ക്യാന്‍സര്‍ ബാധിച്ച് നാളുകള്‍ എണ്ണിക്കഴിയുന്ന സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ് ഞാന്‍ ആ അമ്പരപ്പിക്കുന്ന ദൃശ്യം കണ്ടത്. തളര്‍ന്ന കൈകള്‍ ആയാസപ്പെടുത്തി, അടുത്തുനിന്ന വൃദ്ധനെ അവന് കൈകാട്ടി വിളിക്കുന്നു. `എത്ര?'- അയാള്‍ ചോദിക്കുന്നു. `രണ്ട്' എന്ന് സുഹൃത്തിന്റെ ആംഗ്യം. അയാള്‍ ബാഗ് തുറന്ന് രണ്ട് ഭാഗ്യക്കുറി ടിക്കറ്റുകള്‍ നീട്ടുന്നു. `എല്ലാ ആഴ്ചയും രണ്ട് ടിക്കറ്റെങ്കിലും വാങ്ങണമെന്ന് നിര്‍ബന്ധമാണ്'- സുഹൃത്തിന്റെ ഭാര്യയുടെ വിശദീകരണം. ടിക്കറ്റുകള്‍ തലയിണയുടെ താഴെ നിക്ഷേപിച്ച് അവന് നിറംമങ്ങിയ കണ്ണുകള്‍ വലിച്ചടച്ചു.
മലയാളിയുടെ പുതുപ്രണയമാണ് ലോട്ടറി.`വിദ്യാധരന്, മഞ്ജുളാ ബേക്കറി, ആലപ്പുഴ' എന്ന അപൂര്‍വമായി മാത്രം കേട്ടിരുന്ന മൈക്ക് അനൗണ്‍സ്മെന്റ് ഇപ്പോള്‍ 35,000 അംഗീകൃത ഏജന്റുമാരിലേക്കും ഒരു ലക്ഷം അനൗദ്യോഗിക ഏജന്റുമാരിലേക്കുമായി ഒഴുകിപ്പരന്നിരിക്കുന്നു. കള്ളുഷാപ്പിലും ബസ്സ്റ്റാന്റിലും മാത്രം വില്പന നടന്നിരുന്ന ലോട്ടറി ടിക്കറ്റുമായി ഇന്ന് ഏതു കോടീശ്വരന്റെ വീട്ടിലും കയറിച്ചെല്ലാം. ലോട്ടറിക്ക് ഒരിക്കലുമില്ലാത്ത മാന്യത ലഭിച്ചിരിക്കുകയാണിപ്പോള്‍.
നേരം പുലരുന്നതിനുമുമ്പുതന്നെ എറണാകുളത്ത് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ലോട്ടറി ഏജന്റിന്റെ ഷോപ്പില്‍ സാമാന്യം നല്ല ജനത്തിരക്ക് കണ്ടു. രണ്ടു സ്ത്രികളുമുണ്ട്, ഉപഭോക്താക്കളുടെയിടയില്‍. രാവിലെ ക്ഷേത്രദര്‍ശനത്തിനു പോകുന്നതുപോലെയോ, പാല് വാങ്ങാന്‍പോകുന്നതുപോലെയോ ആണ് ലോട്ടറി ടിക്കറ്റിനായുള്ള യാത്ര.
മലയാളിക്ക് എന്തുമാകാം. കാരണം, വിടുവേല ചെയ്യാന്‍ തമിഴനും പറമ്പിലെ ജോലിചെയ്യാന്‍ ബംഗാളിയും സുലഭം. നമുക്ക് കോളറില്‍ ചെളിപുരളാത്ത ജോലി മതി. അതു കിട്ടുന്നതുവരെ (കിട്ടി കഴിഞ്ഞാലും) ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കാം. വിജയിക്കുന്നതുവരെ പരിശ്രമിക്കാനല്ലേ മഹാനായ നെപ്പോളിയന് പറഞ്ഞിരിക്കുന്നത്. വലനെയ്യുന്ന എട്ടുകാലിയെ കണ്ടുപഠിച്ച റോബര്‍ട്ട് ബ്രൂസ് എന്ന രാജാവിന്റെ പരിശ്രമത്തിന്റെ കഥ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ടുതാനും. അതുകൊണ്ട് നേരംപുലരുംമുമ്പ് നമുക്ക് ഭാഗ്യാന്വേഷണം തുടങ്ങാം. മരിക്കുംവരെ തുടരാം.
ഏതായാലും പൗരന്മാരുടെ ഈ ലോട്ടറി ഭ്രമം പരമാവധി മുതലെടുക്കാനാണ് വിപ്ലവ സര്‍ക്കാരിന്റെ ശ്രമം. മുമ്പ് ഒരു കേരളാ ലോട്ടറി മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ആറ് വീക്കിലി ലോട്ടറികളും ആറ് ബമ്പര്‍ ലോട്ടറികളുമുണ്ടത്രേ. പൗരന്മാരുടെ ആക്രാന്തം മുതലെടുത്ത്, ഭാഗ്യം വിറ്റ് സര്‍ക്കാര്‍ 2000 ജൂലൈ റെക്കോര്‍ഡ് ലാഭവും കൊയ്തു. 48.21 കോടി രൂപയാണ് ഭാഗ്യാന്വേഷികള്‍ ആ മാസം സര്‍ക്കാര്‍ ഖജനാവില്‍ അടച്ചത്. 2006 സെപ്റ്റംബറിലെ 46.53 കോടി രൂപ എന്ന റെക്കോര്‍ഡിനെയാണ് ഈ ജൂലൈ മാസം കവച്ചുവച്ചത്.
ജോലി ചെയ്യാതെ പണമുണ്ടാക്കുക. ഒട്ടും അഭിലഷണീയമല്ല നമ്മുടെ ഈ പുതുമാര്‍ഗം. എല്ലാ രംഗങ്ങളിലും മത്സരബുദ്ധിയോടെ ലോകം മുന്നേറുമ്പോള്‍ നമ്മള് ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിച്ച് വീട്ടിനുള്ളില്‍ കുത്തിയിരിക്കരുത്. (മറ്റു രാജ്യങ്ങളിലെ, പ്രത്യേകിച്ച് ഗള്‍ഫിലെ, ലോട്ടറികളില്‍ ഒന്നാം സമ്മാനമടിച്ച വാര്‍ത്ത വായിക്കുക, അതും മലയാളിയ്ക്കായിരിക്കും!) അത് വികസിത സമൂഹത്തിനു ചേര്‍ന്നതല്ല.
സാക്ഷരത കൂടുന്തോറും ചിന്തയുടെ ചക്രവാളം ചുരുങ്ങുന്ന ലോകത്തിലെ ഒരേയൊരു ജനത കേരളത്തിലായിരിക്കുമുള്ളത്. മറ്റൊരു റെക്കോര്‍ഡ് നേട്ടം!
പിന്‍കുറുപ്പ്: കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന വിദേശികള്‍ `തീര്‍ച്ചയായും ചെയ്യേണ്ടാര്യങ്ങള്‍' ഉപദേശിക്കുന്ന ഒരു വെബ്സൈറ്റ് കണ്ടു. നാടന്‍ കള്ള് കുടിക്കുക, വള്ളംകളി കാണുക, മഴകൊള്ളുക, ചീനവല കാണുക എന്നിങ്ങനെ 52 കാര്യങ്ങള്‍. അതില്‍ 37-ാമത്തെ കാര്യമായി പറഞ്ഞിരിക്കുന്നത് ഇതാണ്: `ഒരു തെരുവുകച്ചവടക്കാരനില്‍നിന്നും ലോട്ടറി ടിക്കറ്റ് വാങ്ങി ഭാഗ്യം പരീക്ഷിക്കുക.'
കട: സ്കൂപ്ഐ
10 comments:
ഏതായാലും പൗരന്മാരുടെ ഈ ലോട്ടറി ഭ്രമം പരമാവധി മുതലെടുക്കാനാണ് വിപ്ലവ സര്‍ക്കാരിന്റെ ശ്രമം. മുമ്പ് ഒരു കേരളാ ലോട്ടറി മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ആറ് വീക്കിലി ലോട്ടറികളും ആറ് ബമ്പര്‍ ലോട്ടറികളുമുണ്ടത്രേ.
മകനേ കുരാമ, അല്ല കുമാരാ..”ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും കൊതുകിനു ചോര തന്നെ കൌതുകം!വിപ്ലവ സർക്കാരല്ല കേരളത്തിൽ ലോട്ടറി തുടങ്ങിയത്.പി.കെ കുഞ്ഞ് എന്ന മുസ്ലീമ്ലീഗ് മന്ത്രി ധനകാര്യം കൈകാര്യം ചെയ്യുമ്പോളാണ്.
സർക്കാരിനു നല്ല ഒരു ധനാഗമ മാർഗമാണു ലോട്ടറി.ടാക്സ് അടക്കാത്തവനും ലോട്ടറി എടുത്തോളും..ചുമ്മാ നടക്കട്ടെ.
മാത്രവുമല്ല, എത്രയെത്ര കുടുംബങ്ങളാണു ഈ ബിസിനസുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്.ലോട്ടറി തൊഴിലാളികൾക്ക് “ക്ഷേമനിധി” ഏർപ്പെടുത്തിയതും ഇടതു സർക്കാർ ആണെന്ന് മറക്കേണ്ട.
‘കൈ നനയാതെ മീൻ പിടിക്കുക ‘ എന്ന മലയാളിയുടെ ത്വരയെ സർക്കാരുകൽ ഉപയോഗപ്പെടുത്തുന്നു എന്ന് കരുതിയാൽ മതി.
( ഞാൻ ലോട്ടറി എടുക്കാറില്ല)
എത്ര കുടുംബങ്ങൾ അതിലൂടെ ജീവിത മാർഗ്ഗം കണ്ടെത്തുന്നു..
അതിലേറെ പേരും മറ്റൊരു ജോലിയും ചെയ്യാൻ കഴിവില്ലാത്ത അംഗവൈകല്യമുള്ളവർ... വയസ്സായവർ..
ഇതെല്ലാം കണ്ടില്ലന്നു നടിക്കാനാകുമൊ...?
ലോട്ടറിയിലെ കള്ളലോട്ടറിക്കാരെയാണ് തിരിച്ചറിയേണ്ടത്.
തോഴിലില്ലാത്തവര്‍ക്ക് തൊഴില്‍ നല്കാന് പ്രൊഡക്റ്റീവായ എന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്.
സാമ്പത്തീക ശാസ്ത്രപരമായി യതൊരു വിധ മെറ്റീരിയല്‍ ട്രാന്സാക്ഷനുമില്ലാത്ത ഈ പണമിരട്ടിപ്പ് പാരിപാടി ന്യായീകരിക്കാനും നമ്മുടെ നാട്ടില്‍ ആളുണ്ട് എന്നത് നേരാണ്.
മദ്യ കച്ചോടത്തിനും മാംസ കച്ചോട ടൂറിസത്തിനും ലോട്ടറിക്കും ഒക്കെ സര്‍ക്കാര്‍ പറയുന്ന കാരണം കുറച്ച് പേരുടെ തൊഴില്‍ നഷ്ടപെടും എന്ന് തന്നെയാണ്.
ആയിരം പേരുടെ കരള്‍ പറിച്ചാലെന്താ പത്ത് പേര്‍ക്ക് തൊഴില്‍ കിട്ടുമല്ലോ!!!
നാട്ടുകാരന്: ഭാഗ്യ പരീക്ഷണത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച നിര്ഭാഗ്യവന്മാരെക്കുറിയിച്ച ഈ പോസ്റ്റിന് നന്ദി.
അവര്‍ക്കൊക്കെ സല്ബുദ്ധിയുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
ലോട്ടറിയെ പറ്റി ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് സർക്കാരാഫീസുകൾ തോറും വിറ്റഴിക്കാനായി ഏല്പിക്കുന്ന ലോട്ടറിയെ പറ്റിയാണ്.ത്രിതല പഞ്ചായത്തുകളിൽ നിന്നും മേലുദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും വില്പനക്കായി ലോട്ടറികൾ നൽകും.പാവങ്ങൾ സർക്കാരുദ്യോഗസ്ഥർ.ഇത് വിറ്റില്ലെങ്കിൽ കൈയിൽ നിന്ന് കാശെടുത്ത് അടക്കേണ്ടി വരും.ധനനഷ്ടം പേടിച്ച് എല്ലാവരും സർക്കാർ ഓഫീസുകളിൽ പല കാര്യങ്ങൾക്ക് വരുന്നവരെ ഓരോ ടിക്കറ്റുകളായി കെട്ടിയേല്പ്പിക്കും.
ഈ രീതിയിൽ ടിക്കറ്റ് വിറ്റിട്ടുണ്ട്.പക്ഷേ ലോട്ടറി എടുക്കാറില്ല !
ചാരായം വില്‍ക്കാമെങ്കില്‍ ലോട്ടറീം വില്‍ക്കാം.
ജനം ചുമ്മാ ലക്ഷാധിപതികളാവട്ടേന്നെ.
അച്ചായോ;
നമ്മുടെ തടിപ്പണിക്കാരുടെ പ്രധാന ഹോബിയെന്താണെന്നറിയാമോ..??
രാവിലെ കൃത്യമായി 1000 രൂപ മുതൽ 10000 രൂപ വരെ മുടക്കി ഒറ്റനമ്പെർ ലോട്ടെറി എടുക്കും.
വൈകുന്നേറം കിട്ടണ കാശ് ലോട്ടെറിക്കടക്കാരനോ അല്ലെങ്കിൽ ആളിനോ നൽകി കടം വീട്ടുന്നു.
പലപ്പോഴും എന്തെങ്കിലുമൊക്കെ നല്ല പ്രൈസ് തന്നെ അടിക്കും. ഈ പ്രവണത അയാളെ വീണ്ടും വീണ്ടൂം ഭാഗ്യം പരീക്ഷിക്കാൻ പ്രേരിതനാക്കുന്നു. 1000 രൂപയ്ക്ക് മിനിമം പണിയെടുക്കുന്നവരാണു തടിപ്പണിക്കാർ. വൈകുന്നേരം വീട്ടിലേക്കു യാത്രയാകുമ്പോൾ ഒന്നെങ്കിൽ കീശനിറയെ കാശ്; അല്ലെങ്കിൽ മുഴുപ്പട്ടിണി..ഇതാണവരുടെ അവസ്ഥ.
എത്രമാത്രം പ്രൈസ് അടിച്ചുവെന്നു പറഞ്ഞിട്ടും കാര്യമില്ല. അടിക്കുംതോറും ആത്മവിശ്വാസം കൂടും. പിന്നേം പിന്നേം കാശുമുടക്കി എടുത്തുകൊണ്ടേയിരിക്കും. അവസാനം ചെപ്പിത്തറയാകും.
വൈകുന്നേരം, വരെ പണിതിട്ടു കിട്ടിയ കാശ് മുഴുവന്‍ ആദ്യം മദ്യത്തിനു്, അവിടെ നിന്നിറങ്ങുമ്പോള്‍ ബാക്കിയുള്ളതു് ബാറിന്റെ അതേ കെട്ടിടത്തിലുള്ള ലോട്ടറിക്കടയില്‍ ഈ ഭാഗ്യപരീക്ഷണത്തിനു്.സന്ധ്യക്കു് ഒരു പൂരത്തിന്റെ തിരക്കായിരിക്കും അവിടെ. ആദ്യമൊന്നും ഇതെന്താണെന്നെനിക്കു മനസ്സിലായിരുന്നില്ല. അതിലേ ഒന്നിറങ്ങിപ്പോരാന് (ബാറിന്റെ മുകളിലായിരുന്നു ബാങ്ക്!) ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്.
കാശു പോകുന്നതുകൊണ്ട് ആര്‍ക്കും ഒരു സങ്കടവുമില്ല. അവര്‍ അതും ആഘോഷിക്കുകയാണ്.
സുനിൽ കൃഷ്ണൻ,
എനിക്കൊരു സംശയം ! വിപ്ലവ പാര്‍ട്ടി അതിന്റെ ചരിത്രത്തില്‍ എന്നെങ്കിലും ഒരു ചെറിയ തെറ്റെങ്കിലും ചെയ്തിട്ടുണ്ടോ? തെറ്റു അല്ലെങ്കില്‍ പിഴവ് എന്ന വാക്കുപോലും ആ പാര്‍ട്ടി കേട്ടിട്ടുണ്ടെന്നു തോന്നുന്നില്ല! ഇങ്ങനെ തെറ്റ് ചെയ്തിട്ടില്ലാത്ത പല നേതാക്കന്മാരെയം ചരിത്രത്തില്‍ കണ്ടിട്ടുണ്ട്! പക്ഷെ ഇന്നത്തെ ബൂര്‍ഷ്വാ മുതലാളിത്ത സമൂഹം ആ മഹാന്മാരെ കണക്കുകൂട്ടുന്നത് മറ്റു പല രീതിയിലാണ്.
അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.
പണി ചെയ്തു കാശ് ഈറ്റില് കൊണ്ടുപോയാല്‍ എല്ലാവരും മുതലാളിമാരാകില്ലേ? പിന്നെ ഇവിടെ പോസ്റ്റര്‍ ഒട്ടിക്കാനും ജാഥാ നടത്താനും ഗുണ്ടാപ്പണി നടത്താനും ആരെങ്കിലുമുണ്ടാകുമോ? അതിനാല്‍ കള്ളും ലോട്ടറിയും ഇവിടെയുള്ളത് നല്ലതല്ലേ?
എനിക്കൊരു സംശയം ! വിപ്ലവ പാര്‍ട്ടി അതിന്റെ ചരിത്രത്തില്‍ എന്നെങ്കിലും ഒരു ചെറിയ തെറ്റെങ്കിലും ചെയ്തിട്ടുണ്ടോ? തെറ്റു അല്ലെങ്കില്‍ പിഴവ് എന്ന വാക്കുപോലും ആ പാര്‍ട്ടി കേട്ടിട്ടുണ്ടെന്നു തോന്നുന്നില്ല!
നാട്ടുകാരൻ കുട്ടീ,
ഇതല്ലല്ലോ ഇവിടെ ചർച്ചാ വിഷയം.അതിനു വേറേ പോസ്റ്റിട്..അപ്പോ അവിടെ പറയാം
എന്തു വിഷയം പറഞ്ഞാലും ഇടതു പക്ഷത്തിന്റെ മുതുകിൽ താങ്ങുന്ന ഈ ഏർപ്പാടുണ്ടല്ലോ, അതിനെ ആണു ഞാൻ വിമർശിച്ചത്..അതിനു വല്ല മറുപടീം ഒണ്ടേ പറ....ഇല്ലേൽ വാ നമുക്കൊരു ചായേം പരിപ്പു വടേം തട്ടാം
Post a Comment