചാല്‍ പോര നാട്ടുകാരാ....

Jikku Varghese said...

മാധ്യമങ്ങള്‍ ഇന്നലെ അതിര് കടന്നു എന്ന് വ്യെക്തം ആണ് .......തങ്കളുടെ detective-ism അവര്‍ വിട്ടു കാശാക്കുന്നു....എങ്കിലും നാടുകാരന്‍ ഒരു കാര്യം വിസ്മരിച്ചു ഇങ്ങനെ ഇത്രയും പ്രധാനപെട്ട ഒരു സി.ഡി ചോരാതെ ഇരിക്കാന്‍ സര്‍ക്കാരിനും പോലീസിനും കഴിവില്ലേ എന്നാ കാര്യം ...ഇത് പോലും സൂക്ഷിക്കാന്‍ പറ്റില്ലാത്ത അധികാരികള്‍ അല്ലെ ഇതിലെ പ്രധാന വില്ലന്മാര്‍......മാധ്യമങളെ കുട്ടപെടുതുമോബ്ല്‍ ഒരു കാര്യം ഓര്‍ക്കുക അവര്‍ ഇല്ലയിരുന്നെകില്‍ ഈ അഭയാ കേസ് പതിവ് കേസ്സ് പോലെ ഒതുങ്ങി പോയേനെ അവര്‍ എന്നും അത് ജനത്തിന് മുന്‍പില്‍ എത്തിക്കുന്നതിനാല്‍ ഞങ്ങള്‍ ഇതിന്റെ അന്തിമ ഫലം അറിയാന്‍ ആഗ്രഹിക്കുന്നു........
എന്തായാലും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു ..ആശംസകള്‍ ...........

രഘുനാഥന്‍ said...

പ്രിയ നാട്ടുകാരാ താങ്കള്‍ പറയുന്ന നിയമം ഈ പതിനേഴു വര്‍ഷം എന്ത് ചെയ്യുകയായിരുന്നു?കോടതിയെ ഞാന്‍ കുറ്റം പറയുന്നില്ല. ഇപ്പോള്‍ ഇത്രയുമൊക്കെ പുറത്തു വന്നത് ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണല്ലോ? എന്നാലും നാര്‍കോ അനാലിസിസ്‌ സി ഡി പുറത്തു വിട്ടത് തെറ്റാണ് ‌ എന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇവര്‍ കുറ്റം ചെയ്തു എന്ന് പറയുന്നത് പൊതു ജനങ്ങള്‍ക്ക് നേരിട്ട് കേള്‍ക്കാന്‍ സാധിച്ചല്ലോ? അല്ലെങ്കില്‍ നാളെ ഇവര്‍ കുറ്റക്കാരല്ല എന്ന് സ്ഥാപിക്കപ്പെട്ടാല്‍ പൊതുജനം വീണ്ടും വിഡ്ഢികള്‍ ആവില്ലേ?

മീര അനിരുദ്ധൻ said...

ഈ സി ഡി മാദ്ധ്യമങ്ങൾക്ക് എങ്ങനെ കിട്ടിയെന്നതിനെ പറ്റി അറിയേണ്ടതല്ലേ.മാദ്ധ്യമങ്ങൾക്ക് ലഭിച്ച ഒരു ന്യൂസ് അവർ ചൂടോടെ സംപ്രേഷണം ചെയ്തു.അതൊരു തെറ്റാണോ ??അതവരുടെ കടമയല്ലേ ??

അനില്‍@ബ്ലോഗ് // anil said...

മാദ്ധ്യമങ്ങള്‍ക്ക് അല്പം സ്വയം നിയന്ത്രണം ആവശ്യമാണ്.
ആ സീ.ഡി പ്രദര്‍ശിപ്പിക്കരുതായിരുന്നു എന്നാണ് എന്റ്റെ വ്യക്തിപരമായ അഭിപ്രായം.

ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ സ്കാന്‍ സ്കാന്‍ റിസള്‍ട്ട് ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചതിന് വിമര്‍ശനം പറഞ്ഞയാളാണ് ഞാന്‍.പൊതു പ്രദര്‍ശനത്തിനും ലിമിറ്റഡ് വ്യൂവിങിനും ഉള്ള ചിത്രങ്ങള്‍ വെവ്വേറ തന്നെ കൈകാര്യം ചെയ്യേണ്ടതു തന്നെയാണ്.ഇങ്ങനെ പൊതു പ്രദര്‍ശന വസ്തുവാവുമെന്ന് അറിയിച്ച ശേഷമല്ലല്ലോ അവരെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയത്.

Unknown said...

ഒരു സീ ഡി പോലും ചോരാതെ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ (കേരള/കേന്ദ്ര) സര്‍ക്കാര്‍ സംവിധാനങ്ങളെ എങ്ങനെ വിശ്വസിക്കും? മീഡിയയ്ക്ക് ആ സീ ഡി കിട്ടിയതെങ്ങനെ, പ്രത്യേകിച്ചും ഇത്തരമൊരു കുപ്രസിദ്ധ കേസില്‍? അതുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ മാധ്യമങ്ങള്‍ ചെയ്തത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല.

പക്ഷെ, ഇനിയിപ്പോള്‍ കോടതി വെറുതെ വിട്ടാലും സാധാരണക്കാരുടെ മനസ്സില്‍ ഇവര്‍ മൂന്നുപേരും കുറ്റവാളികളായി തുടരും എന്നതാണ് സത്യം. വ്യക്തികള്‍ എന്ന നിലയില്‍ ഈ മൂന്നു പേരോടും മാധ്യമങ്ങള്‍ ചെയ്തത് അപരാധം തന്നെ, ഒരു വര്‍ച്ച്വല്‍ വേര്‍ഡിക്റ്റ് തന്നെയായിപ്പോയി ഇത്.

കനല്‍ said...

പുരോഹിത വസ്ത്രത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന കുറ്റവാളികളെ കാട്ടി തന്ന ആ സിഡി ചോര്‍ന്നതും
സത്യം എല്ലാവരെയും അറിയിക്കുക എന്ന ദൈവഹിതമായിരിക്കും.

ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്ന് അഭിനയിക്കുന്ന കള്ളന്മാരെ കാട്ടിത്തരുക എന്നതും ദൈവനിശ്ചയമായിരുന്നു. അല്ലെങ്കില്‍ ദുര്‍ബലനിമിഷത്തില്‍ പറ്റിപോയ തെറ്റ് എന്ന് ഒരു കുറ്റസമ്മതമെങ്കിലും നടത്താന്‍ ഇത്രയും കാലം കഴിഞ്ഞിട്ടും ഇവര്‍ക്ക് മനസു വന്നില്ലല്ലോ?
അങ്ങനെയെങ്കിലും ചെയ്തിരുന്നേല്‍ അവര്‍ ധരിച്ച പുരോഹിത വസ്ത്രത്തിനോട് അല്പമെങ്കിലും ബഹുമാനം തോന്നിപ്പോയേനെ. ഇത് അവര്‍ക്ക് കിട്ടിയ ദൈവശിക്ഷ ആയി ഞാന്‍ കാണുന്നു.

കോടതികളെ അവര്‍ക്ക് ഇനിയും വിലയ്ക്ക് വാങ്ങാന്‍ കഴിഞ്ഞേക്കാം, പക്ഷേ ദൈവശിക്ഷ അവര്‍ക്ക് കിട്ടി തുടങ്ങിയിരിക്കുന്നു.

മാധ്യമങ്ങളെ വിട്ടേക്കൂ. ഇനിയും ഇത്തരം തെറ്റുകള്‍ ചെയ്യാന്‍ മുതിരുന്നവര്‍ക്ക് മാധ്യമങ്ങളുടെ അനന്തസാധ്യതകള്‍ ഒരു ഭയമായിരിക്കട്ടെ.

Areekkodan | അരീക്കോടന്‍ said...

സത്യം പറയാലോ...ഇത്രയും ദിവസം എല്ലാ പത്രങ്ങളും വെണ്ടക്കയും കുമ്പ്ളങ്ങയുമായി നിരത്തിയ പോള്‍ വധത്തിണ്റ്റെ ഒരൊറ്റ വാര്‍ത്ത പോലും ഇന്നുവരെ ഞാന്‍ വായിച്ചിട്ടില്ല. അതുകൊണ്ട്‌ വളരെ വളരെ സമാധാനമായി കിടന്നുറങ്ങാന്‍ പറ്റുന്നു!!!

kaalidaasan said...

സി ഡി യിലുള്ള വിവരം പരസ്യമാക്കിയതില്‍ തെറ്റില്ല. പക്ഷെ വലിച്ചു നീട്ടിയുള്ള ചര്‍ച്ചകള്‍ അരോചകമായിരുന്നു. മധ്യമങ്ങള്‍ക്ക് കുറച്ചുകൂടെ നിയന്ത്രണം പാലിക്കാമായിരുന്നു.

കോടതികള്‍ ഉള്‍പ്പടെ എല്ലാ നിയമ സംവിധാനങ്ങളും വിലക്കെടുക്കപ്പെട്ടതാണീ കേസില്‍. കേരള ഹൈക്കോടതിയിലെ ന്യായാധിപന്‍മാര്‍ രണ്ടു ചേരിയായി നിന്ന് പരസ്പര വിരുദ്ധമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

സി ഡിയില്‍ കൃത്രിമം നടന്നിട്ടുണ്ട് എന്നത് വിവാദമാക്കിയത് കേരള ഹൈക്കോടതിയിലെ ഒരു ജഡ് ജിയാണ്. ഈ സി ഡി പരസ്യമായില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇതിലെ വിവരങ്ങള്‍ ഒരിക്കലും പുറത്തറിയില്ലായിരുന്നു.

ജോമോന്‍ പുത്തന്‍ പുരയിലും മധ്യമങ്ങളുമില്ലായിരുന്നെങ്കില്‍, വളരെ മുമ്പേ തെളിവില്ല എന്നു പറഞ്ഞ് ഈ കേസ് എഴുതി തള്ളപ്പെടുമായിരുന്നു.

നാട്ടുകാരന്‍ said...

അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി .....

ഓട്ടകാലണ ,

ഇന്നലെ ഞാന്‍ നമ്മുടെ ബൂലോകത്തില്‍ ഇട്ട പോസ്റ്റ്‌ കണ്ടപ്പോള്‍ എന്നെ സമുദായവിരോധി ആക്കി ! ഇന്നിവിടെ സമുദായ സ്നേഹി ആക്കുന്നു!
കാര്യം പറയാന്‍ സമ്മതിക്കൂല്ല അല്ലെ?

parammal said...

0ഈ വിഷയത്തെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങള്‍ കണ്ടു.
അഭയയുടെ വിഷയത്തില്‍ മാത്രമല്ല മാധ്യമങ്ങള്‍ ആവേശം കാണിച്ചിട്ടുള്ളത് .....
സന്തോഷ്‌ മാധവന്‍ ,മദനി ,കുഞ്ഞാലികുട്ടി ,ജോണ് പോള്‍ ,പിണറായി, എഴുതിയാല്‍ ഈ നിര നീണ്ടുപോകും ഇവിടെയല്ലാം മാധ്യമങ്ങള്‍ അവരുടെ ധര്‍മ്മം നിര്‍വഹിച്ചു. മാധ്യമങ്ങള്‍ വേട്ടയാടിയവരില്‍ ചിലര്‍ രക്ഷപെടുകയും , ചിലര്‍ സിക്ഷിക്കപെടുകയും ചെയ്തു...മറ്റു ചിലര്‍
കോടതിയും ,കേസുമായി നടക്കുന്നു . .. നമുക്ക്‌ മാധ്യമങ്ങളെ വെറുതെ വിടാം .....

Irshad said...

ഇവിടെ മാധ്യമങ്ങള്‍ അവരുടെ ഒരു ധര്‍മ്മം ചെയ്തിരിക്കുന്നു. സി.ഡി ആര്‍ക്കുവേണ്ടിയും പൂഴ്ത്തിയില്ല എന്ന ധര്‍മ്മം. വാസ്തവങ്ങള്‍ ഏഴയലത്തുകൂടിപ്പോലും പോകാത്ത കഥകള്‍ മാധ്യമങ്ങളില്‍ ഒരുപാട് വന്നിട്ടുണ്ട്. എനിക്കു നേരിട്ടറിയാവുന്ന ഒരു കഥ ഇവിടെ http://neerurava.blogspot.com/2008/12/blog-post.html. ഈ കേസില്‍ പുറത്തായത് ചില തെളിവുകളാണെന്നും അത് പ്രതികളുടെ തന്നെ വാക്കുകളും ദൃശ്യങ്ങളുമാണെന്നും സമാധാനിക്കാം. സമൂഹമനസ്സില്‍ എന്നേ പതിഞ്ഞ ഒരു കഥയുടെ തെളിവു. പക്ഷെ മാധ്യമങള്‍ വിധികള്‍ പ്രഖ്യാപിക്കുന്നതിനോട് ഒട്ടും യോജിപ്പുമില്ല.

നാട്ടുകാരന്‍ said...

"ചാനലുകള്‍ കോടതിയുടെ ഉത്തരവിനെപ്പോലും മറികടന്ന് വീണ്ടും അവ സംപ്രേക്ഷണം ചെയ്തു. "
ഇതിനാരും മറുപടി പറഞ്ഞു കാണുന്നില്ല.

അറിയപ്പെടാത്ത വിവരങ്ങള്‍ വെളിച്ത്തുകൊണ്ടുവരിക എന്നതുതന്നെയാണ് മാധ്യമധര്‍മ്മം . എന്നാല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ കോടതിവിധി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അനുസരിക്കുക എന്നതാണ് മാന്യതയും സമൂഹത്തോട് ബാധ്യതയുള്ളവര്‍ ചെയ്യേണ്ട കാര്യവും . അല്ലെങ്കില്‍ ഇഷ്ടപ്പെടാത്ത വിധിപറഞ്ഞ ഹൈക്കോടതി ജഡ്ജിയെ നാടുകടത്തിയ കിരാത പ്രതിഷേധം പോലെയാകില്ലേ അത് ? ഈ വിഷയം പരാമര്ശിക്കുന്നതിനു പകരം എല്ലാ കാളകളെയും ഒരേ നുകത്തെല്‍ വച്ചുകെട്ടാന്‍ ശ്രമിച്ചാല്‍ മതിയാകുമോ?

അത് കൊണ്ട് തന്നെ കോടതി സംപ്രേക്ഷണം വിലക്കിയപ്പോള്‍ അത് നിറുത്താന്‍ മാന്യത കാണിച്ച ഏഷ്യാനെറ്റിന്റെ മാതൃകയെ ഞാന്‍ അഭിനന്ദിക്കുന്നു. അവര്‍ക്ക് മാധ്യമപ്രവര്‍ത്തനം അറിയാം അതിന്റെ പരിധികളും അറിയാം എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.മറ്റു ചാനലുകള്‍ക്ക് എന്തുകൊണ്ട് ഈ വിവേകം ഇല്ലാതെപോയി?

കോടതിയെയും പോലീസിനെയും പോലുള്ള ന്യായപാലന ഏജന്‍സികളെ പൊതുജനമധ്യത്തില്‍ ഇന്ന് പാര്‍ട്ടിക്കാരും മറ്റുപലരും നേരിടുന്നതുപോലെ നേരിട്ടാല്‍ പിന്നെന്തിനു അങ്ങിനെഒരു വ്യവസ്ഥിതി ? അതങ്ങ് പിരിച്ചുവിട്ടിട്ടു ഭൂരിപക്ഷവും സ്വാധീനവും പാര്‍ട്ടിക്കൂറും കൈയൂക്കും നോക്കി കാര്യങ്ങള്‍ തീരുമാനിച്ചാല്‍ മതിയല്ലോ? ഈ തോന്ന്യവാസങ്ങളെ അനുകൂലിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം , നിങ്ങളെപ്പോലുള്ളവര്‍ താല്‍ക്കാലിക ലാഭത്തിനു വേണ്ടി ഭാവിതലമുരയുടെ സ്വസ്തതയാണ് നശിപ്പിക്കുന്നത്.

ഞാന്‍ ചെയ്യുന്ന തോന്നിയവാസത്തിനു ന്യായീകരണം ലഭിക്കാന്‍ വേണ്ടി മറ്റുള്ളവര്‍ ചെയ്യുന്ന തോന്നിയവാസം ന്യായീകരിക്കുക! എന്തോരധപതനം !

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അവര്‍ക്ക് മാധ്യമപ്രവര്‍ത്തനം അറിയാം അതിന്റെ പരിധികളും അറിയാം എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.മറ്റു ചാനലുകള്‍ക്ക് എന്തുകൊണ്ട് ഈ വിവേകം ഇല്ലാതെപോയി?

എന്നു മുതലാണു ഏഷ്യാനെറ്റിന്റെ ബ്രാൻഡ് അംബാസഡർ ആയത്?

ഹരീഷിന്റെ കമന്റ് കടമെടുത്ത് പറയട്ടെ..

ആരന്റമ്മക്ക് ഭ്രാന്ത് വരുമ്പോൾ കാണാൻ നല്ല ചേലു അല്ലേ....

അതുകൊണ്ടാവും ‘ഏഷ്യാനെറ്റി”ന്റെ തന്നെ വക്കാലത്ത് എടുത്തത് അല്ലേ?

നാട്ടുകാരന്‍ said...

നമ്മുടെയോരവസ്ഥ !

"സത്യം പറഞ്ഞാല്‍ അപ്പന്‍ അമ്മയെക്കൊല്ലും.....
പറഞ്ഞില്ലെങ്കില്‍ അപ്പന്‍ പട്ടിയിറച്ചി തിന്നും !"

ഞാന്‍ ആരുടേയും വക്കാലത്ത് പറയുന്നതല്ല...... തോന്നിയത് പറഞ്ഞു എന്ന് മാത്രം! സ്തുതിപാടകര്‍ക്ക് അതൊന്നും മനസിലാവണമെന്നില്ല! അവര്‍ എന്നും സിന്ദാബാദ്‌ വിളിച്ചോട്ടെ....എനിക്ക് ഒരു ഏതിര്‍പ്പുമില്ല.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കൂൾ ഡൌൺ ബോയ്..കൂൾ ഡൌൺ..!!!

ഇന്നാ ഒരു സ്മൈലി കിടക്കട്ടെ :)

bhoolokajalakam said...

മാധ്യമങ്ങള്‍ അമിത സ്വാതന്ത്ര്യം എടുക്കുന്നു എന്നത് സത്യം.
സ്വന്തം പാര്‍ട്ടിയുടെയോ മതത്തിന്റെയോ ജാതിയുടെയോ
കാര്യം വരുമ്പോള്‍ മാത്രമേ ചിലര്‍ക്ക് ആ തോന്നല്‍ ഉണ്ടാവുകയുള്ളൂ.
മറ്റു പല പ്രശ്നങ്ങളിലും മാധ്യമങ്ങള്‍ നിരപരാധികളെ വേട്ടയാടുമ്പോള്‍
ദീപിക പോലുള്ള പത്രങ്ങള്‍ കാണിച്ചിരുന്ന അമിതാവേശം ഇവിടെ ഓര്‍ കേണ്ടതാണ് .
ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ എന്ത് രസം !

നാട്ടുകാരന്‍ said...

സ്വാമി സന്തോഷ്‌ മാധവനും മറ്റു പല നേതാക്കന്മാരും അന്വേഷണത്തില്‍ ഇടപെടുന്നേ എന്ന് നിലവിളിച്ചു വരാന്‍ സാധ്യതയുണ്ട്! കാരണം ഈ സി.ഡി പ്രദര്‍ശനം ചാനെലുകാര്‍ പെട്ടെന്ന് നിറുത്തിവെച്ചല്ലോ! അതുപോലെ മാറ്റിടപെടലുകളും ഉടന്‍ നിറുത്തണം എന്നും ആവശ്യപ്പെടും! പാലും, വെള്ളവും, എണ്ണയും ഒരേ സാന്ദ്രതയിലല്ല കാണപ്പെടുന്നത്‌ എന്നും അതുകൊണ്ടുതന്നെ അളവുകളില്‍ വിത്യാസം ഉണ്ടാവും എന്നും ഈക്കൂട്ടര്‍ മനസിലാക്കിയാല്‍ നന്ന്.

നിസ്സഹായന്‍ said...

“അഭയക്കേസില്‍ കുറ്റവാളികളെ കുറ്റം വിധിക്കാനും അവരെ ശിക്ഷിക്കാനും ഈ നാട്ടില്‍ ഒരു നിയമവ്യവസ്തയുണ്ട്....കൊടതികളുണ്ട്......അതിനു പത്രക്കാര്‍ വേണ്ട! ”
നീതി നടപ്പാക്കാന്‍ , സത്യം കണ്ടെത്താനുള്ള അന്വേഷണത്തിന് നീണ്ട പതിനാറു വര്‍ഷങ്ങള്‍ !!!!!!
ഇന്ന് കേരളത്തില്‍ സര്‍വ്വമേഖലയിലും ദുഷ്സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ഒരു മതത്തിന് അതിന്റെ പ്രതികളെ രക്ഷിക്കാനറിയാം. സത്യം ജയിക്കില്ലെങ്കിലും പത്ത് സിഡി കണ്ട് ജനം അവരുടെ ധാര്‍മ്മിക രോഷം ചോര്‍ത്തിക്കളഞ്ഞോട്ടെ!!!

കുളക്കടക്കാലം said...

വായനക്കാരില്ലെങ്കില്‍ പത്രങ്ങളില്ല, പ്രേക്ഷകരില്ലെങ്കില്‍ ചാനലുകളും. കേരള സമൂഹത്തിന്റെ കപടമുഖം എല്ലാ സമകാലികസംഭവങ്ങളിലും വ്യക്തമാണ്.കമ്പോള വ്യവസ്ഥിതിയില്‍ നിലനിപ്പിനായുള്ള,ഒന്നാമതെത്താനുള്ള (എന്ത് ചെയ്തും) മത്സരം മുറുകുകയാണ്. ബഹുഭൂരിപക്ഷം പേരും കാണുന്നു എന്നത് കൊണ്ടാണ് ചാനലുകള്‍ ഇത്തരം ചൂടന്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പായുന്നത്.,നാം മലയാളികള്‍ താക്കോല്‍പ്പഴുതിലൂടെ നോക്കിക്കൊണ്ടേ ഇരിക്കുന്നത്. ഈ സ്വഭാവം നമുക്ക്‌ നിലനില്‍ക്കുന്നിടത്തോളം മാധ്യമങ്ങള്‍ ഇതാഘോഷിക്കും.ആര്‍ക്കും ആരെയും അപഹസിക്കാം.രേറ്റിംഗ് കൂടുതല്‍ ഉണ്ടായാല്‍ ഞാനും നിങ്ങളും ഒക്കെ അപഹസിക്കപ്പെടും നാം അത് കാണും. അതിന്റെ 'മൂല്യം' മനസ്സിലാക്കി ആരു മുന്‍പേ... ആരു മുന്‍പേ... എന്ന വാശിയില്‍ അത് ബ്ലോഗുകളിലുമെത്തും.നാം ചര്‍ച്ചചെയ്തു തകര്‍ത്തു വീണ്ടും ചാനലുകള്‍ക്ക്‌ മുന്നിലേക്ക്‌.മലയാളിയുടെ സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക്‌ ഒരിക്കലും യോജിക്കാത്ത ശരീരഅളവുകലുമായി സൂപ്പര്‍താരങ്ങളെ നിഷ്പ്രഭമാക്കിയ കിന്നരതുമ്പികള്‍ വാണനാട്. നല്ല മുഖം മൂടികള്‍ക്കായി തിരയാം.അടുത്ത ചര്‍ച്ചയിലും പങ്കെടുക്കേണ്ടതല്ലേ.

നാട്ടുകാരന്‍ said...

പുതിയ പോസ്റ്റ് വായിക്കൂ.......
കോഴിക്കോട് പെരുവണ്ണാമൂഴി പള്ളിയില്‍ അത്ഭുതം !