Sunday, August 16, 2009

ഇത്രക്കും ഞെട്ടണോ?

"അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ പ്രമുഖ ബോളിവുഡ് താരം ഷാരൂഖ്‌ ഖാനെ രണ്ടു മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെത്രേ.!" പേരിനെ മാത്രം അടിസ്ഥാനമാക്കി ന്യൂയോര്‍ക്കില്‍ തടഞ്ഞു വച്ചത് തന്നെ ഞെട്ടിച്ചു എന്ന് പിന്നീട് ഷാരൂഖ്‌ പറഞ്ഞു.

മറ്റൊരു രാജ്യത്തെ സിനിമാ താരം ഈ രാജ്യത്ത് വന്നിറങ്ങുമ്പോള്‍ നമുക്കെന്തെങ്കിലും സംശയം തോന്നിയാല്‍ പരിശോധിക്കാന്‍ നമുക്കവകാശമില്ലേ? അതോ അവന്‍ ആ രാജ്യത്ത് വെല്ല്യ പുലിയാണ് അതുകൊണ്ട് ഇവിടെ അങ്ങനേ ഒരു പരിശോധനയും കൂടാതെ പൊക്കോട്ടെ എന്ന് തീരുമാനിക്കുമോ ? അതോ ആരാധന മൂത്ത് സെക്യൂരിറ്റി ഓഫീസര്‍ തൊട്ടു മുത്തുമോ? ചിലപ്പോള്‍ നമ്മില്‍ പലരും അങ്ങനെ ചെയ്തേക്കും ! അതുകൊണ്ടാണ് നമുക്കെല്ലാം കൃത്യമായി ജോലി ചെയ്യുന്നവരോട് സഹിഷ്ണുത കാണിക്കാന്‍ ഇത്ര ബുദ്ധിമുട്ട് !

ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട് " All are Equal But Some are More Equal".
എല്ലായിടത്തും ഇതൊന്നും ചിലവാകാന്‍ സാധ്യതയില്ല!

യഥാര്‍ത്ഥ പൌരബോധവും ജോലിയോട് ഉത്തരവദിത്വവുമുള്ള ഏതൊരാളും ഏത് പ്രമുഖന്റെ മുന്‍പിലും തന്റെ കടമ മറക്കാതെ ജോലി ചെയ്യും! അമേരിക്കയില്‍ വിമാനം ഇറങ്ങുന്ന എല്ലാ മുസ്ലിംകളും മിനിമം രണ്ടു മണിക്കൂറെങ്കിലും തടഞ്ഞുവെക്കപ്പെടുന്നു എന്ന് കരുതാനാവുമോ? അങ്ങനെ തടയപ്പെടുന്നില്ലെങ്കില്‍ ഷാരൂഖിന്റെ കാര്യത്തില്‍ മറ്റെന്തെങ്കിലും കുഴപ്പമാവും കാരണം എന്നല്ലേ അനുമാനിക്കാനാവൂ .....? അതിനു പകരം മുസ്ലിം വിരോധം ആരോപിക്കുന്നത് നല്ല ലക്ഷ്യത്തോടെ ആവില്ല! അമേരിക്ക എന്ത് ചെയ്താലും കുഴപ്പം! അമേരിക്കയുടെ സുരക്ഷിതത്ത്വം പിന്നെ ആര് നോക്കും? മുസ്ലിം നാമധാരി ആയതുകൊണ്ട് ചെക്ക് ചെയ്യണം എന്നോ ചെക്ക് ചെയ്യരുത് എന്നോ ഇല്ലല്ലോ? അതൊക്കെ അവിടിരിക്കുന്ന ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തില്‍പ്പെട്ടതല്ലേ ? ഇതിലെല്ലാം മുസ്ലിം എന്ന പേര്‍ വലിച്ചിഴക്കുന്നവരല്ലേ ശരിക്കും ഇസ്ലാമിനെ അപമാനിക്കുന്നവര്‍?

ഒരു അമേരിക്കന്‍ സെക്യൂരിറ്റി ഓഫീസര്‍ക്ക് അവന്റെ രാജ്യത്തിറങ്ങുന്ന ഏതൊരാളെയും വിശദമായി പരിശോധിക്കാന്‍ അവകാശമുണ്ട്‌ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് . അത് പോലെ മറ്റു ഏത് രാജ്യക്കാര്‍ക്കും . ഇതിനായി അവര്‍ക്ക് അവരുടെ രാജ്യത്തിന്റെ നിയമം മാത്രമേ നോക്കേണ്ടതുള്ളൂ. വ്യക്തമായ ഉത്തരം നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ രണ്ടു മണിക്കൂറല്ല രണ്ടു ദിവസം തന്നെ അവിടിരിക്കേണ്ടി വരും ! ഇവിടുത്തെ ചില നേതാക്കന്മാര്‍ക്കും താരങ്ങള്‍ക്കും സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന ഉദ്യോഗസ്ഥന്മാരെ മാത്രമേ കണ്ടു പരിചയമുള്ളൂ ! അതാണ്‌ കുഴപ്പം ! ഇവിടുത്തെ താര ജാഡ അവിടെ കാണിച്ചാല്‍ നടപ്പിലാവില്ല എന്നവര്‍ക്കറിയില്ലായിരുന്നു എന്ന് തോന്നുന്നു. ഇനി അത്ര അഭിമാനക്ഷതം സംഭവിച്ചു എന്ന് തോന്നുന്നു എങ്കില്‍ ഇനി മേലാല്‍ ആ മര്യാദ ഇല്ലാത്ത രാജ്യത്ത്‌ കാലു കുത്തരുത്. അതാണ്‌ ആണത്വം ! (അങ്ങനെയും ചരിത്രമുണ്ട്!) അല്ലാതെ വെറുതെ ഞെട്ടി ഈ രാജ്യത്തിന് നാണക്കേടുണ്ടാക്കരുത്!

മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുല്‍ കലാമിനെ നമ്മുടെ രാജ്യത്ത്‌ വെച്ച് ദേഹ പരിശോധന നടത്തിയിട്ടും (അത് തികച്ചും തെറ്റാണെന്നു മനസ്സിലാക്കി രാഷ്ട്രം ഞെട്ടിയപ്പോഴും ) അദ്ദേഹം ഞെട്ടിയില്ല ! കാരണം നിയമം എന്താണെന്ന് അറിയാവുന്ന ആളാണ്‌ മഹാനായ മുന്‍ രാഷ്ട്രപതി ! നിയമത്തെ എങ്ങിനെ ബഹുമാനിക്കണമെന്നും അദ്ദേഹത്തിനറിയാം. ഇങ്ങനെ നമ്മുടെ രാജ്യത്ത്‌ സംഭവിച്ചതിനു രാജ്യം ആ മഹാനോട് മാപ്പ് പറയുക പോലും ചെയ്തു!

ഈ അവസരത്തിലാണ് മസ്സില് കാട്ടി സ്വയം മഹാനായ ഒരാള്‍ ഞെട്ടിയതിലെ പ്രസക്തി വായിച്ചറിയേണ്ടത്. ചോദ്യം ചെയ്യപ്പെടാന്‍ പോലും പാടില്ലാത്ത വിധം ഷാരൂഖ്‌ ഖാന്‍ ഇന്ത്യയിലെ ആരാണാവോ?

അതുകൊണ്ട്, എത്ര വലിയവനായാലും മുഖം നോക്കാതെ നിയമപ്രകാരം ഡ്യുട്ടി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ !

Tuesday, August 11, 2009

മാന്ദ്യം പള്ളികളേയും ബാധിച്ചു

" ആഗോള സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെ കത്തോലിക്ക പള്ളികളെയും സാരമായി ബാധിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ പുരോഹിതര്‍ക്ക് കുര്‍ബാന ചൊല്ലിക്കുന്നതിനുള്ള ഓര്‍ഡര്‍ ലഭിക്കുന്നതില്‍ അമ്പത് ശതമാനത്തോളം ഇടിവുണ്ടായതായി സിബിസിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വന്ന ലേഖനത്തില്‍ പറയുന്നു.

കത്തോലിക്കര്‍ കൂടുതലായുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കുര്‍ബാന ചൊല്ലിക്കുന്നതിനുള്ള ഓര്‍ഡറുകള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഒഴുകിയെത്തിയിരുന്നു. പുരോഹിതര്‍ക്ക് ക്ഷാമം അനുഭവപ്പെടുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ അഭ്യര്‍ത്ഥനകള്‍ കൂടുതലായി വന്നുകൊണ്ടിരുന്നത്. എന്നാല്‍ മാന്ദ്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇതില്‍ കാര്യമായ കുറവ് വന്നതായി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എറണാകുളം-അങ്കമാലി രൂപതകളുടെ സഹായ മെത്രാന്‍ സെബാസ്റ്റിന്‍ എടയന്ത്രത്ത് ആണ് ലേഖനമെഴുതിയിരിക്കുന്നത്.

മതപരമായ കാര്യങ്ങളില്‍ ‘ഔട്ട്‌സോഴ്സിംഗ്‘ എന്ന പദം ഉപയോഗിക്കാനാവില്ലെങ്കിലും കത്തോലിക്ക പള്ളികളില്‍ ഇത് നൂറ് വര്‍ഷത്തിലധികമായി നടന്നുകൊണ്ടിരിക്കുന്നതായി സീറോ മലബാര്‍ കത്തോലിക്ക ചര്‍ച്ചിന്‍റെ ഔദ്യോഗിക വക്താവ് ഫാദര്‍ പോള്‍ തലേക്കാട്ട് പറഞ്ഞു.

കത്തോലിക്ക ചര്‍ച്ചിന്‍റെ നിബന്ധനകള്‍ പ്രകാരം ഒരു പുരോഹിതന് ഒരാള്‍ക്ക് മാത്രമേ ഒരു ദിവസം കുര്‍ബാന ചൊല്ലിക്കല്‍ ചടങ്ങ് നടത്തിക്കൊടുക്കാനാവൂ. നിലവില്‍ ഇവിടെയുള്ള ആളുകള്‍ക്ക് കുര്‍ബാന ചൊല്ലിക്കാന്‍ അമ്പത് രൂപയാണ് നിരക്ക്. വിദേശത്ത് നിന്നാണ് ഓര്‍ഡര്‍ വരുന്നതെങ്കില്‍ അഞ്ച് ഡോളര്‍ വരെയാണ് നിരക്ക്.

കേരളത്തിലെ 32 ദശലക്ഷം ജനങ്ങളില്‍ 23 ശതമാനവും ക്രിസ്ത്യാനികളാണ്. ഇതില്‍ തന്നെ പകുതിയിലധികവും കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവരാണ്. ആറായിരത്തിലധികം പുരോഹിതരാണ് സംസ്ഥാനത്തുള്ളത്.

അതേസമയം വിദേശത്ത് നിന്നുള്ള കുര്‍ബാന ചൊല്ലിക്കല്‍ ഓര്‍ഡറുകളില്‍ കുറവ് വന്നതായി അറിയില്ലെന്ന് കേരള ബിഷപ്സ് കോണ്‍ഫറന്‍സ് വക്താവ് ഫാ സ്റ്റീഫന്‍ ആല‌ത്തറ പറഞ്ഞു. എന്നാല്‍ വിദേശത്ത് നിന്നെത്തുന്ന ധനസഹായങ്ങളില്‍ കുറവ് വന്നതായി അദ്ദേഹം സമ്മതിച്ചു. "

കടപ്പാട്‌ : വെബ്‌ ദുനിയ.

ഇനി കൂടുതല്‍ മാര്‍ക്കെറ്റിംഗ് തന്ത്രങ്ങള്‍ പ്രതീക്ഷിക്കാമായിരിക്കും .
ചെലവ്ചുരുക്കലിന്റെ ഭാഗമായി അച്ചന്മാരെ പിരിച്ചുവിടുമോ പോലും?
പള്ളികള്‍ പൂട്ടിയിടുമായിരിക്കും അല്ലേ?
ഇതൊന്നുമല്ലെങ്കില്‍ കച്ചവടത്തില്‍ വൈവിധ്യം വരുത്തുമായിരിക്കും !
കൂടുതല്‍ ധനാഗമന മാര്‍ഗങ്ങള്‍ കണ്ടെത്തുമായിരിക്കും !
വിവിധ തരത്തിലുള്ള നേര്‍ച്ചകള്‍ പുതിയതായി കണ്ടെത്തും !
കൂടുതല്‍ വിശുദ്ധരെ പ്രഖ്യാപിക്കും !

ജെരൂസലേം ദേവാലയത്തില്‍ കച്ചവടം നടത്തിയവരെ ചാട്ടക്കടിച്ചു പുറത്താക്കിയ ക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്നാണ് ഇവരും അവകാശപ്പെടുന്നത് !


കഷ്ടം........ വേറെന്തു പറയാന്‍ !

Saturday, August 1, 2009

പോലീസിനെ പണി പഠിപ്പിക്കാം!

ആദ്യം ഇതൊന്നു വായിക്കുക ..... തുടര്‍ന്ന് വായിക്കുക!

ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍ ജനം ഏറ്റവും അധികം പേടിക്കുന്ന ഉദ്യോഗസ്ഥരാണ് പോലീസുകാര്‍. എന്നാല്‍ ഏറ്റവും എളുപ്പം നടപടി എടുപ്പിക്കവുന്ന വകുപ്പും ഇത് തന്നെയാണ് . പക്ഷെ നാം അല്പം ക്ഷമയോടെ സമയം മിനക്കെടുത്തണം എന്ന് മാത്രം. കുറച്ചുപേരെങ്കിലും ഇങ്ങനെ ചെയ്‌താല്‍ നമ്മുടെ പോലീസുകാരിലെ കളകളെ ഒക്കെ നീക്കം ചെയ്യാന്‍ സാധിക്കും!

ചില പ്രധാന നിര്‍ദേശങ്ങള്‍ :

വ്യക്തിപരമല്ലാത്ത (നമ്മെ നേരിട്ട് ബാധിക്കാത്തതും സമൂഹത്തിനെ ബാധിക്കുന്നതുമായ കുറ്റകൃത്യങ്ങള്‍ ) വളരെ എളുപ്പത്തില്‍ പോലീസിനെ അറിയിക്കാനും നടപടിയെടുപ്പിക്കാനും കഴിയും . ഇത് നാം പൌരബോധത്തോടെ ചെയ്യണം ! എത്ര പിടിപാടുള്ള ആളാണെങ്കിലും കുറച്ചെങ്കിലും ബുദ്ധിമുട്ടാതെ ഊരിപ്പോരാന്‍ കഴിയുകില്ല. ഈ ബുദ്ധിമുട്ടുകള്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്നതില്‍ നിന്നും ഒരു പരിധിവരെ ആളുകളെ തടയും.

ഉദാഹരണത്തിന്‌ റോഡില്‍ ഓവര്‍ സ്പീഡില്‍ പോകുന്ന ഒരു ബസ്‌ കണ്ടാല്‍ നമുക്ക് ഉടന്‍ തന്നെ 100 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു പറയാം . ഇത് ഫ്രീ കാള്‍ ആണ്. അതിനാല്‍ ചിലവുപോലുമില്ല. നമ്മുടെ പേര് പോലും പറയേണ്ട ആവശ്യം ഇതില്‍ വരുന്നില്ല. ഇങ്ങനെ വിളിച്ചു പറയുന്ന ഓരോ പരാതിയും പോലീസ്‌ കണ്ട്രോള്‍ റൂം രജിസ്റ്ററില്‍ പരാതി നമ്പര്‍ സഹിതം രേഖപ്പെടുത്തി നടപടിയെടുക്കണം . ഇല്ലെങ്കില്‍ കണ്ട്രോള്‍ റൂമില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ സമാധാനം പറയേണ്ടി വരും ! അതിനു നടപടിയെടുക്കാനാവശ്യമായ സമയത്തിനു ശേഷം വീണ്ടും നാം പരാതിയില്‍ എന്ത് നടപടിയെടുത്തു എന്ന് വിളിച്ചന്വേഷിക്കണം. ഉത്തരവാദപ്പെട്ടവര്‍ ഇങ്ങനെ നടപടിയെടുത്തില്ലെങ്കില്‍ ഈ കാരണം കാണിച്ചു കണ്ട്രോള്‍ റൂമിലെ പരാതി നമ്പര്‍ സഹിതം വിശദമായി ഒരു പരാതി പോലീസിന്റെ വിവിധ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കണം. പടിപടിയായി മുകളിലേക്ക് പോകുന്നതാണ് ഉത്തമം. അധികം മുകളിലേക്ക് പോകാതെ തന്നെ നടപടി ഉണ്ടാകും . തീര്‍ച്ച. ഇങ്ങനെ നാം ഇവരെക്കൊണ്ട് നടപടികളെടുപ്പിക്കണം. ഇമെയില്‍ ആയി പരാതികള്‍ നല്‍കാനുള്ള സംവിധാനവും ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്. തുടരെ ആളുകള്‍ ഇത് ചെയ്യാന്‍ തുടങ്ങിയാല്‍ അനവധി കുറ്റകൃത്യങ്ങള്‍ തടയാന്‍ നമുക്ക് സാധിക്കും . പ്രധാനമായും ട്രാഫിക്‌ കേസുകള്‍ ! ആശ്രദ്ധമായി വണ്ടി ഓടിക്കുന്ന ബസ്‌ ഡ്രൈവര്‍ ദിവസവും സ്റ്റേഷനില്‍ ചെന്ന് നൂറു രൂപ പിഴയോ കൈക്കൂലിയോ ആയി നല്‍കേണ്ട അവസ്ഥ വന്നാല്‍ തീര്‍ച്ചയായും മര്യാദക്ക് വണ്ടി ഓടിച്ചുപോകും !

  • നമ്മുടെ ഒരു ഫ്രീ കാള്‍ പലപ്പോഴും പലരുടെയും ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും !
  • നമ്മുടെ അല്പം സമയം നമ്മുടെ സമൂഹത്തിന്റെ നന്മക്കു ഉപകരിക്കും .
  • അതിനാല്‍ നമ്മുടെ പൌരബോധം ഈ കാര്യത്തിലെങ്കിലും കാണിക്കൂ ...
  • ഒരു തവണയെങ്കിലും ഒന്ന് ശ്രമിച്ചു നോക്കൂ ....
  • എല്ലാം നിസ്സാരമായി തള്ളിക്കളയുന്ന പ്രവണത അവസാനിപ്പിക്കൂ ....
  • നാം ചെയ്യാനുള്ളത് ചെയ്യാതെ വെറുതെ പോലീസിനെ കുറ്റം പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല.
  • അണ്ണാന്‍ കുഞ്ഞിനും തന്നാലായത് ചെയ്യാന്‍ ശ്രമിച്ചുകൂടേ?



ഞാനിത് വെറുതെ പറയുന്നതല്ല ....... അനുഭവത്തില്‍ നിന്നും പറയുന്നതാണ്.


ചില സഹായ വിവരങ്ങള്‍ :

കേരള പോലീസിലെ മുഴുവന്‍ ഇമെയില്‍ അട്രെസ്സുകളും ഇവിടെ. ഇതില്‍ ഇമെയില്‍ ആയി പരാതികള്‍ അയക്കാം.

ഓരോ പോലീസ്‌ ഓഫീസുകളിലെയും വിവരാവകാശ ഓഫീസര്‍മാരുടെ വിലാസം ഇവിടെയുണ്ട് .

മനസലിവുള്ള പോലീസുകാര്‍ !

"ഏറ്റവും ഒടുവിലത്തെ ട്രാഫിക് സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ വാഹനാപകടങ്ങളില്‍ അറുപതു ശതമാനവും മദ്യപിച്ചു വാഹനമോടിക്കുന്നതുകൊണ്ടാണെന്നു കണ്ടെത്തിയിരിക്കുന്നു ! അതായത് ഒരു വര്‍ഷം ഏകദേശം അര ലക്ഷത്തോളം ആളുകള്‍ ഇങ്ങനെയുള്ള വാഹനാപകടത്തില്‍പ്പെടുന്നു!"

ഇന്ന് സാധാരണ കാണുന്ന ഒരു പ്രതിഭാസമാണ് മദ്യപിച്ചുള്ള വാഹനമോടിക്കല്‍ ! അല്പം കഴിച്ചു കഴിഞ്ഞാല്‍ പിന്നെ ധൈര്യം അങ്ങോട്ട് ഇരച്ചു കയറുകയായി ! പിന്നെ എങ്ങിനെ വേണമെങ്കിലും എതിലൂടെ വേണമെങ്കിലും എത്ര സ്പീടിലും വാഹനം ഓടിക്കാം .......
എനിക്കൊരെതിര്‍പ്പുമില്ല !
എന്നാല്‍ ഒരു കുഴപ്പവുമുണ്ടാക്കാതെ മര്യാദക്ക് റോഡിന്റെ സൈഡില്‍ കൂടി മാത്രം നടക്കുന്ന എന്റെ നെഞ്ചത്ത് നിങ്ങളുടെ വണ്ടി കയറുമ്പോള്‍ ഞാനെന്തു ചെയ്യണം? എന്റെ കുടുംബം എന്ത് ചെയ്യണം?

കേരളത്തിലെ എല്ലാ പോലീസ് ഓഫീസര്‍മാര്‍ക്കും മാസത്തില്‍ നിശ്ചിത എണ്ണം പെറ്റിക്കേസ് പിടിക്കണം എന്ന് നിര്‍ദേശമുണ്ട് . ട്രാഫിക്‌ പോലീസ് ഓഫീസര്‍മാര്‍ക്കു കൂടുതല്‍ കേസ് പിടിക്കണം എന്നുമുണ്ട്. സമയം തീരാറാകുമ്പോള്‍ മുന്‍പില്‍ വന്നു പെടുന്നവരെ പിടിക്കാറാണ് സാധാരണ പതിവ്. ഇവര്‍ നേരാം വണ്ണം പിടിച്ചിരുന്നെങ്കില്‍ ഇത്രയും വാഹനാപകടങ്ങള്‍ മദ്യപാനം മൂലം ഉണ്ടാകുമായിരുന്നോ?

കേരളത്തിലെ ബാറുകള്‍ക്ക് മുന്‍പില്‍ എവിടെയെങ്കിലും ഒരു പോലീസുകാരനെ കണ്ടിട്ടുണ്ടോ? പള്ളിയില്‍ പോയിട്ട് വരുന്നത് പോലെയല്ലേ അവിടുന്ന് ആളുകള്‍ ഇറങ്ങിവരുന്നത്! പിന്നെ എന്തിനാണ് അവിടെ പോലീസ്‌ ?

ഈ ബാറിനുള്ളില്‍ നിന്ന് ഇറങ്ങിവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ അവിടെ വച്ച് ചെക്ക് ചെയ്‌താല്‍ തന്നെ മദ്യപിച്ചുള്ള ഡ്രൈവിംഗ് തടയാന്‍ സാധിക്കില്ലേ? എന്നാല്‍ ചിലര്‍ അങ്ങനെ ചെക്കിങ്ങിനു നില്‍ക്കാറുമുണ്ട് . പിറ്റേ ദിവസം ബാര്‍ മുതലാളി സ്റ്റേഷനില്‍ എത്തും, കച്ചവടം നശിപ്പിക്കരുതെന്നുള്ള അപേക്ഷയുമായി ! പോലീസുകാരുടെ മനസലിഞ്ഞു പോകും ! അവരും മനുഷ്യരല്ലേ ?

എവിടെയാണ് നമുക്ക് തെറ്റിയത്?

വിവരവും വിദ്യാഭ്യാസവും കൂടിപ്പോയതോ?
എന്തും ചെയ്യാം ആരും ചോദിക്കാനില്ല എന്നുള്ള ധൈര്യമോ?
ശിക്ഷ വന്നാലും ഇത്രക്കെ ഉള്ളൂ എന്നുള്ള തിരിച്ചറിവോ?
അപരന്റെ ജീവന്റെ വിലയില്ലായ്മയെക്കുറിച്ചുള്ള "ബോധ്യ"മോ?
നമുക്കെന്തു ചെയ്യാന്‍ സാധിക്കും ?