Monday, December 21, 2009

ഇനിമേല്‍ പാന്റ്സിടുന്നില്ല!

“ഇന്നുമുതല്‍ പാന്റ്സിടുന്നില്ല“ എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ നാട്ടുകാരന്‍ ആഗ്രഹിക്കുന്നു. കാരണം, ഒന്നു പ്രശസ്തനാവാനും അങ്ങനെ ആരാധകവ്രുന്ദങ്ങളുടെ ഇടയില്‍ ജീവിക്കാനും ഏതൊരു സാധാരണക്കാരനേപ്പോലെ എനിക്കും ആഗ്രഹമില്ലേ?

അതിനാല്‍ “തൊടുപുഴ പ്രഖ്യാപനം” എന്ന നിലയില്‍ ചരിത്രത്തിലിടം നേടുന്ന ഈ പ്രഖ്യാപനം ഇന്ന് ഇവിടെ (തൊടുപുഴ) വച്ച് ഞാന്‍ പ്രഖ്യാപിക്കുന്നു.

“ ഇതുവരെ പാന്റ്സ് മാത്രം ധരിച്ചിരുന്ന ഞാന്‍ ഇന്നു മുതല്‍ പാന്റ്സിടില്ല.....
മുണ്ട് മാത്രമേ ധരിക്കൂ....
അതും പെട്ടെന്ന് അഴിഞ്ഞുപോകുന്ന രീതിയില്‍ മാത്രം “



ഇതാണ്  നാട്ടുകാരന്റെ പ്രലോഭനം.

പലപല ആഗ്രഹങ്ങളുമുള്ള എന്നേപ്പോലുള്ള ഒരു സാധാരണ മലയാളിക്ക് ഇങ്ങനെയൊക്കെ പ്രശസ്തനാവാം എന്നു കാണിച്ചുതന്ന ആ ധീരപുരുഷന് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല ! ഏതായാലും മാര്‍ക്കെറ്റിങ്ങ് തന്ത്രങ്ങളുടെ ആ കുലപതിക്ക് നാട്ടുകാരന്റെ വക ഒരു നൂറ് പ്രണാമം!

വെറുതെ തുണിപറിച്ച് കാണിച്ചാല്‍ ഒന്നുകില്‍ പോലീസുപിടിക്കും അല്ലെങ്കില്‍ ഭ്രാന്താശുപത്രിയില്‍ ആക്കും. പിന്നെങ്ങിനെ ശരിയാകും എന്നുള്ള ചിന്തയിലാണ് ഈ പുതിയ പരസ്യതന്ത്രം ശ്രദ്ദയില്‍പ്പെട്ടത്.

ഒരു മുണ്ടുമുടുത്ത് നടുറോഡില്‍ വഴക്കുണ്ടാക്കുക.... അതിനിടയില്‍ ആരേക്കൊണ്ടെങ്കിലും മുണ്ട് പറിപ്പിച്ച് കളയാന്‍ ഇടപാട് ചെയ്യിക്കണം.... ഇത് നല്ല രീതിയില്‍ കവര്‍ ചെയ്യാന്‍ ചാനലുകാരേയും ഏര്‍പ്പാടുചെയ്യണം.... പറ്റുമെങ്കില്‍ പ്രൈംടൈമില്‍ ഒരു ചര്‍ച്ചയും സംഖടിപ്പിക്കുക. ഇതിനു വരുന്ന ചിലവൊന്നും ഒരു ചിലവായി കണക്കുകൂട്ടണ്ട.... കാരണം വിജയിക്കുന്ന കച്ചവടത്തില്‍ മുടക്കുമുതലിനേപ്പറ്റി വിഷമിക്കേണ്ട കാര്യമില്ലല്ലോ ? ഇങ്ങനെ ചെയ്താല്‍ ഒരിക്കലും സെന്‍സര്‍ ബോര്‍ഡിനു ഇടപെടാന്‍ പറ്റില്ല. മാത്രവുമല്ല , കുടുംബസദസ്സുകളിലും ഈ പരസ്യം ഒരു തടസ്സവുമില്ലാതെ കടന്നു ചെല്ലും ! ഇങ്ങനെ കടന്നു ചെല്ലുന്ന ഉല്‍പ്പന്നത്തിന്റെ ഒരു “റീച്ച്” എന്താണെന്നു മനസ്സിലാക്കാന്‍ സാധിക്കാത്ത എന്നേപ്പോലുള്ളവര്‍ക്ക് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമെന്നു കരുതുന്നു. ആരാധകര്‍ “ക്യു” നില്‍ക്കുന്നത്രയും പോപ്പുലാരിറ്റി ഒരു ഉല്‍പ്പന്നത്തിനു കിട്ടിയാല്‍ മറ്റെന്തുവേണം !

അതിനാല്‍ എങ്ങിനെ പരസ്യം ചെയ്യണമെന്നറിയാത്ത നാട്ടുകാരന്‍ ഇന്നുമുതല്‍ പാന്റ്സിടാതെ മുണ്ടുടുക്കുന്നു. ആരെങ്കിലും ടി.വി ക്കാരേയും കൂട്ടിവന്ന് മുണ്ട്പറിച്ചാല്‍ രക്ഷപെട്ടില്ലേ? പിന്നങ്ങൊട്ട് തിരക്കായില്ലേ ! ഓര്‍ത്തിട്ട്തന്നെ കുളിരുകോരുന്നു !

ഓ.ടോ :

കോണ്‍ഗ്രസ്സുകാര്‍ ഒന്നാലോചിച്ചിട്ടുമാത്രമേ ഈ സംഭവത്തില്‍ പ്രതികരിക്കൂ...കാരണം നാട്ടുകാര്‍ ഇങ്ങനെ പിടിക്കാതിരിക്കാതിരിക്കാനും ഇനി പിടിച്ചാല്‍തന്നെ രക്ഷപെടാനുമുള്ള മാര്‍ഗ്ഗങ്ങളാലോചിക്കുക എന്നതാണ് പ്രധാനം.....അതിനുതന്നെയാണ് മുന്‍ഗണന....കാരണം അവര്‍ക്ക് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതിയേ ഇറക്കാനുള്ള ചങ്കൂറ്റവും കൈക്കരുത്തുന്മൊന്നുമില്ലല്ലോ......പകല്‍മാന്യന്മാരായിപ്പോയില്ലേ? അതുകൊണ്ട് രക്ഷാമാര്‍ഗ്ഗം കണ്ടുപിടിച്ചതിനു ശേഷം പ്രതികരിക്കുന്നതായിരിക്കും !

ഒരു സന്തോഷവാര്‍ത്തകൂടി : ഒരൊന്നരക്കൊല്ലം കഴിഞ്ഞു ഭരണം മാറിക്കഴിയുമ്പോള്‍ എന്നേപ്പോലുള്ളവരുടെ പുഷ്കരകാലം തുടങ്ങുകയല്ലേ ! ഇപ്പോള്‍ പാര്‍ട്ടിമെംബര്‍, പാര്‍ട്ടിബന്‍ഡു എങ്കിലും അല്ലെങ്കില്‍ ഒരുപണിയും നടക്കില്ല...പട്ടിണിതന്നെ ശരണം :(
 


Thursday, December 3, 2009

എന്റെ വേദന ആരറിയാൻ?

''നിങ്ങളെ വിവാഹം കഴിക്കുന്നതിനുമുമ്പ്‌ ചേട്ടന്‍ ഒരു മകനും സഹോദരനുമായിരുന്നുവെന്ന കാര്യം നിങ്ങള്‍ മറന്നുപോയി. വിവാഹം കഴിയുന്നതോടെ ഭാര്യ ഭര്‍ത്താവിന്റെ മാത്രം സ്വകാര്യസ്വത്താണെന്ന്‌ കരുതരുത്‌.''

'തലയണമന്ത്രം' സിനിമയില്‍ സമാധാനത്തോടെ കഴിഞ്ഞിരുന്ന തങ്ങളുടെ കുടുംബത്തില്‍ കലഹത്തിന്റെ വിത്തുകള്‍ പാകിയ ചേട്ടത്തി ഉര്‍വശിയോട്‌ ജയറാം പറയുന്ന ഡയലോഗാണിത്‌. ഭര്‍ത്താവ്‌ തങ്ങളുടെ മാത്രം സ്വകാര്യസ്വത്താണെന്ന്‌ കരുതുന്ന പെണ്‍കുട്ടികള്‍ പുതിയ തലമുറയില്‍ കൂടുതലാണ്‌. ''വിവാഹശേഷം ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും ഇടയില്‍പ്പെട്ട്‌ മാനസികസംഘര്‍ഷം അനുഭവിക്കുന്ന തങ്ങളുടെ പ്രശ്‌നങ്ങള്‍ സ്‌ത്രീകള്‍ മനസിലാക്കുന്നില്ലെന്ന്‌ തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ഓഫീസിലെ യു.ഡി. ക്ലര്‍ക്കായ സതീശന്‍.

***

സ്‌നേഹം നിറഞ്ഞുനിന്നിരുന്ന വീട്‌... അച്‌ഛനും അമ്മയും ഗസറ്റഡ്‌ ഉദ്യോഗസ്‌ഥര്‍. മകന്‍ ബാങ്കില്‍ ജോലി ചെയ്യുന്നു. മകള്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിനി. മകന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയായി വരാന്‍പോകുന്ന പെണ്‍കുട്ടിയെക്കുറിച്ചും വലിയ പ്രതീക്ഷകളാണ്‌ ആ മാതാപിതാക്കള്‍ക്ക്‌. മക്കള്‍ക്കും, അവര്‍ക്കും ഇടയില്‍ യാതൊരു രഹസ്യങ്ങളും ഉണ്ടായിരുന്നില്ല. മണിക്കൂറുകളോളം തമാശയും വീട്ടുവിശേഷങ്ങളും പങ്കുവച്ചുകൊണ്ടുളള അത്താഴവേളകള്‍... മകന്റെ വിവാഹം കഴിഞ്ഞു. മരുമകള്‍ അധ്യാപിക. പുതിയതായി കടന്നുവന്ന അതിഥിയെ വീട്ടുകാര്‍ സന്തോഷത്തോടെയാണ്‌ സ്വീകരിച്ചത്‌. ആദ്യ ദിവസങ്ങളില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു.

കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും മരുമകള്‍ തന്റെ ഇഷ്‌ടക്കേടുകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. തന്റെ ഭര്‍ത്താവ്‌ അമ്മയോടും സഹോദരിയോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌ അവള്‍ക്ക്‌ സഹിക്കാനേ കഴിഞ്ഞില്ല.കുടുംബാംഗങ്ങള്‍ എല്ലാംവരും ഒരുമിച്ചിരുന്നുള്ള അത്താഴവേളയില്‍നിന്ന്‌ ഭര്‍ത്താവിനെ മാറ്റുകയായിരുന്നു ആദ്യം ചെയ്‌തത്‌. ഭക്ഷണം കഴിക്കാന്‍വേണ്ടി വിളിച്ചപ്പോള്‍ ആദ്യം അമ്മയോട്‌ ഭര്‍ത്താവ്‌ കുളിക്കുകയാന്ന്‌ പറഞ്ഞു. രണ്ടാമത്തെ ദിനം 'നിങ്ങള്‍ കഴിച്ചോ, ഞങ്ങള്‍ കഴിച്ചോളാമെന്ന നിലപാടായി.

അമ്മയുടെ മനസില്‍ വിഷമത്തിന്റെ നിഴല്‍ വീണുതുടങ്ങി. അമ്മയുടെയും ഭാര്യയുടെയും ഇടയില്‍ക്കിടന്ന്‌ വീര്‍പ്പുമുട്ടാനായിരിന്നു മകന്റെ വിധി. മാതാപിതാക്കളും മകനും തമ്മിലുള്ള സ്‌നേഹത്തിന്റെ മതിലില്‍ ചെറിയ വിള്ളലുകള്‍ വീണുതുടങ്ങി. എല്ലാക്കാര്യങ്ങളും പരസ്യമായിരുന്ന അവര്‍ക്കിടയില്‍ പലതും രഹസ്യങ്ങളായി മാറിത്തുടങ്ങി

പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി തുടങ്ങിയപ്പോള്‍, വേറെ വീടെടുത്ത്‌ താമസിക്കാനാണ്‌ ബന്ധുക്കളും സുഹൃത്തുക്കളും അവരോട്‌ ആവശ്യപ്പെട്ടത്‌. പെണ്‍കുട്ടിക്ക്‌ സന്തോഷമായി. ഭാര്യയെ പിണക്കാനും വയ്യ, വീട്ടുകാരെ സ്‌നേഹിക്കാനും വയ്യാത്ത അവസ്‌ഥയില്‍ മാനസികസംഘര്‍ഷത്തിലാണ്‌ ഇന്ന്‌ ആ മകന്റെ ജീവിതം .കുറ്റബോധം കൂടുമ്പോള്‍ മദ്യത്തിലാണ്‌ അവന്‍ അഭയംതേടുന്നത്‌.

***

ഭര്‍തൃകുടുംബങ്ങളില്‍ സ്‌ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ പലരും വാതോരാതെ പറയാറുണ്ട്‌. പക്ഷേ ഞങ്ങളുടെ മാനസികാവസ്‌ഥ ആരും മനസിലാക്കാറില്ല. പുതുതായി വീട്ടിലേക്കുവരുന്ന ഒരംഗമല്ലേ, ഭാര്യയ്‌ക്ക് കൂടുതല്‍ ശ്രദ്ധകൊടുത്താല്‍, അവനെ പെണ്‍കോന്തനെന്ന്‌ എല്ലാവരും മുദ്രകുത്തും, മറിച്ചാണെങ്കിലും ഭാര്യയുടെ പരാതിപ്പെട്ടി ഒഴിഞ്ഞിട്ടു നേരം കാണില്ല. സ്‌ത്രീകള്‍ പലപ്പോഴും വലിയ സ്വാര്‍ത്ഥരാണ്‌. നാലുവര്‍ഷംമുമ്പ്‌ വിവാഹിതനായ, കോട്ടയം സ്വദേശിയായ യുവാവ്‌ പറയുന്നു ''മുപ്പതാമത്തെ വയസിലായിരുന്നു വിവാഹം. ആദ്യദിനം മുതല്‍ ഭാര്യയ്‌ക്ക് പരാതികളായിരുന്നു, അമ്മയുടു വക വേറെ. ഭാര്യയ്‌ക്ക് ജോലിയറിയില്ല..., സംസാരിക്കില്ല... എപ്പോഴും മുറിയില്‍ കയറി കതകടച്ചിരിക്കും... അമ്മ ഭാര്യയെക്കുറിച്ച്‌ പറയുമ്പോള്‍ ഭാര്യയുടെ പരാതി അമ്മയ്‌ക്ക് സ്‌നേഹമില്ല... എപ്പോഴും കുറ്റം കണ്ടുപിടിച്ചുകൊണ്ടിരിക്കും... എന്നിങ്ങനെ നീളും.

അവളുടെ സംസാരം കേട്ടാല്‍ ഞാന്‍ ഇന്നലെയോ ഇന്നോ ആണ്‌ എന്റെ അമ്മയെ കാണാന്‍ തുടങ്ങിയതെന്നു തോന്നും. അത്രയേറെ കുഴപ്പങ്ങളാണു അമ്മയെക്കുറിച്ച്‌ അവള്‍ക്കെന്നോടു പറയുവാനുളളത്‌. പലപ്പോഴും പുരുഷന്‍ നിസാരമായി കരുതുന്ന കാര്യങ്ങള്‍ സ്‌ത്രീകള്‍ക്ക്‌ വലുതാണ്‌. എല്ലാ സമയവും ചെവിപൊത്തി ഇരിക്കാന്‍ പറ്റില്ലല്ലോ. ഒരു ഞാണിന്‍മേല്‍ കളികളിച്ചാലേ അമ്മയെയും ഭാര്യയെയും തമ്മില്‍ പിണക്കാതിരിക്കാന്‍ പറ്റൂ.

വിവാഹത്തിന്റെ ആദ്യ രണ്ടുവര്‍ഷങ്ങളിലാണ്‌ ഈ പ്രശ്‌നം കൂടുതല്‍. പരസ്‌പരം രണ്ടുപേരും കുറ്റങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കും. അതിനിടയില്‍ ഭര്‍ത്താവ്‌ ഇടപെട്ടാല്‍ പ്രശ്‌നങ്ങള്‍ വഷളാകുകയേയുള്ളൂ. ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞ്‌ മനസിലാക്കുക. പ്രശ്‌നങ്ങള്‍ മനസിലാക്കി പെരുമാറുന്ന സ്‌ത്രീയാണെങ്കില്‍ പുരുഷന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ മാനസികസംഘര്‍ഷങ്ങളില്‍പ്പെടാനായിരിക്കും അവന്റെ വിധി.

എന്റെ ഭൂരിഭാഗം സുഹൃത്തുക്കളും ഈ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്‌. കുടുംബത്തിന്റെ അഭിമാനത്തെയോര്‍ത്ത്‌ പലരും പുറത്തുപറയാത്തതാണ്‌. എല്ലാ സ്‌ത്രീകളും പ്രശ്‌നക്കാരല്ല, നിസാരപ്രശ്‌നങ്ങള്‍ക്കുവേണ്ടി അവര്‍ വാശിപിടിക്കുമ്പോള്‍ ഭര്‍ത്താക്കന്മാരുടെ തകരുന്ന മന:സമാധാനത്തെ അവര്‍ ഓര്‍ക്കാറില്ല. ആദ്യകാലത്ത്‌ ഭാര്യയും അമ്മയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും, ഭാര്യയെ പറഞ്ഞു മനസിലാക്കിയതുകൊണ്ട്‌ രക്ഷപ്പെട്ടു.

ചിലപ്പോള്‍ പൊട്ടലും ചീറ്റലും ഉണ്ടാകുമെന്നതൊഴിച്ചാല്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ഭാര്യയ്‌ക്ക് ജോലിയുള്ളതുകൊണ്ട്‌ കുഞ്ഞിനെ അമ്മയാണ്‌ നോക്കുന്നത്‌. ആദ്യകാലത്ത്‌ ഭാര്യ പറയുന്നതുകേള്‍ക്കാന്‍ പോയിരുന്നെങ്കില്‍ വീട്ടില്‍നിന്ന്‌ മാറി താമസിക്കേണ്ടിവരികയും ഒരിക്കലും അടുക്കാന്‍ സാധിക്കാത്തവിധത്തില്‍ അകന്നുപോയേനെ. ഭാര്യയ്‌ക്കും ഇപ്പോള്‍ മനസിലാകുന്നുണ്ട്‌ ആ സമയത്ത്‌ ചെയ്‌തിരുന്നതെല്ലാം എടുത്തുചാട്ടമായിരുന്നുവെന്ന്‌.

പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ അണുകുടുംബങ്ങ ളില്‍ വളര്‍ന്ന പെണ്‍ കുട്ടികളാണു ഇന്ന്‌ എല്ലാം കുടുംബങ്ങ ളിലും മരുമകളായി ചെല്ലുന്നത്‌. തന്റെ കുടുംബത്തില്‍ ഏകമകളുടെ എല്ലാവിധ സ്വാതന്ത്ര്യങ്ങളോടുംകൂടി വളര്‍ന്ന പെണ്‍കുട്ടിക്ക്‌, ഭര്‍ത്താവിന്റെ വീട്ടിലെ നിസാരപ്രശ്‌നങ്ങളും, സ്വാതന്ത്ര്യമില്ലായ്‌മയും വലിയ പ്രശ്‌നങ്ങളാകും. എന്തായാലും സ്വന്തംവീട്ടിലെ സ്വാതന്ത്ര്യം ഭര്‍തൃവീട്ടില്‍ ആദ്യം കിട്ടുകയില്ല. ഭര്‍ത്താവുമൊത്ത്‌ തനിയെ ജീവിക്കുകയാണെങ്കില്‍ സ്വാതന്ത്ര്യമില്ലായ്‌മ ഒരു പ്രശ്‌നമേയല്ലല്ലോ.

''സ്വന്തം അച്‌ഛനോടു അമ്മയോടും സഹോദരങ്ങളോടും കാട്ടുന്ന സ്‌നേഹത്തിന്റെ പകുതിയെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാരോട്‌ സ്‌ത്രീകള്‍ കാണിക്കാറില്ല. ''ഭാര്യയുടെ അകന്നബന്ധുവിന്റെ കല്യാണങ്ങള്‍ക്ക്‌ പോകാന്‍വരെ അവള്‍ക്ക്‌ വലിയ താല്‌പര്യമാണ്‌. എന്റെ ബന്ധുക്കളുടെ എന്തെങ്കിലും ആവശ്യം വരുമ്പോള്‍ ആ ഉത്സാഹമൊന്നും അവളില്‍ കാണാറേ ഇല്ല. എത്ര പറഞ്ഞാലും അവള്‍ക്ക്‌ മനസിലാവില്ല. ബന്ധുക്കളുടെ എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ നിന്നിരുന്ന എന്നെയിപ്പോ കല്യാണശേഷം ഒരു പരിപാടിക്കും കാണാറേയില്ലെന്ന്‌ അവര്‍ പരാതി പറയാറുണ്ട്‌. വിഷമം തോന്നുമെങ്കിലും, നമുക്ക്‌ വലുത്‌ കുടുംബസമാധാനമാണല്ലോ.

ഇതൊക്കെ അറിഞ്ഞ്‌ മനസിലാക്കി പെരുമാറുന്ന ഭാര്യയെ കിട്ടുന്നവന്‍ ഭാഗ്യവാന്‍. പുരുഷനേക്കാള്‍ വലിയ സ്വാര്‍ത്ഥരാണ്‌ സ്‌ത്രീകള്‍. ഞാനും എന്റെ സഹോദരിയും തമ്മില്‍ നല്ല അടുപ്പമായിരുന്നു. അവളുടെ വിവാഹശേഷമായിരുന്നു എന്റെ കല്യാണം. പഴയ സ്‌നേഹമൊന്നും ഇപ്പോള്‍ അവള്‍ക്കില്ല. സഹോദരിയും ഭാര്യയും തമ്മില്‍ ചേരില്ല. ഇപ്പോള്‍ എന്നോടുള്ള പെരുമാറ്റം കണ്ടാല്‍ തോന്നും കഴിഞ്ഞ ജന്മത്തില്‍ അവളെന്റെ ശത്രുവായിരുന്നെന്ന്‌. എന്നെ തനിച്ച്‌ കിട്ടുമ്പോഴേ ഭാര്യയുടെ കുറ്റം പറയാന്‍ തുടങ്ങും. ഭാര്യയാണെങ്കില്‍ തിരിച്ചും. ആരുടെയും പക്ഷംപിടിക്കാന്‍ പറ്റാത്തതുകൊണ്ട്‌ മൗനംപാലിക്കുന്നു. ''തൃശൂരിലെ ഒരു പത്രപ്രവര്‍ത്തകന്‍ പറയുന്നു.


വിരുന്നുവരുന്ന നാത്തൂന്മാര്‍

''അമ്മായിമ്മ- മരുമകള്‍ ബന്ധത്തെ വഷളാക്കുന്ന വില്ലത്തികളില്‍ കൂടുതലും നാത്തൂന്മാരാണ്‌.'' എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സായ യുവതി പറയുന്നു. ''ഭര്‍ത്താവിന്റെ അമ്മ വലിയ കുഴപ്പക്കാരിയല്ല. കല്യാണം കഴിച്ചുവിട്ട നാത്തൂന്‍ വീട്ടില്‍ വന്നാല്‍ അമ്മയും മകളുംകൂടി മണിക്കൂറുകളോളം രഹസ്യം പറച്ചിലാണ്‌. എനിക്ക്‌ അത്‌ കാണുമ്പോള്‍ ദേഷ്യം വരും. നാത്തൂന്‍ പോയിക്കഴിയുമ്പോള്‍ മുതല്‍ അമ്മയ്‌ക്ക് തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റമാണ്‌. മകളുടെ നുണപുരാണത്തിന്റെ പ്രതിഫലനം .ഒരാഴ്‌ച കഴിയുമ്പോള്‍ അതിന്റെ രൂക്ഷത കുറയും. മകള്‍ വരുമ്പോള്‍ പിന്നെയും പഴയപടി.

ഞങ്ങളുടെ രണ്ടുപേരുടെയും ഇടയിലെ വില്ലത്തിയാണ്‌ നാത്തൂന്‍. ഭര്‍ത്താവിനോട്‌ ഇക്കാര്യം പറയുമ്പോള്‍ ഞാന്‍ മോശക്കാരിയാകും. 'നിനക്ക്‌ എന്റെ അമ്മയെയും, സഹോദരിയെയും ഇഷ്‌ടമില്ലാഞ്ഞിട്ടാണെന്ന്‌ പറയും.''

നിയന്ത്രണം ഭര്‍ത്താവിന്‌

''വിവാഹത്തോടെ മകന്‍ മാതാപിതാക്കളും, സഹോദരങ്ങളുമായി അകലുന്നതിന്റെ പിന്നില്‍ പുരുഷന്റെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങളും കാരണമാകാറുണ്ടെന്ന്‌'' പരുമല സെന്റ്‌. ഗ്രിഗോറിയസ്‌ മിഷന്‍ ഹോസ്‌പിറ്റലിലെ സൈക്കോളജിസ്‌റ്റായ ഡോ. ഹരി എസ്‌. ചന്ദ്രന്‍ പറയുന്നു.

''മരുമകളായി വരുന്ന പെണ്‍കുട്ടി സ്വപ്‌നം കാണുന്നത്‌ അവളും ഭര്‍ത്താവും മാത്രമുള്ള ലോകമായിരിക്കും. ഭര്‍ത്താവ്‌ തന്റെ മാത്രം സ്വന്തമെന്ന നിലയിലായിരിക്കും അവള്‍ പെരുമാറുന്നത്‌. ഭര്‍ത്താവായിരിക്കണം, തന്റെ മാതാപിതാക്കളോടും സഹോദരങ്ങളോടും സ്‌നേഹത്തോടെ പെരുമാറണമെന്ന്‌ പറയേണ്ടത്‌. വഴക്കുകള്‍ ഉണ്ടായാലും ആരുടെയും പക്ഷം പിടിക്കാതിരിക്കുക, മധുവിധുകാലഘട്ടത്തില്‍ ചിലരെങ്കിലും ഭാര്യ പറയുന്നതെല്ലാം ശരിയാണെന്നമട്ടില്‍ വിലയിരുത്തുകയും, അമ്മയെയും സഹോദരങ്ങളെയും കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്യുന്നത്‌ അവര്‍ക്ക്‌ വേദനയുണ്ടാക്കും.

'കല്യാണത്തിന്‌ മുമ്പ്‌ എത്ര സ്‌നേഹമുണ്ടായിരുന്നവനാ, അവള്‍ വന്നതില്‍പ്പിന്നെ എല്ലാം കണ്ടില്ലേ, എന്ന മട്ടിലായിരിക്കും പിന്നീട്‌ അമ്മമാരുടെ പെരുമാറ്റം. വിവാഹത്തിന്റെ ആദ്യനാളുകളിലേ തുടങ്ങുന്ന അകല്‍ച്ച വലുതായിക്കൊണ്ടിരിക്കും. ഏക മകനാണെങ്കില്‍ പിന്നെ പറയേണ്ട. വീട്ടുകാരെയും ഭാര്യയെയും സ്‌നേഹത്തിന്റെ ചരടില്‍ കോര്‍ത്തുകൊണ്ടുപോകേണ്ട ചുമതല പുരുഷനാണ്‌. അതില്‍ ആദ്യമേ ചുവടുതെറ്റിയാല്‍ പ്രശ്‌നമാകും. അമ്മായിയമ്മമാരും മോശക്കാരല്ല. മകളെ പൊന്നുപോലെ സ്‌നേഹിക്കുന്ന പല അമ്മമാര്‍ക്കും മരുമകളെ അങ്ങനെ കാണാന്‍ കഴിയാറില്ല.

വീട്ടിലെ പ്രശ്‌നങ്ങളില്‍ നീറുന്ന പലരും മദ്യപാനത്തിലാണ്‌ അഭയംതേടുന്നത്‌. പ്രശ്‌നങ്ങള്‍ കാരണം പലപ്പോഴും വൈകിയായിരിക്കും വീട്ടിലെത്തുന്നത്‌. വഴക്കിലും പ്രശ്‌നങ്ങളിലും ഭാര്യയുടെ ഒപ്പം നില്‌ക്കുമ്പോഴും അവന്റെ മനസുനീറുന്നത്‌ കാണാന്‍ സ്‌ത്രീകള്‍ക്ക്‌ സാധിക്കാറില്ല. ഏകമകനാണെങ്കില്‍ ബന്ധുക്കളും, നാട്ടുകാരും എന്തു പറയുമെന്നാലോചിച്ച്‌ വീട്ടില്‍നിന്നും മാറി താമസിക്കാനും സാധിക്കാത്ത അവസ്‌ഥ. വീട്ടുകാര്‍ക്കും ഭാര്യയ്‌ക്കുമിടയില്‍ കിടന്ന്‌ വീര്‍പ്പുമുട്ടാനാണ്‌ അവന്റെ വിധി.'' ഡോക്‌ടര്‍ പറയുന്നു.

പാലക്കാട്ടെ ഒരു യുവ ബിസിനസുകാരന്‍. ഏകമകന്‍. സഹോദരി വിവാഹിതയാണ്‌. പിതാവും ബിസിനസില്‍ സജീവമാണ്‌. അമ്മ വീട്ടമ്മ. ഏകമകന്‍ അമിതമായ സ്‌നേഹമാണ്‌. വിവാഹം കഴിഞ്ഞു. മരുമകളും സമ്പന്നകുടുംബത്തിലെ അംഗമാണ്‌. മകന്റെ നിഴലായി എപ്പോഴും അച്‌ഛനും അമ്മയും കാണും. സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ മകന്‌ സ്വാതന്ത്ര്യമില്ല. സിനിമയ്‌ക്ക് പോകണമെങ്കിലും അവരുടെ അനുവാദം വേണം. വടക്കേന്ത്യയിലെ പ്രശസ്‌തമായ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക്‌ ഹണിമൂണിനു പോയപ്പോഴും അച്‌ഛനും അമ്മയും കൂടെയുണ്ടായിരുന്നു.

മരുമകള്‍ക്ക്‌ ഇത്‌ ഇഷ്‌ടപ്പെടുമോ. മകനും ഭാര്യയും തമ്മില്‍ നിരന്തരവഴക്കായി. മകന്‌ അച്‌ഛനെയും അമ്മയെയും ഉപേക്ഷിക്കാനും വയ്യ, ഭാര്യ ആഗ്രഹിക്കുന്ന രീതിയില്‍ പെരുമാറാനും സാധിക്കുന്നില്ല. വിവാഹം കഴിഞ്ഞിട്ട്‌ മൂന്നുവര്‍ഷം കഴിഞ്ഞു. ഒരു വയസുള്ള കുട്ടിയുണ്ട്‌. മാനസികസംഘര്‍ഷം കുറയ്‌ക്കാന്‍ ആ ബിസിനസുകാരന്‍ അഭയംതേടിയിരിക്കുന്നത്‌ മദ്യപാനത്തിലാണ്‌.

മാതാപിതാക്കളുടെ അമിതലാളന

അമിതമായി ലാളിച്ചുവളര്‍ത്തിയ പെണ്‍കുട്ടികള്‍ക്ക്‌ ഭര്‍തൃവീട്ടിലെ നിസാരകുറ്റപ്പെടുത്തലുകള്‍പോലും സഹിക്കാന്‍ കഴിഞ്ഞെന്നുവരില്ല. വീട്ടില്‍ വന്ന്‌ പരാതി പറയുമ്പോള്‍ മകളുടെ ഭാഗത്ത്‌ തെറ്റുണ്ടെങ്കില്‍പോലും, അവളെ ന്യായീകരിച്ച്‌ സംസാരിക്കുന്നത്‌ ഭര്‍ത്താക്കന്മാര്‍ക്ക്‌ തലവേദന സൃഷ്‌ടിക്കും. ഭാര്യ വീട്ടില്‍ വിരുന്നിനുചെല്ലുന്ന മരുമകനോട്‌ മകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചായിരിക്കും അവര്‍ക്ക്‌ പറയാനുള്ളത്‌. അച്‌ഛന്റെയും അമ്മയുടെയും അമിതമായ പിന്തുണ പെണ്‍കുട്ടികളുടെ മോശം സ്വഭാവത്തെ കൂടുതല്‍ വഷളാക്കുകയേയുള്ളൂ. 'എന്റെ അച്‌ഛനും, അമ്മയും പറയുന്നത്‌ നിങ്ങള്‍ക്ക്‌ കേട്ടാലെന്നാ എന്ന മട്ടിലായിരിക്കും അവരുടെ പെരുമാറ്റം.

ഭാര്യയെയും വീട്ടുകാരെയും സ്വരുമയോടെ കൊണ്ടുപോകുന്നത്‌ ശ്രമകരമായ ദൗത്യമാണെന്നാണ്‌ കൂടുതല്‍ ഭര്‍ത്താക്കന്മാരും 'കന്യക'യോട്‌ പറഞ്ഞത്‌. സമാധാനത്തിനുള്ള നോബല്‍സമ്മാനം സ്‌നേഹത്തില്‍ കഴിയുന്ന അമ്മായിയമ്മയും മരുമകളും ഉള്ള കുടുംബത്തിലെ മകന്‌ നല്‌കണമെന്ന്‌ പറഞ്ഞവരും ഉണ്ട്‌...
=============================================================
ജോസി തോമസ്‌

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:

ഡോ. ഹരി എസ്‌. ചന്ദ്രന്‍, സൈക്കോളജിസ്‌റ്റ്, സെന്റ്‌. ഗ്രിഗോറിയസ്‌ മിഷന്‍ ഹോസ്‌പിറ്റല്‍, പരുമല

അഡ്വ. സിബിവെട്ടൂര്‍, ഏറ്റുമാനൂര്‍


==================================================================
ഇന്നത്തെ ജീവിതത്തിൽ വളരെ പ്രസക്തമായി തോന്നിയതുകോണ്ട് ഇവിടെ പ്രസിദ്ധീകരിക്കുന്നു .
കടപ്പാട് :കന്യക.

Tuesday, December 1, 2009

ഇങ്ങനേയും തമാശ പറയാമോ?

ഒരു ചെറിയ സംശയം !
നമ്മളും ഈ ഇൻഡ്യാ മഹാരാജ്യത്തെ പ്രജകൾ തന്നെയല്ലേ?



തക്ക മറുപടി കൊടുക്കാൻ ആൺകുട്ടികൾ ഇല്ലാത്തതിന്റെ കുഴപ്പം എന്നല്ലാതെ മറ്റെന്ത് പറയാൻ !


Wednesday, November 25, 2009

ഇതോ നവവിപ്ലവരാഷ്ട്രീയം?

പിണറായി വിജയന്റെ വീട് എന്ന പേരിൽ വന്ന വ്യാജ ഇമെയിൽഫോട്ടോ ഫോർവേർഡ് ചെയ്തു മാനഹാനി ഉണ്ടാക്കി എന്നതിന്റെ പേരിൽ സഖാവ് നൽകിയ പരാതിയിൽ കേരളത്തിലെ പാവം പോലീസ് ഓരോരുത്തരേയായി പൊക്കിക്കൊണ്ടിരിക്കുന്നു എന്ന വാർത്ത ഇമെയിൽ ഉപയോഗിക്കുന്ന മിക്ക ആളുകളേയും ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്നു !

ഈ മെയിൽ ആരുടേയോ ബുദ്ധിയിൽ ഉദിച്ച തമാശോ ,കാര്യമോ ആണ് . എന്നാൽ ഈ മെയിൽ കിട്ടിയ ലക്ഷക്കണക്കിനു ആളുകൾ അതു നേരുതന്നെ എന്നു വിചാരിച്ച് മറ്റുള്ള സുഹ്രുത്തുക്കൾക്ക് ഫോർവേർഡ് ചെയ്തു. ചിലർ മെയിൽ ഉപയോഗിക്കുന്നതുതന്നെ വരുന്ന മെയിലുകൾ ഫോർവേർഡ് ചെയ്യാനാണ്. അതു ശരിയോ തെറ്റോ എന്നു ആരും പരിശോധിക്കാറില്ല. അങ്ങനെ അയച്ച ചിലർ ഇപ്പോൾ കുടുങ്ങിയിരിക്കുന്നു !

എനിക്ക് തന്നെ ഏകദേശം പത്തോളം സുഹ്രുത്തുക്കൾ ഇതേ മെയിൽ അയച്ചു തന്നിരുന്നു. എന്നാൽ പുതിയ പാർട്ടിയേക്കുറിച്ചും അതിന്റെ നേതാവിനേക്കുറിച്ചും  അവർ എന്തുചെയ്യും എന്നതിനേക്കുറിച്ചും ഏകദേശധാരണ ഉണ്ടായിരുന്നതിനാൽ ഭയം തോന്നി മാത്രം ഞാൻ അതു ഫോർവേർഡ് ചെയ്തില്ല!(കളവാണെന്നു വിചാരിച്ചുപോലുമില്ല) എന്റെ ഭാഗ്യം ! എന്തുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റ് നേതാവിനേക്കുറിച്ച് ജനം ഇങ്ങനെ വിശ്വസിക്കുന്നു എന്നു ഇതേവരെ ഒരു പാർട്ടി ബുജിയും ഭാഗ്യത്തിൻ ചർച്ചിച്ചിട്ടില്ല !

പഴയകാല കമ്മുണിസ്റ്റ്പാർട്ടിക്കാർ ആരെങ്കിലും ഇപ്പോഴുണ്ടെങ്കിൽ ചിലതെല്ലാം ചിന്തിക്കുന്നത് നല്ലതായിരിക്കും :

  • ഇ.എം.എസ്, എ.കെ.ജി , നായനാർ എന്നിവർക്കെതിരേ ഇങ്ങനെ ഒരു ആരോപണം വന്നിരുന്നു എങ്കിൽ ജനം അതു വിശ്വസിക്കുമോ? എന്തിന് ഇന്നത്തെ മുഖ്യമന്ത്രി അച്യുതാനന്തനെതിരേ വന്നാലെങ്കിലും ജനം അതു വിശ്വസിക്കുമോ?
  •  
  • ഇ.എം.എസ്, എ.കെ.ജി എന്നിവർക്കൊക്കെ ഇങ്ങനെ പാർട്ടിക്കാർക്കെതിരെ അപവാദപ്രചാരണമഴിച്ചുവിടുന്നവരെ പോലീസിനെ ഉപയോഗിച്ച് നിയന്ത്രിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ അവർ ഉപയോഗിക്കുമായിരുന്നോ അതോ സത്യം പുറത്തുകൊണ്ടുവന്ന് അതിനേ നേരിടാൻ ശ്രമിക്കുമായിരുന്നോ ?
  •  
  •  യൂത്ത്കോൺഗ്രസ്സുകാർ ആവശ്യപ്പെടുന്നത് പോലെ എന്തുകൊണ്ട് പിണറായിയുടെ വീടിന്റെ പടം എന്തുകൊണ്ട് കൈരളി, ദേശാഭിമാനി എന്നിവ പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്നില്ല ?
  •  
  • ഏതോ കോൺഗ്രസ്സുകാർ ഒരിക്കൽ ആ വീടിന്റെ പടം എടുക്കാൻ ശ്രമിച്ചതിന് തല്ലു മേടിച്ചു എന്നും ഒരിക്കൽ കേട്ടിരുന്നു ! (ശരിയാണോ എന്നറിയില്ല). അല്ലെങ്കിൽ എതിരാളികളായ കോൺഗ്രസ്സുകാരെങ്കിലും ആ പടം പുറത്തു വിടേണ്ടതല്ലേ?
  •  
  • പിണറായി എന്നതു ഇസെഡ് ക്ലാസ്സ് സുരക്ഷയുള്ള നേതാവാണോ ഇത്രക്കു രഹസ്യം സൂക്ഷിക്കാൻ? (പ്രധാനമന്ത്രിയുടെ വീടിന്റെ പടം പോലും ലഭ്യമാണ്!)
  •  
  • എന്തുകൊണ്ടാണ് ലളിതജീവിതത്തിൽ വിശ്വസിക്കുന്ന യഥാർഥ കമ്മുണിസ്റ്റുകൾ പോലും ഈ പടം വെളിച്ചത്തുകൊണ്ടുവന്ന് പാർട്ടിയുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കണം എന്നാവശ്യപ്പെടാത്തത്?
  •  
  • അടിയന്തിരാവസ്ഥകാലത്തേതുപോലെ അധികാരം എന്ന മർദനോപകരണമുപയോഗിച്ച് എതിർസ്വരങ്ങളേയെല്ലാം കുഴിച്ചുമൂടാം എന്ന വിചാരം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോ അതിന്റെ ഏതെങ്കിലും നേതാവിനോ ചേർന്നതാണോ? അങ്ങിനെ സാധിക്കില്ല എന്നു തെളിയിച്ച പ്രസ്ഥാനം തന്നെയല്ലേ  ഇത്?
  •  
  • ഇരുമ്പ്മറക്കുള്ളിൽ ലോകം കീഴടക്കാം എന്നു വിചാരിച്ച പല കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടേയും ഇന്നത്തെ അവസ്ഥ ഈ നേതാക്കാന്മാരും അണികളും കാണുന്നില്ലേ? 
  •  
  • പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സംരക്ഷിക്കുകയും വളർത്തപ്പെടുകയും ചെയ്യേണ്ട ഒരു പാർട്ടിയായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയെങ്കിൽ അതില്പരം മറ്റെന്ത് അപചയമാണ് ഒരു ജനകീയപാർട്ടിക്കു വരാനുള്ളത് !
കൂടുതൽ എഴുതാൻ ഭയം എന്നെ അനുവദിക്കുന്നില്ല . അതിന്റെ പേരിലും എന്തും സംഭവിക്കാമല്ലോ ! കമെന്റ് ചെയ്യുന്നവരും സ്വന്തം റിസ്കിൽ ധൈര്യം ഉണ്ടെങ്കിൽ മാത്രം ഇവിടെ പ്രതികൂലമായി കമെന്റ് ചെയ്യാവൂ.. നാട്ടുകാരൻ ഒരു പരിണിതഫലത്തിനും ഉത്തരവാദിയായിരിക്കുന്നതല്ല.

ഒടുവിൽകിട്ടിയ വിവരമനുസരിച്ച് ഈ കേസിൽ പ്രതിയാവർ ചെയ്തിരിക്കുന്നത് മൂന്ന് വർഷം വരെ കഡിന തടവ് ലഭിക്കുന്ന കുറ്റമാണെന്നാണ് ! ആ പാവം യുവാക്കൾ കേസിൽനിന്നും രക്ഷപെടാൻ പാർട്ടിക്കാരുടെ കാലുപിടിക്കുകയും സ്വന്തക്കാരുടെ മുഴുവൻ കമ്മ്യുണിസ്റ്റ് ബന്ധങ്ങളും പാർട്ടി ഓഫീസിൽ തെളിവായി നിരത്തുകയുമാണ് (പാർട്ടി അനുഭാവിയാണെന്നു തെളിയിക്കാൻ !)

വ്യാജ സന്ദേശം നിർമ്മിച്ചവരേ ഇതേവരെ പിടികൂടാതെ മെയിൽ ഫോർവേർഡ് ചെയ്ത ലക്ഷക്കണക്കിന് ആളുകളിൽനിന്നും ചിലരേ മാത്രം പിടികൂടിയതിന്റെ പിന്നിലേ ന്യായം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല! അതോ ബാക്കിയുള്ള ലക്ഷക്കണക്കിനു ആളുകളെ പിന്നലെ പിടികൂടുമോ ? എങ്കിൽ അവരെല്ലാവരും രക്ഷപെടാൻ പാർട്ടിക്കൂർ തെളിയിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒന്നുമാലോചിക്കേണ്ടിവരില്ല !

പാർട്ടിയും സഖാക്കളും ഒന്നുമനസ്സിലാക്കുക :

ഈ കൊച്ചുകേരളത്തിൽ പാർട്ടിയും സഖാക്കന്മാരുമല്ലാതെയും കുറച്ച് പാവങ്ങൾ ജീവിക്കുന്നുണ്ട് . അവരെ എങ്ങിനെയെങ്കിലും ജീവിക്കാൻ അനുവദിക്കുക ! ഒരു ഇമെയിൽ ഫോർവേർഡ്ചെയ്തുപോയി എന്ന തെറ്റിന് കൊടുംക്രിമിനലുകൾ ആക്കാതിരിക്കുക !

“മുഖം നന്നല്ലാത്തതിനു കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ല “

Wednesday, November 18, 2009

രസകരമായ രണ്ടു വാർത്തകൾ !

ഒന്നാംവാർത്ത 

സമാധാനമായി : വിപ്ലവ പാർട്ടിയുടെ സമ്മേളനം സഘടിപ്പിക്കാൻ പറ്റിയ വേദി രമദ പ്ലാസ തന്നെ ! ശശി തരൂർജിയും കോൺഗ്രസ്സുകാരും പിന്നെ ഇതൊന്നും കണ്ടേക്കില്ല :)
ഇതാണു ഈ പറയുന്ന സോഷിയലിസം എങ്കിൽ സഖാവേ എനിക്കും വേണം രണ്ട് മെംബർഷിപ് !

 
ഇതാണ് ആ ചെറിയ ഹോട്ടൽ.



ഹോട്ടലിലെ മീറ്റിങ്ങുകൾ നടക്കുന്ന ഭാഗം-1



ഇങ്ങനേയും അവിടെ മീറ്റിംഗ് നടത്താം.

ആ പാവപ്പെട്ട ഹോട്ടലിന്റെ കൂടുതൽ ചിത്രങ്ങൾ ഇവിടെ  കാണാം.

രണ്ടാം വാർത്ത




 പരസ്പര അരോപണപ്രത്യാരോപണമുന്നയിച്ച മണ്ടൻ കുട്ടി രാഷ്ട്രീയക്കാർക്ക് ഇനിയെങ്കിലും മിണ്ടാതിരിക്കാൻ പറ്റുമോപോലും ?
ആദർശ്ശധീരൻ, അഹിംസാവാദി, ഗാന്ധിയൻ ഹസ്സൻ വഞ്ചിച്ചു എന്നും പറഞ്ഞ് യൂത്തന്മാർ അങ്ങ് ഡെൽഹിയിൽ പരാതിപ്പെട്ടു എന്നും കേൾക്കുന്നു :)
ഉടൻ ഹസ്സന്റെ പണി പോക്കാണേ :) പകരം ഉടുപ്പുള്ളവർക്കെല്ലാം കാത്തിരിക്കാം .

വെറുതെയാണോ പൊതുജനം കഴുത എന്നു പറയുന്നത്!
ശരിക്കും പൊതുജനം കഴുതയല്ലേ?
അല്ലെങ്കിൽ ഇവന്മാരൊക്കെ ഒരു ഉളുപ്പുമില്ലാതെ റോഡിലിറങ്ങി നടക്കുമോ ?

ഇങ്ങനെ നുണ പറയുന്നവരേയാണോ ഗാന്ധിയൻ എന്നു വിളിക്കുന്നത് ?

Tuesday, November 17, 2009

ക്രിസ്തുവിനേക്കാൾ മിടുക്കനല്ലേ ക്രിസ്ത്യാനി ?

ചരിത്രത്തിലെ ഒഴിവാക്കപ്പെടാനവാത്ത ഒരു പഴയ മനുഷ്യൻ ! ചരിത്രത്തിന്റെ ഭാഗമാണിവൻ!
ഇവന്റെ അനുയായികളായി ജനകോടികളണുള്ളത് !

ഇവന്റെ ചില പ്രത്യേകതകൾ :

അച്ചനുമമ്മക്കും സംമ്പാദ്യമൊന്നുമില്ല.
ജനിച്ചു വീഴാൻ പോലും ഒരു വീട് കിട്ടിയില്ല....അഭയാർഥിയായിട്ട് കാലിത്തൊഴുത്തിലാണ് ജനനം പോലും....
ജനിച്ചയുടനെ കൊന്നുകളയാൻ ഭരണകൂടത്തിന്റെ ശ്രമം...... തുടർന്ന് രണ്ട് വർഷം ഒളിവിലെ ജീവിതം.
തുടർന്നുള്ള ജീവിതം മുഴുവൻ സംഭവബഹുലം...
കുറേ ശിഷ്യന്മാർ..... എല്ലാം സംസ്കാരവും വിവരവുമില്ലാത്ത നിരക്ഷരക്ഷരകുക്ഷികൾ!
ചുങ്കക്കാരും പാപികളും വേശ്യകളും അവന്റെ അനുയായികൾ !
അവൻ ചെയ്യുന്നതു മുഴുവൻ അത്ഭുതങ്ങൾ...... മരിച്ചവരേപ്പോലും ജീവിപ്പിക്കുന്നു!
ലോകം മുഴുവൻ കീഴടക്കാൻ മറ്റെന്തുവേണം?
ഭരണകൂടത്തിന്റേയും മതാധികാരികളുടേയും കണ്ണിലേ കരട്!
ജനപിന്തുണയുള്ളതിനാൽ ഭയപ്പെടേണ്ടവൻ !

ഒടുവിൽ കൂട്ടത്തിൽ നിന്നുതന്നെ ഒരുവനാൽ മതാധികാരികൾക്ക് ഒറ്റിക്കൊടുക്കപ്പെട്ടു ! (അന്നും കൈക്കൂലി കൊടുത്ത് കാര്യം സാധിക്കുന്ന മതാധികാരികൾ ഉണ്ടായിരുന്നു)
ഒന്നും മിണ്ടാതെ നിന്നു അവർ കുഴിച്ച കുതന്ത്രങ്ങളിൽ സ്വയം വീണു സമൂഹത്തിലെ ഏറ്റവും താണ വധശിക്ഷയായ കുരിശുമരണം സ്വീകരിച്ചു! ജീവിതത്തിലെ താരപരിവേഷവും അത്ഭുതങ്ങളുമൊന്നും ഈ തരംതാണ മരണം ഒഴിവാക്കാനുപയോഗിക്കപ്പെട്ടില്ല !

മരിച്ച ക്രിസ്തുവിനെ മറവു ചെയ്യാൻ സ്ഥലമില്ലാഞ്ഞിട്ട് വധിച്ചവർ തന്നെ കാശുകൊടുത്ത്  വല്ലവന്റേയും കല്ലറ വാങ്ങിയാണ് ജഡം മറവു ചെയ്തത് !

മൂന്നു ദിവസങ്ങൾക്കു ശേഷം സ്വയം ഉയർത്തെഴുന്നേറ്റു, ശിഷ്യന്മാരെ എല്ലാം ഏൽ‌പ്പിച്ച് ഉയരങ്ങളിലേക്ക് പോയി!

================================================================

കാലം മാറി ....കഥ മാറി (ക്രിസ്തുവും മാറി) !

അനുയായികൾ അങ്ങു ആകാശം മുട്ടെ വളർന്നു......
യുറോപ്പുമുഴുവൻ പടവലങ്ങപോലെ അനുയായികൾ വളർന്നു !

അവസാനം ഇങ്ങു കൊച്ചുകേരളത്തിലും അനുയായികളുടെ വളർച്ചതുടങ്ങി.....
ചുമ്മാ ഒരു സമ്മേളനം വിളിച്ചാൽ‌പ്പൊലും രാഷ്ട്രപതി, പ്രധാനമന്ത്രി, ഭരണപക്ഷം, പ്രതിപക്ഷം എല്ലാവരും കാൽക്കീഴിൽ ! തിരഞെടുപ്പിൽ ആരു നിൽക്കണം എന്നുപോലും ഈ അനുയായികൾ തീരുമാനിക്കും ! (ഒരു സ്വാധീനവുമില്ലാതിരുന്ന ക്രിസ്തു ഇതൊന്നു കണ്ട് പഠിക്കട്ടേ...) ഇനി തിരഞ്ഞെടുപ്പിനിടക്കെങ്ങാനും ഒരു മൂത്ത അനുയായി മരിച്ചാൽ (ക്ഷമിക്കണം...ക്രിസ്തുവാണു മരിക്കുന്നത്.....ഇവർ മരിക്കുകയില്ല......കാലം ചെയ്യുകയേയുള്ളൂ..) പാർട്ടിക്കാരെല്ലാം കൂടി തിരഞ്ഞെടുപ്പിനു തന്നെ അവധി പ്രഖ്യാപിച്ചുകളയും !

ആറടി മണ്ണ് പോലും അവകാശമായില്ലതിരുന്ന ക്രിസ്തുവിന്റെ അനുയായികൾ ഇപ്പോൾ മറ്റൊരു മത്സരത്തിലാണ് ! ആലയം പണി മത്സരം !

ആറ് വർഷങ്ങൾക്ക് മുൻപ് എറണാകുളം കടവന്ത്രയിൽ മൂന്നുകോടി മുടക്കി കേർളത്തിലെ ഏറ്റവും വലിയ പള്ളി ക്രിസ്തുവിനു പണിതു കൊടുക്കും എന്നു പ്രഖ്യാപിച്ചാണ് മത്സരം തുടങ്ങിയത് ! (ക്രിസ്തുവിന്റെ ഒന്നാം ഞെട്ടൽ)

തൊട്ടുപിന്നാലെ നാലുകോടിമുടക്കി അങ്കമാലിയിൽ കേർളത്തിലെ ഏറ്റവും വലിയ പള്ളി ക്രിസ്തുവിനു പണിതു  (പണി) കൊടുക്കും എന്നു പ്രഖ്യാപിച്ച് മത്സരം ശക്തമാക്കി ! (ക്രിസ്തുവിന്റെ രണ്ടാം ഞെട്ടൽ) അവിടുത്തെ ദിവസക്കൂലിക്കാരനുപോലും പിരിവ് വിഹിതം അൻപതിനായിരം രൂപയായിരുന്നു. ക്രിസ്തുവിനിട്ടുള്ള പണി തീർന്നപ്പോൾ ആറുകോടി രൂപയായി. മൂന്ന് അച്ചന്മാർ താമസിക്കുന്ന അരമനക്കുതന്നെ 70 ലക്ഷം രൂപ!

എന്നാൽ‌പ്പിന്നെ പമ്പിനെക്കൊന്നു എന്ന ഒറ്റക്കാരണത്താൽ വിശുദ്ധനാക്കപ്പെട്ടവന്റെ ശിങ്കിടികൾക്ക് വെറുതെയിരിക്കാൻ പറ്റുമോ ...... അവരും ചുമ്മാ അങ്ങു പ്രഖ്യാപിച്ചു .... 40 കോടി മുടക്കി ഞങ്ങൾ ക്രിസ്തുവിനു പണി കൊടുക്കും !  എറണാകുളം ഇടപ്പള്ളിക്കാരുടെ ഈ സ്നേഹം കേട്ടപ്പോൾ തന്നെ ക്രിസ്തു മൂന്നാമതു ഞെട്ടാൻ നിന്നില്ല, (അറ്റാക്ക് വന്നു) മൊത്തം അനുഗ്രഹവും ഇടപ്പള്ളിക്കാർക്കുതന്നെ എന്നു തീരുമാനിച്ചു.
എന്നാൽ ക്രിസ്തു ഇപ്പോൾ ലൂർദ് ആശുപത്രിയിലായതുകൊണ്ട് ബില്ലു വരുമ്പോൾ എന്തു തീരുമാനിക്കും എന്നു പറയാൻ പറ്റില്ല (കാരണം ലൂർദും സഭയുടെ തന്നെയാണല്ലോ)


പണി നടന്നുകൊണ്ടിരിക്കുന്ന ഇടപ്പള്ളിപ്പള്ളി.



ഇപ്പോൾ: ക്രിസ്തു പണ്ട് പറഞ്ഞതൊക്കെ എങ്ങിനെ വിഴുങ്ങാം എന്നതിനു ആർക്ക് ശിഷ്യപ്പെടണം എന്നുള്ള അലോചനയിലാണെന്നും കേട്ടു.

അങ്ങനെ എളുപ്പത്തിലൊന്നും മായ്ക്കാൻ പറ്റുന്നതല്ലല്ലോ ആ വാചകങ്ങൾ !

“നിന്നേപ്പോലെ തന്നെ നിന്റെ അയൽക്കാരനേയും സ്നേഹിക്കണം”
“ദൈവം സ്നേഹമാണ്”
“കാണപ്പെടുന്ന സഹോദരനേ സ്നേഹിക്കാൻ കഴിയാത്തവൻ എങ്ങിനെ കാണപ്പെടാത്ത ദൈവത്തേ സ്നേഹിക്കും?”

“രണ്ടുള്ളവൻ ഒന്നില്ലാത്തവനു കൊടുക്കട്ടെ”
“ദൈവത്തെ ആരാധിക്കുന്നവർ ആ മലയിലും ഈ മലയിലുമല്ല പോകേണ്ടത്”
“രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചുകൂടുന്നിടത്തെല്ലാം അവരുടെ മധ്യേ ഞാനുണ്ടാവും”

അങ്ങനെ ധാരാളം വാചകങ്ങൾ !

നാട്ടുകാരനിപ്പോൾ ഒരു സംശയം :

ആ ക്രിസ്തു തന്നെയാണോ ഈ ക്രിസ്തു ? 
അതോ ക്രിസ്തുവിനും ജനിതമാറ്റം സംഭവിപ്പിച്ചോ?(സംഭവിക്കില്ലല്ലോ)

  • കഴിവുണ്ടായിട്ടും ഒന്നുമില്ലാതിരുന്ന അന്നത്തെ ക്രിസ്തുവല്ല ഇവർ പറയുന്ന ഇന്നത്തെ സമ്പന്നക്രിസ്തു !

  • പാവങ്ങളുടേയും ആലംബഹീനരുടേയും അന്നത്തെ ക്രിസ്തുവല്ല ഇവർ പറയുന്ന ഇന്നത്തെ സമ്പന്നക്രിസ്തു !

  • സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്നു പറഞ്ഞ് ലോകാധികാരത്തിൽ ഇടപെടാത്ത  അന്നത്തെ ക്രിസ്തുവല്ല ഇവർ പറയുന്ന ഇന്നത്തെ രാഷ്ട്രീയക്രിസ്തു !

  • വള്ളത്തിലും തെരുവിലുമൊക്കെ അന്തിയുറങ്ങിയിരുന്ന അന്നത്തെ ക്രിസ്തുവല്ല  അരമനകളിലുറങ്ങുന്ന ഇന്നത്തെ തിരുമേനിക്രിസ്തു !

  • സ്വന്തം ജഡം മറവു ചെയ്യാൻ പോലും സ്ഥലമില്ലാതിരുന്ന അന്നത്തെ ക്രിസ്തുവല്ല മരിച്ചവന്റെ ജഡം മറവുചെയ്യണമെങ്കിൽ പതിനായിരക്കണക്കിനു രൂപ വാങ്ങുന്ന ഇന്നത്തെ റിയൽ എസ്റ്റേറ്റ് ക്രിസ്തു !
  • ദൈവാലയത്തിലെ കച്ചവടത്തിനെതിരേ ചാട്ടവാറെടുത്ത അന്നത്തെ ക്രിസ്തുവല്ല  , അന്തർദേശ്ശീയ തീർഥാടനകേന്ദ്രങ്ങളിൽ എണ്ണയും, തിരിയും, കുരിശും, പുസ്തകങ്ങളും, കൊന്തയും വെന്തിങ്ങയുമെല്ലാം വിൽക്കുന്ന ഇന്നത്തെ കച്ചവടക്രിസ്തു !

ഈ കച്ചവടങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഞാനും നിങ്ങളുമൊക്കെയാണോ ക്രിസ്തുവിന്റെ അനുയായികൾ എന്നർഥമുള്ള ക്രിസ്ത്യാനി? നമ്മളൊക്കെ ക്രിസ്തുവിനെതിരേ നിൽക്കുന്ന (anti christ) അന്തിക്രിസ്തുവിന്റെ അനുയായികളല്ലേ?

ക്രിസ്തുവിനെതിരേ നിൽക്കുന്നവരല്ലെങ്കിൽ മറ്റാരാണ്.............ആന്റി ക്രൈസ്റ്റ് ?

Sunday, October 18, 2009

ഈ ധനകാര്യമന്ത്രിയെ എങ്ങിനെ അഭിനന്ദിക്കാതിരിക്കും!

കേരളത്തിലെ (സു/കു)പ്രസിദ്ധ വാളയാർഅഴിമതിമുക്തചെക്ക്പോസ്റ്റിൽ അഴിമതിയില്ലാത്തതുകൊണ്ട് കുറച്ചുദിവസങ്ങൾ ഞാൻ പെട്ടുപോയപ്പോൾ നമ്മുടെ വിപ്ലവ ധനകാര്യമന്ത്രി ശ്രീ.തോമസ് ഐസക് സാറിനെ അഭിനന്ദിക്കാൻ ഒരു പോസ്റ്റിടണം എന്നു വിചാരിച്ചുപോയി! എങ്ങിനെ അഭിനന്ദിക്കാതിരിക്കും ! അങ്ങനെയുള്ള കാഴ്ചകളല്ലേ കണ്ടത്!

 ആദ്യമേ പറയട്ടെ, കുറച്ച് നാളുകൾക്കു മുൻപുവരെ കുറച്ച് നൂറിന്റെ നോട്ടുകൾ കൈവശം ഉണ്ടെങ്കിൽ ഏതു സാധനവും വാളയാർ വഴി കേരളത്തിലെത്തിക്കാമായിരുന്നു! എന്നാൽ ഇന്ന് പതിനായിരങ്ങൾ കൈയിലുണ്ടെങ്കിലും അതവിടെത്തന്നെ ഇരിക്കുകയേയുള്ളൂ എന്നത് അത്ഭുതം എന്നല്ല മഹാത്ഭുതം എന്നാണു പറയേണ്ടത്! (കേരളം കൈമടക്കിൽ എന്ന മനോരമ പരമ്പരയും ഇതിനോടു കൂട്ടിച്ചേർക്കണം, മനൊരമക്കുപോലും ഇവിടെ കൈക്കൂലി കണ്ടെത്തുവാ‍ൻ സാധിച്ചില്ല!) അതിൽ നമ്മുടെ നാടിനെ സ്നേഹിക്കുന്ന ഏതൊരു മലയാളിയേയും പോലെ ഞാനും അഭിമാനിക്കുന്നു! അതിൽ നമ്മുടെ ധനകാര്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്യുന്നു! കാരണം ഇതിനു മുൻപും ഇവിടെ ഇടതും വലതുമായ ഭരണകൂടങ്ങൾ എന്ന മഹാത്ഭുതങ്ങൾ സംഭവിച്ചിരുന്നു!

ഇതിനൊരു മറുവശം കൂടിയുണ്ട് : കുറച്ച് സാധനങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്ന ഒരു വ്യാപാരിക്ക് കൂടെക്കൊണ്ടുവരുന്ന ബില്ലുകളിലും അനുബന്ധ രേഖകളിലും എന്തെങ്കിലും നിസ്സാരകാരണങ്ങൾ കണ്ടെത്തി വാഹനമുൾപ്പെടെ തടഞ്ഞിട്ട് നോട്ടീസ് കൊടുക്കുന്ന പരിപാടി ബഹുമാനപ്പെട്ട മന്ത്രി അറിഞ്ഞിട്ടാവുമോ? തുടർന്ന് അവർ ആവശ്യപ്പെട്ട എല്ലാ രേഖകളും (ആധാരവും കരമടച്ച രസീതുമുൾപ്പെടെ) സംഘടിപ്പിച്ചുകൊണ്ടുവരുന്ന വ്യാപാരിയോട് ഇതൊന്നും പറ്റില്ല, 25% പെനാൽറ്റി അടച്ച് സാധനം കൊണ്ട്പോകാനേ പറ്റൂ എന്നു പറയുന്ന സെയിത്സ്ടാക്സ് അധികാരികൾ! വിശദീകരണം ചോദിച്ചപ്പോൾ, ഇങ്ങനെയൊക്കെയല്ലേ സർക്കാരിനു വരുമാനം വർധിപ്പിക്കാൻ സാധിക്കൂ , ഞങ്ങളുടെ ടാർജെറ്റ് തികയൂ എന്നുള്ള ഉത്തരങ്ങൾ പറഞ്ഞ സെയിത്സ്ടാക്സ് കമ്മീഷണർ ! സമ്മതമല്ലെങ്കിൽ നിങ്ങൾ കോടതിയിൽ പോയ്ക്കോളൂ എന്നും മറുപടി. നമ്മുടെ നിയമവ്യവസ്ഥയുടെ മെച്ചംകൊണ്ട് ഒരു വർഷം കഴിഞ്ഞാൽ പോലും മറുപടി കിട്ടുകയില്ല എന്നു ഏതു കുഞ്ഞിനും അറിയാം ! അപ്പോൾ വണ്ടിയും മുതലും നശിക്കാതെ വിട്ടുകിട്ടണമെങ്കിൽ പിഴ അടക്കുക തന്നെ ശരണം!

പണമുണ്ടാക്കാനുള്ള വഴിതടഞ്ഞ മന്ത്രിക്കിട്ട് ഇതിലും നല്ല പണികൊടുക്കാൻ വേറെ വഴിയുണ്ടോ? വാളയാർ കടന്നുവരുന്ന ഓരോ മനുഷ്യനും ഈ  മാറ്റങ്ങൾ വരുത്തിയ മന്ത്രിയോട് എങ്ങിനെ പ്രതികരിക്കും എന്നറിയാൻ അധികമൊന്നും അലോചിക്കേണ്ട!

ഇങ്ങനെ വരുന്ന സാധനങ്ങൾ വിൽക്കുന്ന വ്യാപാരിക്ക് എന്തു വിലകിട്ടിയാൽ മതിയാകും? ഇത് കഴിഞ്ഞു വരുമ്പോൾ യൂണിയൻകാരുടെ വക കലാപരിപാടികൾ ! ചുരുക്കത്തിൽ ഇങ്ങനെയുള്ള എല്ലാ പിഴിച്ചിലും  ഉഴിച്ചിലും കഴിഞ്ഞു ഇവിടെ വ്യാപാരം വിജയകരമായി നടത്തുന്ന ധീരന്മാർക്കു വേണ്ടേ പരമവീരചക്രം നൽകേണ്ടത്?

കേരളാപ്പോലീസ് ടാർജെറ്റ് തികക്കാൻ പെറ്റിക്കേസ് എടുക്കുന്നതുപോലെ നിരപരാധികളുടെ കഴുത്തിന്കുത്തിപ്പിടിച്ച് നടത്തുന്ന ഈ ഖജനാവ് നിറക്കൽ പരിപാടി ഒരു ഭൂഷണമാണെന്നു ബഹുമാനപ്പെട്ട മന്ത്രിക്ക് തോന്നുണ്ടാവുമോ? ഇങ്ങനെയൊരു സംശയം തോന്നാൻ കാരണം , എന്തുപറഞ്ഞാലും അഴിമതിരഹിതവാളയാർ എന്നുപറഞ്ഞ് മന്ത്രി അഭിമാനം കൊള്ളുന്നതു കാണാറുണ്ട്! അതുമല്ലെങ്കിൽ തൊഴിലാളികളല്ലാത്തവരെല്ലാം ചൂഷകരാണെന്ന വിശ്വാസമുള്ളതുകൊണ്ടുമാവാം! എന്നാൽ ഈ തൊഴിലാളികളോടുള്ള മനോഭാവം കണ്ടാലോ അവരെ മനുഷ്യർ എന്നുപോലും പരിഗണിച്ചിട്ടില്ല എന്നു തോന്നിപ്പോകും! ആ കഥകൾ പിന്നാലെ!

മുതലാളിയുണ്ടെങ്കിലേ തൊഴിലാളിയുണ്ടാവൂ... കൊള്ളയടിച്ചല്ല ഖജനാവ് നിറക്കെണ്ടത്...... നിയമങ്ങൾക്കും കണക്കുകൾക്കുമപ്പുറം മനുഷ്യൻ എന്നൊരു ജീവിയുണ്ട്........പോലീസ് സ്റ്റേഷനിൽ ചെല്ലുന്നവരെല്ലാം കുറ്റവാളികളല്ല.... ഈ കാര്യങ്ങളെല്ലാം ഇവരെന്നെങ്കിലും മനസിലാക്കുമോ? നമ്മുടെ നാട്ടിൽ ഇതൊരു വിദൂരസ്വപ്നമാണെന്നു എന്റെ മനസ്സ് പറയുന്നു!

മുൻകാലങ്ങളിൽനിന്നും വിത്യസ്തമായി  അഴിമതിക്ക് ഒത്താശപാടാതെ അത് തടയാനെങ്കിലും ശ്രമിച്ച  നമ്മുടെ ധനകാര്യമന്ത്രിക്ക് ഈ ചെക്ക്പോസ്റ്റിനു ഒരു മാനുഷികമായ മുഖം നൽകാനുള്ള ബാധ്യതയുമില്ലേ? അങ്ങനെ ഉദ്യൊഗസ്ഥർ വാങ്ങിയിരുന്ന കൈക്കൂലി പത്തിരട്ടിയായി സർക്കാർ പിടിച്ചുവാങ്ങുന്നു എന്ന വിത്യാസം മാത്രമേയുള്ളൂ എന്ന ധാരണ മാറ്റാനും ഉള്ള ഉത്തരവാദിത്വം നമ്മുടെ മന്ത്രിക്കില്ലേ?

എന്റെ നാട് ഒരിക്കലും നന്നാവില്ലേ? 
നന്നാവാനനുവദിക്കില്ലേ?




Wednesday, October 7, 2009

ഗ്രീഷ്മയുടെ മരണം : ഒരു ചാകരക്കൊയ്ത്ത്!




 ഗ്രീഷ്മയുടെ മരണം : ഒരു ചാകരക്കൊയ്ത്ത്!


കാരക്കോണം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ നഴ്സിങ്ങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം കേട്ടപ്പോൾ കുറച്ചു നാളുകൾക്കു മുൻപ് നടന്ന രജനി എസ് ആനന്ദിന്റെ ആത്മഹത്യയെ ഓർമിപ്പിച്ചു.  ആ കുട്ടി മുകളിൽ നിന്നു ചാടി ഗുരുതരാവസ്ഥയിലണ് എന്നുകേട്ടപ്പോൾ തന്നെ രജനി എസ് ആനന്ദിന്റെ മരണത്തേത്തുടർന്നുണ്ടായ അതേ നാടകങ്ങൾ ആവർത്തിക്കും എന്നുറപ്പിച്ചിരുന്നു. രജനി എസ് ആനന്ദിന്റെ മരണത്തേത്തുടർന്നു ഇവിടെ എന്തു ഫലമുണ്ടായി എന്നു ചോദിച്ചാൽ നല്ലൊരു തെലുഗു അടിപ്പടം കാണുന്ന പോലെ ടി.വി കാണാൻ പറ്റി എന്നല്ലാതെ മറ്റൊന്നും ഞാൻ കണ്ടില്ല! എന്റെ ഭാഗ്യത്തിനു വള്ളിപുള്ളി വിടാതെ അതേ നാടകങ്ങൾ വീണ്ടും ആവർത്തിക്കുന്നു! 

എത്ര സുന്ദര കേരളം! ദൈവത്തിന്റെ സ്വന്തം നാട്!
(ദൈവം കണ്ണ് തള്ളിയിരിക്കുകാണെന്നത് മറ്റൊരു കാര്യം)


പതിവ് നാടക റീലുകൾ :
  • ഒട്ടും പുറകിലാകാതിരിക്കാൻ രാഷ്ട്രീയക്കാർ മത്സരിച്ച് കോളേജിലേക്കു പ്രകടനം നടത്തുന്നു!
  • കല്ലെറിഞ്ഞു പോലീസിന്റെ ലാത്തിയടി ആവശ്യത്തിനു വാങ്ങിക്കൂട്ടുന്നു!
  • അതിന്റെ പേരിൽ ഹർത്താൽ, വഴി തടയൽ, വ്ണ്ടി കത്തിക്കൽ എന്ന കലാപരിപാടികൾ!
  • കോളേജുകാർ പ്രസ്താവനയുമായി മുഖം രക്ഷിക്കാനിറങ്ങുന്നു!
  • ഇതുപോലൊരു വിശുദ്ധ വേറെയില്ല എന്ന പ്രസ്താവനയുമായി വീട്ടുകാരും കുട്ടിരാഷ്ട്രീയക്കാരുമിറങ്ങുന്നു!
  • മന്ത്രിമാരും രാഷ്ട്രീയനേതാക്കന്മാരും ഭവനസന്ദർശനം നടത്തുന്നു!
  • മന്ത്രിസഭ ലക്ഷങ്ങൾ സഹായധനം പ്രഖ്യാപിക്കുന്നു!
  • അടുത്ത പ്രശ്നം കിട്ടുന്നതുവരെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഗ്രീഷ്മ മരണം ആഘോഷിക്കുന്നു!
ഈ വൃത്തികെട്ട രാഷ്ട്രീയം പ്രബുദ്ധ(അബദ്ധ) കേരളത്തിനു എന്തു സന്ദേശമാണ് നൽകുന്നത്? ആരെങ്കിലും ആത്മഹത്യ ചെയ്താൽ നാടു കത്തിക്കണമെന്നോ? 
അതോ ആ സ്ഥാപനം തകർക്കണമെന്നോ? 
അതോ ഒരു വിവാദമുണ്ടാക്കി സർക്കാരിന്റെ കുറച്ച് കാശ് വാങ്ങാമെന്നോ?


ആരെങ്കിലും തെറ്റുചെയ്താൽ ശിക്ഷിക്കണം.... മരിച്ചു എന്ന ഒറ്റക്കാരണത്താൽ അന്വേഷണം പോലുമില്ലാതെ ആ വ്യക്തിയുണ്ടായിരുന്ന സ്ഥാപനം തകർക്കുന്ന, നിയമവാഴ്ചയെ പരിഹസിക്കുന്ന ഈ  പ്രവണത രാജ്യദ്രൊഹമല്ലാതെ മറ്റെന്താണ്? ഈ രാജ്യദ്രൊഹത്തിന്റെ ഫലമോ, മരിച്ചവന്റെ വീട്ടുകാർക്കു ചുളുവിൽ കുറച്ച് കാശ് കിട്ടും ! നശീകരണപ്രവണതയുള്ള മനോരോഗികൾക്ക് ആഘോഷിക്കാൻ ഒരവസരവും!

ഉമ്മൻചാണ്ടിയും പിണറായി വിജയനും രാജഗോപാലുമൊന്നും നോക്കിയാൽ ഈ കുട്ടിക്രിമിനലുകളെ അഴിഞ്ഞാടാതെ ഒതുക്കി നിർത്താൻ സാധിക്കില്ലേ? അതോ അവർ തങ്ങളുടെ മൌനാനുവാദത്താൽ ഈ നാടിനെ നശിപ്പിക്കുന്ന രാജ്യദ്രൊഹികൾക്കു കൂട്ടുനിൽക്കുകയാണെന്നു വേണമോ കരുതാൻ! ഇവർ എന്തു സന്ദേശമാണു ഈ പ്രവർത്തികളിലൂടെ ജനങ്ങൾക്കു നൽകാനുദ്ദേശിക്കുന്നത്? ഈ രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടും ഇവർക്ക് ഇത്രക്കു ഉത്തരവാദിത്ത്വമേ ഉള്ളോ? അതോ ഒരു ഉത്തരവാദിത്ത്വവുമില്ലേ? ഈ അക്രമപ്രവണതകൾ തടയേണ്ട ഇവിടുത്തെ സർക്കാരിനെ നയിക്കുന്ന പാർട്ടിക്കാണ് പല അക്രമസമരാഭാസങ്ങളുടേയും(ആഘോഷങ്ങളുടെ) പിതൃത്വം എന്നത് എന്റെ നാടിന്റെ ശാപവും ദൌർഭാഗ്യവും ആണെന്നല്ലാതെ മറ്റെന്തു പറയാൻ ! ഒരു സമൂഹത്തോടാണ്, ഒരു തലമുറയോടാണ് തങ്ങൾ ഈ അപരാധം ചെയ്യുന്നത് എന്ന് ഇവർ തിരിച്ചറിയുന്ന ദിവസം എന്നെങ്കിലും വരുമോ ?


ഇങ്ങനെയുള്ള നേതാക്കന്മാരേയും പ്രസ്ഥാനങ്ങളേയും ചുമക്കുന്ന എന്റെ നാടിന്റെ ദുർഗതി! 
കേഴുക നാടേ......പ്രിയ നാടേ.......കേഴുക.........കേഴുക.....


ആത്മഹത്യ ചെയ്യാനുള്ളവരോടൊരു വാക്ക്.......

നിങ്ങൾ ഏതായാലും ചാവാൻ തീരുമാനിച്ചു...... 
അല്പം ബുദ്ധിപരമായി പ്രവർത്തിച്ചാൽ വീട്ടുകാരെങ്കിലും രക്ഷപെടും!

Thursday, October 1, 2009

തേക്കടിയിലെ ശവംതീനികൾ...

ഒരു മലയാളി എന്ന നിലയിലും അതിലുപരി മനുഷ്യൻ എന്ന നിലയിലും അല്പം മുൻപു മനോരമ ന്യുസിൽ  അവരുടെ ഡെൽഹി ലേഖകൻ പുറത്തുവിട്ട വാർത്തയിൽ ഞാൻ ലജ്ജിക്കുന്നു.

മലയാളിയുടെ മുത്തശ്ശിപ്പത്രം ഇത്രക്കു അധപതിക്കരുത്..... 
അതു ഞങ്ങൾ മലയാളികൾക്കപമാനമാണ്.


അവർ പറഞതിങനെയാണ്,

“തേക്കടിയിൽ ബോട്ടപകടത്തിൽ മരിച്ച ഡെൽഹി സ്വദേശികളുടെമ്രുതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ കൈക്കൂലി ചോദിച്ചു, പണം ഇല്ല എന്ന് പറഞപ്പോൾ ദേഹത്തുള്ള സ്വർണ്ണം നൽകണമെന്നാവശ്യപ്പെട്ടു“

ഇന്നലെ വൈകുന്നേരം മുതൽ കേരളത്തിന്റെ മനസാക്ഷി തേക്കടിയിലാണ്. ഇന്നലെ മുതൽ അവിടെ കഠിനാധ്വാനം ചെയ്യുന്ന കേരളത്തിലെ മെഡിക്കൽജീവനക്കാരോട് ഈ ചതി മനൊരമ ചെയ്യരുതായിരുന്നു. ഇനി എത്ര ഉരുണ്ടുകളിച്ചാലും നിങളീ നൽകിയ വേദന മാറുമോ? ഇപ്പോൾ അവിടെ ജോലി ചെയ്യുന്നവരെല്ലാം സംശയത്തിന്റെ നിഴലിലായില്ലേ.......

അല്പമെങ്കിലും മനസാക്ഷി നിങളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ, മലയാളത്തേയും മലയാളിയുടെ അഭിമാനത്തേയും അല്പമെങ്കിലും വകവെക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ആ റിപ്പോർട്ടിനു കേരളജനതയുടെ മുൻപിൽ മാപ്പുപറയണം.

തേക്കടി ദുരന്തവും റേറ്റിങ് കൂട്ടാനുപയൊഗിക്കുന്ന,
എന്തിലും കച്ചവടം മാത്രം കാണുന്ന നിങ്ങളെ
മലയാളത്തിന്റെ ശാപമെന്നല്ലാതെ എന്താണു വിളിക്കേണ്ടതു?
ശവംതീനിക്കഴുകന്മാർ നിങ്ങളേക്കാൾ എത്ര ഭേതം!

Tuesday, September 22, 2009

ജീവിതമേ ഒരു ഭാഗ്യപരീക്ഷണം.


ക്യാന്‍സര്‍ ബാധിച്ച്‌ നാളുകള്‍ എണ്ണിക്കഴിയുന്ന സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ്‌ ഞാന്‍ ആ അമ്പരപ്പിക്കുന്ന ദൃശ്യം കണ്ടത്‌. തളര്‍ന്ന കൈകള്‍ ആയാസപ്പെടുത്തി, അടുത്തുനിന്ന വൃദ്ധനെ അവന്‍ കൈകാട്ടി വിളിക്കുന്നു. `എത്ര?'- അയാള്‍ ചോദിക്കുന്നു. `രണ്ട്‌' എന്ന്‌ സുഹൃത്തിന്റെ ആംഗ്യം. അയാള്‍ ബാഗ്‌ തുറന്ന്‌ രണ്ട്‌ ഭാഗ്യക്കുറി ടിക്കറ്റുകള്‍ നീട്ടുന്നു. `എല്ലാ ആഴ്‌ചയും രണ്ട്‌ ടിക്കറ്റെങ്കിലും വാങ്ങണമെന്ന്‌ നിര്‍ബന്‌ധമാണ്‌'- സുഹൃത്തിന്റെ ഭാര്യയുടെ വിശദീകരണം. ടിക്കറ്റുകള്‍ തലയിണയുടെ താഴെ നിക്ഷേപിച്ച്‌ അവന്‍ നിറംമങ്ങിയ കണ്ണുകള്‍ വലിച്ചടച്ചു.


മലയാളിയുടെ പുതുപ്രണയമാണ്‌ ലോട്ടറി.`വിദ്യാധരന്‍, മഞ്‌ജുളാ ബേക്കറി, ആലപ്പുഴ' എന്ന അപൂര്‍വമായി മാത്രം കേട്ടിരുന്ന മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌ ഇപ്പോള്‍ 35,000 അംഗീകൃത ഏജന്റുമാരിലേക്കും ഒരു ലക്ഷം അനൗദ്യോഗിക ഏജന്റുമാരിലേക്കുമായി ഒഴുകിപ്പരന്നിരിക്കുന്നു. കള്ളുഷാപ്പിലും ബസ്‌സ്‌റ്റാന്റിലും മാത്രം വില്‌പന നടന്നിരുന്ന ലോട്ടറി ടിക്കറ്റുമായി ഇന്ന്‌ ഏതു കോടീശ്വരന്റെ വീട്ടിലും കയറിച്ചെല്ലാം. ലോട്ടറിക്ക്‌ ഒരിക്കലുമില്ലാത്ത മാന്യത ലഭിച്ചിരിക്കുകയാണിപ്പോള്‍.

നേരം പുലരുന്നതിനുമുമ്പുതന്നെ എറണാകുളത്ത്‌ നോര്‍ത്ത്‌ റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ലോട്ടറി ഏജന്റിന്റെ ഷോപ്പില്‍ സാമാന്യം നല്ല ജനത്തിരക്ക്‌ കണ്ടു. രണ്ടു സ്‌ത്രികളുമുണ്ട്‌, ഉപഭോക്‌താക്കളുടെയിടയില്‍. രാവിലെ ക്ഷേത്രദര്‍ശനത്തിനു പോകുന്നതുപോലെയോ, പാല്‍ വാങ്ങാന്‍പോകുന്നതുപോലെയോ ആണ്‌ ലോട്ടറി ടിക്കറ്റിനായുള്ള യാത്ര.

മലയാളിക്ക്‌ എന്തുമാകാം. കാരണം, വിടുവേല ചെയ്യാന്‍ തമിഴനും പറമ്പിലെ ജോലിചെയ്യാന്‍ ബംഗാളിയും സുലഭം. നമുക്ക്‌ കോളറില്‍ ചെളിപുരളാത്ത ജോലി മതി. അതു കിട്ടുന്നതുവരെ (കിട്ടി കഴിഞ്ഞാലും) ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കാം. വിജയിക്കുന്നതുവരെ പരിശ്രമിക്കാനല്ലേ മഹാനായ നെപ്പോളിയന്‍ പറഞ്ഞിരിക്കുന്നത്‌. വലനെയ്യുന്ന എട്ടുകാലിയെ കണ്ടുപഠിച്ച റോബര്‍ട്ട്‌ ബ്രൂസ്‌ എന്ന രാജാവിന്റെ പരിശ്രമത്തിന്റെ കഥ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ടുതാനും. അതുകൊണ്ട്‌ നേരംപുലരുംമുമ്പ്‌ നമുക്ക്‌ ഭാഗ്യാന്വേഷണം തുടങ്ങാം. മരിക്കുംവരെ തുടരാം.

ഏതായാലും പൗരന്മാരുടെ ഈ ലോട്ടറി ഭ്രമം പരമാവധി മുതലെടുക്കാനാണ്‌ വിപ്ലവ സര്‍ക്കാരിന്റെ ശ്രമം. മുമ്പ്‌ ഒരു കേരളാ ലോട്ടറി മാത്രമുണ്ടായിരുന്ന സ്‌ഥാനത്ത്‌ ഇന്ന്‌ ആറ്‌ വീക്കിലി ലോട്ടറികളും ആറ്‌ ബമ്പര്‍ ലോട്ടറികളുമുണ്ടത്രേ. പൗരന്മാരുടെ ആക്രാന്തം മുതലെടുത്ത്‌, ഭാഗ്യം വിറ്റ്‌ സര്‍ക്കാര്‍ 2000 ജൂലൈ റെക്കോര്‍ഡ്‌ ലാഭവും കൊയ്‌തു. 48.21 കോടി രൂപയാണ്‌ ഭാഗ്യാന്വേഷികള്‍ ആ മാസം സര്‍ക്കാര്‍ ഖജനാവില്‍ അടച്ചത്‌. 2006 സെപ്‌റ്റംബറിലെ 46.53 കോടി രൂപ എന്ന റെക്കോര്‍ഡിനെയാണ്‌ ഈ ജൂലൈ മാസം കവച്ചുവച്ചത്‌.

ജോലി ചെയ്യാതെ പണമുണ്ടാക്കുക. ഒട്ടും അഭിലഷണീയമല്ല നമ്മുടെ ഈ പുതുമാര്‍ഗം. എല്ലാ രംഗങ്ങളിലും മത്‌സരബുദ്ധിയോടെ ലോകം മുന്നേറുമ്പോള്‍ നമ്മള്‍ ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിച്ച്‌ വീട്ടിനുള്ളില്‍ കുത്തിയിരിക്കരുത്‌. (മറ്റു രാജ്യങ്ങളിലെ, പ്രത്യേകിച്ച്‌ ഗള്‍ഫിലെ, ലോട്ടറികളില്‍ ഒന്നാം സമ്മാനമടിച്ച വാര്‍ത്ത വായിക്കുക, അതും മലയാളിയ്‌ക്കായിരിക്കും!) അത്‌ വികസിത സമൂഹത്തിനു ചേര്‍ന്നതല്ല.

സാക്ഷരത കൂടുന്തോറും ചിന്തയുടെ ചക്രവാളം ചുരുങ്ങുന്ന ലോകത്തിലെ ഒരേയൊരു ജനത കേരളത്തിലായിരിക്കുമുള്ളത്‌. മറ്റൊരു റെക്കോര്‍ഡ്‌ നേട്ടം!

പിന്‍കുറുപ്പ്‌: കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന വിദേശികള്‍ `തീര്‍ച്ചയായും ചെയ്യേണ്ടാര്യങ്ങള്‍' ഉപദേശിക്കുന്ന ഒരു വെബ്‌സൈറ്റ്‌ കണ്ടു. നാടന്‍ കള്ള്‌ കുടിക്കുക, വള്ളംകളി കാണുക, മഴകൊള്ളുക, ചീനവല കാണുക എന്നിങ്ങനെ 52 കാര്യങ്ങള്‍. അതില്‍ 37-ാമത്തെ കാര്യമായി പറഞ്ഞിരിക്കുന്നത്‌ ഇതാണ്‌: `ഒരു തെരുവുകച്ചവടക്കാരനില്‍നിന്നും ലോട്ടറി ടിക്കറ്റ്‌ വാങ്ങി ഭാഗ്യം പരീക്ഷിക്കുക.'
കട: സ്കൂപ്‌ഐ

Saturday, September 19, 2009

പണം കിട്ടിയാല്‍ നന്നാവുമോ?

തൃപ്പൂണിത്തുറ ഓട്ടോസ്‌റ്റാന്‍ഡില്‍ പത്തുപേര്‍ ചേര്‍ന്നാണ്‌ ഒരു ലോട്ടറി എടുത്തത്‌. 10 ലക്ഷം അടിച്ചപ്പോള്‍ ഓട്ടോഡ്രൈവര്‍മാരായ 10 പേര്‍ ഓരോ ലക്ഷത്തിന്റെ ഉടമകളായി.

പത്തില്‍ ഒന്‍പതുപേരും ലോട്ടറിയടിച്ചതിന്റെ ആഘോഷം കീശ കാലിയാകും മുമ്പ്‌ അവസാനിപ്പിച്ചു. എന്നാല്‍ വിജയന്‍മാത്രം കീശ ചോര്‍ന്നതറിയാതെ ആഘോഷങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ മദ്യത്തെയും കൂട്ടുകാരെയും ആശ്രയിക്കാനാവാതായതോടെ ഒരുമുഴം കയറില്‍ ഈ 'ഭാഗ്യവാന്‍' ജീവനൊടുക്കി.

നാലുവര്‍ഷം മുമ്പ്‌ 'സൗഭാഗ്യം' തേടിയെത്തിയ ചെറായി കടപ്പുറത്തെ മത്സ്യത്തൊഴിലാളി സത്യശീലന്റെ വീടിന്‌ അന്നുമിന്നും ഒരേ മുഖച്‌ഛായ. ലോട്ടറിയടിച്ച 20 ലക്ഷം തിരപോലെ വന്നു തിരികെപ്പോയതോടെ ഒന്നും നീക്കിയിരിപ്പില്ല.

കൊച്ചുവീടിന്റെ അല്ലറചില്ലറ അറ്റകുറ്റപ്പണി നടത്തിയതും മകളുടെ വിവാഹം കഴിഞ്ഞതും ഏകമകന്‌ ഓട്ടോറിക്ഷ വാങ്ങി നല്‍കിയതും മാത്രമാണ്‌ എടുത്തുപറയത്തക്ക നേട്ടങ്ങള്‍.

'ഓണ്‍ലൈന്‍ ഭാഗ്യദേവത' കനിഞ്ഞ തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി രഘു ആദ്യം ചെയ്‌തത്‌ ഒരു ഓണ്‍ലൈന്‍ ലോട്ടറി കൗണ്ടര്‍ തുടങ്ങുകയാണ്‌. മാസങ്ങള്‍ക്കകം ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം അപ്പാടെ പൊളിഞ്ഞെങ്കിലും നാലരക്കോടിയോളം 'പ്ലേവിന്‍' സമ്മാനത്തുക കൈവശമുണ്ടായിരുന്നതിനാല്‍ രഘു രക്ഷപെട്ടു.

നാലുമാസം മുമ്പ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ 'ട്വന്റി-ഫിഫ്‌റ്റി'യുടെ 50 ലക്ഷം വീട്ടിലെത്തിയ മട്ടാഞ്ചേരി എ.എം. ക്രോസ്‌ റോഡിലെ രഞ്‌ജിത്‌കുമാര്‍ കാര്‍ വാങ്ങി. സ്വന്തമായി വീടില്ലാത്ത രഞ്‌ജിത്‌ അതു സ്വന്തമാക്കാനുള്ള അന്വേഷണത്തിലാണിപ്പോള്‍. 20 ലക്ഷം ലോട്ടറിയടിച്ച, കൊച്ചിയിലെ പച്ചമരുന്നു വില്‍പ്പനക്കാരന്‍ നരേന്ദ്രന്‍ മക്കളുടെ വിദ്യാഭ്യാസത്തിനു പണം ചെലവിട്ടാണു മാതൃകയായത്‌.

ലോഡിംഗ്‌ തൊഴിലാളിയായ പാലക്കാട്‌ കരിങ്കിരപ്പുള്ളി കനാല്‍ കാക്കത്തറിലെ വേലപ്പന്‍ 25 ലക്ഷം ലോട്ടറിയടിച്ച സന്തോഷത്തില്‍ 'വേലയെടുപ്പ്‌' നിര്‍ത്തി. പാലക്കാട്ടെ ബാര്‍ അറ്റാച്ച്‌ഡ് ഹോട്ടലിലായി സദാസമയം. കൂട്ടിന്‌ നാട്ടിലെ കുടിയന്‍മാരായ പരിചയക്കാരത്രയും. ലക്ഷം തീര്‍ന്നതോടെ കൂട്ടുകാര്‍ ടാറ്റ പറഞ്ഞു. പുതുവീടിന്റെ പണി പാതിവഴി നിലച്ചു. പഴയ ലോഡിംഗ്‌ പണിയുമില്ലാതായി. ഓട്ടോറിക്ഷ വാടകയ്‌ക്കെടുത്ത്‌ ഓടിച്ചാണ്‌ ഇപ്പോള്‍ ഉപജീവനം.

മൂന്നുവര്‍ഷം മുമ്പ്‌ സംസ്‌ഥാന ഭാഗ്യക്കുറിയുടെ 20 ലക്ഷം ലഭിച്ച നേര്യമംഗലം സ്വദേശി ബിജു സ്‌ഥലം വാങ്ങിക്കൂട്ടി. പിന്നീടു സ്‌ഥലവില കുത്തനെ കൂടിയതോടെ ബിജുവിനെ ഭാഗ്യദേവത വീണ്ടും കടാക്ഷിച്ചു. ഇരട്ടി വിലയ്‌ക്കു സ്‌ഥലം മറിച്ചുവിറ്റ്‌ ബിജു നേട്ടം കൊയ്‌തു.

എന്നാല്‍, നേര്യമംഗലത്തിനടുത്തു പത്താംമൈലില്‍ 1986-ല്‍ ഏഴുലക്ഷം രൂപയടിച്ച യുവാവ്‌ ഇന്നു കുടുംബം പോറ്റാന്‍ ഡ്രൈവറായി ജോലി നോക്കുന്നു. സമ്മാനത്തുകകൊണ്ട്‌ സ്‌ഥലവും ജീപ്പും വാങ്ങിയെങ്കിലും സുഹൃത്തുക്കള്‍ കൂടി, കുടിയും. ഒടുവില്‍ ജീപ്പും സ്‌ഥലവും കുടുംബസ്വത്തും വിറ്റു. ഇപ്പോള്‍ വാടകവീട്ടില്‍ താമസം.

20 ലക്ഷം രൂപ ലോട്ടറിയടിച്ച മൂവാറ്റുപുഴ നിരപ്പ്‌ ഭാഗത്തെ ഓട്ടോറിക്ഷത്തൊഴിലാളിയേയും കുത്തുപാളയെടുപ്പിച്ചതു കൂട്ടുകെട്ടാണ്‌. വാടകമുറിയെടുത്തായിരുന്നു സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനസദസുകള്‍. എട്ടുവര്‍ഷം മുമ്പ്‌ കോതമംഗലത്തിനടുത്തു കറുകടത്ത്‌ 50 ലക്ഷവും മാരുതി കാറും ലോട്ടറിയടിച്ച യുവാവ്‌ മാരുതി വിറ്റ്‌ പുത്തന്‍ ജീപ്പ്‌ വാങ്ങി. നാടുകാണിയില്‍ റബര്‍ത്തോട്ടവും സ്‌ഥലക്കച്ചവടവും തുടങ്ങി. പിന്നീടെല്ലാം തകിടംമറിഞ്ഞു. കറുകടത്തുനിന്നു സ്‌ഥലം വിറ്റ്‌ പുന്നേക്കാട്ടേക്കു താമസം മാറ്റി. ഇന്നു ജീവിക്കാനായി ഓട്ടോറിക്ഷ ഓടിക്കുന്നു.

കടാതി കുര്യന്മല സ്വദേശിയും ഗ്ലാസ്‌ കടയിലെ തൊഴിലാളിയുമായ യുവാവിനു നാലുവര്‍ഷം മുമ്പ്‌ 20 ലക്ഷം രൂപ ലോട്ടറിയടിച്ചു. കോളനിയില്‍ മൂന്നു സെന്റിലെ കൂരയിലായിരുന്നു വാസം. ലോട്ടറി അടിച്ച തുകയ്‌ക്ക് രണ്ട്‌ ഓട്ടോറിക്ഷ വാങ്ങി. മദ്യപാനവും ബാക്കി രൂപയ്‌ക്കു ലോട്ടറി എടുക്കലുമായിരുന്നു മുഖ്യവിനോദം. ചില്ലിക്കാശുപോലും ശേഷിക്കാതെ ഇപ്പോഴും മൂന്നു സെന്റിലെ കൂരയില്‍ത്തന്നെ. ലോട്ടറി എടുക്കലിനുമാത്രം മാറ്റമില്ല.

പെരിയാര്‍ ലോട്ടറിയടിച്ച കടാതി സ്വദേശിയായ തെങ്ങുകയറ്റത്തൊഴിലാളി രാജീവ്‌ 14 സെന്റ്‌ ഭൂമി ആറുലക്ഷം രൂപയ്‌ക്കു വാങ്ങി. ബാക്കിത്തുക ബാങ്കിലിട്ടു. ആറുമാസംകൊണ്ട്‌് അക്കൗണ്ട്‌ കാലിയായി. വാങ്ങിയ ഭൂമിമാത്രം മിച്ചം.

ഈസ്‌റ്റ് മാറാടിയില്‍ ഇറച്ചിക്കച്ചവടക്കാരനായ യുവാവിന്‌ ഒരുവര്‍ഷം മുമ്പ്‌ 20 ലക്ഷം രൂപ ലോട്ടറിയടിച്ചെങ്കിലും പണം ചോര്‍ന്ന വഴിയറിഞ്ഞില്ല. ഒടുവില്‍ ഇറച്ചിക്കട പൂട്ടി 'കട'ക്കാരനായി. പുത്തന്‍കുരിശ്‌ ശാസ്‌താമുകളില്‍ അഞ്ചുവര്‍ഷം മുമ്പ്‌ 10 ലക്ഷവും മാരുതി കാറും ലഭിച്ച യുവാവ്‌ ഇപ്പോഴും കൂലിപ്പണി ചെയ്‌താണു ജീവിക്കുന്നത്‌. കോതമംഗലത്ത്‌ ഹൈറേഞ്ച്‌ ജംഗ്‌ഷനില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ലോട്ടറിയടിച്ച ചുമട്ടുതൊഴിലാളി കിട്ടിയ തുകയ്‌ക്കു മുഴുവന്‍ സ്‌ഥലം വാങ്ങി. ഇപ്പോള്‍ അന്തസായി ജീവിക്കുന്നു. കോതമംഗലത്തുതന്നെ സ്വകാര്യ ധനകാര്യ സ്‌ഥാപന ഉടമയ്‌ക്ക് 20 വര്‍ഷം മുമ്പ്‌ അഞ്ചുലക്ഷം രൂപ ലോട്ടറിയടിച്ചിരുന്നു. ബിസിനസ്‌ പൂട്ടി കടബാധ്യതയിലായ ചരിത്രമാണ്‌ ഇയാളുടേത്‌.

കടപ്പാട്‌ : മംഗളം .

Friday, September 18, 2009

ഇവര്‍ കൂട്ടിലടക്കപ്പെട്ട ദൈവങ്ങളോ?

ഇന്നലെ വിശുദ്ധ കര്‍മ്മം അനുഷ്ടിക്കാന്‍ മക്കക്കു പോയ മലയാളികള്‍ അപകടത്തില്‍ മരിച്ചു !
കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ചോറൂണിനു ഗുരുവായൂര്‍ക്ക് പോയവര്‍ അപകടത്തില്‍ മരിച്ചു!
കഴിഞ്ഞ മാസം വേളാങ്കണ്ണിക്ക് തീര്‍ഥാടനത്തിനു പോയവര്‍ അപകടത്തില്‍ മരിച്ചു!

എന്തുകൊണ്ടാണിങ്ങനെയൊക്കെ സംഭവിക്കുന്നത്‌?
എന്തിനാണീ തീര്‍ഥാടനം?
അവിടെ ചെന്നെങ്കില്‍ മാത്രമേ ദൈവത്തെ കാണാന്‍ പറ്റുകയുള്ളോ?
ഇവര്‍ ജീവന്‍ കളഞ്ഞു കാണാന്‍ പോയ ഈ ദൈവങ്ങള്‍ കൂട്ടിലടക്കപ്പെട്ട ദൈവങ്ങളാണോ?
മനസറിഞ്ഞ് തന്നെ കാണണമെന്നാഗ്രഹിക്കുന്ന ഭക്തന്‍ സമയവും പണവും ആരോഗ്യവും ജീവനും നഷ്ടപ്പെടുത്തി ചെന്ന് ഈ ദൈവങ്ങളെ കാണാന്‍ മാത്രം അവരെന്താ ജയിലില്‍ ആണോ ?

ഞാനറിയുന്ന ദൈവം സര്‍വ്വവ്യാപിയാണ് !സര്‍വ്വശക്തനാണ്‌ !
ഈ രണ്ടു ഗുണങ്ങളുമില്ലെങ്കില്‍ ആ വ്യക്തിയെ അല്ലെങ്കില്‍ ശക്തിയെ ദൈവം എന്ന് വിളിക്കാന്‍ പോലും പറ്റില്ല. ഇങ്ങനെയുള്ള ദൈവത്തെ കാണാന്‍ ദൈവത്തിന്റെ കൂട്ടില്‍ ചെല്ലണോ? തന്റെ വീട്ടിലിരുന്നു തന്നെ ഭക്തന് ദൈവത്തെ ദര്‍ശിക്കാന്‍ സാധിക്കില്ലേ? അതോ ഭക്തന്റെ മുന്‍പില്‍ വരാന്‍ ദൈവം തയ്യാറല്ലേ? ഇപ്പോള്‍ ഞാന്‍ വിളിച്ചാല്‍ വരുന്ന , എന്റെ വിളി കേള്‍ക്കുന്ന എന്റെ ദൈവം തന്നെയല്ലേ ഗുരുവായൂരും വേളാങ്കണ്ണിയിലും മക്കയിലും ഉള്ളത് ? അതോ അവിടെയിരിക്കുമ്പോള്‍ ദൈവത്തിന്റെ ശക്തി വര്‍ധിക്കുമോ?എന്റെ മുന്‍പില്‍ വരുമ്പോള്‍ ദൈവത്തിനു ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ അവിടെയിരുന്നാല്‍ ചെയ്യാന്‍ സാധിക്കുമോ? (ലോകത്തിലെ ഒരു ജഡ്ജിക്ക് പോലും എല്ലായിടത്തും ഒരേ അധികാരമാണ്, ജഡ്ജി ഇരിക്കുന്നിടമാണ് കോടതി )

ഞാന്‍ മനസിലാക്കിയിടത്തോളം ഓരോ കൂട്ടിലിരിക്കുന്ന ദൈവങ്ങള്‍ അതാതു മതങ്ങളുടെ ഏറ്റവും നല്ല കചവടച്ചരക്കാണ്‌..... ഒരേ ദൈവങ്ങള്‍ക്ക് തന്നെ വിവിധസ്ഥലങ്ങളില്‍ വിവിധ ശക്തി! ചിലയിടത്ത് കൂടുതല്‍ ചിലയിടത്ത് കുറവ്! ഒരേ ദൈവങ്ങളുടെ തന്നെ വിവിധ കേന്ദ്രങ്ങളിലെ വരുമാനം ശ്രദ്ധിച്ചാല്‍ മനസിലാകുന്ന കാര്യം മാത്രമേ ഇതിലുള്ളൂ.....

ഇതിന്റെയെല്ലാം പുറകെ കണ്ണുമടച്ചു ഭ്രാന്തമായി ഓടുന്ന ഭക്തരെ എന്തെന്ന് വിളിക്കണം ? ഈ ദൈവത്തെ കാണാന്‍ എന്ത് ത്യാഗവും സഹിക്കും ! എന്നാല്‍ തൊട്ടടുത്തുള്ള നിരാലംബനായ ഒരു മനുഷ്യന്റെ ബലഹീനതക്ക് നേരെ നോക്കാന്‍ പോലും അവര്‍ക്ക് മടി! ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തവന് നൂറു രൂപ കൊടുക്കാന്‍ മടിയുള്ള ഈ ഭക്തര്‍ പതിനായിരങ്ങള്‍ മുടക്കി ദൈവത്തെ അവന്റെ കൂട്ടില്‍ ചെന്ന് കാണും , ദൈവത്തിന്റെ കൂടിന്റെ മേല്‍ക്കൂര സ്വര്‍ണ്ണം പൂശാനുള്ള പണവും കൊടുക്കും!

ഇങ്ങനെ കാശുമേടിച്ച്‌ ഈ ഭക്തനെയനുഗ്രഹിക്കുന്ന ദൈവമുണ്ടോ?
ഉണ്ടെങ്കില്‍ ആ ദൈവത്തെക്കാളും എത്രയോ ഭേദമാണ് വെറും മനുഷ്യര്‍!


ചിന്തിക്കൂ മനുഷ്യനാകൂ ..................
യഥാര്‍ത്ഥ ദൈവവിശ്വാസിയാകൂ........


Monday, September 14, 2009

ഇതോ മാധ്യമധര്‍മ്മം?

അഭയക്കേസിലെ പ്രതികളുടെ നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റ്‌ നടത്തിയതിന്റെ വീഡിയോ ഇന്ന് എല്ലാമാധ്യമങ്ങളിലുംകാണിച്ചു. അവര്‍ തെറ്റുചെയ്തോ ഇല്ലയോ എന്നത് ഞാന്‍ പറയാനാഗ്രഹിക്കുന്നില്ല . എങ്കിലും ഇന്നത്തെ മാധ്യമ ആവേശം കണ്ടപ്പോള്‍ അല്പം അതിരുകടന്നില്ലേ എന്ന് തോന്നിപ്പോകുന്നു !

ചീഫ്‌ ജുഡീഷ്യല്‍ കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഏഷ്യാനെറ്റ്‌ അതിന്റെ സംപ്രേക്ഷണം നിര്‍ത്തിവച്ചു. എന്നാല്‍ മറ്റുപല ചാനെലുകളും കോടതിയുടെ ഉത്തരവിനെപ്പോലും മറികടന്ന് വീണ്ടും അവ സംപ്രേക്ഷണം ചെയ്തു. ഒരു ചാനെല്‍ നടത്തിയ ചര്‍ച്ച ഇങ്ങനെയായിരുന്നു. അനാലിസിസ്‌ ടെസ്റ്റ്‌ അനുസരിച്ച് അവര്‍ കുറ്റം ചെയ്തു എന്ന് കരുതുന്നുണ്ടോ ? ഉണ്ടെങ്കില്‍ Y എന്നും ഇല്ലെങ്കില്‍ ഡാഷ് എന്നും S.M.S അയക്കുക !

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ഈരാജ്യത്തു കോടതികള്‍ എന്തിനാണ്? വിചാരണകള്‍ എന്തിനാണ്? കുറെ ചാനലുകാരെ ആ പരിപാടി ഏല്‍പ്പിച്ചാല്‍ പോരെ? ഈ ചാനലുകാര്‍ കൊടതിവിധിയെപ്പോലും മാനിക്കാതെ നടത്തുന്ന ഈ പ്രഹസനം എന്ത് സന്ദേശമാണ് നല്‍കുന്നത്? ഏല്ലാ കുറ്റകൃത്യങ്ങള്‍ക്കും വിധിപറയാന്‍ ഇലക്ഷന്‍ നടത്തിയാല്‍ പോരെ?

ഈ ചെയ്യുന്നതിന്റെ ഭവിഷ്യത്തുകള്‍ ആരാണനുഭവിക്കേണ്ടത് ? നമ്മുടെനിയമാവ്യവസ്ഥയെ ഇങ്ങനെ നോക്കുകുത്തി ആക്കി പരിഹസിക്കുന്നതിന്റെ ദൂരവ്യാപക ഫലങ്ങള്‍ എന്തായിരിക്കും ? അതിന്റെ ഉത്തരവാദിത്തം ഈ മാധ്യമ കച്ചവടക്കാര്‍ ഏറ്റെടുക്കുമോ?

മാധ്യമപ്രവര്‍ത്തനം ഇത്രയ്ക്കു അധപതിക്കാന്‍ പാടില്ല. എന്തും ചെയ്യാം, ആരെയും പേടിക്കേണ്ട എന്ന ഈ അവസ്ഥ ആരാജകത്വംമാത്രമേ രാജ്യത്തുണ്ടാക്കൂ.... മാധ്യമസ്വാതന്ത്ര്യം ഇങ്ങനെ ദുരുപയോഗിച്ചാല്‍ പിന്നീട് ദുഖിക്കെണ്ടിവരും!

ഇന്‍വെസ്ടിഗേട്ടീവ്‌ പത്രപ്രവര്‍ത്തനം നല്ലതാണ് ...... അത് ഈ തരത്തിലുള്ള തറ പരിപാടിയല്ല.

അഭയക്കേസില്‍ കുറ്റവാളികളെ കുറ്റം വിധിക്കാനും അവരെ ശിക്ഷിക്കാനും ഈ നാട്ടില്‍ ഒരു നിയമവ്യവസ്തയുണ്ട്....കൊടതികളുണ്ട്......അതിനു പത്രക്കാര്‍ വേണ്ട!


Tuesday, September 8, 2009

ദൈവത്തെ തിരുത്തുന്ന തിരുമേനി !

ദൈവത്തിനു പറ്റിയ
"തെറ്റ് "
തിരുത്തുന്ന സഭാധികാരികളെക്കുറിച്ച് ഇവിടെ വായിക്കാം!

Friday, September 4, 2009

മരണം പഠിപ്പിക്കുന്നത്‌

രണ്ടു മരണ വാര്‍ത്തകള്‍ ഈ ദിവസങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചു :

ഇക്കഴിഞ്ഞ ഓണം ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തനായ ജനപിന്തുണയുള്ള നേതാവ്‌ , Y.S.R Reddy യുടെ മരണവാര്‍ത്തയാണ് നമ്മുടെ മുന്‍പിലെത്തിച്ചത് ! ആന്ധ്രയുടെ C.E.O എന്ന് പേരെടുത്ത സാക്ഷാല്‍ ചന്ദ്രബാബുനായിഡുവിനെ തുടര്‍ച്ചയായി തോല്‍പ്പിച്ച് അധികാരം നിലനിര്‍ത്തിയ ശക്തനാണ് അദ്ദേഹം ! രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ശക്തനായ നേതാവ്. എന്നാല്‍ ആ നേതാവിന്റെ മരണം എത്ര ദയനീയമായിരുന്നു ! ആന്ധ്രയുടെ വനാന്തരങ്ങളില്‍ ചിതറിത്തെറിച്ച നിലയില്‍ ജീര്‍ണിച്ചു തുടങ്ങിയ നിലയിലാണ് നമുക്കാ മൃതദേഹം കാണുവാന്‍ കഴിഞ്ഞത് ! എന്നാല്‍ തന്റെ കഴിഞ്ഞകാല ജീവിതത്തിന്‍റെ വെളിച്ചത്തില്‍ സമൂഹത്തിലെ എല്ലാത്തുറയിലെയും ആളുകളുടെ സ്നേഹാദരങ്ങളേറ്റു വാങ്ങിയാണ് അഭിമാനാര്‍ഹമായ ആ ജീവിതം അവസാനിക്കുന്നത് !

തുടര്‍ന്നിങ്ങോട്ടുള്ള കളികള്‍ പലതും ആ മഹാനോടുള്ള അനാദരവായിട്ടു തുടരും ! ഒരു ബന്ധങ്ങളും ഈ കളികള്‍ക്ക് തടസമല്ല ! എന്തിനു വേണ്ടി ? ഒറ്റ ഉത്തരം മാത്രം ......... പണം , അധികാരം !

പോപ്‌ ചക്രവര്‍ത്തി മൈക്കേല്‍ ജാക്സണ്‍ മരിച്ചിട്ട് ഏകദേശം ഒന്നര മാസത്തോളമായി. ഇന്നലെയാണ് ആ മൃതദേഹം സംസ്കരിച്ചത് ! മരിച്ചിട്ട് സംസ്കരിക്കപ്പെടാന്‍ പോലും ഭാഗ്യം ലഭിക്കാത്തതിന്റെ കാരണമെന്തായിരിക്കും ? താന്‍ സമ്പാദിച്ച പണം അതിനു നിദാനമായെന്നാണ് തോന്നുന്നത് ! അങ്ങനെയാണെങ്കില്‍ മൈക്കേല്‍ ജാക്സണ്‍ എന്ന മനുഷ്യന്റെ ഇതുവരെയുള്ള ജീവിതം എത്ര വ്യര്‍തമായിപ്പോയി!

ഒരു മനുഷ്യന്‍ തന്റെ ജീവിതകാലം മുഴുവന്‍ പ്രയത്നിക്കുന്നതിന്റെ ഫലം മരണശേഷം ആ വ്യക്തിയെപ്പോലും അപമാനിക്കുന്ന തരത്തിലായാല്‍ അതിന്റെ കാരണമെന്തായിരിക്കും ? ഒറ്റ ഉത്തരം മാത്രം ......... പണം , അധികാരം !

ഇവരാരും ഒന്നോര്‍ക്കുന്നില്ല !
സത്യമൊന്നേയുള്ളൂ " മരണം " ! ബാക്കിയെല്ലാം മിഥ്യകളാണ് !
അതിനെ തടയാന്‍ സമ്പത്തും അധികാരവും പ്രശസ്തിയും കൊണ്ട് സാധിക്കില്ല !

എന്നാല്‍ ജീവിതത്തിലെ നന്മകൊണ്ടു ജനഹൃദയങ്ങളില്‍ മരിക്കാതിരിക്കാന്‍ സാധിക്കും എന്നും ഈ മരണങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

അതുകൊണ്ട് മരിച്ചു കഴിയുമ്പോള്‍ സമൂഹത്തില്‍ നാം ജീവിച്ചിരുന്നതിന്റെ അടയാളമായി കുറെ പണവും പ്രശസ്തിയും മാത്രം അവശേഷിപ്പിക്കാതെ അല്പം നന്മയും കരുണയും ശേഷിപ്പിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍ ................


Sunday, August 16, 2009

ഇത്രക്കും ഞെട്ടണോ?

"അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ പ്രമുഖ ബോളിവുഡ് താരം ഷാരൂഖ്‌ ഖാനെ രണ്ടു മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെത്രേ.!" പേരിനെ മാത്രം അടിസ്ഥാനമാക്കി ന്യൂയോര്‍ക്കില്‍ തടഞ്ഞു വച്ചത് തന്നെ ഞെട്ടിച്ചു എന്ന് പിന്നീട് ഷാരൂഖ്‌ പറഞ്ഞു.

മറ്റൊരു രാജ്യത്തെ സിനിമാ താരം ഈ രാജ്യത്ത് വന്നിറങ്ങുമ്പോള്‍ നമുക്കെന്തെങ്കിലും സംശയം തോന്നിയാല്‍ പരിശോധിക്കാന്‍ നമുക്കവകാശമില്ലേ? അതോ അവന്‍ ആ രാജ്യത്ത് വെല്ല്യ പുലിയാണ് അതുകൊണ്ട് ഇവിടെ അങ്ങനേ ഒരു പരിശോധനയും കൂടാതെ പൊക്കോട്ടെ എന്ന് തീരുമാനിക്കുമോ ? അതോ ആരാധന മൂത്ത് സെക്യൂരിറ്റി ഓഫീസര്‍ തൊട്ടു മുത്തുമോ? ചിലപ്പോള്‍ നമ്മില്‍ പലരും അങ്ങനെ ചെയ്തേക്കും ! അതുകൊണ്ടാണ് നമുക്കെല്ലാം കൃത്യമായി ജോലി ചെയ്യുന്നവരോട് സഹിഷ്ണുത കാണിക്കാന്‍ ഇത്ര ബുദ്ധിമുട്ട് !

ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട് " All are Equal But Some are More Equal".
എല്ലായിടത്തും ഇതൊന്നും ചിലവാകാന്‍ സാധ്യതയില്ല!

യഥാര്‍ത്ഥ പൌരബോധവും ജോലിയോട് ഉത്തരവദിത്വവുമുള്ള ഏതൊരാളും ഏത് പ്രമുഖന്റെ മുന്‍പിലും തന്റെ കടമ മറക്കാതെ ജോലി ചെയ്യും! അമേരിക്കയില്‍ വിമാനം ഇറങ്ങുന്ന എല്ലാ മുസ്ലിംകളും മിനിമം രണ്ടു മണിക്കൂറെങ്കിലും തടഞ്ഞുവെക്കപ്പെടുന്നു എന്ന് കരുതാനാവുമോ? അങ്ങനെ തടയപ്പെടുന്നില്ലെങ്കില്‍ ഷാരൂഖിന്റെ കാര്യത്തില്‍ മറ്റെന്തെങ്കിലും കുഴപ്പമാവും കാരണം എന്നല്ലേ അനുമാനിക്കാനാവൂ .....? അതിനു പകരം മുസ്ലിം വിരോധം ആരോപിക്കുന്നത് നല്ല ലക്ഷ്യത്തോടെ ആവില്ല! അമേരിക്ക എന്ത് ചെയ്താലും കുഴപ്പം! അമേരിക്കയുടെ സുരക്ഷിതത്ത്വം പിന്നെ ആര് നോക്കും? മുസ്ലിം നാമധാരി ആയതുകൊണ്ട് ചെക്ക് ചെയ്യണം എന്നോ ചെക്ക് ചെയ്യരുത് എന്നോ ഇല്ലല്ലോ? അതൊക്കെ അവിടിരിക്കുന്ന ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തില്‍പ്പെട്ടതല്ലേ ? ഇതിലെല്ലാം മുസ്ലിം എന്ന പേര്‍ വലിച്ചിഴക്കുന്നവരല്ലേ ശരിക്കും ഇസ്ലാമിനെ അപമാനിക്കുന്നവര്‍?

ഒരു അമേരിക്കന്‍ സെക്യൂരിറ്റി ഓഫീസര്‍ക്ക് അവന്റെ രാജ്യത്തിറങ്ങുന്ന ഏതൊരാളെയും വിശദമായി പരിശോധിക്കാന്‍ അവകാശമുണ്ട്‌ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് . അത് പോലെ മറ്റു ഏത് രാജ്യക്കാര്‍ക്കും . ഇതിനായി അവര്‍ക്ക് അവരുടെ രാജ്യത്തിന്റെ നിയമം മാത്രമേ നോക്കേണ്ടതുള്ളൂ. വ്യക്തമായ ഉത്തരം നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ രണ്ടു മണിക്കൂറല്ല രണ്ടു ദിവസം തന്നെ അവിടിരിക്കേണ്ടി വരും ! ഇവിടുത്തെ ചില നേതാക്കന്മാര്‍ക്കും താരങ്ങള്‍ക്കും സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന ഉദ്യോഗസ്ഥന്മാരെ മാത്രമേ കണ്ടു പരിചയമുള്ളൂ ! അതാണ്‌ കുഴപ്പം ! ഇവിടുത്തെ താര ജാഡ അവിടെ കാണിച്ചാല്‍ നടപ്പിലാവില്ല എന്നവര്‍ക്കറിയില്ലായിരുന്നു എന്ന് തോന്നുന്നു. ഇനി അത്ര അഭിമാനക്ഷതം സംഭവിച്ചു എന്ന് തോന്നുന്നു എങ്കില്‍ ഇനി മേലാല്‍ ആ മര്യാദ ഇല്ലാത്ത രാജ്യത്ത്‌ കാലു കുത്തരുത്. അതാണ്‌ ആണത്വം ! (അങ്ങനെയും ചരിത്രമുണ്ട്!) അല്ലാതെ വെറുതെ ഞെട്ടി ഈ രാജ്യത്തിന് നാണക്കേടുണ്ടാക്കരുത്!

മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുല്‍ കലാമിനെ നമ്മുടെ രാജ്യത്ത്‌ വെച്ച് ദേഹ പരിശോധന നടത്തിയിട്ടും (അത് തികച്ചും തെറ്റാണെന്നു മനസ്സിലാക്കി രാഷ്ട്രം ഞെട്ടിയപ്പോഴും ) അദ്ദേഹം ഞെട്ടിയില്ല ! കാരണം നിയമം എന്താണെന്ന് അറിയാവുന്ന ആളാണ്‌ മഹാനായ മുന്‍ രാഷ്ട്രപതി ! നിയമത്തെ എങ്ങിനെ ബഹുമാനിക്കണമെന്നും അദ്ദേഹത്തിനറിയാം. ഇങ്ങനെ നമ്മുടെ രാജ്യത്ത്‌ സംഭവിച്ചതിനു രാജ്യം ആ മഹാനോട് മാപ്പ് പറയുക പോലും ചെയ്തു!

ഈ അവസരത്തിലാണ് മസ്സില് കാട്ടി സ്വയം മഹാനായ ഒരാള്‍ ഞെട്ടിയതിലെ പ്രസക്തി വായിച്ചറിയേണ്ടത്. ചോദ്യം ചെയ്യപ്പെടാന്‍ പോലും പാടില്ലാത്ത വിധം ഷാരൂഖ്‌ ഖാന്‍ ഇന്ത്യയിലെ ആരാണാവോ?

അതുകൊണ്ട്, എത്ര വലിയവനായാലും മുഖം നോക്കാതെ നിയമപ്രകാരം ഡ്യുട്ടി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ !

Tuesday, August 11, 2009

മാന്ദ്യം പള്ളികളേയും ബാധിച്ചു

" ആഗോള സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെ കത്തോലിക്ക പള്ളികളെയും സാരമായി ബാധിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ പുരോഹിതര്‍ക്ക് കുര്‍ബാന ചൊല്ലിക്കുന്നതിനുള്ള ഓര്‍ഡര്‍ ലഭിക്കുന്നതില്‍ അമ്പത് ശതമാനത്തോളം ഇടിവുണ്ടായതായി സിബിസിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വന്ന ലേഖനത്തില്‍ പറയുന്നു.

കത്തോലിക്കര്‍ കൂടുതലായുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കുര്‍ബാന ചൊല്ലിക്കുന്നതിനുള്ള ഓര്‍ഡറുകള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഒഴുകിയെത്തിയിരുന്നു. പുരോഹിതര്‍ക്ക് ക്ഷാമം അനുഭവപ്പെടുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ അഭ്യര്‍ത്ഥനകള്‍ കൂടുതലായി വന്നുകൊണ്ടിരുന്നത്. എന്നാല്‍ മാന്ദ്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇതില്‍ കാര്യമായ കുറവ് വന്നതായി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എറണാകുളം-അങ്കമാലി രൂപതകളുടെ സഹായ മെത്രാന്‍ സെബാസ്റ്റിന്‍ എടയന്ത്രത്ത് ആണ് ലേഖനമെഴുതിയിരിക്കുന്നത്.

മതപരമായ കാര്യങ്ങളില്‍ ‘ഔട്ട്‌സോഴ്സിംഗ്‘ എന്ന പദം ഉപയോഗിക്കാനാവില്ലെങ്കിലും കത്തോലിക്ക പള്ളികളില്‍ ഇത് നൂറ് വര്‍ഷത്തിലധികമായി നടന്നുകൊണ്ടിരിക്കുന്നതായി സീറോ മലബാര്‍ കത്തോലിക്ക ചര്‍ച്ചിന്‍റെ ഔദ്യോഗിക വക്താവ് ഫാദര്‍ പോള്‍ തലേക്കാട്ട് പറഞ്ഞു.

കത്തോലിക്ക ചര്‍ച്ചിന്‍റെ നിബന്ധനകള്‍ പ്രകാരം ഒരു പുരോഹിതന് ഒരാള്‍ക്ക് മാത്രമേ ഒരു ദിവസം കുര്‍ബാന ചൊല്ലിക്കല്‍ ചടങ്ങ് നടത്തിക്കൊടുക്കാനാവൂ. നിലവില്‍ ഇവിടെയുള്ള ആളുകള്‍ക്ക് കുര്‍ബാന ചൊല്ലിക്കാന്‍ അമ്പത് രൂപയാണ് നിരക്ക്. വിദേശത്ത് നിന്നാണ് ഓര്‍ഡര്‍ വരുന്നതെങ്കില്‍ അഞ്ച് ഡോളര്‍ വരെയാണ് നിരക്ക്.

കേരളത്തിലെ 32 ദശലക്ഷം ജനങ്ങളില്‍ 23 ശതമാനവും ക്രിസ്ത്യാനികളാണ്. ഇതില്‍ തന്നെ പകുതിയിലധികവും കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവരാണ്. ആറായിരത്തിലധികം പുരോഹിതരാണ് സംസ്ഥാനത്തുള്ളത്.

അതേസമയം വിദേശത്ത് നിന്നുള്ള കുര്‍ബാന ചൊല്ലിക്കല്‍ ഓര്‍ഡറുകളില്‍ കുറവ് വന്നതായി അറിയില്ലെന്ന് കേരള ബിഷപ്സ് കോണ്‍ഫറന്‍സ് വക്താവ് ഫാ സ്റ്റീഫന്‍ ആല‌ത്തറ പറഞ്ഞു. എന്നാല്‍ വിദേശത്ത് നിന്നെത്തുന്ന ധനസഹായങ്ങളില്‍ കുറവ് വന്നതായി അദ്ദേഹം സമ്മതിച്ചു. "

കടപ്പാട്‌ : വെബ്‌ ദുനിയ.

ഇനി കൂടുതല്‍ മാര്‍ക്കെറ്റിംഗ് തന്ത്രങ്ങള്‍ പ്രതീക്ഷിക്കാമായിരിക്കും .
ചെലവ്ചുരുക്കലിന്റെ ഭാഗമായി അച്ചന്മാരെ പിരിച്ചുവിടുമോ പോലും?
പള്ളികള്‍ പൂട്ടിയിടുമായിരിക്കും അല്ലേ?
ഇതൊന്നുമല്ലെങ്കില്‍ കച്ചവടത്തില്‍ വൈവിധ്യം വരുത്തുമായിരിക്കും !
കൂടുതല്‍ ധനാഗമന മാര്‍ഗങ്ങള്‍ കണ്ടെത്തുമായിരിക്കും !
വിവിധ തരത്തിലുള്ള നേര്‍ച്ചകള്‍ പുതിയതായി കണ്ടെത്തും !
കൂടുതല്‍ വിശുദ്ധരെ പ്രഖ്യാപിക്കും !

ജെരൂസലേം ദേവാലയത്തില്‍ കച്ചവടം നടത്തിയവരെ ചാട്ടക്കടിച്ചു പുറത്താക്കിയ ക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്നാണ് ഇവരും അവകാശപ്പെടുന്നത് !


കഷ്ടം........ വേറെന്തു പറയാന്‍ !

Saturday, August 1, 2009

പോലീസിനെ പണി പഠിപ്പിക്കാം!

ആദ്യം ഇതൊന്നു വായിക്കുക ..... തുടര്‍ന്ന് വായിക്കുക!

ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍ ജനം ഏറ്റവും അധികം പേടിക്കുന്ന ഉദ്യോഗസ്ഥരാണ് പോലീസുകാര്‍. എന്നാല്‍ ഏറ്റവും എളുപ്പം നടപടി എടുപ്പിക്കവുന്ന വകുപ്പും ഇത് തന്നെയാണ് . പക്ഷെ നാം അല്പം ക്ഷമയോടെ സമയം മിനക്കെടുത്തണം എന്ന് മാത്രം. കുറച്ചുപേരെങ്കിലും ഇങ്ങനെ ചെയ്‌താല്‍ നമ്മുടെ പോലീസുകാരിലെ കളകളെ ഒക്കെ നീക്കം ചെയ്യാന്‍ സാധിക്കും!

ചില പ്രധാന നിര്‍ദേശങ്ങള്‍ :

വ്യക്തിപരമല്ലാത്ത (നമ്മെ നേരിട്ട് ബാധിക്കാത്തതും സമൂഹത്തിനെ ബാധിക്കുന്നതുമായ കുറ്റകൃത്യങ്ങള്‍ ) വളരെ എളുപ്പത്തില്‍ പോലീസിനെ അറിയിക്കാനും നടപടിയെടുപ്പിക്കാനും കഴിയും . ഇത് നാം പൌരബോധത്തോടെ ചെയ്യണം ! എത്ര പിടിപാടുള്ള ആളാണെങ്കിലും കുറച്ചെങ്കിലും ബുദ്ധിമുട്ടാതെ ഊരിപ്പോരാന്‍ കഴിയുകില്ല. ഈ ബുദ്ധിമുട്ടുകള്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്നതില്‍ നിന്നും ഒരു പരിധിവരെ ആളുകളെ തടയും.

ഉദാഹരണത്തിന്‌ റോഡില്‍ ഓവര്‍ സ്പീഡില്‍ പോകുന്ന ഒരു ബസ്‌ കണ്ടാല്‍ നമുക്ക് ഉടന്‍ തന്നെ 100 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു പറയാം . ഇത് ഫ്രീ കാള്‍ ആണ്. അതിനാല്‍ ചിലവുപോലുമില്ല. നമ്മുടെ പേര് പോലും പറയേണ്ട ആവശ്യം ഇതില്‍ വരുന്നില്ല. ഇങ്ങനെ വിളിച്ചു പറയുന്ന ഓരോ പരാതിയും പോലീസ്‌ കണ്ട്രോള്‍ റൂം രജിസ്റ്ററില്‍ പരാതി നമ്പര്‍ സഹിതം രേഖപ്പെടുത്തി നടപടിയെടുക്കണം . ഇല്ലെങ്കില്‍ കണ്ട്രോള്‍ റൂമില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ സമാധാനം പറയേണ്ടി വരും ! അതിനു നടപടിയെടുക്കാനാവശ്യമായ സമയത്തിനു ശേഷം വീണ്ടും നാം പരാതിയില്‍ എന്ത് നടപടിയെടുത്തു എന്ന് വിളിച്ചന്വേഷിക്കണം. ഉത്തരവാദപ്പെട്ടവര്‍ ഇങ്ങനെ നടപടിയെടുത്തില്ലെങ്കില്‍ ഈ കാരണം കാണിച്ചു കണ്ട്രോള്‍ റൂമിലെ പരാതി നമ്പര്‍ സഹിതം വിശദമായി ഒരു പരാതി പോലീസിന്റെ വിവിധ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കണം. പടിപടിയായി മുകളിലേക്ക് പോകുന്നതാണ് ഉത്തമം. അധികം മുകളിലേക്ക് പോകാതെ തന്നെ നടപടി ഉണ്ടാകും . തീര്‍ച്ച. ഇങ്ങനെ നാം ഇവരെക്കൊണ്ട് നടപടികളെടുപ്പിക്കണം. ഇമെയില്‍ ആയി പരാതികള്‍ നല്‍കാനുള്ള സംവിധാനവും ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്. തുടരെ ആളുകള്‍ ഇത് ചെയ്യാന്‍ തുടങ്ങിയാല്‍ അനവധി കുറ്റകൃത്യങ്ങള്‍ തടയാന്‍ നമുക്ക് സാധിക്കും . പ്രധാനമായും ട്രാഫിക്‌ കേസുകള്‍ ! ആശ്രദ്ധമായി വണ്ടി ഓടിക്കുന്ന ബസ്‌ ഡ്രൈവര്‍ ദിവസവും സ്റ്റേഷനില്‍ ചെന്ന് നൂറു രൂപ പിഴയോ കൈക്കൂലിയോ ആയി നല്‍കേണ്ട അവസ്ഥ വന്നാല്‍ തീര്‍ച്ചയായും മര്യാദക്ക് വണ്ടി ഓടിച്ചുപോകും !

  • നമ്മുടെ ഒരു ഫ്രീ കാള്‍ പലപ്പോഴും പലരുടെയും ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും !
  • നമ്മുടെ അല്പം സമയം നമ്മുടെ സമൂഹത്തിന്റെ നന്മക്കു ഉപകരിക്കും .
  • അതിനാല്‍ നമ്മുടെ പൌരബോധം ഈ കാര്യത്തിലെങ്കിലും കാണിക്കൂ ...
  • ഒരു തവണയെങ്കിലും ഒന്ന് ശ്രമിച്ചു നോക്കൂ ....
  • എല്ലാം നിസ്സാരമായി തള്ളിക്കളയുന്ന പ്രവണത അവസാനിപ്പിക്കൂ ....
  • നാം ചെയ്യാനുള്ളത് ചെയ്യാതെ വെറുതെ പോലീസിനെ കുറ്റം പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല.
  • അണ്ണാന്‍ കുഞ്ഞിനും തന്നാലായത് ചെയ്യാന്‍ ശ്രമിച്ചുകൂടേ?



ഞാനിത് വെറുതെ പറയുന്നതല്ല ....... അനുഭവത്തില്‍ നിന്നും പറയുന്നതാണ്.


ചില സഹായ വിവരങ്ങള്‍ :

കേരള പോലീസിലെ മുഴുവന്‍ ഇമെയില്‍ അട്രെസ്സുകളും ഇവിടെ. ഇതില്‍ ഇമെയില്‍ ആയി പരാതികള്‍ അയക്കാം.

ഓരോ പോലീസ്‌ ഓഫീസുകളിലെയും വിവരാവകാശ ഓഫീസര്‍മാരുടെ വിലാസം ഇവിടെയുണ്ട് .

മനസലിവുള്ള പോലീസുകാര്‍ !

"ഏറ്റവും ഒടുവിലത്തെ ട്രാഫിക് സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ വാഹനാപകടങ്ങളില്‍ അറുപതു ശതമാനവും മദ്യപിച്ചു വാഹനമോടിക്കുന്നതുകൊണ്ടാണെന്നു കണ്ടെത്തിയിരിക്കുന്നു ! അതായത് ഒരു വര്‍ഷം ഏകദേശം അര ലക്ഷത്തോളം ആളുകള്‍ ഇങ്ങനെയുള്ള വാഹനാപകടത്തില്‍പ്പെടുന്നു!"

ഇന്ന് സാധാരണ കാണുന്ന ഒരു പ്രതിഭാസമാണ് മദ്യപിച്ചുള്ള വാഹനമോടിക്കല്‍ ! അല്പം കഴിച്ചു കഴിഞ്ഞാല്‍ പിന്നെ ധൈര്യം അങ്ങോട്ട് ഇരച്ചു കയറുകയായി ! പിന്നെ എങ്ങിനെ വേണമെങ്കിലും എതിലൂടെ വേണമെങ്കിലും എത്ര സ്പീടിലും വാഹനം ഓടിക്കാം .......
എനിക്കൊരെതിര്‍പ്പുമില്ല !
എന്നാല്‍ ഒരു കുഴപ്പവുമുണ്ടാക്കാതെ മര്യാദക്ക് റോഡിന്റെ സൈഡില്‍ കൂടി മാത്രം നടക്കുന്ന എന്റെ നെഞ്ചത്ത് നിങ്ങളുടെ വണ്ടി കയറുമ്പോള്‍ ഞാനെന്തു ചെയ്യണം? എന്റെ കുടുംബം എന്ത് ചെയ്യണം?

കേരളത്തിലെ എല്ലാ പോലീസ് ഓഫീസര്‍മാര്‍ക്കും മാസത്തില്‍ നിശ്ചിത എണ്ണം പെറ്റിക്കേസ് പിടിക്കണം എന്ന് നിര്‍ദേശമുണ്ട് . ട്രാഫിക്‌ പോലീസ് ഓഫീസര്‍മാര്‍ക്കു കൂടുതല്‍ കേസ് പിടിക്കണം എന്നുമുണ്ട്. സമയം തീരാറാകുമ്പോള്‍ മുന്‍പില്‍ വന്നു പെടുന്നവരെ പിടിക്കാറാണ് സാധാരണ പതിവ്. ഇവര്‍ നേരാം വണ്ണം പിടിച്ചിരുന്നെങ്കില്‍ ഇത്രയും വാഹനാപകടങ്ങള്‍ മദ്യപാനം മൂലം ഉണ്ടാകുമായിരുന്നോ?

കേരളത്തിലെ ബാറുകള്‍ക്ക് മുന്‍പില്‍ എവിടെയെങ്കിലും ഒരു പോലീസുകാരനെ കണ്ടിട്ടുണ്ടോ? പള്ളിയില്‍ പോയിട്ട് വരുന്നത് പോലെയല്ലേ അവിടുന്ന് ആളുകള്‍ ഇറങ്ങിവരുന്നത്! പിന്നെ എന്തിനാണ് അവിടെ പോലീസ്‌ ?

ഈ ബാറിനുള്ളില്‍ നിന്ന് ഇറങ്ങിവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ അവിടെ വച്ച് ചെക്ക് ചെയ്‌താല്‍ തന്നെ മദ്യപിച്ചുള്ള ഡ്രൈവിംഗ് തടയാന്‍ സാധിക്കില്ലേ? എന്നാല്‍ ചിലര്‍ അങ്ങനെ ചെക്കിങ്ങിനു നില്‍ക്കാറുമുണ്ട് . പിറ്റേ ദിവസം ബാര്‍ മുതലാളി സ്റ്റേഷനില്‍ എത്തും, കച്ചവടം നശിപ്പിക്കരുതെന്നുള്ള അപേക്ഷയുമായി ! പോലീസുകാരുടെ മനസലിഞ്ഞു പോകും ! അവരും മനുഷ്യരല്ലേ ?

എവിടെയാണ് നമുക്ക് തെറ്റിയത്?

വിവരവും വിദ്യാഭ്യാസവും കൂടിപ്പോയതോ?
എന്തും ചെയ്യാം ആരും ചോദിക്കാനില്ല എന്നുള്ള ധൈര്യമോ?
ശിക്ഷ വന്നാലും ഇത്രക്കെ ഉള്ളൂ എന്നുള്ള തിരിച്ചറിവോ?
അപരന്റെ ജീവന്റെ വിലയില്ലായ്മയെക്കുറിച്ചുള്ള "ബോധ്യ"മോ?
നമുക്കെന്തു ചെയ്യാന്‍ സാധിക്കും ?




Wednesday, July 29, 2009

മനോരമക്കെന്തിന്റെ കുഴപ്പമാണ്?


ഇന്നത്തെ മനോരമ പത്രത്തിന്റെ മുന്‍പേജില്‍ വന്ന ഒരു വാര്‍ത്ത !

ഫോട്ടോയില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം.

സി.പി.എം കാരെ പേടിച്ചു ഒളിവില്‍ ജീവിക്കുന്നു എന്ന് മുഴുവന്‍ ആവേശത്തോടും കൂടി എഴുതുന്ന മനോരമ ആ മനുഷ്യനെ ഒളിവില്‍ ജീവിക്കാന്‍ പോലും സമ്മതിക്കാതെ പാര്‍ട്ടിക്കാര്‍ക്ക് കാട്ടികൊടുക്കുന്ന വാര്‍ത്ത.
ജീവരക്ഷക്കായി ഒളിവില്‍ കഴിയുന്ന ആളുടെ ഫോട്ടോ പത്രത്തില്‍ നല്‍കുക!
എന്തൊരു പത്രധര്‍മ്മം!


ഇനി ഒരു പാര്‍ട്ടിക്കാരനും അയാളെ കണ്ടു പിടിക്കൂല്ലല്ലോ !



ഇതൊരുവക മുംബൈ ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ടി.വി ക്കാരെപ്പോലെയായിപ്പോയി !.

സാരമില്ല, എന്ത് നെറികേടും മാധ്യമങ്ങള്‍ക്കിപ്പോള്‍ ഭൂഷണമാണല്ലോ !
എ.ബി.സി. സര്‍വ്വേ അല്ലേ പ്രധാനം !

Monday, July 27, 2009

ചെറായി : വിമര്‍ശകര്‍ അറിയണം.

ഞാനൊന്ന് ചോദിച്ചോട്ടേ,

ചില ബൂലോഗര്‍ പറയുന്നതുപോലെ ഇത്രയ്ക്കു വെറുക്കപ്പെടാന്‍ മാത്രം എന്ത് തെറ്റാണ് ചെറായി മീറ്റിന്റെ സംഘാടകര്‍ ചെയ്തത്? ( മഹാ ഭൂരിപക്ഷവും അങ്ങനെ ചിന്തിക്കുന്നതുപോലുമില്ല എന്നത് പ്രത്യേകം സ്മരിക്കുന്നു). ചെറായി മീറ്റ് എന്ന ചിന്ത വന്നപ്പോള്‍ മുതല്‍ അതിനെതിരെ പണവും സമയവും മുടക്കി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുവാന്‍ ചിലരെങ്കിലും മുന്നോട്ടു വന്നു എന്നത് ദുഖകരമായ ഒരു സത്യമായി ഇന്നും അവശേഷിക്കുന്നു. ഇനിയെങ്കിലും, എന്തിനു വേണ്ടിയായിരുന്നു ആ പ്രകടനമെല്ലാം നടത്തിയത് എന്ന് ബൂലോഗത്തെ അറിയിക്കാന്‍ മടിക്കരുത്. മനസ്സില്‍ നന്മയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനൊരമാന്തവും കാണിക്കരുത്. മീറ്റു വിജയിപ്പിക്കാനായിരുന്നു എന്ന് മാത്രം പറയരുത്. കാരണം ഈ വിവാദങ്ങള്‍ മൂലം സംഘാടകര്‍ക്ക് എത്രത്തോളം മാനസികവും പ്രായോഗികവുമായ വിഷമതകള്‍ ഉണ്ടാക്കി എന്ന് അവര്‍ക്കറിയേണ്ട കാര്യമില്ലല്ലോ ! കാരണം ആ വിഷമതകള്‍ ഉണ്ടാക്കുക എന്നതായിരുന്നല്ലോ അവരുടെ പ്രഘ്യാപിത ലക്‌ഷ്യം! . അങ്ങനെ അവരുടെ പ്രവൃത്തികള്‍ വിജയിച്ചു എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ മനസ്സില്‍ നന്മയുള്ള ബൂലോഗര്‍ അതെല്ലാം അവഗണിച്ച് സൌഹൃദത്തിന്റെ മാതൃകയായി ചെറായി മീറ്റിനെ മാറ്റിത്തീര്‍ത്തു എന്ന് നിസ്സംശയം പറയാം.

വെറുതെ ഇങ്ങനെ വന്നു കൂടിപ്പോകാതെ, നമ്മളാലാവുന്ന എന്തെങ്കിലും നന്മ സമൂഹത്തിന് ചെയ്യുന്നത് ഉചിതമാണെന്നു അവിടെ വന്ന പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചെറായി മീറ്റിനെക്കുറിച്ച്‌ ആലോചിക്കുമ്പോള്‍ സംഘാടകരുടെ മനസ്സില്‍ ആദ്യം വന്നത് ഇതേ ചിന്ത തന്നെയായിരുന്നു.. ദൗര്‍ഭാഗ്യമെന്നു പറയട്ടെ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബൂലോഗത്തെ പുലികള്‍ എന്നവകാശപ്പെടുന്ന ചിലര്‍ നടത്തിയത് . ബൂലോഗത്തിന്റെ ചിലവില്‍ ആളാകാന്‍ ആരും നോക്കണ്ട എന്നാണ് അവരുടെ ന്യായവാദം. ബൂലോഗ കാരുണ്യം എന്ന വാക്ക് മിണ്ടിയാല്‍ തന്നെ ചെറായി മീറ്റു നടക്കുകയില്ല എന്ന അവസ്ഥ വന്നപ്പോള്‍ സംഘാടകര്‍ ആ ചിന്ത ഉപേക്ഷിച്ചു. പിന്നീടുണ്ടായ വിവാദങ്ങളെല്ലാം ഇതിന്റെ ബാക്കിപത്രവും മലയാള ബ്ലോഗ്‌ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളുമാണ്.

എന്നാല്‍ വിധിയെ തടുക്കാന്‍ ബ്ലോഗര്‍ക്കാവുമോ ?

അനുകൂല കാലാവസ്ഥയും (പന്തല്‍ വേറെ വേണ്ടിവന്നില്ല) സുഭാഷ് ചേട്ടന്റെ ശ്രമങ്ങളും കൂടി ചേര്‍ന്നപ്പോള്‍ മീറ്റിനു സമാഹരിച്ച തുക മുഴുവന്‍ അതിനുപയോഗിക്കേണ്ടി വരില്ല എന്ന അവസ്ഥയില്‍ നിരക്ഷരന്‍ രണ്ടു നിര്‍ദേശങ്ങള്‍ മീറ്റിനു മുന്‍പില്‍ വച്ചു.

1. കണക്കുകള്‍ പരിശോധിച്ച് ബാക്കി വരുന്ന തുക എത്ര ആയാലും തിരികെ വാങ്ങാവുന്നതാണ്.
2. ബാക്കി വരുന്ന തുക ബൂലോഗ കാരുണ്യത്തിന്‌ നല്‍കുന്നതാണ്.

എന്നാല്‍ ഒരാള്‍ പോലും തുക മടക്കി വാങ്ങാന്‍ തയ്യാറായില്ല! കാരണം വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ മീറ്റിനു വരാതെ കള്ള് കുടിച്ചു ദൂരെയിരുന്നു അടുത്ത വിവാദം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. (കള്ള് കുടിയാണല്ലോ ഏറ്റവും പ്രധാനം) ഇവരാരും വരാത്തതുകൊണ്ട് അവിടെ വന്ന ഓരോ ബ്ലോഗര്‍ക്കും തങ്ങള്‍ ഒരുമിച്ചതിനാല്‍ നിസ്സഹായനായ ഒരു സഹാജീവിക്ക് ചെറിയ ഒരു ആശ്വാസമെങ്കിലും പകരാന്‍ സാധിച്ചു എന്ന് അഭിമാനത്തോടെ ഓര്‍ക്കാന്‍ സാധിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ നിരക്ഷരന്‍ ബൂലോഗത്തെ അറിയിക്കും എന്ന് കരുതുന്നു.

ഈയവസരത്തില്‍ നമുക്കെല്ലാം അഭിമാനിക്കാവുന്ന ഒരു സഹബ്ലോഗറെക്കുറിച്ചും പറയാതെ വയ്യ!

"ഹന്‍ലലത്ത്‌ " എന്ന ബ്ലോഗര്‍ മീറ്റിനു തലേദിവസം സംഘാടകരെ വിളിച്ചു ചാരിറ്റിക്ക് സഹകരിക്കാന്‍ താല്പര്യമുള്ളവരോട് സംസാരിക്കുന്നതില്‍ പ്രശ്നമുണ്ടോ എന്ന് അന്വേഷിച്ചു. ആരും അതിനെതിരു പറഞ്ഞില്ല എന്ന് മാത്രമല്ല സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു.

മീറ്റു ദിവസം "ഹന്‍ലലത്ത്‌ " വന്നത് ഒരു രസീത് ബൂക്കുമായിട്ടാണ്! അവിടെ വന്ന ഓരോരുത്തരോടും വ്യക്തിപരമായി വയനാട് ജില്ലയിലെ തീരെ പാവപ്പെട്ട ആളുകള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് പറയുകയും നല്ലോരാശുപത്രി പോലും അടുത്തില്ലാത്ത അവര്‍ക്ക് മരുന്ന് വാങ്ങുവാന്‍ സഹായിക്കുന്ന തന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരിച്ചതിനുശേഷം അതിനുള്ള എന്തെങ്കിലും ചെറിയ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. പരസ്യമായി ഒരു ആഹ്വാനവും നടന്നില്ലെങ്കിലും താന്‍ കൊണ്ടുവന്ന രസീത് ബുക്കിലെ അവസാന രസീത് പോലും നല്‍കിയതിനു ശേഷമാണ് "ഹന്‍ലലത്ത്‌ " തിരികെ പോയത്. ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് ഏഴായിരം രൂപയോളം ഈ കാരുണ്യ നിധിയിലേക്ക് ലഭിച്ചു എന്നാണറിയുന്നത്.

അങ്ങനെ ഒരിക്കല്‍ കൂടി ബൂലോഗത്തിനു അഭിമാനിക്കാം!

സ്നേഹത്തിനു ഇങ്ങനെയും മാതൃകകള്‍ ഉണ്ടെന്ന കാര്യത്തില്‍ !
"ഹന്‍ലലത്ത്‌ " എന്ന വ്യക്തി ബൂലോഗത്തിന്റെ അംഗമാണെന്നതില്‍ !
ബ്ലോഗിലൂടെ ധാന്യം പുഴുങ്ങിത്തിന്നാന്‍ മാത്രമല്ല കഴിയുന്നത്‌ എന്ന് "ഹന്‍ലലത്ത്‌ " തെളിയിച്ചു.


ഹന്‍ലലത്ത്‌ ,
ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയാത്ത ഈ മഹത്തായ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു വിവരണം താങ്കള്‍ ബ്ലോഗിലൂടെ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഞങ്ങളോരോരുത്തരും ഇനിയും നിങ്ങളോട് സഹകരിക്കും. "ഈ ചെറിയ ജീവിതം അര്‍ത്ഥപൂര്‍ണമാക്കുന്ന നിങ്ങള്‍ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ "

വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ നല്ല മനസ്സോടെ ഒന്ന് ചിന്തിക്കൂ .....

നിങ്ങള്‍ ഉണ്ടാക്കിയ വിവാദങ്ങളില്‍പെട്ട് ചെറായി മീറ്റു നടക്കാതിരുന്നെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാകുമായിരുന്നു. എന്നാല്‍ ഇത് നടന്നതിനാല്‍ എത്രയോ നിരാലംബര്‍ക്ക് സന്തോഷം പകരുവാനും അവരുടെ കണ്ണുനീര്‍ കുറച്ചെങ്കിലും തുടക്കാനും നമുക്ക് കഴിയുന്നു.
സാധിക്കുമെങ്കില്‍ ഇനിയെങ്കിലും നന്മയെ തടയരുത്..........

Sunday, July 19, 2009

ഇതവസാന അവസരം!

ചെറായി മീറ്റിനു പേര് നല്‍കാന്‍ നാളെ (20.07.09) കഴിഞ്ഞാല്‍ പിന്നീട് ഒരവസരം കിട്ടിയെന്നു വരില്ല.

അതുകൊണ്ട് ദയവായി ഇവിടം സന്ദര്‍ശിക്കുക!
നിങ്ങളുടെ പേര് ലിസ്റ്റില്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക,
അല്ലെങ്കില്‍ വീണ്ടും ഒരു കമന്റ്‌ ഇടുകയോ ഫോണില്‍ വിളിക്കുകയോ ചെയ്യുക!



കൂട്ടായ പരിശ്രമത്തിലൂടെ ചെറായി സുഹൃദ്സംഗമം ഒരു വന്‍ വിജയമാക്കാന്‍ നമുക്ക് കൂട്ടായ് പ്രയത്നിക്കാം..

കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പെറുകള്‍:

1. ഹരീഷ് - 9447302370 (e-mail : pdhareesh@gmail.com)
2. ലതികാ സുഭാഷ് (ലതി) - 9446534990
3. അനില്‍@ബ്ലോഗ് - 9447168296
4. മണികണ്ഠന്‍ - 9447153294
5. ജോ - 9447326743
6. നാട്ടുകാരന്‍ - 9446361931
7. നിരക്ഷരന്‍ (മനോജ് രവീന്ദ്രന്‍) - 9995444239 (ജൂലൈ 22 നു ശേഷം മുതല്‍)

Wednesday, July 15, 2009

അധോലോഗ നായകന്‍ ഹരീഷ് ജിയുമായുള്ള അഭിമുഖം.

അതിസാഹസീകമായി ജീവന്‍ പണയം വെച്ചുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനത്തിന് ഉത്തമ ഉദാഹരണമാണ് ഹരീഷ് ജിയുമായുള്ള ഈ അഭിമുഖം. അതിലേക്ക് :


ലേഖകന്‍ : നമസ്കാരം സര്‍,

ഹരീഷ് ജി : വേണ്ടാ.... വേണ്ടാ.... എനിക്കതൊന്നും അത്ര ഇഷ്ടമല്ല. ഈ സുഖിപ്പീരൊക്കെ തൊടുപുഴയില്‍ ചിലവാകില്ല എന്നോര്‍മ്മയുള്ളത് നിന്റെയൊക്കെ ഭാവിക്ക് നല്ലതാണ് !

ലേഖകന്‍ : ഞാന്‍ എങ്ങിനെയാണ് അങ്ങയെ സംബോധന ചെയ്യേണ്ടത്? എന്താണിഷ്ടം?

ഹരീഷ് ജി : ആദ്യം എന്നെ "ഫഗവാന്‍ ഹരീഷ്" എന്നാണ് വിളിച്ചിരുന്നത് . എന്നാല്‍ പിന്നീട് കണ്ട അണ്ടനും അടകോടനും അവരുടെ പേരിനു മുന്‍പില്‍ "ഫഗവാന്‍" എന്ന് ചേര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനതുപേക്ഷിച്ചു. അല്ലേലും കുടുംബത്തില്‍പിറന്നവര്‍ ഇപ്പോള്‍ അങ്ങനെ പറയാറില്ലല്ലോ! ഇപ്പോള്‍ ഞാന്‍ അറിയപ്പെടുന്നത് "ഹരീഷ് ജി" എന്ന പേരിലാണ് .

ലേഖകന്‍ : ഏതാണ് ഹരീഷ് ജിയുടെ ഹോബി ? അതായതു ഒഴിവു സമയങ്ങളില്‍ എന്ത് ചെയ്യാനാണിഷ്ടം?

ഹരീഷ് ജി : യാത്രകള്‍! ഒഴിവു സമയങ്ങളില്‍ മാത്രമല്ല ജോലിക്കിടക്ക് കൂടി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാന്‍ എന്നിക്ക് വളരെ താല്പര്യമാണ്.

ലേഖകന്‍ : യാത്രകള്‍ നല്ലതാണ്. ലോകത്തെക്കുറിച്ച് ധാരാളം അറിവ് ലഭിക്കും. ഏതെല്ലാം സംസ്ക്കാരം, ഭാഷകള്‍, രീതികള്‍ അങ്ങനെ എന്തെല്ലാം! ഇതെല്ലാം മനസിലാക്കാന്‍ സാധിക്കുക എന്നതൊരു ഭാഗ്യം തന്നെയാണ്.

അപ്പോള്‍ ധാരാളം യാത്ര ചെയ്തിട്ടുണ്ടാകുമല്ലോ ! എവിടെയൊക്കെയാണ് പോയിട്ടുള്ളത്?

ഹരീഷ് ജി : എന്റെ ജീവിതത്തില്‍ യാത്രകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട് . ഈ യാത്രകളാണ് ജീവിതത്തില്‍ ഒരുത്തന്റെയും മുന്‍പില്‍ തോല്‍ക്കാതെ ഇങ്ങനെ വിജയം വരിക്കാന്‍ എന്നെ സഹായിക്കുന്നത്‌.

ഞാന്‍ സാധാരണ പോകാറുള്ളത് അമ്പാടി, വൈശാലി, സിസിലിയ, ജമിനി, ഗംഗ, ധന്യ എന്നിവടങ്ങളിലേക്കാണ്.

ലേഖകന്‍ : അമ്പാടി, ഗംഗ ഒക്കെ ഉത്തരേന്ത്യയിലാണെന്ന് കേട്ടിട്ടുണ്ട് ... ബാക്കിയെല്ലാം എവിടെയാണ് ?

ഹരീഷ് ജി : ഹി...ഹി...ഹി..ഹി.. വിവരമില്ലാത്ത കുട്ടി! ഇതെല്ലാം തൊടുപുഴയിലെ ബാറുകളാണ് കുട്ടീ... അല്പം പൊതുവിജ്ഞാനം പോലുമില്ലാതാണോ പത്രപ്രവര്‍ത്തനത്തിനിറങ്ങുന്നത്?

ഇനി കുറച്ചു ദൂരെ ഒരു യാത്രയുണ്ട് . ഒരു വലിയ കൊട്ടേഷന്‍ ആണ് കിട്ടിയിരിക്കുന്നത്. കേട്ടിട്ടുണ്ടോ അങ്ങ് പടിഞ്ഞാറ് കടലിനോടു ചേര്‍ന്നുള്ള ചെറായി!


ലേഖകന്‍ : ഞാനും കേട്ടിരുന്നു. അത് വലിയ പ്രശനമുള്ള സ്ഥലമല്ലേ ? അമേരിക്കയില്‍ നിന്നുപോലും മിസ്സൈലുകള്‍ വരും എന്ന് കേള്‍ക്കുന്നു! ഹരീഷ് ജി ഒറ്റയ്ക്ക് അത് കൈകാര്യം ചെയ്‌താല്‍ മതിയാകുമോ? കൊടും ഭീകരര്‍ ഉന്നം വെച്ചിട്ടുള്ള സ്ഥലമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഹരീഷ് ജി : ശരിയാണ് ... സാധാരണ രീതിയില്‍ എന്നെക്കൊണ്ടൊന്നും അത് നേരിടാന്‍ പറ്റില്ല. എന്നാല്‍ ഇതിനായി മാത്രം ഞാന്‍ ചില തന്ത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട് ..... കൊക്കെത്ര കുളം കണ്ടതാ... ഹരീഷെത്ര ബാര്‍ കണ്ടതാ.. കളി എന്നോട് !

ലേഖകന്‍ : വിരോധമില്ലെങ്കില്‍ അതെന്താണെന്ന് പങ്കുവെക്കുമോ?

ഹരീഷ് ജി : കുട്ടിക്കറിയുമോ? എന്റെ യാത്രയിലുടനീളം ഞാന്‍ പലവിധ ഭാഷകളും സംസ്കാരവും കണ്ടിട്ടുണ്ട് , അനുഭവിച്ചിട്ടുണ്ട് . അങ്ങനെ ഒരിക്കല്‍ ഞാന്‍ ബൂലോഗത്തേക്കു വന്നപ്പോള്‍ പ്രശസ്തമായ ഒരു ബാറിലും കയറി. അവിടെ കൊറിക്കാന്‍ ധാന്യങ്ങള്‍ പോലും വരുന്നത് കുഴലിലൂടെയാണ്! സാങ്കേതികത എല്ലാ പരിപാടിക്കും അവിടെ ഉപയോഗിക്കും. അല്‍പനേരം ഇരുന്നപ്പോള്‍ തന്നെ ഇതൊരു വിത്യസ്തമായ സ്ഥലമാണെന്ന് മനസിലായി . എന്തൊരു ഭാഷ, എന്തൊരു സംസ്കാരം, കോരിത്തരിച്ചു പോയി ! ഇതുപോലൊന്ന് ബൂലോഗത്ത്‌ വേറൊന്നുണ്ടാവില്ല! ഇന്നൊരുത്തന്‍ വിശേഷിപ്പിച്ചതുപോലെ ബൂലോഗ കക്കൂസ് ! കേട്ടിട്ടുണ്ടാവും ആ ബാറിനെക്കുറിച്ച് , അതിന്റെ മുതലാളിയെക്കുറിച്ച് ..... അദ്ദേഹത്തിനെ ഞാന്‍ അവിടെ കൊണ്ടുവരും മോനേ.... പിന്നെ ആരെങ്കിലും അനങുകയോ മിണ്ടുകയോ ചെയ്‌താല്‍ അവന്‍ വിവരമറിയും ..... ഭരണങ്ങാനം എന്താണെന്ന് അറിയും.... ഏതു തോട്ടില്‍ കുളിച്ചിട്ടും പിന്നെ കാര്യമില്ല. കടലില്‍ ചാടുക മാത്രമേയുള്ളൂ രക്ഷ. ബൂലോഗ ഭരണിഭാഷയുടെ പിതാവല്ലേ അദ്ദേഹം, സാക്ഷാല്‍ അച്ചായന്‍! എന്റെ കണ്‍കണ്ട ഫഗവാന്‍...........


ലേഖകന്‍ : ഓഹ്‌! അച്ചായന്‍ ഹരീഷ് ജിയുടെ ഗുരുവോ? ആ ലെവലില്‍ ചിന്തിയ്ക്കാന്‍ പോലും സാധാരണക്കാര്‍ക്ക് പറ്റുമോ?

ഹരീഷ് ജി : ഒരിക്കലുമില്ല. എനിക്കാണെങ്കില്‍ അദ്ദേഹത്തിന്റെ സംസ്കാരം മനസിലാകുന്നത് പോലുമില്ല. കാരണം ഓരോരുത്തര്‍ക്കും അവരവരുടെ നിലവാരമല്ലേ ?അദ്ദേഹത്തിന്റെ മനോഗതങ്ങള്‍ എത്ര ഉയര്‍ന്നതാണ് ! അസഹ്യം! ഞാനൊക്കെ വെറും നിസ്സാരന്‍ !


ഇപ്പോള്‍ ഇത്രയും മതി. എന്റെ ഗുരുവിനെ ഓര്‍ത്തപ്പോള്‍ മനസ്സ് വിങ്ങുന്നു. ഞാന്‍ ഇപ്പോള്‍ വരാം അമ്പാടിയില്‍ ഒന്ന് ധ്യാനിക്കട്ടെ ! ബാക്കി ചോദ്യങ്ങള്‍ വന്നിട്ട് .....

Monday, July 13, 2009

ഭീതിയുടെ നിഴലില്‍ ചെറായി....

ദിവസങ്ങളായി പല ബ്ലോഗുസ്നേഹികളും പേടിച്ചു ബഹളമുണ്ടാക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഇവര്‍ക്കെല്ലാം വലിയ സ്നേഹം ഉള്ളത് കൊണ്ടാണെന്ന് ! എന്നാല്‍ ഞാന്‍ ഈ ആളുകളുടെയെല്ലാം പോസ്റ്റുകള്‍ പഠിച്ചപ്പോള്‍ എന്റെ ധാരണ തെറ്റാണെന്ന് മനസിലായി.

എല്ലാ കുഴപ്പത്തിനും കാരണം കല്യാണസൌഗന്ധികം എന്ന ബ്ലോഗും അതിന്റെ സെക്രട്ടറി ഹരീഷും ആണെന്നാദ്യം മനസിലാക്കി . ഈ കല്യാണസൌഗന്ധികമാണ് മീറ്റിന്റെ പൂര്‍ണ സുരക്ഷയും ഏറ്റിരിക്കുന്നത്. അതാണ്‌ പ്രശ്നം.

പിന്നീട് മുന്നോട്ടു പോയപ്പോള്‍ , ഭീകരാക്രമണ സാധ്യത, അഴിമതി, ആത്മഹത്യ, ചാവേര്‍, വഞ്ചന, ഒത്തുകളി അങ്ങനെ പലതും കണ്ടെത്തി !

ഒരു മീറ്റിനു ഇത്രക്കും പ്രശ്നമെന്തിനാണെന്ന് അന്വേഷിച്ചപ്പോളാണ് ഞാനും അത് കണ്ടെത്തിയത്!
എല്ലാവര്‍ക്കും പേടിയാണ് !
ഈ ബ്ലോഗിനെയും അതിന്റെ സെക്രട്ടറിയെയും! ഒരാളെ ഇത്രയും പേടിക്കുന്നതെന്തിനാണ് ?

കാരണം ഞാന്‍ പറയാം .... പക്ഷേ 80 വയസ്സിനു താഴെയുള്ളവര്‍ വായിച്ചു പേടിച്ചാല്‍ അതിനു ഞാന്‍ ഉത്തരവാദിയല്ല.

ഒരു മാധ്യമ ലേഖകന്‍ എന്ന നിലയില്‍ എനിക്ക് അവരുടെ കല്യാണസൌഗന്ധികം സെന്ററില്‍ പോകാനും സെക്രട്ടറിയുമായി അഭിമുഖം നടത്താനും ഭാഗ്യം ലഭിച്ചു. ഇന്നലെ നടന്ന അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഘട്ടം ഘട്ടമായി ബൂലോഗത്തിനു മുന്‍പില്‍ വിവരിക്കുന്നതാണ്.

കല്യാണസൌഗന്ധികത്തില്‍നിന്നുള്ള അനുവാദവും അറിയിപ്പുമനുസരിച്ചു വനമധ്യതിലുള്ള പുഴക്കരയില്‍ ഒറ്റയ്ക്ക് നിന്ന എന്റെയടുത്തു അവരുടെ കറുത്ത കുതിര വന്നു നിന്നു. അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു കറുത്ത ശീല കൊണ്ട് കണ്ണുമൂടിക്കെട്ടിയ ഞാന്‍ അതിന്റെ പുറത്തു കയറിയപ്പോള്‍ അത് കുതിച്ചു പായാന്‍ തുടങ്ങി. എവിടെയൊക്കയോ കറങ്ങി ഒടുവില്‍ ഞാന്‍ അവരുടെ താവളത്തിനു മുന്‍പിലെത്തി . തുടര്‍ന്ന് എന്റെ കണ്ണുകളിലെ തുണി അവര്‍ നീക്കി. കോണ്‍ക്രീറ്റ്‌ കാടുകള്‍ക്കുള്ളിലൊരു ഗുഹയാണിത്‌ . ഞാന്‍ തല കുമ്പിട്ടു അതിനുള്ളില്‍ കയറിയപ്പോള്‍ കണ്ട കാഴ്ച ! ആധുനീക സൌകര്യങ്ങളെല്ലാം തികഞ്ഞ ഒരു കേന്ദ്രം. അനേകം ഫോണുകള്‍, എ.സി., വിവിധതരം കസേരകള്‍ , കോണ്‍ഫ്രന്‍സ് സൗകര്യം എന്നിങ്ങനെ പലതും! പുറത്തു നിന്ന് നോക്കിയാല്‍ ചെറുതെങ്കിലും അകത്തു കയറിയാല്‍ അതിവിശാലം!

മുറിയുടെ പലഭാഗങ്ങളിലായി അവരുടെ ആയുധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു! ഞാനിതെല്ലാം ശ്രധിച്ചുകൊണ്ടിരുന്നപ്പോള്‍ ആ മുറിയുടെ അങ്ങേയറ്റത്ത്‌ ഒരു ചെറിയ പ്രകാശം പതിച്ചു . എനിക്കാദ്യം ആളെ മനസിലായില്ല! ഉടനെ ഒരു ഗംഭീര ശബ്ദം "വെല്‍ക്കം നാട്ടുകാരന്‍ " വിറച്ചുപോയ എനിക്ക് പെട്ടെന്ന് ആളെ മനസിലായി .... ഞാന്‍ മനസ്സില്‍ പറഞ്ഞു " ഹരീഷ് തൊടുപുഴ" ശബ്ദം പുറത്തേക്കു വന്നുപോലുമില്ല. എന്റെ ഇത്രയും കാലത്തെ മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ ഇതുപോലെ ഭയന്ന ഒരു നിമിഷം ഇതിനു മുന്‍പുണ്ടായിട്ടില്ല! പിന്നീട് അല്‍പ നേരത്തെ നിശ്ശബ്ദത!രക്തം ഉറഞ്ഞു പോകുന്ന മരണത്തിന്റെ മണമുള്ള നിശ്ശബ്ദത! മാധ്യമ പ്രവര്‍ത്തനം എന്ന ജോലി തിരഞ്ഞെടുത്ത നിമിഷത്തെ അന്നാദ്യമായി ഞാന്‍ ശപിച്ചു! അഫ്ഗാനിസ്ഥാനില്‍, ഇറാക്കില്‍, ഗുജറാത്തില്‍, എന്തിനു കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും സമ്മേളനങ്ങള്‍ എന്നിവടെങ്ങളിലെല്ലാം ഞാന്‍ പോയിട്ടുണ്ട്. അന്നൊന്നും ഗ്രസിചിട്ടില്ലാത്ത ഒരു ആത്മഭയം എനിക്കിവിടെയുണ്ടായി! കുറച്ചു സമയമെടുത്തു എനിക്ക് സമചിത്തത കിട്ടാന്‍ . എന്നിട്ടും എനിക്കാ കണ്ണുകളില്‍ നോക്കാന്‍ ഒരു ഭയം.

എനിക്കപ്പോഴും അദ്ദേഹത്തെ വ്യക്തമായി കാണുവാന്‍ സാധിക്കുന്നില്ലായിരുന്നു. ഉടനെ ഒരു സ്പോട്ട് ലൈറ്റ് അദ്ദേഹത്തിന്റെ മുഖത്തേക്ക് അടിപ്പിച്ചു. ഇപ്പോള്‍ എനിക്ക് നന്നായി ആ മുഖം കാണാന്‍ സാധിച്ചു. ഞാന്‍ അമ്പരന്നു പോയി ! അദ്ദേഹത്തിന്റെ ഓര്‍ക്കുട്ടില്‍ കാണുന്ന ഫോട്ടോയുമായി ഒരു സാമ്യവും ഇല്ല. ബൂലോഗത്തെ പറ്റിക്കുന്ന ഓരോ വഴികളെ! കമ്പ്യൂട്ടര്‍ അല്ലെ കമ്പ്യൂട്ടര്‍! ആ ബുദ്ധി സമ്മതിക്കണം! തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തെ സാകൂതം വീക്ഷിച്ചു ! എന്തൊരു മനുഷ്യന്‍! സന്ധ്യ ആയാല്‍ പിന്നെ ഒരു മനുഷ്യനും തിരിച്ചറിയില്ല. ഏകദേശം ഒരു നാലര അടി പൊക്കമുള്ള ഒരജാനബാഹു! , നൂറ്റന്‍പതു കിലോ തൂക്കം, വിരിഞ്ഞ മാറ് , പിരിച്ചു വെച്ച മീശ,ചുവന്ന തീഗോളം പോലുള്ള കണ്ണുകള്‍, വെളുത്ത മുണ്ട്, കറുത്ത ഷര്‍ട്ട്‌ അങ്ങനെ എന്തെല്ലാം!

അദ്ദേഹത്തിന്റെ ഇരിപ്പ് വളരെ ശാന്തമായിട്ടാണ് . ആ കണ്ണുകളില്‍ ഉറക്കച്ചടവ്. രാപകലില്ലാതെ ബ്ലോഗ്‌ നിയന്ത്രിക്കുന്നത് കൊണ്ടാവാം! ആ വിരല്‍തുമ്പുകളിലല്ലേ ബൂലോഗം ഇപ്പോള്‍ കറങ്ങുന്നത് ! എങ്ങിനെ ക്ഷീണിക്കാതിരിക്കും ?

അദ്ദേഹത്തിന്റെ മുന്‍പില്‍ അദ്ദേഹത്തിന്റെ അത്രയും പൊക്കമുള്ള ഒരു നിലവിളക്കുണ്ട് . മറ്റെല്ലാ അനുയായികള്‍ക്കും അദ്ദേഹം ദൈവത്തെപ്പോലെയാണെന്നും അതില്‍നിന്നും എനിക്ക് മനസിലായി. ഇതിനിടയിലും അദ്ദേഹം ഒരു ഫോണില്‍ നിന്നും മറ്റൊരു ഫോണിലേക്ക് മാറി മാറി വിളിച്ചു തന്റെ അനുയായികളോട് സംസാരിക്കുന്നുണ്ടായിരുന്നു.

അവസാനം എന്നോട് ഇരിക്കാന്‍ പറഞ്ഞു . ഞാന്‍ അവിടെ കിടന്ന ഒരു കസേരയില്‍ ഇരുന്നു. ഇരുന്നെങ്കിലും എനിക്കിരുപ്പുറച്ചില്ല, കാരണം ബൂലോഗത്തെ മുഴുവന്‍ വിറപ്പിക്കുന്ന ഒരു സിംഹമാണ് മുന്‍പില്‍! തറയില്‍ ഇരുന്നാലോ എന്ന് ഞാന്‍ ആലോചിച്ചു. അങ്ങനെയാണെങ്കില്‍ എനിക്ക് ആ മുഖത്ത് നോക്കി സംസാരിക്കാമല്ലോ! എങ്കിലും ഞാന്‍ അതിനു ശ്രമിച്ചില്ല. തുടര്‍ന്ന് എന്നോടൊരു ചോദ്യം! എന്താണ് കുടിക്കാന്‍ വേണ്ടത്? നല്ല പരവേശമുണ്ടായിട്ടും ഞാന്‍ ഒന്നും വേണ്ട എന്ന് പറഞ്ഞു. പക്ഷേ അദ്ദേഹം എന്റെ മനസ് വായിച്ചു, എന്നിട്ട് കൈ ഒന്ന് ഞൊടിച്ചു. അത്ഭുതം ,ഒരു ഫുള്‍ ബോട്ടില്‍ വോഡ്കയും (സ്മിര്‍നോഫ്ഫ്‌ ) ഒരു ഗ്ലാസും! ഒറ്റ വലിക്കു അത് മുഴുവന്‍ കുടിച്ചപ്പോള്‍ എനിക്കൊരല്‍പം ധൈര്യം കിട്ടിയതുപോലെ. ഞാന്‍ ചോദിച്ചു, അല്പം കഴിച്ചു കൂടെ എന്ന് . അതിനു മറുപടി ഒറ്റച്ചിരിയായിരുന്നു. ഹി...ഹി...ഹി..ഹി.. എനിക്കിതൊന്നും പോര നാട്ടുകാരാ... വെറുതെ ഒരു തരിപ്പ് മാത്രമേ കിട്ടൂ ... പിന്നെന്തിനാണ് ഇപ്പോള്‍ സമയം കളയുന്നത്... നീ കഴി, എന്നിട്ട് ചോദ്യങ്ങള് ചോദീര് .... ഞാന്‍ മനസാലെ ആ മഹാനെ നമിച്ചു പോയി. തുടര്‍ന്ന് മനസ്സില്‍ കരുതി വച്ചിരുന്ന ചോദ്യങ്ങള്‍ ഓരോന്നായി ചോദിക്കാന്‍ തുടങ്ങി.

വിശദമായ ആ ഇന്റര്‍വ്യൂ അടുത്ത ലക്കത്തില്‍ പ്രതീക്ഷിക്കാം........