Friday, September 18, 2009

ഇവര്‍ കൂട്ടിലടക്കപ്പെട്ട ദൈവങ്ങളോ?

ഇന്നലെ വിശുദ്ധ കര്‍മ്മം അനുഷ്ടിക്കാന്‍ മക്കക്കു പോയ മലയാളികള്‍ അപകടത്തില്‍ മരിച്ചു !
കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ചോറൂണിനു ഗുരുവായൂര്‍ക്ക് പോയവര്‍ അപകടത്തില്‍ മരിച്ചു!
കഴിഞ്ഞ മാസം വേളാങ്കണ്ണിക്ക് തീര്‍ഥാടനത്തിനു പോയവര്‍ അപകടത്തില്‍ മരിച്ചു!

എന്തുകൊണ്ടാണിങ്ങനെയൊക്കെ സംഭവിക്കുന്നത്‌?
എന്തിനാണീ തീര്‍ഥാടനം?
അവിടെ ചെന്നെങ്കില്‍ മാത്രമേ ദൈവത്തെ കാണാന്‍ പറ്റുകയുള്ളോ?
ഇവര്‍ ജീവന്‍ കളഞ്ഞു കാണാന്‍ പോയ ഈ ദൈവങ്ങള്‍ കൂട്ടിലടക്കപ്പെട്ട ദൈവങ്ങളാണോ?
മനസറിഞ്ഞ് തന്നെ കാണണമെന്നാഗ്രഹിക്കുന്ന ഭക്തന്‍ സമയവും പണവും ആരോഗ്യവും ജീവനും നഷ്ടപ്പെടുത്തി ചെന്ന് ഈ ദൈവങ്ങളെ കാണാന്‍ മാത്രം അവരെന്താ ജയിലില്‍ ആണോ ?

ഞാനറിയുന്ന ദൈവം സര്‍വ്വവ്യാപിയാണ് !സര്‍വ്വശക്തനാണ്‌ !
ഈ രണ്ടു ഗുണങ്ങളുമില്ലെങ്കില്‍ ആ വ്യക്തിയെ അല്ലെങ്കില്‍ ശക്തിയെ ദൈവം എന്ന് വിളിക്കാന്‍ പോലും പറ്റില്ല. ഇങ്ങനെയുള്ള ദൈവത്തെ കാണാന്‍ ദൈവത്തിന്റെ കൂട്ടില്‍ ചെല്ലണോ? തന്റെ വീട്ടിലിരുന്നു തന്നെ ഭക്തന് ദൈവത്തെ ദര്‍ശിക്കാന്‍ സാധിക്കില്ലേ? അതോ ഭക്തന്റെ മുന്‍പില്‍ വരാന്‍ ദൈവം തയ്യാറല്ലേ? ഇപ്പോള്‍ ഞാന്‍ വിളിച്ചാല്‍ വരുന്ന , എന്റെ വിളി കേള്‍ക്കുന്ന എന്റെ ദൈവം തന്നെയല്ലേ ഗുരുവായൂരും വേളാങ്കണ്ണിയിലും മക്കയിലും ഉള്ളത് ? അതോ അവിടെയിരിക്കുമ്പോള്‍ ദൈവത്തിന്റെ ശക്തി വര്‍ധിക്കുമോ?എന്റെ മുന്‍പില്‍ വരുമ്പോള്‍ ദൈവത്തിനു ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ അവിടെയിരുന്നാല്‍ ചെയ്യാന്‍ സാധിക്കുമോ? (ലോകത്തിലെ ഒരു ജഡ്ജിക്ക് പോലും എല്ലായിടത്തും ഒരേ അധികാരമാണ്, ജഡ്ജി ഇരിക്കുന്നിടമാണ് കോടതി )

ഞാന്‍ മനസിലാക്കിയിടത്തോളം ഓരോ കൂട്ടിലിരിക്കുന്ന ദൈവങ്ങള്‍ അതാതു മതങ്ങളുടെ ഏറ്റവും നല്ല കചവടച്ചരക്കാണ്‌..... ഒരേ ദൈവങ്ങള്‍ക്ക് തന്നെ വിവിധസ്ഥലങ്ങളില്‍ വിവിധ ശക്തി! ചിലയിടത്ത് കൂടുതല്‍ ചിലയിടത്ത് കുറവ്! ഒരേ ദൈവങ്ങളുടെ തന്നെ വിവിധ കേന്ദ്രങ്ങളിലെ വരുമാനം ശ്രദ്ധിച്ചാല്‍ മനസിലാകുന്ന കാര്യം മാത്രമേ ഇതിലുള്ളൂ.....

ഇതിന്റെയെല്ലാം പുറകെ കണ്ണുമടച്ചു ഭ്രാന്തമായി ഓടുന്ന ഭക്തരെ എന്തെന്ന് വിളിക്കണം ? ഈ ദൈവത്തെ കാണാന്‍ എന്ത് ത്യാഗവും സഹിക്കും ! എന്നാല്‍ തൊട്ടടുത്തുള്ള നിരാലംബനായ ഒരു മനുഷ്യന്റെ ബലഹീനതക്ക് നേരെ നോക്കാന്‍ പോലും അവര്‍ക്ക് മടി! ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തവന് നൂറു രൂപ കൊടുക്കാന്‍ മടിയുള്ള ഈ ഭക്തര്‍ പതിനായിരങ്ങള്‍ മുടക്കി ദൈവത്തെ അവന്റെ കൂട്ടില്‍ ചെന്ന് കാണും , ദൈവത്തിന്റെ കൂടിന്റെ മേല്‍ക്കൂര സ്വര്‍ണ്ണം പൂശാനുള്ള പണവും കൊടുക്കും!

ഇങ്ങനെ കാശുമേടിച്ച്‌ ഈ ഭക്തനെയനുഗ്രഹിക്കുന്ന ദൈവമുണ്ടോ?
ഉണ്ടെങ്കില്‍ ആ ദൈവത്തെക്കാളും എത്രയോ ഭേദമാണ് വെറും മനുഷ്യര്‍!


ചിന്തിക്കൂ മനുഷ്യനാകൂ ..................
യഥാര്‍ത്ഥ ദൈവവിശ്വാസിയാകൂ........


16 comments:

നാട്ടുകാരന്‍ said...

ചിന്തിക്കൂ മനുഷ്യനാകൂ ..................
യഥാര്‍ത്ഥ ദൈവവിശ്വാസിയാകൂ........

siva // ശിവ said...

അറിയാത്ത കാര്യങ്ങളെക്കുറിച്ച് ഒന്നും പറയരുതെന്നാണല്ലോ!

ഏതെങ്കിലും ദൈവം, നീ വേളാങ്കണ്ണിയ്ക്കോ, ഗുരുവായൂര്‍ക്കോ, അല്ലെങ്കില്‍ മക്കയ്ക്കോ വരണമെന്നോ പറഞ്ഞതായിട്ട് എനിക്ക് അറിയില്ല്ല. അമ്പലവും പള്ളിയും മസ്ജിദുമെല്ലാം ദൈവങ്ങളുടെ ആഗ്രഹപ്രകാരം പണിതതുമല്ല.

എന്നാലും ഒരു സംശയം, “ജഡ്ജി ഇരിക്കുന്നിടമാണ് കോടതി“ എന്ന് എഴുതിയിരിക്കുന്നത് കണ്ടു, എന്നാല്‍ ഈ ജഡ്ജി ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ ഇരിയ്ക്കൂ എന്ന വാശിയിലാണേല്‍ എന്തു ചെയ്യും?

ചിന്തകന്‍ said...

പ്രിയ നാട്ടുകാരന്‍

വിശ്വാസം എന്തു മാവട്ടെ. ഈ തീര്‍ത്ഥാടനവും അപകടവുമായുള്ള ബന്ധം മനസ്സിലാവുന്നില്ല. ഒരു കാര്യം മനസ്സിലാകുന്നു താങ്കളുടെ വിശ്വാസത്തില്‍ തീര്‍ഥാടനമില്ല. ഇവിടെ അപകട കാരണം തീര്‍ഥാടനമാണോ? താങ്കള്‍ ഒന്നു കൂടി ഇക്കാര്യത്തില്‍ ചിന്തിക്കേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

അപകട മരണങ്ങള്‍ സംഭവിക്കുന്നതിന് കാരണം ദൈവമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? സര്‍വ്വ ശക്തനും സര്‍വ്വ വ്യപിയുമായ ദൈവം എന്തിനിതൊക്കെ ചെയ്യുന്നു ?

ആത്മീയ കച്ചവടവും അത് വഴിയുള്ള ചൂഷണവും എതിര്‍ക്കപെടേണ്ടത് തന്നെ.

ഈ പോസ്റ്റിന്റെ ഹെഡ്ഡിംഗിന്റെ ഉദ്ദേശം എനിക്ക് മനസ്സിലായിട്ടില്ല. :)

താങ്കളുടെ അഭിപ്രായത്തില്‍ ഒരു യഥാര്‍ഥ ദൈവ വിശ്വാസിയാവാന്‍ എന്താണ് ചെയ്യേണ്ടത് ?

നാട്ടുകാരന്‍ said...

ശിവ,
അങ്ങനെ ജഡ്ജി പറഞ്ഞാല്‍ അത് സമ്മതിച്ചേ പറ്റൂ..... ഈ ജട്ജിമാരോന്നും അങ്ങനെ പറഞ്ഞതായി ശിവക്കും എനിക്കും അറിയില്ല. പിന്നെ ആര്‍ക്കാണിത് നിശ്ചയം ?

നാട്ടുകാരന്‍ said...

ചിന്തകന്‍,
"അപകട മരണങ്ങള്‍ സംഭവിക്കുന്നതിന് കാരണം ദൈവമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?" ഇതൊന്നും എനിക്കറിയില്ല !

ഞാന്‍ ഇവിടെ പറയാന്‍ ഉദേശിച്ചത്‌ ദൈവത്തെകുടിയിരുത്തിയുള്ള ഈ ആത്മീയ കച്ചവടത്തെകുരിച്ചു മാത്രമാണ് !

യഥാര്‍ഥ ദൈവ വിശ്വാസിയാവാന്‍ ഇങ്ങനെ ഓടിനടക്കേണ്ട വല്ല കാര്യവുമുണ്ടോ എന്നാണു ഞാന്‍ ചൊദിക്കാനാഗ്രഹിക്കുന്നതു.
യഥാര്‍ഥ ദൈവ വിശ്വാസിയാവാന്‍ ദൈവത്തെ മനസിലാക്കുകയും കച്ചവടക്കാരെ തിരിച്ചറിയുകയും ചെയ്യുക എന്നതുമാത്രമാണ് എനിക്കറിയാവുന്ന പോംവഴി!

Kvartha Test said...

ഈയുള്ളവന്‍റെ ദൈവ സങ്കല്‍പ്പം ഇവിടെ എഴുതിയിട്ടുണ്ട്. - മനസ്സും മനസ്സാക്ഷിയായ ഈശ്വരനും. മക്കയിലും ശബരിമലയിലും കുരിശുമലയിലും ഒക്കെ പോകുന്നത് മനസ്സില്‍ നല്ല ചിന്തകള്‍ ഉണ്ടാക്കാനും കൂടുതല്‍ ചിന്തിക്കാനും സഹായിക്കാം, അതാണ്‌ ഈശ്വരാനുഗ്രഹം അഥവാ പ്രസാദം. അല്ലാതെ വഴിപാട് നേര്‍നിട്ടോ മൃത്യുഞ്ജയഹോമം നടത്തിയിട്ടോ നോ രക്ഷ! മനുഷ്യനെ മരണത്തില്‍ നിന്നും രക്ഷിക്കുക എന്നത് ഈശ്വരന്‍റെ കടമയായാല്‍, പിന്നെ എന്താവും ഭൂമിയുടെ സ്ഥിതി?! പണ്ടൊരു കാലനില്ലാത്ത കാലം വന്നപ്പോഴുള്ള സ്ഥിതി കേട്ടിട്ടില്ലേ?

ഈശ്വരനെ അറിയാന്‍ വെളിയിലേക്ക് എങ്ങും പോകേണ്ട, അവനവനിലേക്ക്‌ നോക്കൂ എന്നാണു ജ്ഞാനികള്‍ പറഞ്ഞതായി വായിച്ചിട്ടുള്ളത്.

ചിന്തകന്‍ said...


യഥാര്‍ഥ ദൈവ വിശ്വാസിയാവാന്‍ ഇങ്ങനെ ഓടിനടക്കേണ്ട വല്ല കാര്യവുമുണ്ടോ എന്നാണു ഞാന്‍ ചൊദിക്കാനാഗ്രഹിക്കുന്നതു.

ഓടി നടക്കുക എന്നത് കൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് തീര്‍ഥാടനത്തെയാണെങ്കില്‍ വീയോജിപ്പുണ്ട്. താങ്കളുടെ പോസ്റ്റിന്റെ സന്ദേശം കച്ചവട ആത്മീ‍യതയെ എതിര്‍ക്കാ‍നാണെങ്കില്‍ ആ ഉദ്ദേശ ശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.

എന്നാല്‍ പോസ്റ്റ് അപകടവും പുണ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതുമായി എന്തോ ബന്ധം സ്ഥാപിക്കാനുള്ളത് ശ്രമം പോലെ തോന്നുന്നു.

ഇനി താങ്കളുടെ വിശ്വാസം തീര്‍ഥാടന യാത്രയെ അനുകൂലിക്കുന്നില്ലെങ്കില്‍ താങ്കള്‍ പറയുന്ന “യഥാര്‍ഥ ദൈവ വിശ്വാസം“ ആ നിലക്ക് അവതരിപ്പിക്കുന്നതാ‍ാണ് കൂടുതല്‍ യുക്തിപൂര്‍ണമായത് എന്ന് എനിക്ക് തോന്നുന്നു.

തീര്‍ഥാടനത്തിന് ഒരു പാട് അര്‍ഥ തലങ്ങളുണ്ട്. പുറമേ നിന്ന് കാണുന്ന ഒരാള്‍ക്ക് “കുറ്റിയടിച്ച” ദൈവത്തെ കാണാ‍ന്‍ പോകുന്നത് പോലെ തോന്നുന്നത് അത് അദ്ദേഹത്തിന്റെ മാത്രം പ്രശ്നമാണ്. ഒരു കാ‍ര്യത്തെ അത് എന്താണെന്ന് പഠിച്ചതിന് ശേഷം വിമര്‍ശിക്കുന്നതാണ് ഉചിതം എന്ന് തോന്നുന്നു. :)


“നിങ്ങളാണോ ദൈവ വിശ്വാസികള്‍“ എന്ന ചോദ്യം അപകടത്തില്‍ മരിച്ചവരോടാണോ?

നാട്ടുകാരന്‍ said...

ചിന്തകന്‍,

ഇവിടെ വന്നു പ്രതികരിക്ക്ന്നതിനു നന്ദി! താങ്കളുടെ അഭിപ്രായം മാനിച്ചു തലക്കെട്ട്‌ മാറ്റിയിട്ടുണ്ട്!
താങ്കളുടെ പല പോസ്സ്റുകളും വായിക്കുന്ന ഒരാള്‍ എന്ന നിലയില്‍ താങ്കളുടെ ഇവിടെയുള്ള കമെന്റിന്റെ ഉദേശ്യം മനസിലാകുന്നു.
എന്നാല്‍ താങ്കളോട് സംവാദം നടത്താനുല്ലത്ര വിവരം എനിക്കില്ലാത്തതിനാല്‍ ഞാന്‍ ആ ഉദ്യമത്തിനില്ല!

വീകെ said...

ദൈവ വിശ്വാസമെന്നാൽ ഓരോരുത്തർക്കും വിഭിന്നമാണ്.

എന്റെ വീടിന്റെ ചുമരിൽ തൂങ്ങുന്ന ദൈവത്തിന്റെ മുന്നിൽ വിളക്കു വച്ച് പ്രാർത്ഥിക്കുമ്പോൾ കിട്ടുന്ന മന:ശ്ശാന്തിയും സമധാനവും ഒന്നും മറ്റെവിടെ പോയി പ്രാർത്ഥിച്ചാലും കിട്ടാറില്ല.

ഇവിടെ പണം മുടക്കില്ല, ക്യൂ നിൽക്കണ്ട, കൺ‌നിറയെ കാണാം,ആവശ്യമുള്ളത്ര നേരം നിന്നു പ്രാർത്ഥിക്കാം.

chithrakaran:ചിത്രകാരന്‍ said...
This comment has been removed by the author.
chithrakaran:ചിത്രകാരന്‍ said...

നല്ല ചിന്ത!
ദൈവത്തെ കാണാന്‍ തെണ്ടിനടക്കുന്നവരും,
സിനിമാതാരത്തേയും,ക്രിക്കറ്റുകളിക്കാരനേയും
അടുത്തുകാണാന്‍ ഓടിനടക്കുന്നവരും സമൂഹത്തിലെ
അടിമബുദ്ധിയുള്ള മനുഷ്യരാണ്.
സൂര്യപ്രകാശമാണെന്നുകരുതി വിളക്കിനെ വലംവക്കുന്ന
ഇയ്യാമ്പാറ്റകളെയാണ് ഈ അടിമമനസുകള്‍
ഓര്‍മ്മിപ്പിക്കുന്നത് :)

മലമൂട്ടില്‍ മത്തായി said...

I do agree to the comment that God is everywhere.

That said, in India, going for pilgrimages is just an excuse for sight seeing. Most of the folks who go for these trips enjoy the trip in itself. There is a decent amount of sight seeing involved in all of these so called pilgrimages.

നിസ്സഹായന്‍ said...

താങ്കള്‍ക്ക് ദൈവത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ല. മരണം ദൈവസന്നിധിയില്‍ എത്താനുള്ള മാര്‍ഗ്ഗമാണ്. എത്രയും വേഗം ദൈവം നമ്മളെ തട്ടിക്കളയുന്നുവോ അത്രയും സ്നേഹം ദൈവത്തിന് നമ്മോടുണ്ട് എന്ന് മനസ്സിലാക്കണം. കാരണം അദ്ദേഹം ഈ ഭൂമിയില്‍ ഇട്ട് നമ്മെ കഷ്ടപ്പെടുത്താതെ നേരത്തെ അദ്ദേഹത്തിന്റെ അടുക്കലേയ്ക്ക് വിളിക്കുകയല്ലേ ! ചില കുഞ്ഞുങ്ങള്‍ ജനിച്ചുവീഴുന്നതിനു മുന്‍പ് മരിക്കുന്നില്ലേ, അതിന്റെ അര്‍ത്ഥം ദൈവം ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നതവരെയാണ്. കാരണം ഈ ഭൂമിയിലെ നരകജീവിതം എന്താണെന്നറിയാന്‍ പോലും അവസരം കൊടുക്കാതെ അവരെ ദൈവം നേരെ സ്വര്‍ഗ്ഗത്തിലേയ്ക്ക്ക്ക് കെട്ടിയെടുക്കുകയാണ്.
“ഇന്നലെ വിശുദ്ധ കര്‍മ്മം അനുഷ്ടിക്കാന്‍ മക്കക്കു പോയ മലയാളികള്‍ അപകടത്തില്‍ മരിച്ചു !
കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ചോറൂണിനു ഗുരുവായൂര്‍ക്ക് പോയവര്‍ അപകടത്തില്‍ മരിച്ചു!
കഴിഞ്ഞ മാസം വേളാങ്കണ്ണിക്ക് തീര്‍ഥാടനത്തിനു പോയവര്‍ അപകടത്തില്‍ മരിച്ചു!”
ഇതൊരു അനുഗ്രഹമല്ലേ സുഹൃത്തേ ?ദൈവത്തിന് ഏറ്റവും ഇഷ്ടം അവിടുത്തെ ഭക്തരെയാണ്. അതുകൊണ്ട് ഭക്തര്‍ ദൈവസേവ ചെയ്തുകൊണ്ടിക്കുമ്പോള്‍ തന്നെ അദ്ദേഹം അവരെ വിളിക്കുന്നു. ഇതില്‍ കൂടുതല്‍ ഒന്നും ദൈവത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത് അഹങ്കാരമാണ്. അഹങ്കാരികളെ ദൈവം കൂടുതല്‍ ആയുസ്സും ആരോഗ്യവും നല്‍കി ശിക്ഷിക്കും !!

പാവപ്പെട്ടവൻ said...

ചിന്തിക്കൂ മനുഷ്യനാകൂ ..................
യഥാര്‍ത്ഥ ദൈവവിശ്വാസിയാകൂ
നല്ല കാതലുള്ള ചിന്ത.
കൊടു കൈ........

.. said...

-

നാട്ടുകാരന്‍ said...

പുതിയ പോസ്റ്റ് വായിക്കൂ.......
കോഴിക്കോട് പെരുവണ്ണാമൂഴി പള്ളിയില്‍ അത്ഭുതം !