Monday, July 27, 2009

ചെറായി : വിമര്‍ശകര്‍ അറിയണം.

ഞാനൊന്ന് ചോദിച്ചോട്ടേ,

ചില ബൂലോഗര്‍ പറയുന്നതുപോലെ ഇത്രയ്ക്കു വെറുക്കപ്പെടാന്‍ മാത്രം എന്ത് തെറ്റാണ് ചെറായി മീറ്റിന്റെ സംഘാടകര്‍ ചെയ്തത്? ( മഹാ ഭൂരിപക്ഷവും അങ്ങനെ ചിന്തിക്കുന്നതുപോലുമില്ല എന്നത് പ്രത്യേകം സ്മരിക്കുന്നു). ചെറായി മീറ്റ് എന്ന ചിന്ത വന്നപ്പോള്‍ മുതല്‍ അതിനെതിരെ പണവും സമയവും മുടക്കി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുവാന്‍ ചിലരെങ്കിലും മുന്നോട്ടു വന്നു എന്നത് ദുഖകരമായ ഒരു സത്യമായി ഇന്നും അവശേഷിക്കുന്നു. ഇനിയെങ്കിലും, എന്തിനു വേണ്ടിയായിരുന്നു ആ പ്രകടനമെല്ലാം നടത്തിയത് എന്ന് ബൂലോഗത്തെ അറിയിക്കാന്‍ മടിക്കരുത്. മനസ്സില്‍ നന്മയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനൊരമാന്തവും കാണിക്കരുത്. മീറ്റു വിജയിപ്പിക്കാനായിരുന്നു എന്ന് മാത്രം പറയരുത്. കാരണം ഈ വിവാദങ്ങള്‍ മൂലം സംഘാടകര്‍ക്ക് എത്രത്തോളം മാനസികവും പ്രായോഗികവുമായ വിഷമതകള്‍ ഉണ്ടാക്കി എന്ന് അവര്‍ക്കറിയേണ്ട കാര്യമില്ലല്ലോ ! കാരണം ആ വിഷമതകള്‍ ഉണ്ടാക്കുക എന്നതായിരുന്നല്ലോ അവരുടെ പ്രഘ്യാപിത ലക്‌ഷ്യം! . അങ്ങനെ അവരുടെ പ്രവൃത്തികള്‍ വിജയിച്ചു എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ മനസ്സില്‍ നന്മയുള്ള ബൂലോഗര്‍ അതെല്ലാം അവഗണിച്ച് സൌഹൃദത്തിന്റെ മാതൃകയായി ചെറായി മീറ്റിനെ മാറ്റിത്തീര്‍ത്തു എന്ന് നിസ്സംശയം പറയാം.

വെറുതെ ഇങ്ങനെ വന്നു കൂടിപ്പോകാതെ, നമ്മളാലാവുന്ന എന്തെങ്കിലും നന്മ സമൂഹത്തിന് ചെയ്യുന്നത് ഉചിതമാണെന്നു അവിടെ വന്ന പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചെറായി മീറ്റിനെക്കുറിച്ച്‌ ആലോചിക്കുമ്പോള്‍ സംഘാടകരുടെ മനസ്സില്‍ ആദ്യം വന്നത് ഇതേ ചിന്ത തന്നെയായിരുന്നു.. ദൗര്‍ഭാഗ്യമെന്നു പറയട്ടെ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബൂലോഗത്തെ പുലികള്‍ എന്നവകാശപ്പെടുന്ന ചിലര്‍ നടത്തിയത് . ബൂലോഗത്തിന്റെ ചിലവില്‍ ആളാകാന്‍ ആരും നോക്കണ്ട എന്നാണ് അവരുടെ ന്യായവാദം. ബൂലോഗ കാരുണ്യം എന്ന വാക്ക് മിണ്ടിയാല്‍ തന്നെ ചെറായി മീറ്റു നടക്കുകയില്ല എന്ന അവസ്ഥ വന്നപ്പോള്‍ സംഘാടകര്‍ ആ ചിന്ത ഉപേക്ഷിച്ചു. പിന്നീടുണ്ടായ വിവാദങ്ങളെല്ലാം ഇതിന്റെ ബാക്കിപത്രവും മലയാള ബ്ലോഗ്‌ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളുമാണ്.

എന്നാല്‍ വിധിയെ തടുക്കാന്‍ ബ്ലോഗര്‍ക്കാവുമോ ?

അനുകൂല കാലാവസ്ഥയും (പന്തല്‍ വേറെ വേണ്ടിവന്നില്ല) സുഭാഷ് ചേട്ടന്റെ ശ്രമങ്ങളും കൂടി ചേര്‍ന്നപ്പോള്‍ മീറ്റിനു സമാഹരിച്ച തുക മുഴുവന്‍ അതിനുപയോഗിക്കേണ്ടി വരില്ല എന്ന അവസ്ഥയില്‍ നിരക്ഷരന്‍ രണ്ടു നിര്‍ദേശങ്ങള്‍ മീറ്റിനു മുന്‍പില്‍ വച്ചു.

1. കണക്കുകള്‍ പരിശോധിച്ച് ബാക്കി വരുന്ന തുക എത്ര ആയാലും തിരികെ വാങ്ങാവുന്നതാണ്.
2. ബാക്കി വരുന്ന തുക ബൂലോഗ കാരുണ്യത്തിന്‌ നല്‍കുന്നതാണ്.

എന്നാല്‍ ഒരാള്‍ പോലും തുക മടക്കി വാങ്ങാന്‍ തയ്യാറായില്ല! കാരണം വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ മീറ്റിനു വരാതെ കള്ള് കുടിച്ചു ദൂരെയിരുന്നു അടുത്ത വിവാദം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. (കള്ള് കുടിയാണല്ലോ ഏറ്റവും പ്രധാനം) ഇവരാരും വരാത്തതുകൊണ്ട് അവിടെ വന്ന ഓരോ ബ്ലോഗര്‍ക്കും തങ്ങള്‍ ഒരുമിച്ചതിനാല്‍ നിസ്സഹായനായ ഒരു സഹാജീവിക്ക് ചെറിയ ഒരു ആശ്വാസമെങ്കിലും പകരാന്‍ സാധിച്ചു എന്ന് അഭിമാനത്തോടെ ഓര്‍ക്കാന്‍ സാധിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ നിരക്ഷരന്‍ ബൂലോഗത്തെ അറിയിക്കും എന്ന് കരുതുന്നു.

ഈയവസരത്തില്‍ നമുക്കെല്ലാം അഭിമാനിക്കാവുന്ന ഒരു സഹബ്ലോഗറെക്കുറിച്ചും പറയാതെ വയ്യ!

"ഹന്‍ലലത്ത്‌ " എന്ന ബ്ലോഗര്‍ മീറ്റിനു തലേദിവസം സംഘാടകരെ വിളിച്ചു ചാരിറ്റിക്ക് സഹകരിക്കാന്‍ താല്പര്യമുള്ളവരോട് സംസാരിക്കുന്നതില്‍ പ്രശ്നമുണ്ടോ എന്ന് അന്വേഷിച്ചു. ആരും അതിനെതിരു പറഞ്ഞില്ല എന്ന് മാത്രമല്ല സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു.

മീറ്റു ദിവസം "ഹന്‍ലലത്ത്‌ " വന്നത് ഒരു രസീത് ബൂക്കുമായിട്ടാണ്! അവിടെ വന്ന ഓരോരുത്തരോടും വ്യക്തിപരമായി വയനാട് ജില്ലയിലെ തീരെ പാവപ്പെട്ട ആളുകള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് പറയുകയും നല്ലോരാശുപത്രി പോലും അടുത്തില്ലാത്ത അവര്‍ക്ക് മരുന്ന് വാങ്ങുവാന്‍ സഹായിക്കുന്ന തന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരിച്ചതിനുശേഷം അതിനുള്ള എന്തെങ്കിലും ചെറിയ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. പരസ്യമായി ഒരു ആഹ്വാനവും നടന്നില്ലെങ്കിലും താന്‍ കൊണ്ടുവന്ന രസീത് ബുക്കിലെ അവസാന രസീത് പോലും നല്‍കിയതിനു ശേഷമാണ് "ഹന്‍ലലത്ത്‌ " തിരികെ പോയത്. ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് ഏഴായിരം രൂപയോളം ഈ കാരുണ്യ നിധിയിലേക്ക് ലഭിച്ചു എന്നാണറിയുന്നത്.

അങ്ങനെ ഒരിക്കല്‍ കൂടി ബൂലോഗത്തിനു അഭിമാനിക്കാം!

സ്നേഹത്തിനു ഇങ്ങനെയും മാതൃകകള്‍ ഉണ്ടെന്ന കാര്യത്തില്‍ !
"ഹന്‍ലലത്ത്‌ " എന്ന വ്യക്തി ബൂലോഗത്തിന്റെ അംഗമാണെന്നതില്‍ !
ബ്ലോഗിലൂടെ ധാന്യം പുഴുങ്ങിത്തിന്നാന്‍ മാത്രമല്ല കഴിയുന്നത്‌ എന്ന് "ഹന്‍ലലത്ത്‌ " തെളിയിച്ചു.


ഹന്‍ലലത്ത്‌ ,
ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയാത്ത ഈ മഹത്തായ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു വിവരണം താങ്കള്‍ ബ്ലോഗിലൂടെ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഞങ്ങളോരോരുത്തരും ഇനിയും നിങ്ങളോട് സഹകരിക്കും. "ഈ ചെറിയ ജീവിതം അര്‍ത്ഥപൂര്‍ണമാക്കുന്ന നിങ്ങള്‍ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ "

വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ നല്ല മനസ്സോടെ ഒന്ന് ചിന്തിക്കൂ .....

നിങ്ങള്‍ ഉണ്ടാക്കിയ വിവാദങ്ങളില്‍പെട്ട് ചെറായി മീറ്റു നടക്കാതിരുന്നെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാകുമായിരുന്നു. എന്നാല്‍ ഇത് നടന്നതിനാല്‍ എത്രയോ നിരാലംബര്‍ക്ക് സന്തോഷം പകരുവാനും അവരുടെ കണ്ണുനീര്‍ കുറച്ചെങ്കിലും തുടക്കാനും നമുക്ക് കഴിയുന്നു.
സാധിക്കുമെങ്കില്‍ ഇനിയെങ്കിലും നന്മയെ തടയരുത്..........

53 comments:

ജോ l JOE said...

നന്നായി . എല്ലാവരും അറിയട്ടെ

ramaniga said...

ഈ ലേഖനമെങ്കിലും പിന്‍ തിരിഞ്ഞു നില്‍ക്കുന്നവരുടെ കണ്ണ് തുറപ്പിക്കട്ടെ!
ജീവിത വളരെ ചെറിയ കാര്യം ഇതില്‍ കലഹിച്ചു നിന്നാല്‍ എന്ത് നേടാം?
പോസ്റ്റ്‌ വരെ നന്നായി!

ലതി said...

നാട്ടുകാരാ,
മനസ്സിൽ കൊള്ളാഞ്ഞിട്ടാണ് ഇത്രയും പറഞ്ഞതെന്നറിയാം.
താങ്കളും ഹരീഷും അനിലും ജോയും ഒക്കെ ഈ മീറ്റിനു വേണ്ടി നടത്തിയ ശ്രമങ്ങൾ.....
എല്ലാം വാക്കുകൾക്കതീതമാണ്.
ഹൻലലത്ത് ..അഭിനന്ദനങ്ങൾ!!

The Man said...

പുലികൾക്കു പണ്ടേ മാനിറചി ആണു ഇഷ്ടം
Good work dear all

സൂത്രന്‍..!! said...

കൊള്ളാം സുഹൃത്തേ

സബിതാബാല said...

വാക്കുകളിലൂടെ ദാരിദ്രവും കഷ്ടനഷ്ടങ്ങ്ങളും യാതനയും വിളിച്ച് കൂവുന്ന പലരും സഹജീവിയുടെ കണ്ണുനീരിനുമുന്‍പില്‍ അന്ധനും ബധിരനും ആവുകയാണ് പതിവ്.
അതില്‍ നിന്നും വേറിട്ട ഒരു ശ്രമം നടത്തിയ ഹന്‍ലല്ലത്ത് പ്രശംസയര്‍ഹിക്കുന്നു...

ശ്രീ said...

ഇത് നന്നായി മാഷേ. ഹന്‍‌ലല്ലത്തിന് അഭിനന്ദനങ്ങള്‍!

chithrakaran:ചിത്രകാരന്‍ said...

ബൂലോകത്തെ വളിപ്പെഴുത്തുകാര്‍
തങ്ങളുടെ ആരാധകരായ
ഈച്ചകളുടെയും കാക്കകളുടേയും
എണ്ണത്തിലൂടെയാണ്
തങ്ങളുടെ അസ്തിത്വം ബോധ്യപ്പെടാന്‍ ശ്രമിക്കുന്നത്.
ഈച്ചകളേയും കാക്കകളേയും
കൂടെ നിര്‍ത്താന്‍... കാണുന്നതെല്ലാം
ചീഞ്ഞുപോകണേ എന്ന് ഇവര്‍
പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.
നല്ല എന്തിനേയും ചീഞ്ഞു നാറ്റിപ്പിക്കുന്നതാക്കുക
എന്നത് ഇവരുടെ ബ്ലോഗിങ്ങ് രാഷ്ട്രീയമാകുന്നത്
അങ്ങിനെയാണ്.

ബൂലോകത്ത് ഈച്ചകളും,കാക്കകളും,
വളിപ്പെഴുത്തുകാരും,കുനിഷ്ടെഴുത്തുകാരും
ബ്ലോഗിന്റെ ബഹുസ്വരതയുടെ ഭാഗമായി ഉണ്ടായിരിക്കണം എന്നാശിക്കുന്നതിനാല്‍
അവരെ അവര്‍ “അര്‍ഹിക്കുന്ന പ്രാധാന്യ”ത്തോടെ
ചവറ്റുകൂനകളിലും ജീവിക്കാനനുവദിക്കുക...!!!

(അരൊക്കെയായിരുന്നു ബ്ലോഗ് മീറ്റിനെതിരെ
വിവാദബഹളങ്ങള്‍ സംഘടിപ്പിച്ച് ശ്രദ്ധേയരാകാന്‍ ശ്രമിച്ചതെന്ന് കൃത്യമായി ചിത്രകാരനറിയില്ല...(അതൊന്നും അത്ര പ്രാധാന്യമുള്ളതായി തോന്നിയിരുന്നില്ല.)അതുകൊണ്ടു തന്നെ ഈ കമന്റ്
ഏതെങ്കിലും വ്യക്തിക്കെതിരെയുള്ള അഭിപ്രായപ്രകടനമല്ല.ഒരു ജീര്‍ണ്ണപ്രവണതക്കെതിരെയുള്ള പ്രതികരണം മാത്രമാണ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പരിവര്‍ത്തിനിസംസാരേ മൃതഃ കോ വാ ന ജായതേ
സ ജാതോ യേന ജാതേന യാതി വംശഃ സമുന്നതിം"

എന്നൊരു ശ്ലോകം ഉണ്ട്‌.

പരിവര്‍ത്തനശീലയായ ഈ ദുനിയാവില്‍ മരിച്ച ആരാണു വീണ്ടും ജനിക്കാതിരിക്കുന്നത്‌. പക്ഷെ ഒരുവന്‍ ജനിച്ചു എന്നു പറയുന്നതിന്‌ അര്‍ഹനാകുന്നത്‌ അവന്റെ ജന്മം കൊണ്ട്‌ അവന്റെ വംശത്തിന്‌ എന്തെങ്കിലും ഉന്നതി ഉണ്ടാകുമ്പോഴാണ്‌.
എന്നര്‍ത്ഥം

കണ്ണനുണ്ണി said...

തീര്‍ച്ചയായും ഹന്ലലത് ഇന്റെ ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു...
ഇനിയും ബൂലൊകത്തെ കൂട്ടായ്മകളില്‍ നിന്ന് അതുപോലെ ഉള്ള മാതൃകാപരമായ ആശയങ്ങള്‍ ഉരുത്ത്തിറിയണം...സാക്ഷാത്കരിക്കപെടനം....
എന്‍റെ എല്ലാ പ്രാര്‍ഥനകളും.. സഹായവും ഉണ്ടാവും

അനിൽ@ബ്ലൊഗ് said...

നാട്ടുകാരാ,
മനസ്സിലടക്കിയത് കുറച്ചെങ്കിലും പുറത്തുചാടി അല്ലെ, ഞാന്‍ താങ്കളെ കുറ്റം പറയില്ല. എന്തായാലും ഇപ്പോള്‍ വളരെ സന്തോഷം തോന്നുന്നു. എന്റെ കുടുംബാങ്ങള്‍ പോലും ഓടി വരികയാണ് , ഓരോ പുതിയ പോസ്റ്റ് വായിക്കുമ്പോഴും.

ഓ.ടോ
ഹന്‍ല്ലലത്ത് ഇന്നലെ ഇവിടെ എന്റെ വീട്ടിലായിരുന്നു, രാവിലെയാ പോയത്. മോളുമായി വലിയ കൂട്ടായി.

ബ്ലോത്രം said...

ആശംസകള്‍..

Faizal Kondotty said...

നാട്ടുകാരാ,
നന്നായി ഈ പോസ്റ്റ്‌ !

മുരളിക... said...

അവസരോചിതം അച്ചായാ.........

കാപ്പിലാന്‍ said...

ഹന്ലല്ലത്തിനു ആശംസകള്‍

ബ്ലോത്രം said...

നാട്ടുകാരാ,

ബ്ലോത്രം ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയല്ലല്ലോ ഇത്?
ഇതൊരു നല്ല കാര്യം പറഞ്ഞുള്ള പോസ്റ്റല്ലേ? ഇതില്‍ വെറുതെ വിവാദങ്ങള്‍ വേണോ?

പല ബ്ലോഗര്‍മ്മാരും ചെറായി മീറ്റിനെ വിമര്‍ശിച്ചിട്ടുണ്ട്. ബ്ലോത്രം വിമര്‍ശിച്ചിട്ടുണ്ടോ? അതേപ്പറ്റി വരുന്ന ഓരോ വാര്‍ത്തകളും പ്രാധാന്യത്തോടെ കൊടുക്കുകയല്ലാതെ?

വിമര്‍ശനങ്ങളും വാര്‍ത്തയായി കൊടുത്തിട്ടുണ്ട്. അത് ബ്ലോത്രത്തിന്റേതാണ് എന്ന് ആരോപിക്കരുത്.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

നല്ല കാര്യം...
അഭിനന്ദനങ്ങള്‍

പാവത്താൻ said...

നന്നായി നാട്ടുകാരാ.വളരെ നന്നായി.

MANIKANDAN [ മണികണ്ഠന്‍‌ ] said...

നാട്ടുകാരന്റെ നിരീക്ഷണങ്ങൾക്ക് എന്റെയും കയ്യൊപ്പ്. ഹൻലലത്തിന് അഭിനന്ദനങ്ങളും.

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar said...

ഇങ്ങനെ ചില അര്‍ത്ഥവത്തായ ,മനുഷ്യത്വപരമായ നീക്കങ്ങളും ബ്ലോഗുലകത്തില്‍ നടക്കുന്നത്,ചുമ്മാ വിമര്‍ശിച്ച് കേമന്മാരാകുന്നവരുടെ കണ്ണു തുറപ്പിക്കട്ടെ.

മാണിക്യം said...

നാട്ടുകാരന്‍ ഇത്ര ദിവസത്തെ
മൌനത്തിന്റെ വാല്‍മീകം
പോളിച്ചൊന്നു വെളിയില്‍ വന്നത് നന്നായി!

ജയകൃഷ്ണന്‍ കാവാലം രചിച്ച
ഗാനത്തിലെ അവസാന വരികള്

കേരളമെന്നു കേട്ടാലോ തിളക്കുന്ന’
ചോരയുള്ളോര്‍ നമ്മള്‍ മലയാളികള്‍
ബൂലോകമെന്നു കേട്ടാലോ കൊതിക്കുന്നു
പൂത്തുലയുന്നൊരീ സൌഹൃദത്തെ

അതെ ആ സൌഹൃദത്തെ മാത്രം ഓര്‍ത്താല്‍ മതി.
ദൈവം പോലും ഇരുളും വെളിച്ചവും കുന്നും കുഴിയും കരയും വെള്ളവും ഉണ്ടാക്കി.. അതു പോലെ നല്ലതും ചീത്തയും .. ഇരുട്ട് ഇല്ലായിരുന്നെങ്കില്‍ വെളിച്ചത്തിന്റെ ഉപയോഗം അറിയില്ലാ കുഴിയുള്ളതു കൊണ്ടല്ലെ കുന്നും പുറത്തിന്റെ ഭംഗി അറിയുന്നത് ചീത്ത കണുമ്പോഴല്ലേ നന്മയുടെ മഹത്വം അറിയുന്നത്?

എന്തിലും ചീത്ത കാണുന്നവരുണ്ട് അതിനു നേരെ തികച്ചും അവഗണന അതു മാത്രമണു പോംവഴി...
മനസ്സിലെ അപകര്‍ഷത ബോധമാണു അവരുടെ ചെയ്തികളില്‍ കൂടി പുറത്തു വരുന്നത്.

ചെറായി മീറ്റിന്റെ സംഘാടകര്‍ ആരും തന്നെ
ഞാന്‍ ഇതു ചെയ്തു ഇത്ര സമയം ഞാന്‍ ചിലവാക്കി ഇന്നാ ഇന്നാ ആളുകളെ വിളിച്ചു എന്റെ പോക്കറ്റില്‍ നിന്ന് ഇത്ര ചിലവായി എന്ന് ഒന്നും പറയുന്നില്ല.
എന്നിട്ടും ബൂലോകവും പങ്കേടുത്ത ബ്ലോഗേഴ്സും അല്ലത്തവരും ഇന്ന് ഒരേ സ്വരത്തില്‍ അവരുടെ അശ്രാന്ത പരിശ്രമത്തെ അംഗീകരിക്കുന്നു..
ചെയ്യുന്ന ഒരു നല്ല പ്രവര്‍ത്തിയും പാഴില്‍ പോവില്ലാ. അത് മറ്റുള്ളവര്‍ നന്നായി മനസ്സിലാക്കും..

മറ്റുള്ളവരുടെ അദ്ധാനഫലം കൂടി അത് എന്റെതാ അവനെക്കാള്‍ മുന്നെ ഞാനതു മനസ്സില്‍ കണ്ടതാ അതു കൊണ്ട് സ്തുതിയും പുകഴ്ചയും എനിക്ക് തരണം എന്ന് വിളിചു പറയുന്ന അല്‍പ്പന്മാരെ മറന്നേക്കുക.
ആ അല്‍പ്പത്തത്തേ നോക്കി ഹ! കഷ്ടം..
എന്നു പറയാതിരിക്കാന്‍ ശ്രമിക്കാം...

ഹന്‍ലലത്ത് ..അഭിനന്ദനങ്ങള്‍!!

ഹരീഷ് തൊടുപുഴ said...

മോനേ ഹൻലൂ, ചുണക്കുട്ടാ...

അഭിനന്ദനങ്ങൾ...

നിരക്ഷരന്‍ said...

ട്രാക്കിങ്ങ്..
വായിക്കാനും കാണാനും പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട്.

ശ്രീ @ ശ്രേയസ് said...

ഈ ഭൂലോകവും ബൂലോകവും ഉണ്ടായിരുന്നപ്പോഴെല്ലാം ഇങ്ങനെ വിമര്‍ശനവും ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, നാളെയും ഉണ്ടായിരിക്കും. കൃഷ്ണനും ക്രിസ്തുവും നബിയും സാക്ഷാല്‍ ചാര്‍വാകനും എല്ലാം വിമര്‍ശനത്തിന് പാത്രമായിരുന്നു, ഇന്നും അവരെ ധാരാളം വിമര്‍ശിക്കാറുണ്ട്.

പിന്നെ, ചില ദോഷൈകദൃക്കുക്കള്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കി മുന്‍വിധികള്‍ നിലനിര്‍ത്തിക്കൊണ്ട് എന്തിനേയും വിമര്‍ശിക്കും, ജീവിതത്തിന്‍റെ ലക്‌ഷ്യം എന്തെന്ന് സ്വയം അറിവാകുമ്പോള്‍ ചിലപ്പോള്‍ അവരും മാറുമായിരിക്കും. അവരുടെ കണ്ണുതുറപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല.

"കണ്ണു തുറക്കണം സ്വാമീ..." എന്ന സിനിമാഗാനം ഓര്‍മ്മവരുന്നു...

ചാണക്യന്‍ said...

നാട്ടുകാരാ,

ഇദന്നേ..കൊടുക്കുമ്പോള്‍ ഇങ്ങനെ തന്നെ കൊടുക്കണം.....:)

നാട്ടുകാരന് എന്റെ വക ഒരു നീണ്ട കയ്യടി...
ക്ലാപ്പ്..ക്ലാപ്പ്..ക്ലാപ്പ്....

അരുണ്‍ കായംകുളം said...

ശരിയാ, വളരെ നല്ലൊരു കാര്യമായിരുന്നു.
നാട്ടുകാരാ, ഇത് എല്ലാരെയും അറിയിച്ചതിനു നന്ദി:)

കൊട്ടോട്ടിക്കാരന്‍... said...

ഹന്‍ല്ലലത്തിനെ മലപ്പൂറത്തുനിന്നു കാറും വിളിച്ച് കാശും മുടക്കി ചെറായിയില്‍ കൊണ്ടുതള്ളിയ കൊട്ടോട്ടിക്കാരന്‍ ഇപ്പൊ അന്യനായോ ?

junaith said...

ചാണക്യന്റെ വക ഒരു ക്ലാപ്പും എന്റെ വക രണ്ടു ക്ലാപ്പും കൊട്ടോട്ടികാരന്...
ഹന് ലൂ അഭിനന്ദനങ്ങള്‍...

Typist | എഴുത്തുകാരി said...

മാഷേ, ഇനിയും വായ് മൂടിക്കെട്ടിവക്കാന്‍ പറ്റുന്നില്ല അല്ലേ? നന്നായി. ഹന്‍ലല്ലത്തിന്റെ ആ ഉദ്യമത്തില്‍ പങ്കാളിയാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്‌.

കനല്‍ said...

മനസുകൊണ്ട് ഈ സംഘാടകര്‍ക്കൊപ്പമായിരുന്നു ഞാനും....

ഇതൊരു പുണ്യപ്രവര്‍ത്തിയായിരുന്നു..

ഇനി നിങ്ങള്‍ക്ക് ആശ്വസിക്കാം...

ഇങ്ങനെ സംഘാടകര്‍ “വിവാദ പുലികള്‍ക്ക് “ മറുപടി നല്‍കുന്ന ഒരു പോസ്റ്റ് ഞാന്‍ സ്വപ്നം കണ്ടിരുന്നു.

അഭിനന്ദനങ്ങള്‍
പണ്ട് ഒരു മൂപ്പീന്ന് പറഞ്ഞതുപോലെ,
“മുന്നില്‍ നിന്നും പിന്നില്‍ നിന്നും“
നിങ്ങളെ കുത്തിയവര്‍ക്ക് മതിയായി കാണും

രസികന്‍ said...

ഗുഡ്.... പിന്നെ ഹന്‍ലലത്തിനു അഭിനന്ദനങ്ങള്‍

Micky Mathew said...

പോസ്റ്റ്‌ കൊള്ളാം, വളരെ നന്നായി.

അപ്പു said...

നന്ദി നാട്ടുകാരാ... പറയേണ്ടതു പറഞ്ഞൂ.

Areekkodan | അരീക്കോടന്‍ said...

നാട്ടുകാരാ....നന്നായി.പിന്നെ എല്ലായിടത്തും റിബലുകല്‍ ഉണ്ടാകും.അത് തന്നെയാണ് അതിന്റെ വിജയവും.മീറ്റ് ഇത്ര ശ്രദ്ധേയമായതിന് ഒരു കാരണവും അതു തന്നെ.

ഡോക്ടര്‍ said...

നന്മകള്‍ തടുക്കാന്‍ കഴിയില്ല മാഷേ.... ആര് എന്തൊക്കെ പറഞ്ഞാലും നന്മ വിജയിക്കും...

ഹന്‍ലലത്തിനു അഭിനന്ദനങ്ങള്‍.... :)

jayanEvoor said...

ലോകം എത്ര വിശാലം...!
അതിലെ സൃഷ്ടികള്‍ക്ക് എന്തു വൈവിധ്യം!

വൈവിധ്യം ആസ്വദിക്കാം.... വൈകൃതങ്ങള്‍ അവഗണിക്കാം!
കൂടുതല്‍ സുമനസ്സുകള്‍ ഉണ്ടാവട്ടെ!

ഹന്‍ലലത്തിനു അഭിനന്ദനങ്ങള്‍.... !
(പിരിയാറായപ്പോഴാണ്‌ കണ്ടുമുട്ടാന്‍ കഴിഞ്ഞത്... അതുകൊണ്‍റ്റ് എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല...)

സി. കെ. ബാബു said...

വെറുക്കാൻ കാരണമൊന്നുമില്ലെങ്കിൽ വെറുക്കാൻ കാരണമൊന്നുമില്ല എന്നതു് വെറുക്കാനുള്ള കാരണമാക്കുന്നവരാണു് ഉള്ളിന്റെയുള്ളിൽ അസൂയയും വെറുപ്പും കൊണ്ടുനടക്കുന്ന ദോഷൈകദൃക്കുകൾ. പരു പൊട്ടിയാൽ പഴുപ്പല്ലാതെ മറ്റെന്തു് പുറത്തു് വരാൻ? പക്ഷേ, നല്ലതിനേക്കാൾ ചീത്ത അനുഭവങ്ങളിലൂടെയാണു് വ്യക്തിത്വവും മനുഷ്യജ്ഞാനവും വളരുന്നതു് എന്നതിനാൽ അത്തരക്കാരും ആവശ്യമാണു്. തിന്മയില്ലെങ്കിൽ നന്മയെ തിരിച്ചറിയാനാവുമോ?

Cartoonist said...

പണ്ട് പണ്ട്, ഒരു തീവണ്ടിയാത്രക്കിടയില്‍ പരിചയപ്പെട്ട ഒരു നിസ്വന്‍ എന്നോട് സരസമായി ചോദിച്ചു :
“നിങ്ങളെ പരിഹസിച്ച് പണ്ടാരടക്കാന്‍ ഒരുത്തന്‍ തൃശ്ശൂര്‍ ടൌണില് കാത്തുനില്‍പ്പ്ണ്ടെന്ന് നിങ്ങക്കറിയാന്ന്വയ്ക്യ. നിങ്ങള്‍ തൃശ്ശൂര്‍ക്ക് യാത്ര പൊറപ്പെട്ടും പോയി. എന്താ ചെയ്യ്യ ? ഒറ്റ വഴ്യേള്ളൂ. ഒല്ലൂരടുക്കാറാവുമ്പൊ ആ ലങ്കോട്ട്യഴിച്ച്
തലേലാ കെട്ട്വ.............
നിങ്ങള് പിന്നെ അജയ്യനായിരിക്കും, മാഷെ “.

ഈ ദര്‍ശനം ഞാനെപ്പോഴും ഓര്‍ക്കും. ഈ വിമര്‍ശകരുടെ ഒരു കാര്യം എന്ന മട്ടില്‍ കാര്യങ്ങള്‍ നീക്കിയിരുന്നെങ്കില്‍ സംഗതി മറ്റൊന്നായേനെ എന്നെനിക്കു തോന്നുന്നു. :)

hAnLLaLaTh said...

niranja manassodeyaanu madangiyathu..

thalakkanamillaatha kure nalla manushyare kanda chaarithaardhyathodeyum...


vishadamaaya abhipraayavum
"spandanam" sahaya samithiyide vivarangalum thaamasiyaathe post cheyyaam...

ippol aake kittiya oraazhcha leave paramaavadhi upayogikkunna thirakkilaanu....:)

hAnLLaLaTh said...
This comment has been removed by the author.
നിരക്ഷരന്‍ said...

മീറ്റില്‍ വന്ന എല്ലാവരും അല്‍പ്പസ്വല്‍പ്പം പണം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടാണ് മടങ്ങിയിരിക്കുന്നത്.(@ ജയന്‍ ഏവൂര്‍ - താങ്കളും ഒരു സഹായം ഈ പ്രവര്‍ത്തങ്ങളിലേക്ക് നല്‍കിയിരിക്കുന്നു. അവിടെ വന്ന എല്ലാവരും നല്‍കിയിരിക്കുന്നു. ഒരു മനോവിഷമവും വേണ്ട.)

വരവു വന്ന പണത്തില്‍ ചിലവ് കിഴിച്ച് ബാക്കിയുള്ള പണം ബൂലോക കാരുണ്യത്തിന് നല്‍കാനാണ് തീരുമാനമായത്. ബൂലോക കാരുണ്യത്തിലെ ഒരു മെമ്പര്‍ എന്ന നിലയ്ക്ക് അപ്പുവിനെ ഏല്‍പ്പിക്കാമെന്ന് വെച്ചു. ആ പണത്തിന്റെ കണക്കും മൊത്തം വരവ് ചിലവ് കണക്കുമൊക്കെ ഉടനെ തന്നെ അറിയിക്കുന്നതാണ്.

തിരുവനന്തപുരത്തുള്ള പോളിയോ ബാധിച്ച ഒരു കുട്ടിയുടെ ആശുപത്രി ചിലവിലേക്ക് മുംബൈയില്‍ ഇരുന്ന് ഹന്‍ല്ലല്ലത്ത് സഹായം ചെയ്യുന്നു. അത് 2 ആഴ്ച്ച മുന്‍പ്. ഇപ്പോ ദാ വയനാട്ടിലെ പട്ടിണിപ്പാവങ്ങള്‍ക്ക് വേണ്ടിയും. നിനക്ക് നന്മകള്‍ മാത്രം വരട്ടെ കുഞ്ഞനുജാ....

ഇതിനൊക്കെ സര്‍വ്വേശ്വരന്‍ തിരികെ തരും. അതെങ്ങനായിരിക്കും എന്നറിയാമല്ലോ ?

ച്ഛപ്പട് ഭാട് കേ.....

നാട്ടുകാരാ....ഈ പോസ്റ്റ് ഒരു കൈയ്യട്ടി കൂടുതല്‍ അര്‍ഹിക്കുന്നു.

വേദ വ്യാസന്‍ said...

നാട്ടുകാരന്‍ ചേട്ടാ, ഇങ്ങനെ ഒരു പോസ്റ്റ് അത്യാവശ്യമായിരുന്നു. നന്നായി :)

ഹന്‍ലലത്തിനു അഭിനന്ദനങ്ങള്‍.....

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നാട്ടുകാരാ നന്നായി.
സഹജീവികളുടെ കണ്ണുനീരൊപ്പുന്നവരാണ് യഥാര്‍ത്ഥ മനുഷ്യര്‍.ഹന്‍ലല്ലത്തിന് ആശംസകള്‍......

krish | കൃഷ് said...

ബ്ലോഗേര്‍സ് മീറ്റില്‍ ഈറ്റ് മാത്രമല്ല നടന്നതെന്ന് ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി.
മാര്‍ക്കറ്റിംഗും പ്രൊമോയും മാറ്റിവെച്ച് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തതിന് അഭിനന്ദനങ്ങള്‍!!

മാണിക്യം said...

ചെറായിയുടെ പ്രകൃതി സൌന്ദര്യവും, ഒത്തുചേരലിന്റെ ഊഷ്മളതയും,
കൊതിയുറും വിഭവങ്ങളുടെ വര്‍ണനയും,
ചെറായി ബ്ലോഗേഴ്സ് മീറ്റ് റിപ്പോര്‍ട്ടുകള്‍ വര്‍ണ്ണ ശബളം.

ഇതാ വേറിട്ട ഒരു പോസ്റ്റ്
ശ്രീ സുനില്‍ കൃഷ്ണന്റെ കീ ബോര്‍ഡില്‍ നിന്ന്

ഈ ലേഖനത്തില്‍ നിന്ന് ഉള്‍കൊള്ളാനും ജീവന്റെ ജീവിതത്തിന്റെ മൂല്യം അറിയാനും വായിക്കുക. നിരര്‍ത്ഥങ്ങളായ വെറും കൊച്ചു കാര്യങ്ങള്‍ക്കു വേണ്ടി ഊര്‍ജം ചിലവാക്കുമ്പോള്‍ ഓര്‍ക്കുവാന്‍ സുനിലിന്റെ വാക്കുകള്‍....

ചെറായി മീറ്റ് -“വ്യത്യസ്തനാമൊരു ബ്ലോഗറാം....”

http://aaltharablogs.blogspot.com/

ആല്‍ത്തറയില്‍ നിന്ന് മാണിക്യം

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

നാട്ടുകാരാ, നന്നായി, വളരട്ടെ നമ്മളുടെ ഈ സൌഹൃദം, എല്ലാ വേലിക്കെട്ടുകളും തകര്‍ത്തു,
നിങ്ങളുടെ കൂടെ മനസ് മാത്രം അല്ല, ശരീരവും ഉണ്ടായിരുന്നു.
ഈ മീറ്റിന്റെ വിജയം അടുത്ത മീറ്റുകള്‍ വിപുലമായി നടത്താന്‍ നമ്മള്‍ക്ക് ഉത്തേജനം ആകട്ടെ.

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

hAnLLaLaTh വാക്കല്ല പ്രവര്‍ത്തി ആണ് വലുത് എന്ന് നീ തെളിയിച്ചു, മുന്നോട്ടു സുഹൃത്തേ മുന്നോട്ടു, ഞങ്ങള്‍ എല്ലാവരും നിന്റെ പിന്നില്‍ ഉണ്ട്.

Cartoonist said...

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

ബിന്ദു കെ പി said...

വിമർശകരുടെ കണ്ണു തുറപ്പിയ്ക്കുന്ന ലേഖനം...അഭിനന്ദനങ്ങൾ നാട്ടുകാരാ...

നരിക്കുന്നൻ said...

ഹൻല്ലലത്തിന് അഭിനന്ദനങ്ങൾ! വിമർശകർക്ക് മറുപടി ഉഗ്രൻ.

Faizal Kondotty said...

വിമര്‍ശകര്‍ ഇത് കൂടി കാണുമല്ലോ ബെര്‍ളി പറയാതെ പോയത്

നാട്ടുകാരന്‍ said...

പുതിയ പോസ്റ്റ് വായിക്കൂ.......
കോഴിക്കോട് പെരുവണ്ണാമൂഴി പള്ളിയില്‍ അത്ഭുതം !

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !